മരയ്ക്കാർ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്ട് രാജ്യത്തെ വടക്കേ കരയിൽ ( ഇന്നത്തെ ഇന്ത്യൻ യൂണിയനിലെ കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ല) കുഞ്ഞാലി മൂന്നാമനായ III പട്ടു മരക്കാർ പടുത്തുയർത്തിയ കോട്ടപട്ടണമാണ് മരക്കാർ കോട്ട (പുതുപ്പണം കോട്ട) എന്നീ പേരുകളിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കിലോമീറ്ററോളം നീളം ഉണ്ടായിരുന്ന ഈ കോട്ടയും പട്ടണവും പുതുപ്പണം (പുതുപ്പട്ടണം, കോട്ടക്കൽ) എന്നീ നാമങ്ങളിലും വിശേഷിപ്പിക്കപ്പെടുന്നു.

ശാലിയം (ചാലിയം) യുദ്ധവിജയത്തെ തുടർന്നാണ് തൻറെ രാജ്യത്തെ വടക്കേക്കരയിലെ (വടകര) ഇരിങ്ങലിനടുത്ത് കോട്ടപ്പുഴ(കുറ്റ്യാടിപ്പുഴ) തീരത്ത് കോട്ടയും, പട്ടണവും നിർമ്മിക്കാനുള്ള അനുമതി സാമൂതിരിയാൽ കുഞ്ഞാലിക്ക് നൽകപ്പെടുന്നത്.[1] ഏകദേശം രണ്ട് വർഷം കൊണ്ട് കോട്ടയും പട്ടണവും പടുത്തുയർത്തി. ഇതനുസരിച്ചു 1573 -75 കാലഘട്ടത്തിലായിരിക്കണം ഇതിൻറെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ഓട്ടോമൻ -മിസ്ർ-മുഗൾ- പേർഷ്യൻ സൈനിക വിദഗ്ദ്ധരായിരുന്നു കോട്ട നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഇതിനുതകുന്ന അന്തർ ദേശീയ രൂപഘടനയും കുഞ്ഞാലി കോട്ട കൈവരിച്ചിരുന്നു.

പിന്നാമ്പുറം[തിരുത്തുക]

അഴിമുഖം മുതൽ പാറക്കൂട്ടം വരെ (ഇന്നത്തെ ക്രാഫ്റ്റ് വില്ലേജ് ) മൂന്ന് കിലോമീറ്ററോളം പരന്നു കിടക്കുന്ന ബൃഹത്തായ സമുച്ചയമായിരുന്നു കുഞ്ഞാലി കോട്ട. കോട്ട പുഴ , അഴിമുഖം, കൃതിമ കനാൽ എന്നിങ്ങനെ മൂന്ന് ഭാഗവും വെള്ളവും ഒരു ഭാഗം കരയും ആയിരുന്നു. നിശ്ചിത ദൂരം ഇടവിട്ട് കോട്ടയ്ക്ക് ചുറ്റും ഗോപുരങ്ങൾ പണിത് പീരങ്കികൾ വിന്യസിച്ചിരുന്നു.ഇടത്തരം കപ്പലുകൾക്ക് കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുമാറ് ചാലുകൾ കീറി അടപ്പ് സ്ഥാപിക്കപ്പെട്ടിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ കപ്പലുകളിൽ നിന്ന് ചരക്കുകളും ആയുധങ്ങളും നീക്കാൻ സാധ്യമാക്കും വിധത്തിലായിരുന്നു നിർമ്മാണം. കുഞ്ഞാലി നാലാമൻറെ കാലത്ത് 1595 -96 കാലയളവിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി [2] കോട്ട മതിൽ കൂടുതൽ ബലപ്പെടുത്തുകയും, ചുറ്റും വലിയ ആഴത്തിൽ കിടങ്ങുകൾ കുഴിക്കുകയും, കര ഭാഗത്ത് ഏഴടി വീതിയിൽ ഇരട്ട മതിലുകൾ പണിത് ആഴത്തിൽ തോട് കീറി പുഴയിലേക്ക് ബന്ധിപ്പിക്കുകയുമുണ്ടായി. കോട്ടമതിലിൻ മേൽ നിശ്ചിത ദൂരത്തിൽ ഗോപുരങ്ങൾ പണിതു പീരങ്കികൾ സ്ഥാപിച്ചു, നദികളിൽ ബലവത്തായ വേലികളും, അഴിമുഖത്ത് മതിലുകളും പണിതു കൊത്തളങ്ങൾ നിർമ്മിച്ച് പീരങ്കികൾ സ്ഥാപിച്ചു. നിലവിലുണ്ടായിരുന്ന ആയുധ വിന്യാസത്തിന് പുറമെ വലിയ തോക്കുകളും, മഞ്ചനീക്കുകളും ചുറ്റോടു ചുറ്റും സ്ഥാപിക്കുകയും, കടലിൽ നിന്ന് കോട്ടയ്ക്കുള്ളിലേക്ക് പുത്തൻ ചാലുകൾ കീറുകയും ചെയ്തു. [3]

കര ഭാഗത്ത് നിന്ന് കോട്ടയിലേക്ക് പ്രവേശിക്കുവാൻ ബലവത്തായ മൂന്ന് കോട്ടവാതിലുകൾ ഉണ്ടായിരുന്നു. പ്രധാന കവാടത്തിന് മുന്നിൽ സൂഫി പുണ്യാളൻറെ ജാറം (സമാധി മണ്ഡപം) പടുത്തുയർത്തിയിരുന്നു. സൂഫി ആധ്യാത്മികരായിരുന്ന കുഞ്ഞാലി മൂന്നാമന്റെയോ, നാലാമന്റേയോ സൂഫി ഗുരുക്കന്മാരിൽ ആരെങ്കിലുമാകാം ഇവിടെ അടക്കം ചെയ്യപ്പെട്ടിരുന്നത് എന്നു അനുമാനിക്കപ്പെടുന്നു. ഒന്നാം കോട്ടക്കൽ യുദ്ധ പരാജയത്തിൽ അരിശം പൂണ്ട പോർച്ചുഗീസ് സൈനികർ ഈ സ്മൃതി മണ്ഡപവും, കല്ലറയും തകർത്ത് കളഞ്ഞിരുന്നു. [4] കുഞ്ഞാലി നാലാമൻ വീണ്ടും ഇത് പുനർനിർമ്മിച്ചെങ്കിലും രണ്ടാം കോട്ടക്കൽ യുദ്ധ വിജയത്തിന് ശേഷം പോർച്ചുഗീസ് പട സകലതും ഇടിച്ചു നിരത്തി. [5] കോട്ടയ്ക്കുള്ളിൽ നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെട്ട വാണിജ്യ നഗരവും ജുമാ മസ്ജിദും ഖബറിസ്ഥാനും കുളങ്ങളും ഉണ്ടായിരുന്നു.[6] ജുമാ മസ്ജിദിന് മുന്നിലായി മറ്റൊരു(ജാറം) സ്മൃതി കുടീരം സ്ഥിതിചെയ്തിരുന്നു.[7]

ആയുധ പുരകളും, സൈനിക കേന്ദ്രങ്ങളും, ആയുധ നിർമ്മാണ കേന്ദ്രങ്ങളും കോട്ടയ്ക്കുള്ളിൽ പണിതുയർത്തപ്പെട്ടിരുന്നു രണ്ടാം കോട്ടക്കൽ യുദ്ധാരംഭത്തിൽ തന്നെ ആയുധ വെടിമരുന്ന് കേന്ദ്രത്തെ നശിപ്പിക്കാൻ പോർച്ചുഗീസ് സൈന്യത്തിനായത് യുദ്ധവിജയത്തിന് നിദാനമായി മാറിയിരുന്നു. ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ഗോപുരം ദൂരദിക്കുകളിലെ ചെറുചലനം പോലും അറിയും വിധത്തിൽ തയ്യാറാക്കപ്പെട്ടിരുന്നു. [8]

രണ്ടാം കോട്ടക്കൽ സൈനിക വിജയത്തെ തുടർന്ന് കല്ലിന്മേൽ കല്ല് അവശേഷിക്കാത്ത വിധം സകലതും തകർത്ത് തീകൊളുത്തപ്പെട്ടു. ജുമാ മസ്ജിദ് ഒഴികെമറ്റെല്ലാം തറ നിരപ്പായി മാറി. ഒരു കൂട്ടം നായർ സൈനികർ ജുമാ മസ്ജിദ് സംരക്ഷിച്ചു നിർത്തുകയായിരുന്നു. കുഞ്ഞാലി നാലാമൻറെ വീരമൃതുവിന് ശേഷം അനന്തരവകാശികൾ വീണ്ടും ഈയിടം താമസമാക്കിയതായി ചരിത്രത്തിൽ കാണാം.[9] 1600 -700 കാലഘട്ടത്തിൽ സാമൂതിരി കുഞ്ഞാലിമാരുടെ അവകാശങ്ങളും പുനഃസ്ഥാപിച്ചു നൽകിയിരുന്നു.[10]

എന്നാൽ സ്വാതന്ത്രാനന്തരം ചരിത്രത്തെ വിസ്മരിക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നു. കുഞ്ഞാലി സൈനിക നീക്കങ്ങൾ നടത്തിയ ഇരിങ്ങൽ പാറക്കൂട്ടം സംരക്ഷിക്കുന്നതിന് പകരം പൊട്ടിച്ഛ് മാറ്റി അവിടം ശില്പ ഗ്രാമം പണിതു.[11] കുഞ്ഞാലിയുടെ അനന്തരവകാശികൾ താമസിച്ചിരുന്ന ഒരു ചെറുഭവനത്തിൽ ഒരുക്കിയ ചിലവസ്തുക്കൾ സൂക്ഷിച്ച മ്യൂസിയമല്ലാതെ ഈ ബൃഹത്ത് ചരിത്രത്തെ ഓർമ്മിപ്പിക്കാനുതകുന്ന മറ്റൊന്നും ഇന്നവിടെയില്ല.

ഇവകാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. K. M. PANIKKAR ,History Of Kerala 1498-180,CHAPTER X FALL OF THE KUNJALIS
  2. Sachin S PendseTolani ,.A comparative study of two naval families of West Coast of India:Kunjalisand Angres academic papaer
  3. O.K. Nambiar, Portuguese Pirates and Indian Seamen, pp. 157-15
  4. D. FERROLI, SJ., The Jesuits in Malabar Vol. I, p 242
  5. ok nambiar, Portuguese Pirates and Indian Seamen pp 185-88
  6. https://www.keralatourism.org/ebooks/expect-the-unexpected/iringal/pond-at-kunjali-marakkar-juma-masjid/415
  7. ca innes ics , madras district gazetteers malabar and anjengo , madras goverment press 1915 p 433 -34
  8. P. ANIMA,Song of the sea, HIDDEN 100 TRAVEL, the hindu daily, AUGUST 22, 2013
  9. Monuments,Kunjali Marakkar Smarakam, Department of Archaeology,http://www.archaeology.kerala.gov.in/monuments/kunjali-marakkar-smarakam/37
  10. kv krishna ayyar zamorins of calicut calicut page 280
  11. P. ANIMA,Song of the sea, HIDDEN 100 TRAVEL, the hindu daily, AUGUST 22, 2013
"https://ml.wikipedia.org/w/index.php?title=മരയ്ക്കാർ_കോട്ട&oldid=3692813" എന്ന താളിൽനിന്ന് ശേഖരിച്ചത്