മരയ്ക്കാർ സൈന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മരയ്ക്കാർ പട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മരയ്ക്കാർ സൈന്യം
Göke (1495) the flagship of Kemal Reis.jpg

Active 16 -17 നൂറ്റാണ്ട്
Country കോഴിക്കോട് രാജ്യം
Allegiance സാമൂതിരി
Type നാവിക പോരാളികൾ
Role രാജ്യ തീര സംരക്ഷണം
Garrison/HQ കോഴിക്കോട്,
കോട്ടക്കൽ, പന്തലായനി, വെട്ടത്ത്നാട്, സിലോൺ

1500 -1600 കാലയളവിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയ മാപ്പിള നാവിക പോരാളികളുടെ കൂട്ടമാണ് മരയ്ക്കാർ യോദ്ധാക്കൾ. പതിനാറാം നൂറ്റാണ്ടിലെ പ്രബല രാജ്യമായിരുന്ന കോഴിക്കോട് രാജ്യത്തിൻറെ നാവിക പോരാട്ട വിഭാഗമാണ് മരയ്ക്കാർ സേന. കൊച്ചിയിലെ മുസ്ലിം നേതാക്കളും, വ്യാപാര പ്രമുഖരുമായ മമ്മാലി മരയ്ക്കാർ, ഇബ്രാഹിം മരയ്ക്കാർ തുടങ്ങിയവരുൾപ്പെട്ട [1] മരയ്ക്കാർ നേതൃത്വം പോർച്ചുഗീസ് വിരുദ്ധ പടയോട്ടത്തിനു തങ്ങളുടെ കപ്പൽ പട വ്യൂഹത്തെ സാമൂതിരിക്ക് വാഗ്ദാനം ചെയ്യുന്നതോടെയാണ് മരയ്ക്കാർ സേന കോഴിക്കോട് രാജ്യ നാവിക സേനയായി രൂപാന്തരം പ്രാപിക്കുന്നത്. [2] രാജാവ് സാമൂതിരിയാണ് അന്ത്യ വാക്കെങ്കിലും സ്വതന്ത്ര്യ ചുമതലയുള്ള ഒരു സേനാ വ്യൂഹമായിരുന്നു ഇവർ. [3]

ചരിത്രം[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിലെ ലോക നാവിക ശക്തിയായിരുന്ന പോർച്ചുഗീസ് സാമ്രാജത്വത്തെ ഒരു നൂറ്റാണ്ട് കാലത്തോളം നിലം പരിശാക്കി വിറപ്പിച്ചു നിർത്തിയ പ്രതിരോധ വ്യൂഹം എന്ന നിലയിലാണ് മരയ്ക്കാർ സൈന്യം ചരിത്രത്തിൽ പ്രസക്തമാകുന്നത്. പകൽ പോരാളികളും രാത്രി സന്യാസികളുമെന്ന അറേബ്യൻ ചൊല്ല് പോലെ വിശ്വപോരാളികളായി വിളങ്ങുമ്പോൾ തന്നെ കാദിരി ആചാര്യ മാർഗ്ഗം സ്വീകരിച്ചു സൂഫി ആധ്യാത്മികതയിലും പ്രശോഭിച്ചിരുന്ന മത ഭക്തരായിരുന്നു ഇവർ. [4] [5]

ഇരുനൂറു മുതൽ മുന്നൂറ്റിഅമ്പതോളം എണ്ണം വരുന്ന കോഴിക്കോട് നിർമ്മിത ചെറുതോണികളും ഓടങ്ങളും മുതൽ പീരങ്കികൾ ഘടിപ്പിച്ച കൂറ്റൻ ഈജിപ്ഷ്യൻ പായ്മരക്കപ്പലുകളും അടങ്ങുന്നതായിരുന്നു സുവർണ്ണകാലത്തെ മരയ്ക്കാർ സേനയുടെ കപ്പൽവ്യൂഹം. [6] [7] തുഴച്ചിൽ ,കപ്പിത്താന്മാർ, ആക്രമണ വിഭാഗം ,പ്രത്യാക്രമണ വിഭാഗം ,ഗറില്ലാ സംഘം എന്നിവയൊക്കെ അടങ്ങിയതായിരുന്നു ഇവ. ഓട്ടമൻ അമ്പും വില്ലും, അറേബ്യൻ കുന്തങ്ങൾ ഹിന്ദ് വാളുകൾ, മഞ്ചനീക്കുകൾ എന്നീ ആയുധങ്ങൾ ഉപയോഗിച്ച് ആദ്യകാലത്ത് പോരാട്ടം നടത്തിയിരുന്ന ഈ പോരാളികൾ പെട്ടെന്ന് തന്നെ പീരങ്കികളും തുർക്കി തോക്കുകളും ഉപയോഗിച്ച് യുദ്ധം നയിക്കാൻ പ്രാപ്തിയുള്ളവരായി മാറി. കച്ച് തീരം തൊട്ട് കൊങ്കൺ , മലബാർ , കോറമാണ്ഡൽ തീരങ്ങളുംതങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ട് വരാൻ പലപ്പോഴും ഇവർക്കായിരുന്നു

ഈജിപ്ഷ്യൻ - തുർക്കി സൈനികരോടൊപ്പം തോളോട് തോൾ ചേർന്ന് പോരാട്ടം നടത്തിയ മരയ്ക്കാർ സേന കോഴിക്കോട് രാജ്യത്തിൻറെ നാവിക സൈന്യം എന്നതിലുപരിയായി അന്താരാഷ്ട്ര പോരാട്ട സംഘമായാണ് വിശേഷിക്കപ്പെടുന്നത്. ഓട്ടോമൻ സുൽത്താനേറ്റ് മിസ്ർ സുൽത്താനെറ്റ് മലാക്ക രാജവംശം, മാലി , ഗുജറാത്ത് സുൽത്താനേറ്റ് ബിജാപൂർ സുൽത്താനേറ്റ് എന്നിവർക്കൊപ്പം പോർച്ചുഗീസിനെതിരായ പോരാട്ട തിരമാലകളിൽ സഞ്ചരിച്ചിരുന്നവരായിരുന്നു ഈ പോരാളികൂട്ടം.[8] [9] മഥുര , ഉള്ളാൾ , സിലോൺ തുടങ്ങിയ അന്നത്തെ തീരരാജ്യങ്ങൾ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ സഹായമാവശ്യപ്പെട്ടിരുന്നത് മരയ്ക്കാർ സേനയോടായിരുന്നു. [10] അറബി കടൽ, ഇന്ത്യൻ മഹാസമുദ്രം, ചെങ്കടൽ ഹോർമൂസ് എന്നിവിടങ്ങളിലെല്ലാം പോർച്ചുഗീസ് സൈന്യത്തിനെതിരെ യുദ്ധങ്ങൾ നയിക്കാൻ മരയ്ക്കാർ സേനക്കായിരുന്നു. ഇവയൊക്കെയും മരയ്ക്കാർ സൈന്യത്തിൻറെ രാജ്യാതിർത്തികൾ ഭേദിച്ച കരുത്തും വീര്യവും വിളിച്ചോതുന്നു. ഇന്ത്യൻ നേവി സിലബസ്സിൽ മരയ്ക്കാർ സൈനിക തന്ത്രങ്ങൾ സുപ്രധാന സ്ഥാനം വഹിക്കുമ്പോൾ പോർ പറവകൾ എന്ന ഇവരുടെ ഗറില്ലാ വിഭാഗം ലോക നാവിക പഠിതാക്കളുടെയും പഠനവിഷയമായി മാറുന്നത് കാലം ബേധിച്ച പ്രശസ്തി വെളിവാക്കുന്നു. [11]

മമ്മാലി മരയ്ക്കാർ, നിനോ മരയ്ക്കാർ ഇബ്രാഹിം മരയ്ക്കാർ, കുട്ടി അഹ്മദ് അലി മരയ്ക്കാർ കുട്ട്യാലി മരയ്ക്കാർ അലി ഹാജി ധർമടം ചിന്ന കുട്ട്യാലി, കുട്ടി പോക്കർ മരയ്ക്കാർ, ഇബ്രാഹിം അലി മിസ്രി, പട മരയ്ക്കാർ, മുഹമ്മദ് അലി മരയ്ക്കാർ, ക്യാപ്റ്റൻ കുട്ടി അഹ്മദ്, കുട്ടി മൂസ എന്നിങ്ങനെ വിശ്വ പ്രസിദ്ധരായ ഒട്ടേറെ പോരാളികൾക്ക് മരയ്ക്കാർ സേന ജന്മമേകിയിട്ടുണ്ട്. ഇവരിലെ സമുദ്രാധിപതിമാർ കുഞ്ഞാലി മരയ്ക്കാർ എന്ന അധികാര നാമത്താൽ വിശേഷിക്കപ്പെട്ടിരുന്നു.[12] അവസാന കുഞ്ഞാലി മരയ്ക്കാർ ആയിരുന്ന കുഞ്ഞാലി നാലാമനെ ചതിച്ചു കൊല്ലാൻ പോർച്ചുഗീസുകാർക്ക് സ്വന്തം രാജാവായ സാമൂതിരി അവസരമേകിയതോടെ വിശ്വദിക്കിലും പേരുകേട്ട ഈ പോരാളി കൂട്ടങ്ങളുടെ കുതിപ്പിന് മങ്ങലേറ്റുവെങ്കിലും [13] [14] പതിനേഴാം നൂറ്റാണ്ടിൻറെ പകുതി വരെ പോരാട്ട രംഗത്ത് മരയ്ക്കാർ സേനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഡച്ച് സേനയോട് സഹകരിച്ചു പോർച്ചുഗീസിനെതിരിൽ പടനയിച്ച പ്രസിദ്ധനായ മരയ്ക്കാർ നാവിക തലവനാണ് ചിന്ന കുട്ടി അഹ്മദ്. പോർച്ചുഗീസ് ആഗമനത്തിന് മുൻപും കോഴിക്കോട് തുറകളിൽ നങ്കൂരമിട്ട കപ്പലുകളുടെ സുരക്ഷക്കായി തുറമരയ്ക്കാർ എന്ന പേരിൽ മാപ്പിള അധിപന്മാരും പടയുമുണ്ടായിരുന്നു. [15]

അവലംബം[തിരുത്തുക]

 1. കെ എം പണിക്കർ മലബാർ ആൻഡ് പോർച്ചുഗീസ് പുറം .60.
 2. നമ്പ്യാർ ഒകെ പോർച്ചുഗീസ് പൈറേററ്സ് ആൻഡ് ഇന്ത്യൻ സീ മെൻ പുറം .4
 3. ശ്രീധരമേനോൻ കേരളം ഹിസ്റ്ററി ആൻഡ് ഇത് മേക്കേഴ്‌സ് പുറം 106
 4. ഷിഹാബുദീൻ ആഹ്മെദ് കോയ സാലിയാത്തി ഷെയ്ഖ് അബുല്വഫാ മുഹമ്മദ് കാലികുട്ടി പുറം . 12-1 3.
 5. സൈനുദീൻ മണ്ഡലവും കുന്ന് മാപ്പിള സമരങ്ങളും ഉലമ നേതൃത്വവും പുറം 57 58
 6. റിച്ചാർഡ് കാർനാക് ടെംപിൾ എ ഡിസ്കോർസ് ഓൺ വാർത്തെമ ആൻഡ് ഹിസ് ട്രാവെൽസ് ഇൻ 1928
 7. ദി ലിറ്റൻറി ഓഫ് ലുഡോവിക്കോ ഡി വർത്തേമ ഓഫ് ബോലോഗനാ ഫ്രം 1502 ടു 1508.
 8. നമ്പ്യാർ ഒകെ പോർച്ചുഗീസ് പൈറേററ്സ് ആൻഡ് ഇന്ത്യൻ സീ മെൻ പുറം 135-141
 9. ഷെയ്ഖ് സൈനുദീൻ മഖ്ദൂം തുഹ്ഫത് പരിഭാഷ പുറം .85
 10. പയസ് മലകണ്ഠത്തിൽ മാറീടിം ഇന്ത്യ ട്രേഡ് റിലീജ്യൻ ആൻഡ് പൊളിറ്റി ഇൻ ദി ഇന്ത്യൻ ഓഷ്യൻ പുറം.117
 11. നമ്പ്യാർ ഒകെ പോർച്ചുഗീസ് പൈറേററ്സ് ആൻഡ് ഇന്ത്യൻ സീ മെൻ പുറം 99
 12. 'റോളണ്ട് ഇ മില്ലർ മാപ്പിള മുസ്ലിംസ് ഓഫ് കേരള പുറം .68
 13. കെ കെ മേനോൻ കുഞ്ഞാലി മരക്കാർ കാലികറ്റ് 1998, പുറം 19-20.
 14. പണിക്കർ കെ എം മലബാർ ആൻഡ് പോർച്ചുഗീസ് പുറം . 26
 15. കെവി കൃഷ്ണയ്യർ- ദി സാമൂരിൻസ് ഓഫ് കാലിക്കറ്റ്- കാലിക്കറ്റ് യൂണിവേഴ്സിറ്റി 1999- പേജ് 269

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരയ്ക്കാർ_സൈന്യം&oldid=3290631" എന്ന താളിൽനിന്ന് ശേഖരിച്ചത്