Jump to content

ബോത്തിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിഷ്യന്മാരെ പഠിപ്പിക്കുന്ന ബോത്തിയസ് - തത്ത്വചിന്തയുടെ സമാശ്വാസം എന്ന കൃതിയുടെ ഒരു ഇറ്റാലിയൻ കൈയെഴുത്തുപ്രതിയിൽ നിന്ന് - കാലം 1385

അനിസിയസ് മാൻലിയസ് സെവേരിനസ് ബോത്തിയസ് (ജനനം: ക്രി.വ. 480 മരണം: ക്രി.വ. 524/525) ആറാം നൂറ്റാണ്ടിലെ ഒരു റോമൻ തത്ത്വചിന്തകനായിരുന്നു. ചക്രവർത്തിമാരായ പെട്രോണിയസ് മാക്സിമസ്, ഒളിബ്രിയസ്, ചില കോൺസൽമാർ എന്നിവരുമായി ബന്ധപ്പെട്ട്, പൗരാണികതയും പ്രാധാന്യവും ഉള്ള ഒരു റോമൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്ലേവിയസ് മാൻലിയസ് ബോത്തിയസ്, 487-ൽ അവസാനത്തെ പാശ്ചാത്യ റോമൻ ചക്രവർത്തിയെ ഒഡോസർ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടർന്ന് കോൺസൽ സ്ഥാനം വഹിച്ചിരുന്നു. ബോത്തിയസ് തന്നെ 510-ൽ ഓസ്ട്രോഗോത്തുകളുടെ രാജ്യത്ത് കോൺസൽ ആയിരുന്നു. പിന്നീട് റോമിൽ, തിയൊഡോറിക് രാജാവിന്റെ കീഴിൽ, ഭരണത്തിലും നിയമവ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ ഒടുവിൽ, ബൈസാന്തിയ സാമ്രാജ്യവുമായി രഹസ്യബന്ധം പുലർത്തിയെന്ന സംശയത്തിൽ രാജാവ് ബോത്തിയസിന് വധശിക്ഷ നൽകി. മരണം കാത്ത് തടവിൽ കഴിയുമ്പോൾ രചിച്ചതായി കരുതപ്പെടുന്ന തത്ത്വചിന്തയുടെ സമാശ്വാസം (Consolation of Philosophy) എന്ന ഗ്രന്ഥമാണ് ബോത്തിയസിന്റെ യശസിന് അടിസ്ഥാനം.

ആദ്യകാലജീവിതം

[തിരുത്തുക]

ബോത്തിയസിന്റെ ജനനവർഷം ഏതാണെന്ന് ഉറപ്പില്ല. പാശ്ചാത്യക്രൈസ്തവസംന്യാസത്തിലെ അതികായനായിരുന്ന വിശുദ്ധ ബെനഡിക്ട് ജനിച്ച ക്രിസ്തുവർഷം 480ലാണ് അദ്ദേഹവും ജനിച്ചതെന്ന് കരുതപ്പെടുന്നു. ഒരു നൂറ്റാണ്ടുകാലത്തോളം ക്രിസ്തുമതം പിന്തുടർന്ന ഒരു പുരാതന പട്രീഷ്യൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിന്റെ പൂർവികന്മാരിൽ രണ്ടു മാർപ്പാപ്പമാർ ഉൾപ്പെട്ടിരുന്നു. മാതാപിതാക്കൾ ഇരുവരുടേയും പൂർവികന്മാരിൽ റോമൻ ചക്രവർത്തിമാരും ഉൾപെട്ടിരുന്നു.


ഗ്രീക്ക് ഭാഷയിൽ ബോത്തിയസിനുണ്ടായിരുന്ന അഗാധമായ അറിവ് എങ്ങനെ കിട്ടിയതാണെന്ന് നിശ്ചയമില്ല. ഇക്കാര്യത്തിൽ ചരിത്രരേഖകൾ തെളിവൊന്നും തരുന്നില്ല. ബോത്തിയസ് ഏഥൻസിലോ അലക്സ്രാണ്ഡ്രിയയിലോ പഠിച്ചിരിക്കാം. ബോത്തിയസിന്റെ പിതാവ് 470നടുത്ത് അലക്സാണ്ഡ്രിയയിലെ ഒരു വിദ്യാലയത്തിന്റെ പോക്ടർ ആയിരുന്നു എന്നതിന് രേഖകളുണ്ട്. അതിനാൽ ഗ്രീക്ക് ഭാഷയിലെ പ്രാചിനകൃതികളിലും മറ്റും ബോത്തിയസിനുണ്ടായിരുന്ന അറിവിന്റെ അടിത്തറ പിതാവിൽ നിന്നോ, അടുത്ത ഏതെങ്കിലും ബന്ധുവിൽ നിന്നോ കിട്ടിയതാകാം.

ബോത്തിയസിന്റെ വിദ്യാഭ്യാസവും പരിചയസമ്പത്തും അദ്ദേഹത്തെ തിയൊഡോറിക് ചക്രവർത്തിയുടെ സേവനത്തിൽ പ്രവേശിക്കാൻ സഹായിച്ചു. 506-ൽ എഴുതിയ ഒരു കത്തിൽ തിയൊഡോറിക് ബോത്തിയസിന്റെ വിജ്ഞാനത്തെ പുകഴ്ത്തി. പിന്നീട് തിയോഡോറിക് യുവാവായിരുന്ന ബോത്തിയസിനെ പല പ്രധാന ദൗത്യങ്ങളും ഭരമേല്പിച്ചു.

പിൽക്കാലജീവിതം

[തിരുത്തുക]
ബോത്തിയസ് തടവിൽ - "സമാശ്വാസത്തിന്റെ" 1385-ലെ കൈയെഴുത്തുപ്രതിയിൽ നിന്ന്'

520 ആയപ്പോൾ 40 വയസ്സുള്ള ബോത്തിയസ് ഭരണത്തിലും നീതിന്യായവ്യവസ്ഥയിലേയും ഏറെ അധികാരങ്ങളുള്ള "മജിസ്റ്റർ ഒഫിസിയോറം" എന്ന പദവിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും കോൺസൽ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതും പിതാവിന്റെ പദവി വ്യക്തമാക്കി.


എന്നാൽ 523-ൽ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമനുമായി രഹസ്യസമ്പർക്കം പുലർത്തിയെന്ന സംശയത്തിൽ തിയൊഡോറിക്ക് ബോത്തിയസിനെ രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്യിച്ചു. ജസ്റ്റിന്റെ യാഥാസ്ഥിതിക ക്രിസ്തുമതവും തിയൊഡോറിക്കിന്റെ ആരിയൻ വിശ്വാസവും തമ്മിലുള്ള അന്തരം അവർക്കിടയിലെ രാഷ്ടീയ ശത്രുത വർദ്ധിപ്പിച്ചിരുന്നു. ശത്രുക്കളുടെ അപവാദപ്രചരണമാണ് തന്റെ വീഴ്ചക്ക് കാരണമായി ബോത്തിയസ് പറയുന്നത്. പലവഴിക്കും അപകടം ഭയന്ന തിയൊഡോറിക്ക്, ഭൂവുടമകളായ ഉപരിവർഗ്ഗത്തിൽ നിന്ന് വേറേ ചിലരേയും കൂടി അറസ്റ്റു ചെയ്തു വധശിക്ഷ നൽകി. തിയൊഡോറിക്കിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന യൂത്താറിക്കിന്റെ അകാലചരമത്തെ തുടർന്ന് പിന്തുടർച്ചയെ സംബന്ധിച്ചുണ്ടായ തർക്കങ്ങളിൽ ബോത്തിയസ് എടുത്ത നിലപാടും ചക്രവർത്തിക്ക് അനിഷ്ടകരമായി എന്നു കരുതണം.


യഥാർത്ഥകാരണം എന്തുതന്നെ ആയിരുന്നാലും അധികാരവും പദവികളും സ്വത്തും എല്ലാം നഷ്ടമായ ബോത്തിയസ് ഇറ്റലിയിലെ പാവിയയിൽ തടവിലായി. അടുത്ത വർഷം 44 വയസ്സുള്ളപ്പോൾ അദ്ദേഹത്തെ വധിച്ചു. എങ്ങനെയായിരുന്നു വധം എന്ന കാര്യത്തിൽ തർക്കമുണ്ട്; കോടാലിയോ വാളോ കൊണ്ട് വെട്ടിയോ ഗദ കൊണ്ട് അടിച്ചോ ആയിരുന്നിരിക്കാം അദ്ദേഹത്തെ വധിച്ചത്. ബോത്തിയസിന്റെ ഭൗതികാശരീരം പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസ്" പള്ളിയിൽ അടക്കം ചെയ്തു.

പരിഭാഷകൾ, വ്യാഖ്യാനങ്ങൾ

[തിരുത്തുക]
"സമാശ്വാസത്തിന്റെ‍" ഒരു പ്രതിയിൽ ചിത്രീകരിച്ചിരിക്കുന്ന തത്ത്വചിന്താദേവി(Lady Philosophy)(കാലം 1485)

ബോത്തിയസിന്റെ ഏറ്റവും അറിയപ്പെടുന്ന രചനയായ "തത്ത്വചിന്തയുടെ സമാശ്വാസം‍", പ്രവാസിയായി വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോഴോ വധശിക്ഷകാത്ത് ജയിലിൽ കഴിഞ്ഞപ്പോഴോ എഴുതിയതാകാമെങ്കിലും, പൗരാണികവിജ്ഞാനത്തെ, പ്രത്യേകിച്ച് പുരാതനതത്ത്വചിന്തയെ പിൽക്കാലങ്ങൾക്കായി രേഖപ്പെടുത്തിവക്കാനുള്ള അദ്ദേഹത്തിന്റെ ആജീവനാന്തപദ്ധതി അതിന്റെ പിന്നിൽ ഉണ്ടായിരുന്നു. അരിസ്റ്റോട്ടിലിന്റേയും പ്ലേറ്റോയുടേയും രചനകളത്രയും ഗ്രീക്ക് മൂലത്തിൽ നിന്ന് ലത്തീനിലേക്ക് പരിഭാഷപ്പെടുത്താൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതനുസരിച്ച് അദ്ദേഹം നടത്തിയ അരിസ്റ്റോട്ടിലിന്റെ ലോജിക് രചനകളുടെ പരിഭാഷ മാത്രമായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ രചനയെന്ന് പറയാൻ യൂറോപ്പിൽ ലഭ്യമായിരുന്നത്. ബോത്തിയസിന്റെ പരിഭാഷയുടെ ചില ഭാഗങ്ങളിൽ പരിഭാഷകന്റെ വ്യാഖ്യാനങ്ങൾ മൂലവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.


പ്രസിദ്ധ നവപ്ലേറ്റോണിക ചിന്തകനായിരുന്ന പോർഫിറിയുടെ 'ഇസഗോജ്' എന്ന കൃതിയുടെ ഒരു വ്യാഖ്യാനവും ബോത്തിയസ് എഴുതി. മദ്ധ്യകാല തത്ത്വചിന്തയിലെ കീറാമുട്ടിയായിരുന്ന "സാർവത്രികങ്ങളുടെ" പ്രശ്നമായിരുന്നു(Problem of Universals) ആ കൃതിയുടെ വിഷയം: അമൂർത്തങ്ങളായ ഗുണങ്ങളേയും, സ്വഭാവങ്ങളേയും പാരസ്പര്യങ്ങളേയും സൂചിപ്പിക്കുന്ന സാർവത്രികങ്ങൾക്ക് നമ്മുടെ ചിന്തക്ക് അപ്പുറം നിലനിൽപ്പുണ്ടോ എന്നത് തത്ത്വമീമാംസയിലെ തന്നെ ഒരു പഴയ പ്രശ്നമായിരുന്നു.

പാഠപുസ്തകങ്ങൾ

[തിരുത്തുക]

തത്ത്വചിന്തയിലെ കഠിനസമസ്യകൾ കൈകാര്യം ചെയ്തതിനുപുറമേ, ഗണിതം, ജ്യാമിതി, സംഗീതം, ജ്യോതിശാസ്ത്രം എന്നീ ചതുർവിഷയങ്ങളടങ്ങിയ അന്നത്തെ വിദ്യാഭ്യാസപദ്ധതിയിൽ ഉപയോഗിക്കാനായി അദ്ദേഹം പല പ്രധാന ഗ്രീക്ക് ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി.[1] ഒന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ നിക്കോമാക്കസിന്റെ ഗണിതശാസ്ത്രം(De institutione arithmetica libri duo) ബോത്തിയസിന്റെ തന്നെ അപൂർണ്ണമായി അവശേഷിച്ച സംഗീതപാഠപുസ്തകം (De institutione musica libri quinque, unfinished) എന്നിവ മദ്ധ്യകാലങ്ങളിൽ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി. അദ്ദേഹം യൂക്ലിഡിന്റെ ക്ഷേത്രഗണിതവും ടോളമിയുടെ ജ്യോതിശാസ്ത്രവും പരിഭാഷപ്പെടുത്തിയിരിക്കാമെങ്കിലും ആ പരിഭാഷകൾ ലഭ്യമായിട്ടില്ല.


സംഗീതത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിൽ("De Musica") അതിനെ ബോത്തിയസ് മൂന്നുവിഭാഗങ്ങളായി തരംതിരിച്ചു:


1. ലോകസംഗീതം - ആകാശഗോളങ്ങളുടെ സംഗീതം
2. മനുഷ്യ സംഗീതം - ശരീരത്തിന്റേയും ആത്മാവിന്റേയും താളലയത്തിന്റെ സംഗീതം
3. ഉപകരണസംഗീതം - മനുഷ്യസ്വരം പോലും ഈ വിഭാഗത്തിൽ പെടും
4. ദൈവികസംഗീതം - ദൈവങ്ങളുടെ സംഗീതമാണിത്.


അക്കാലത്തെ മതവിവാദങ്ങളിൽ ആരിയൻ വിഭാഗത്തിനെതിരെ യാഥാസ്ഥിതിക നിലപാടുകളെ പിന്തുണക്കുന്ന ദൈവശാസ്ത്രരചനകളും ബോത്തിയസിന്റേതായി പറയപ്പെടുന്നുണ്ട്. എന്നാൽ ബോത്തിയസിന്റെ ഇതരരചനകളിൽ പ്രകടമാവുന്ന മതനിരപേക്ഷത മൂലം, മതപരമായ തർക്കങ്ങളിൽ പക്ഷംചേരുന്ന ഈ രചനകൾ അദ്ദേഹത്തിന്റേതല്ല എന്നു വാദിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന കാസ്സിയോഡോറസ് എഴുതിയതും പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടുകിട്ടിയതുമായ ജീവചരിത്രത്തിൽ, ബോത്തിയസിന്റെ രചനകൾ ഈവക വിഷയങ്ങളേയും സ്പർശിച്ചിരുന്നതായി സൂചനയുണ്ട്.[2]

"തത്ത്വചിന്തയുടെ സമാശ്വാസം"

[തിരുത്തുക]
ഭാഗ്യചക്രം - പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം

പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ മാനവികതാവാദി ലോറൻസോ വല്ല, ബോത്തിയസിനെ വിശേഷിപ്പിച്ചത് "അവസാനത്തെ റോമാക്കാരനും ആദ്യത്തെ സ്കോളാസ്റ്റിക് തത്ത്വചിന്തകനും" എന്നാണ്. മദ്ധ്യകാലസർവകലാശാലകൾ ബോത്തിയസിന്റെ പാഠപുസ്തകങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും, അന്തിമരചനയായ "തത്ത്വചിന്തയുടെ സമാശ്വാസം" ആണ് മദ്ധ്യയുഗങ്ങളിലും പിൽക്കാലങ്ങളിലും അദ്ദേഹത്തിന്റെ യശ്ശസിന് അടിസ്ഥാനമായി നിന്നത്. തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തിൽ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സം‌വാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാർശനികമായ നിർമ്മമതയോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്നു. 'തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമർശിക്കുകയും ചെയ്യുന്നതിനാൽ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും പ്ലേറ്റോയുടെ തൂലിക രേഖപ്പെടുത്തിയിട്ടുള്ള സോക്രട്ടീസിന്റെ സം‌വാദങ്ങളെ അനുസ്മരിപ്പിക്കും. പതിനാലാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഈ കൃതിയുടെ അനേകം കൈയെഴുത്തുപ്രതികളും നിലവിലുണ്ട്. ആൽഫ്രഡ് രാജാവും, ജെഫ്രി ചോസറും, ഒന്നാം ഇലിസബത്ത് രാജ്ഞിയും വരെ ഇംഗ്ലീഷിൽ ഈ കൃതിയുടെ പരിഭാഷകരായുണ്ട്.[3] "സമാശ്വാസത്തിന്" അനേകം വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ സംസ്കാരത്തെ ഏറ്റവുമേറെ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് സമാശ്വാസം.

ബോത്തിയസിന്റെ ചക്രം

[തിരുത്തുക]

സമാശ്വാസത്തിൽ ബോത്തിയസ് ഉപയോഗിക്കുന്ന "ഭാഗ്യചക്രം" എന്ന സങ്കല്പം "ബോത്തിയസിന്റെ ചക്രം" ("The Boethian Wheel") എന്നപേരിൽ പ്രസിദ്ധമായി. ബോത്തിയസിന്റെ കണ്ടുപിടിത്തമാണ് ഇതെന്ന് പറയുക വയ്യ. സിസറോ വരെയെങ്കിലും പഴക്കമുള്ള സങ്കല്പമാണിത്.[4] മദ്ധ്യകാലങ്ങളിൽ ഏറെ ജനസമ്മതി നേടിയ ഈ സങ്കല്പം ഇന്നും ഉപയോഗത്തിലുണ്ട്. 'ഭാഗ്യചക്രം' തിരിയുമ്പോൾ, അധികാരവും സമ്പത്തുമുള്ളവർ അതിനടിയിൽ പെട്ട് ഞെരിഞ്ഞു പൊടിയാവുകയും ദാരിദ്ര്യത്തിലും വിശപ്പിലും വലഞ്ഞിരുന്നവർ ഉന്നതി പ്രാപിക്കുകയും ചെയ്യുന്നു. മദ്ധ്യകാലത്തെ പല കലാമാതൃകകളിലും ഭാഗ്യചക്രത്തെ ആശ്രയിച്ച്, മനുഷ്യന്റെ വളർച്ചയും തകർച്ചയും ചിത്രീകരിച്ചിരിക്കുന്നതു കാണാം.

ക്രിസ്തുമതവും ബോത്തിയസും

[തിരുത്തുക]
ഇറ്റലിയിൽ പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയിൽ" ബോത്തിയസിന്റെ ശവകുടീരം.
Dialectica, 1547

ബോത്തിയസ് ക്രൈസ്തവചിന്തകനാണെന്നും 'പേഗൻ' ചിന്തകനാണെന്നും വാദമുണ്ട്. അദ്ദേഹം പിന്തുടർന്നിരുന്നത് ക്രിസ്തുമതമോ 'പേഗൻ' മതമോ എന്നത് തർക്കവിഷയമാണ്[5][6][7][8]ക്രിസ്തീയകുടുംബത്തിലായിരിക്കാം ജനിച്ചതെങ്കിലും "മതത്യാഗിയായ" ജൂലിയൻ ചക്രവർത്തിയെപ്പോലെ (Julian the 'Apostate') ക്രിസ്തുമതം ഉപേക്ഷിച്ച് അദ്ദേഹം 'പേഗൻ' മതം സ്വീകരിച്ചിരിക്കാമെന്ന് കരുതുന്നവരുണ്ട്. ആശ്വാസത്തിനായി അനേകർ ക്രിസ്തുമതത്തിലേക്കു തിരിഞ്ഞപ്പോൾ ബോത്തിയസ് ആശ്വാസം കണ്ടെത്തിയത് 'പേഗൻ' മതത്തിലാണെന്ന് ഇറ്റാലിയൻ ചരിത്രകാരനായ മോമിഗ്ലിയാനോ കരുതുന്നു. അദ്ദേഹത്തിന്റെ ക്രിസ്തുമതവിശ്വാസം തകർന്നു - ആ തകർച്ചയുടെ സമ്പൂർണ്ണത മൂലം, തന്റെ വിശ്വാസത്തിന്റെ തിരോധാനം അദ്ദേഹം ശ്രദ്ധിച്ചതുതന്നെയില്ല.


എന്നാൽ ബോത്തിയസ് ക്രിസ്ത്യാനിയായിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. ഇറ്റാലിയൻ കവി ഡാന്റെയും ഈ വിശ്വാസം പങ്കുപറ്റിയിരുന്നെന്ന് കരുതണം. പ്രഖ്യാതമായ ദിവൈൻ കോമഡിയുടെ 'പറുദീസ' എന്ന മൂന്നാം ഭാഗത്ത്, സ്വർഗ്ഗത്തിലെത്തുന്ന കവി, ബോത്തിയസിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നു. ഡാന്റെക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ക്രൈസ്തവദാർശനികൻ തോമസ് അക്വീനാസ് ആണ്. പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയിൽ" ഭൗതികശരീരം സംസ്കരിക്കപ്പെട്ട ബോത്തിയസിന്റെ ആത്മാവിനെ അക്വീനാസ് ഇങ്ങനെ പരിചയപ്പെടുത്തുന്നു:-


ലോകത്തിന്റെ ഇരുണ്ടവഴികൾ തുറന്ന്,
അറിയാനാനാഗ്രഹിച്ചവരെയൊക്കെ കാട്ടിയവന്റെ ദേഹം,
ഇപ്പോൾ 'സുവർണ്ണാകാശത്തിനു' താഴെ ശയിക്കുന്നു;
പ്രവാസദുഃഖത്തിൽ നിന്ന് തുരത്തപ്പെട്ട അവന്റെ ദേഹി,
ഈ ശാന്തിഗേഹത്തിൽ ആനന്ദം നുകരാനെത്തി[9]

'വിശുദ്ധൻ'

[തിരുത്തുക]

ബോത്തിയസ് 'പേഗൻ' മതവിശ്വാസി ആയിരുന്നിരിക്കാമെങ്കിലും കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കുന്നു. ബോത്തിയസിന്റെ തിരുനാൾ ഒക്ടോബർ 23-ആം തിയതി ആണ്.[10] 2008 മാർച്ചുമാസത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, ആധുനികകാലത്ത് ക്രിസ്ത്യാനികൾക്ക് മാതൃകയാക്കാവുന്നവനാണ് ബോത്തിയസ് എന്നു വാദിച്ചു. ബോത്തിയസിന്റെ ചിന്തയെ സംസ്കാരങ്ങളുടെ മുഖാമുഖമായാണ് മാർപ്പാപ്പചിത്രീകരിച്ചത്. ക്രിസ്തീയവിശ്വാസത്തെ യവനചിന്തയുടെ ചട്ടക്കൂടിൽ അവതരിപ്പിക്കാനും, ഗ്രെക്കോ-റോമൻ പൈതൃകത്തെ സുവിശേഷങ്ങളുടെ സന്ദേശവുമായി സമന്വയിപ്പിക്കാനുമാണ് ബോത്തിയസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.[11]

അവലംബം

[തിരുത്തുക]
  1. Cassiodorus Senator, Variae, I.45.4. trans. S. J. B. Barnish, Liverpool: Liverpool University Press, 1992.
  2. James Shiel, Encyclopedia Britannica (2005), CD-ROM edition, Boethius
  3. Richard A. Dwyer, Boethian Fictions, Narratives in the Medieval French Versions of the Consolatio Philosophiae, Medieval Academy of America, 1976.
  4. Boethius, Consolation of Philosophy, trans. Victor Watts (rev. ed.), Penguin, 1999, p.24 n.1.
  5. "Boethius". Archived from the original on 2009-03-27. Retrieved 2009-08-15.
  6. "O'Donnell, Demise".
  7. "Boethius's Complaint".
  8. "The Bible and Boethius' Christianity".[പ്രവർത്തിക്കാത്ത കണ്ണി]
  9. Boethius. Consolation of Philosophy. Translation
  10. St. Severinus Boethius — Catholic Online
  11. General Audience of Pope Benedict XVI, 12 March 2008
"https://ml.wikipedia.org/w/index.php?title=ബോത്തിയസ്&oldid=3671721" എന്ന താളിൽനിന്ന് ശേഖരിച്ചത്