Jump to content

തിയൊഡോറിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിയൊഡോറിക്
ഓസ്ട്രോഗോത്ത് രാജാവു്
തിയൊഡോറിക്കിന്റെ അർദ്ധകായരൂപം പതിച്ച നാണയം, ക്രിസ്തുവർഷം 491–501
ജനനം454
മരണം526 (വയസ്സ് 71–72)
ജീവിതപങ്കാളിഒഡോഫ്ലെഡ
അനന്തരവകാശികൾഅമലസുന്ത
പിതാവ്തിയൊഡൊമിർ
മാതാവ്എറേല്യുവ
മതവിശ്വാസംആരിയനിസം

പശ്ചിമ യൂറോപ്പിലെ ഓസ്ട്രോഗോത്തുകളുടെ രാജാവും (എ.ഡി. 471-526) ഇറ്റലിയിലെ ഭരണാധിപനു(എ.ഡി. 493-526)മായിരുന്നു തിയൊഡോറിക്. ഓസ്ട്രോഗോത്തു രാജ്ഞിയായിരുന്ന അമലസുന്ത ഇദ്ദേഹത്തിന്റെ പുത്രിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പാന്നോണിയയിലെ രാജാവായിരുന്ന അമലിലെ തിയൊഡൊമിറിന്റെ മകനായി ഇദ്ദേഹം ജനിച്ചു. 461 മുതൽ പത്തുവർഷക്കാലത്തോളം ഇദ്ദേഹത്തിനു് ജാമ്യക്കാരനായി കോൺസ്റ്റാന്റിനോപ്പിളിൽ കഴിയേണ്ടിവന്നു. പിതാവിന്റെ മരണത്തെത്തുടർന്നു് ഓസ്ട്രോഗോത്തുകളുടെ മേധാവി എന്ന നിലയിൽ 471ൽ ഇദ്ദേഹം പാന്നോണിയയിലെ രാജാവായി. പൗരസ്ത്യ റോമാ ചക്രവർത്തിയായിരുന്ന സീനോ(Zeno)യുമായി ഇക്കാലത്ത് ഇദ്ദേഹം കലഹിച്ചുകഴിയുകയായിരുന്നു. പാന്നോണിയയുടെ സമീപത്തുള്ള മറ്റൊരു ഓസ്ട്രോഗോത്ത് അധിപതിയായ തിയഡറിക് സ്റ്റ്രാബോയുമായും ഇദ്ദേഹത്തിന് ശത്രുതയുണ്ടായി. 481ൽ സ്റ്റ്രാബോ മരണമടഞ്ഞതോടെ ഓസ്ട്രോഗോത്തുകളുടെ യഥാർത്ഥ നേതാവായി തിയഡറിക്കിനെ അംഗീകരിക്കുവാൻ സീനോ തയ്യാറായി. 483ൽ സീനോയുമായി സന്ധിയുണ്ടാക്കിയ തിയഡറിക്കിന് സ്വന്തമായി കുറെ പ്രദേശവും സൈന്യത്തിന്റെ മേധാവി എന്ന പദവിയും സീനോ അനുവദിച്ചുകൊടുത്തു. ബൾഗേറിയയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള മൊവേസിയ (Lower Moesia) ആയിരുന്നു തിയഡറിക്കിന്റെ ആസ്ഥാനം.

ക്രിസ്തുവർഷം 493ൽ ഒഡോസിറിനെ വധിച്ചുകൊണ്ടു് തിയൊഡോറിക് ഇറ്റലി പിടിച്ചെടുത്തു. റവീന ആയിരുന്നു തിയഡറിക്കിന്റെ പുതിയ തലസ്ഥാനം. പൗരസ്ത്യ റോമാ ചക്രവർത്തിയുടെ സാമന്തനെന്ന നിലയിലാണ് തിയൊഡോറിക് ആദ്യകാലത്തു് ഇറ്റലി ഭരിച്ചതു്. സീനോയുടെ പിൻഗാമിയായി ചുമതലയേറ്റ അനസ്താസിയൂസ് ഒന്നാമൻ 497ൽ തിയഡറിക്കിനെ സ്വതന്ത്ര രാജാവായി അംഗീകരിച്ചു.

ജനപ്രിയ നേതാവു്[തിരുത്തുക]

ഇറ്റലിയെ കീഴടക്കിയ തിയൊഡോറിക് അവിടെ സൗഹാർദ്ദപൂർവം ഭരണം നടത്തിയിരുന്നു. തദ്ദേശീയ ജനതയുടെ സ്നേഹം സമ്പാദിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. റോമൻ ഭരണ സമ്പ്രദായം ഇദ്ദേഹം അവിടെ നിലനിർത്തി. റോമൻ വംശജരെ സർക്കാരിലെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു. തലസ്ഥാനമായ റവീനയെ ഇദ്ദേഹം മോടിപിടിപ്പിച്ചു. ഒരു വലിയ കൊട്ടാരവും അനേകം ക്രൈസ്തവ ദേവാലയങ്ങളും പണികഴിപ്പിച്ചു. പടിഞ്ഞാറൻ യൂറോപ്പിലെ ജർമ്മൻ വംശജരായ രാജാക്കന്മാരുമായി ഇദ്ദേഹം ഉടമ്പടികളുണ്ടാക്കി. ഇദ്ദേഹത്തിന്റെ സഹോദരിമാരേയും പെണ്മക്കളേയും ജർമ്മൻ രാജാക്കന്മാർക്ക് വിവാഹം ചെയ്തുകൊടുത്തു് അവരുമായി സൗഹൃദം സ്ഥാപിച്ചു. ജർമ്മൻകാരെ ഒറ്റ ഗവണ്മെന്റിന്റെ കീഴിലാക്കുവാൻ തിയഡറിക് നടത്തിയ പരിശ്രമങ്ങൾ ഫലവത്തായില്ല.

റവീനയിലുള്ള തിയഡറിക് മ്യൂസിയം

മതം[തിരുത്തുക]

മതരംഗത്തും തിയൊഡോറിക്കിനു നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഗോത്തുകൾ ഏരിയൻ വംശത്തില്പ്പെട്ട ക്രൈസ്തവർ (Ariyan Christians) ആയിരുന്നു. ഇറ്റലിയിൽ മറ്റു വിഭാഗത്തില്പ്പെട്ട ക്രൈസ്തവരുമുണ്ടായിരുന്നു. ക്രൈസ്തവരിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് തുല്യ പരിഗണന നല്കിക്കൊണ്ടുപോവുകയെന്ന അവസ്ഥ ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. അതുപോലെതന്നെ പൗരസ്ത്യ റോമാ ചക്രവർത്തിയുടെ ചില മതനയങ്ങളിൽനിന്നുണ്ടായ വെല്ലുവിളികളും പോപ്പുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇദ്ദേഹത്തിനു തരണംചെയ്യേണ്ടിവന്നു.

മരണം[തിരുത്തുക]

526 ആഗസ്റ്റ് 30നു റവീനയിൽ ഇദ്ദേഹം നിര്യാതനായി. അതോടുകൂടി ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യവും നാമാവശേഷമായി.


അവലംബം[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിയൊഡോറിക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിയൊഡോറിക്&oldid=1856115" എന്ന താളിൽനിന്ന് ശേഖരിച്ചത്