Jump to content

ബാബ താഹിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹമദാനിലെ ബാബ താഹിർ
Cover from a lacquer mirror case with multiple scenes, school of Mohammad Esmail Esfahani; the top scene depicts Baba Tahir with disciples. Created in Qajar Iran, dated c.
Mystic Poet
ജനനംc. 11th century
ഹമദാൻ, ഇറാൻ
മരണംc. 11th century
ഹമദാൻ, ഇറാൻ
വണങ്ങുന്നത്ഇസ്ലാം
പ്രധാന തീർത്ഥാടനകേന്ദ്രംഹമദാൻ, ഇറാൻ
സ്വാധീനങ്ങൾFerdowsi, Sanai, Khwaja Abdullah Ansari, Mansur Al-Hallaj, Abu-Sa'id Abul-Khayr, Bayazid Bastami
സ്വാധീനിച്ചത്റൂമി, ഹാഫിസ്, ജാമി, ഒമർ ഖയ്യാം, നിസാമി ഗഞ്ചാവി, ഉൾപ്പെടെയുള്ള പിൽക്കാലത്തെ മറ്റ് പല മിസ്റ്റിക് കവികളും.
പാരമ്പര്യം
Mystic poetry
ഹമദാനിലെ ബാബ താഹിർ ശവകുടീരം.
ഹമദാനിലെ ബാബ താഹിറിന്റെ പഴയ ശവകുടീരം.

ബാബ താഹിർ അല്ലെങ്കിൽ ബാബ താഹെർ ഓറിയാൻ ഹമദാനി (പേർഷ്യൻ: باباطاهر عریان همدانی) ഇറാനിലെ ഹമദാൻ നഗരത്തിൽ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ[1] ഡെർവിഷ് കവിയായിരുന്നു. ഒരു നിഗൂഢമായ ജീവിതശൈലി നയിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകൾ തുലോം പരിമിതമാണ്.[2][3] അദ്ദേഹം ഇറാനിലെ സെൽജുക്ക് രാജവംശത്തിന്റെ സ്ഥാപകനായിരുന്ന തുഗ്രിലിൻറെ ഭരണകാലത്താണ് ജീവിച്ചിരുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. അറിയപ്പെടുന്ന എല്ലാ സ്രോതസ്സുകളിലും "ബാബ" എന്ന ഉപസർഗ്ഗം (ഏതാണ്ട് 'ജ്ഞാനി' അല്ലെങ്കിൽ 'ആദരിക്കപ്പെട്ടവൻ' എന്നർത്ഥം) അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി കരുതപ്പെട്ടിരുന്നുവെങ്കിലും, "ഓറിയൻ" ('നഗ്നൻ' എന്നർത്ഥം) എന്ന വിളിപ്പേര് ഏകദേശം 17-ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല.[4]

ജീവിതരേഖ

[തിരുത്തുക]

പേർഷ്യൻ സാഹിത്യത്തിലെ ഏറ്റവും ആദരണീയനായ ആദ്യകാല കവികളിൽ ഒരാളായാണ് ബാബ താഹിർ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വിരളമായ വിവരങ്ങളേയുള്ളു.[5] ഇറാനിലെ ഹമദാൻ പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചതും താമസിച്ചതും. ബാബ താഹെർ-ഇ ഓറിയൻ (നഗ്നൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു ഒരു ഡെർവിഷ് ആയിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. ഒരു നിരക്ഷരനും മരംവെട്ടുകാരനുമായിരുന്ന ഈ കവി ഒരു മതപാഠശാലയിലെ പ്രഭാഷണങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവിടെ സഹപാഠികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നില്ലെന്നും ഐതിഹ്യം പറയുന്നു. അദ്ദേഹത്തിന്റെ ജനന-മരണ തീയതികൾ അജ്ഞാതമാണ്. 1019-ൽ അദ്ദേഹം മരിച്ചുവെന്ന് ഒരു സ്രോതസ്സ് സൂചിപ്പിക്കുന്നു. ഇത് കൃത്യമാണെങ്കിൽ, അത് ബാബ താഹിറിനെ ഫിർദൌസിയുടെയും അവിസെന്നയുടെയും സമകാലികനും ഒമർ ഖയ്യാമിന്റെ മുൻഗാമിയും ആക്കുന്നു. മറ്റൊരു സ്രോതസ്സിൽനിന്നുള്ള വിവരങ്ങൾ പ്രകാരം 1000-നും 1055-നും ഇടയിലെ അദ്ദേഹത്തിൻറെ ജീവിതകാലം തികച്ചും സാധ്യതയില്ലാത്തതാണ്. ബാബ താഹിർ ഏകദേശം എഴുപത്തഞ്ച് വർഷത്തോളം ജീവിച്ചിരുന്നതായി പറയപ്പെടുന്നു. 603/1206-ൽ രചന പൂർത്തിയാക്കിയ റവണ്ടിയിലെ റാഹത് അൽ-സോദൂർ തൻറെ കൃതിയിൽ, ബാബാ താഹിറും സെൽജുക്ക് ജേതാവായിരുന്ന തുഗ്‌റിലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നു (പേജ്. 98-99). പത്താം നൂറ്റാണ്ടിൽ ബാബ താഹിർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സാഹിത്യം, കല എന്നിവയുടെ വികാസത്തിലും വളർച്ചയിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. അത്യധികം ബഹുമാനിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യപ്പെട്ടിരുന്ന പേർഷ്യയിലെ മധ്യകാല കലാകാരന്മാർക്കും കവികൾക്കും അവരുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശങ്ങളും അക്കാലത്ത് നൽകപ്പെട്ടിരുന്നു. എൽ.പി. എൽവെൽ-സട്ടൻ പറയുന്നതനുസരിച്ച്: "പേർഷ്യൻ സാഹിത്യത്തിലെ സൂഫി പ്രണയത്തിന്റെ ആദ്യത്തെ മഹാകവി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അദ്ദേഹത്തിന്റെ ദോ-ബൈത്തികൾ (പേർഷ്യൻ കവിതയുടെ ഒരു പുരാതന രൂപം) പലപ്പോഴും സംഗീതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്".

ബാബ താഹിറിന്റെ കവിതകൾ ഇക്കാലത്തും ഇറാനിലുടനീളം മൂന്ന് തന്ത്രികളുള്ള ഒരു സിത്താർ അല്ലെങ്കിൽ ഒരു കമ്പിവാദ്യത്തിൻറെ അകമ്പടിയോടെയാണ് പാരായണം ചെയ്യപ്പെടുന്നത്. വളരെ പുരാതനമായ ഈ കവിതാശൈലി ഫഹ്‌ലാവിയാറ്റ് എന്നപേരിലും അറിയപ്പെടുന്നു. ബാബ താഹിറിന്റെ ചതുഷ്‌പദശ്ലോകങ്ങൾക്ക് ദാർശനികതയെക്കാൾ പ്രേമഭരിതവും നിഗൂഢവുമായ അർത്ഥങ്ങളാണുള്ളത്. പേർഷ്യൻ ചതുഷ്‌പദശ്ലോകങ്ങളുടെ ഒരു രൂപമായ ഡോ-ബൈത്തി ശൈലിയിലുള്ള അദ്ദേഹത്തിൻറെ പല കവിതകളേയും ചില പണ്ഡിതന്മാർ മധ്യ പേർഷ്യൻ ഖണ്ഡകാവ്യങ്ങളുമായി ബന്ധമുള്ളതായി കണക്കാക്കുന്നു.[6]

ശവകുടീരം

[തിരുത്തുക]

മൊഹ്‌സെൻ ഫോറോഗി എന്ന ശിൽപ്പി രൂപകൽപ്പന ചെയ്ത അദ്ദേഹത്തിന്റെ ശവകുടീരം പടിഞ്ഞാറൻ ഇറാനിലെ ഹമദാൻ നഗരത്തിന്റെ വടക്കൻ പ്രവേശന കവാടത്തിനടുത്ത്, പുഷ്പങ്ങളും വളഞ്ഞുപുളഞ്ഞ പാതകളും കൊണ്ട് ചുറ്റപ്പെട്ട ഒരു ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കേന്ദ്ര ഗോപുരത്തിന് ചുറ്റുമുള്ള പന്ത്രണ്ട് ബാഹ്യ തൂണുകൾ ഈ ഘടനയിൽ അടങ്ങിയിരിക്കുന്നു. 1970 ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

അവലംബം

[തിരുത്തുക]
  1. ഫലകം:Encyclopaedia Islamica
  2. "BĀBĀ ṬĀHER ʿORYĀN – Encyclopaedia Iranica". www.iranicaonline.org. Retrieved 2019-10-31.
  3. Minorsky, Vladimir. "Bābā Ṭāhir". Encyclopedia of Islam.
  4. "The Great Islamic Encyclopedia Project". Retrieved 2019-10-31.
  5. L. P. Elwell-Sutton. "BĀBĀ ṬĀHER ʿORYĀN". Encyclopædia Iranica. Iranicaonline.org. Retrieved 2013-10-31.
  6. L. P. Elwell-Sutton. "BĀBĀ ṬĀHER ʿORYĀN". Encyclopædia Iranica. Iranicaonline.org. Retrieved 2013-10-31.
"https://ml.wikipedia.org/w/index.php?title=ബാബ_താഹിർ&oldid=3828349" എന്ന താളിൽനിന്ന് ശേഖരിച്ചത്