ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
പൂർണ്ണ നാമം ബഹാഉദ്ദീൻ മുഹമ്മദ്
ജനനം കൂരിയാട്, കോട്ടക്കൽ , മലപ്പുറം ജില്ല
കാലഘട്ടം ആധുനിക യുഗം

കേരളത്തിലെ മുസ്ലിം സുന്നി മതപണ്ഡിതരിൽ പ്രമുഖനും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി [1]. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്.[2] കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷൻ എക്സിക്യൂട്ടിവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.[3]

ജനനം, കുടുംബം[തിരുത്തുക]

1951 ഏപ്രിൽ 22ന് മുഹമ്മദ് ജമാലുദ്ദീൻ മുസ്ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ് വത്തുൽ ഉലമ അറബിക് കോളേജ് ലക്നൌ, അലിഗഢ് മുസ്ലിം സർവകലാശാല, ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.

സ്ഥാനങ്ങൾ[തിരുത്തുക]

ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തിൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്‍ലിം പണ്ഡിത സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്‍ലാമിക പണ്ഡിതനും ഇദ്ദേഹം തന്നെ. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ ഇസ്‍ലാമിക് സ്റ്റഡീസ് ഫാക്കൽറ്റി പുറത്തിറക്കുന്ന ഇസ്‍ലാമിക് ഇൻസൈറ്റ് ഇന്റർനാഷനൽ ജേണൽ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് ജേണലിൻറെ എഡിറ്റർ ഇൻ ചീഫ്, സന്തുഷ്ട കുടുംബം മാസിക,[4] തെളിച്ചം മാസിക [5] എന്നിവയുടെ മുഖ്യപത്രാധിപർ തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന് സെന്ട്രൽ കൌണ്സിൽ ജനറൽ സെക്രട്ടറിയാണ്. ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് മുസ്ലിം സോഷ്യൽ സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, കേരള സർക്കാർ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സർക്കാർ മദ്റസാ എജ്യുക്കേഷൻ ബോർഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളിൽ അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌.[6]

പുരസ്കാരങ്ങൾ[തിരുത്തുക]

 • ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്ലിംകളിലൊരാൾ - ജോർദാനിലെഅമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ അമേരിക്കയിലെ ജോർജ് ടൌൺ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് പുറത്തിറക്കിയ സമഗ്ര സർവേയിൽ തിരഞ്ഞെടുക്കപ്പെട്ടു.[7]
 • മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012- ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്പോർട്ടലായ ഓൺഇസ്‍ലാം.നെറ്റ് തിരഞ്ഞെടുത്തത്.[8]
 • കുവൈത്ത് അൽ മഹബ്ബ എക്സലൻസി അവാർഡ് 2008
 • അൽ മഖ്ദൂം അവാർഡ് 1983
 • ജൈഹൂൺ ടി.വി അവാർഡ് 2009 [2]
 • ഫൈസി പണ്ഡിത പ്രതിഭാ അവാർഡ് - മികച്ച പൂർവ്വവിദ്യാർത്ഥിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ നല്കിയ പുരസ്കാരം.[9]

കൃതികൾ[തിരുത്തുക]

മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്. മലയാള ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പ്രധാന കൃതികൾ :

 • തസ്വവ്വുഫ് ഒരു സമഗ്ര പഠനം (Comprehensive analysis of Sufism)
 • Islam and Christianity
 • دراسة الأديان
 • فقه الأطفال
 • مقرر تفسير القرآن الكريم
 • مختار الأخلاق والآداب
 • تاريخ الأدب العربي
 • إنباء المعرفين بأنباء المصنفين
 • മിഅ്റാജ് ചരിത്രവും സന്ദേശവും
 • മാതാപിതാക്കൾ ബാധ്യതകൾ
 • നബിദിനാഘോഷം ലോകരാഷ്ട്രങ്ങളിൽ
 • മമ്പുറം തങ്ങൾ ജീവിതം ആത്മീയത പോരാട്ടം- എഡിറ്റർ

അവലംബം[തിരുത്തുക]

 1. "ദാറുല് ഹുദാ വൈബ്സൈറ്റ്". ശേഖരിച്ചത് 2011-11-23. 
 2. 2.0 2.1 "ഔദ്യോഗിക വ്യക്തിരേഖ". ശേഖരിച്ചത് 2011-11-24. 
 3. "നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജുക്കേഷൻ". ശേഖരിച്ചത് 2012-01-04. 
 4. "സന്തുഷ്ട കുടുംബം മാസികയുടെ വെബ് വിലാസം". 
 5. "തെളിച്ചം മാസികയുടെ വെബ് വിലാസം". 
 6. http://skssfnews.blogspot.com/2012/01/blog-post_7354.html
 7. "മുസ്ലിം 500- ബഹാഉദ്ദീന് നദ്വി". ശേഖരിച്ചത് 2012-12-03. 
 8. "മുസ്ലിം സ്റ്റാർ ഓഫ് ദി ഇയർ 2012". ശേഖരിച്ചത് 2013-02-14. 
 9. "ഫൈസി പ്രതിഭാ അവാർഡ് 2013". ശേഖരിച്ചത് 2013-01-04. 

പുറം കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Bahauddeen Muhammed Nadwi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: