പി.സി. ഷാനവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. സി. ഷാനവാസ്
P.C. Shanavas.jpg
ഡോ:പി.സി. ഷാനവാസ്
ജനനം(1979-06-07)ജൂൺ 7, 1979
വടപുറം, നിലമ്പൂർ
മരണംഫെബ്രുവരി 13, 2015(2015-02-13) (പ്രായം 35)
എടവണ്ണപ്പാറ
വിദ്യാഭ്യാസംഎം.ബി.ബി.എസ്.
തൊഴിൽഡോക്ടർ, ആതുരസേവകൻ
മാതാപിതാക്ക(ൾ)പി.മുഹമ്മദ് ഹാജി, കെ.ജമീല ഹജ്ജുമ്മ

ആദിവാസി ഊരുകളിലെ ആതുര സേവന പ്രവർത്തികൾ കൊണ്ട് പാവങ്ങളുടെ ഡോക്ടർ എന്ന പേരിൽ പ്രശസ്തിയാർജിച്ച യുവ ഡോക്ടറാണ് ഡോ: പി. സി. ഷാനവാസ്. ആശുപത്രി-മരുന്ന് മേഖലകളിലെ മാഫിയാവൽക്കരണത്തെയും ചൂഷണത്തെയും എതിർത്ത് പോരുകയും അഴിമതിക്കെതിരെ താക്കീത് നൽകുകയും അതിന് അരികുനിൽക്കുന്ന അധികാരികളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

ജീവിതരേഖ[തിരുത്തുക]

നിലമ്പൂർ വടപുറം പുള്ളിച്ചോല പി. മുഹമ്മദ് ഹാജിയാണ് പിതാവ്. മാതാവ് കെ ജമീല ഹജ്ജുമ്മ. അവിവാഹിതനാണ്. ഡോ. ഷിനാസ് ബാബു, ഡോ. ഷമീല എന്നിവർ സഹോദരങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. നിരവധി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം സർക്കാർ സർവീസിൽ അസിസ്റ്റന്റ് സർജനായി പ്രവേശിച്ചു.

2015 ഫെബ്രുവരി 13-ന് രാത്രി കോഴിക്കോട്ടുനിന്നു കാറിൽ വീട്ടിലേക്കു മടങ്ങുംവഴി എടവണ്ണയിലെത്തിയപ്പോൾ ഛർദിച്ചു. എടവണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രക്‌തസമർദവും ഛർദിയിൽ ഭക്ഷണാവശിഷ്‌ടം അന്നനാളത്തിൽ കുരുങ്ങിയതുമാണു മരണകാരണമെന്നാണ് കോഴിക്കോട്‌ മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ പറയുന്നത്.[1]

പ്രവർത്തന മേഖല[തിരുത്തുക]

മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദിവാസി ഊരുകളിലായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. നിലമ്പൂർ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളും വിവിധ മരുന്നു കമ്പനികളും ഷാനവാസിനെതിരേ എതിർപ്പുമായി രംഗത്തെത്തി. സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചത്.

ആദിവാസി ഊരുകളിലെ ആതുര സേവന പ്രവർത്തനങ്ങൾക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിൾ മരുന്നുകൾ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവർത്തനങ്ങൾ. സാമ്പിൾ മരുന്നുകൾ കമ്പനികളിൽനിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് താൻ അവ ഉപയോഗിക്കുന്നതെന്നായിരുന്നു ഇതിനു ഷാനവാസിന്റെ മറുപടി പറഞ്ഞത്. മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിൾ മരുന്നുകൾ ഷാനവാസിനു നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ മരുന്നുകമ്പനികൾ ചില രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റി. 2013-ൽ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന പേരിൽ ഷാനവാസിനെതിരെ കേസ് ഉണ്ടായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 09-ന് നിലമ്പൂർ സി.ജെ.എം. കോടതി ഷാനവാസിനെ കുറ്റവിമുക്തനാക്കി.[2] താൻ മെഡിക്കൽ ലോബികൾക്കെതിരെ നിന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെന്നാണ് ഷാനവാസിന്റെ ആരോപണം. സർവീസിൽ പ്രവേശിച്ച് ആദ്യ മൂന്നു വർഷം തികയും മുമ്പാണ് ചട്ടങ്ങൾ ലംഘിച്ച് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർ പോലും അറിയാതെ സ്ഥലം മാറ്റമുണ്ടായത്. ഇതിനെതിരെ നിയമപ്പോരാട്ടത്തിനോരുങ്ങുകയായിരുന്ന ഡോക്ടർ ഷാനവാസ് ഫെബ്രുവരി 13 രാത്രി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി.[3][4]

സോഷ്യൽ മീഡിയയിൽ[തിരുത്തുക]

സോഷ്യൽ മീഡിയകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ഷാനവാസ് തൻറെ വിശേഷങ്ങൾ പുറത്ത് വിട്ടിരുന്നത് അതിലൂടെയായിരുന്നു. മരണശേഷം സോഷ്യൽ മീഡിയകളിൽ ഇദ്ദേഹത്തിന് പിന്തുണ നൽകിയും ഇദ്ദേഹം ഉന്നയിച്ചിരുന്ന പോരാട്ടങ്ങൾ ഏറ്റെടുത്തം സോഷ്യൽ മീഡിയയിലെ പ്രവർത്തകർ രംഗത്ത് വന്നു. സർക്കാർ ആരോഗ്യ വകുപ്പിൽ ജോലിയിലിരിക്കേയാണ് ഷാനാവാസ് ആരും കടന്നു ചൊല്ലാത്ത ആദിവാസി മേഖലകളിലേക്ക് തന്റെ സേവനം വ്യാപിപ്പിച്ചത്. അതിനിടെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തിൽ അധികാരികൾക്കെതിരെ പോരാട്ടത്തിലായിരുന്നു. മരണത്തിന് മുമ്പ് കടുത്ത മാനസിക സംഘർഷങ്ങളിലായിരുന്ന അദ്ദേഹം അക്കാര്യം ഫേസ്ബുക്കിലൂടെ വിവരിക്കുകയും ചെയ്തിരുന്നു.[5] ഫേസ് ബുക്ക് കമൻറുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

അദ്ദേഹത്തിന്റെ അവസാന പോസ്റ്റ്

പുതിയ വെളിപ്പെടുത്തലുകൾ[തിരുത്തുക]

ഷാനവാസിന്റെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ശ്രീജിത്ത് പെരുമന രംഗത്തെത്തി. ഷാനവാസ് മരണപ്പെട്ടു എന്ന് പറയുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയിലെ പ്രകടമായ വൈരുദ്ധ്യവും ഒപ്പം മരിച്ചു കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിലുണ്ടായ സമയ താമസവും ആണ് പ്രധാനമായും ഈ സംശയത്തിനു ഹേതുവാകുന്നത്. അവശ നിലയിലായ ഷാനവാസിനെ ഏടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും, മരണം സ്ഥിരീകരിച്ച ഹോസ്പിറ്റലിൽ നിന്നും, ഡോക്ടരുടെ അടുത്ത സുഹ്രുത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളിൽ ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.[6][7]

അവലംബങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.സി._ഷാനവാസ്&oldid=2343364" എന്ന താളിൽനിന്ന് ശേഖരിച്ചത്