പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

Coordinates: 9°53′06″N 76°28′20″E / 9.885°N 76.4722°E / 9.885; 76.4722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം: എറണാകുളം ജില്ലയിൽ പിറവത്ത് പാഴൂർ ഗ്രാമത്തിൽ മൂവാറ്റുപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ശിവക്ഷേത്രമാണ് പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം. വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ് ഇവിടുത്തെ ക്ഷേത്രം. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങളും പെരുതൃക്കോവിൽ ക്ഷേത്രം എന്നറിയപ്പെടുന്നു.[1] പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[2] പാഴൂർ പടിപ്പുരയേയും പെരുംതൃക്കോവിലപ്പനേയും അറിയാത്ത മലയാളിയില്ല. സാധാരണയായി പടിഞ്ഞാറോട്ട് ഒഴുകിവരുന്ന മൂവാറ്റുപുഴയാർ ഇവിടെ ക്ഷേത്രത്തെ വലംവച്ച് അല്പദൂരം കിഴക്കോട്ടും ഒഴുകുന്നു എന്നത് ശ്രദ്ധേയമാണ്. തന്മൂലം, 'ദക്ഷിണകാശി' എന്ന അപരനാമവും സ്ഥലത്തിനുണ്ട്.

ക്ഷേത്രം[തിരുത്തുക]

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണീ ക്ഷേത്രം.[3] ഒന്നര ഏക്കർ വിസ്തൃതിയാണ് ഇവിടുത്തെ ക്ഷേത്ര മൈതാനം. മൂവാറ്റുപുഴയുടെ തീരത്ത്‌ കിഴക്കോട്ട്‌ ദർശനമായി പെരും തൃക്കോവിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയിൽ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂർ ക്ഷേത്ര പരിസരത്തു വരുമ്പോൾ കിഴക്കോട്ടായാണ് ഒഴുകുന്നത്.[4] ഹിമാലയത്തിൽ നിന്നും ബംഗാൾ ഉൾക്കടലിലേക്ക് തെക്ക് ദിശയിൽ ഒഴുകുന്ന ഗംഗാനദി വാരണാസിയിൽ വരുമ്പോൾ വടക്കോട്ട് ഒഴുകുന്നു. അതുപോലെതന്നെ പടിഞ്ഞാറേക്ക് അറബിക്കടൽ ലക്ഷ്യമാക്കി ഒഴുകുന്ന മൂവാറ്റുപുഴ ഇവിടെ കാശി അനുസ്മരിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്നു.[4]

കിഴക്കേ നടയും സ്വർണ്ണ കൊടിമരവും

ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും; ചുറ്റമ്പലവും ബലിക്കൽപ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം. ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കൽ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു. ശ്രീകോവിലിന്റെ ഭിത്തിയിൽ പുരാതനമായ ഏതാനും ചുവർചിത്രങ്ങളും കാണാം.

ക്ഷേത്രനിർമ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. പാഴൂർ പടിപ്പുരയാണ് ക്ഷേത്രത്തേക്കാളും പുരാതനം. ക്ഷേത്രം നിർമ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോൾ കാലം നിർണ്ണയിക്കാൻ കലിദിനം ഉപകരിക്കും. "രക്ഷേൽ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിർമ്മാണം.[4]

ഐതിഹ്യം[തിരുത്തുക]

പാഴൂർ പെരുംതൃക്കോവിലിന്റെ അങ്ങേക്കരയിലാണ് പാഴൂർ പടിപ്പുര. കുടുംബ പ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പാഴൂർ പടിപ്പുരയ്ക്കൽ വന്നു.[1] പകൽ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയിൽ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുർഭാവത്തിലാണ്‌ ജ്യോത്സ്യർക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണ പ്രകാരം ജ്യോത്സ്യർക്കു ബോധ്യം വന്നു. "സന്ധ്യയായില്ലേ, ഇന്നു വേണ്ട, നാളെ വരൂ, പ്രശ്നം വയ്ക്കാം" എന്നു പറഞ്ഞു ജ്യോത്സ്യർ നമ്പൂതിരിയെ മടക്കി അയച്ചു.[1] നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു. നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകൾക്കിടയിൽക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളിൽ നിന്നു അൽപം അകലെ കരയോടടുത്തു മണൽപ്പരപ്പിൽ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയിൽ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോൾ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.


ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു. രാത്രിയിൽ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തിൽ കഴിഞ്ഞു കൂടി. തച്ചുശാസ്ത്രം അറിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി. ശിവക്ഷേത്രം പണിയാനുള്ള മാർഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവൻ അദ്ദേഹത്തിന്റെ ചിന്ത. പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാൻ ഇടയായതിൽ ജ്യോത്സ്യർക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാൻ എന്താണു കാരണം? പ്രശ്നകർമ്മങ്ങൾക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകർമ്മം എന്താണെന്ന് ജ്യോത്സ്യർ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിർമ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യർക്കു സമാധാനമായി. ഭഗവാൻ മഹാദേവൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യർ നമ്പൂതിരിയെ യാത്രയാക്കി.

ഒരു ഇടപ്രഭുവിന്റെ വധശിക്ഷയിൽ നിന്നു ഒരു ഹരിജൻ യുവാവിനെ രക്ഷിക്കാൻ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു. ക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂർ ദേശത്ത്‌ എത്തിയപ്പോൾ താൻ രക്ഷിച്ച ഹരിജൻ യുവാവിൽ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാൻ ഇടയായി. അയാൾ മണ്ണു കിളച്ചപ്പോൾ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്ര നിർമ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.[1]

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേർന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌.[1] പാഴൂർ ക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ പാതാളത്തിൽ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ ഈ പ്ലാവ് എന്ന വിശ്വാസത്താൽ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.[1]

ഉത്സവങ്ങൾ[തിരുത്തുക]

കിഴക്കേ നാലമ്പലം-പെരുംതൃക്കോവിൽക്ഷേത്രം

ശിവരാത്രി[തിരുത്തുക]

ആലുവാ ശിവരാത്രി പോലെതന്നെ പാഴൂർ ശിവരാത്രി പ്രസിദ്ധമാണ്. ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന മൂവാറ്റുപുഴ മണൽപ്പുറത്ത്‌ ശിവരാത്രി ദിവസം കൊണ്ടാടുന്നു. പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടാറുണ്ട്. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ട ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ക്ഷേത്രത്തിലും പ്രത്യേക പൂജകളും കലശാഭിഷേകങ്ങളും അന്നേ ദിവസം നടത്തുന്നു. ശിവനും പാർവ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവർക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാർവ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.[4]

ശിവലിംഗ പ്രതിഷ്ഠ[തിരുത്തുക]

മണ്ണുകൊണ്ടുള്ള ലിംഗമാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ, അതിനാൽ അഭിക്ഷേകമില്ല. കുംഭത്തിലെ ശിവരാത്രി ആറാട്ടായി ആറുദിവസത്തെ ഉത്സവം. സ്വർണ്ണക്കുടത്തിൽ 12 1/2 നാഴി നെയ്യ് അഭിഷേകം നടത്തുന്നു. ഈ അഭിഷേകം കഴിഞ്ഞാൽ ലിംഗം തേച്ച് കഴുകാറുമില്ല. ഒരുനിലയോടുകൂടിയ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം ധ്യാനനിരതനായ ശിവന്റെ രൂപത്തിലാണ് പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കുവശത്ത് ഒരു ചെറിയ മുറിയിൽ ഗണപതി, നാലമ്പലത്തിനുപുറത്ത് കന്നിമൂലയിൽ പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ്, വായുകോണിൽ ഗോശാലകൃഷ്ണൻ, പരിവാരസമേതരായ നാഗങ്ങൾ എന്നിവർ ഉപദേവതകളായി വാഴുന്നു.

ആചാരനുഷ്ഠാനങ്ങളും പൂജാവിധികളും[തിരുത്തുക]

ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ ശതകലശമാണ്‌. മൂവാറ്റുപുഴയിൽ നിന്നു വെള്ളം മുക്കി കൊണ്ടുവന്ന് നൂറ്റൊന്നുകുടം വെള്ളം ഭഗവാന്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക അതാണ്‌ ശതകലശം എന്ന് അറിയപ്പെടുന്നത്‌.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

എറണാകുളം - പിറവം റൂട്ടിൽ പാഴൂർ അമ്പലപ്പടിക്കടുത്താണ് പാഴൂർ പെരും തൃക്കോവിൽ സ്ഥിതിചെയ്യുന്നത്.

ഇതും കാണുക[തിരുത്തുക]

പാഴൂർ പടിപ്പുര

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 പാഴൂർ പെരുംതൃക്കോവിൽ - ഐതിഹ്യമാല; കൊട്ടാരത്തിൽ ശങ്കുണ്ണി
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  3. "Source-Archiological data from government". Archived from the original on 2010-11-03. Retrieved 2010-11-10.
  4. 4.0 4.1 4.2 4.3 ഐതിഹ്യകഥകൾ: മേവെള്ളൂർ മാധവൻ നമ്പൂതിരി; കറന്റ് ബുക്സ്


9°53′06″N 76°28′20″E / 9.885°N 76.4722°E / 9.885; 76.4722