നെഫ്രോട്ടിക് സിൻഡ്രോം
നെഫ്രോട്ടിക് സിൻഡ്രോം | |
---|---|
സ്പെഷ്യാലിറ്റി | നെഫ്രോളജി |
വൃക്കകളെ ബാധിക്കുന്ന ഒരിനം അസുഖമാണ് നെഫ്രോടിക് സിൻഡ്രം.അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം മാംസ്യം മൂത്രം വഴി നഷ്ടപ്പെടുന്നു. സാധാരണയായി 2 മുതൽ 6 വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്.
ലക്ഷണങ്ങൾ
[തിരുത്തുക]- മൂത്രത്തിൽ മാംസ്യം കാണപ്പെടുക. (ഒരു ദിവസം 3.5 ഗ്രാമിൽ കൂടുതൽ )
- രക്തത്തിൽ ആൽബുമിൻറെ അളവ് കുറയുക.
- രക്തത്തിൽ കൊഴുപ്പിൻറെ അളവ് വർദ്ധിക്കുക.
- ശരീരമാകെ നീർക്കെട്ട് വരിക.
മറ്റു ലക്ഷണങ്ങൾ
[തിരുത്തുക]മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമേ താഴെപ്പറയുന്ന ലക്ഷണങ്ങൾ കൂടി ഉണ്ടാവാം.
- കണ്ണിനു ചുറ്റുമുള്ള നീർക്കെട്ട്.
- കാൽപാദങ്ങളിൽ അമർത്തുമ്പോൾ കുഴിവു വരുന്ന നീർക്കെട്ട്.
- വയറുവീർപ്പ്.
- ശ്വാസകോശത്തിനു ചുറ്റുമുള്ള നീർക്കെട്ട്.
- ചുരുക്കം ചിലരിൽ രക്താതിമർദ്ദം.
- വിളർച്ച.
- ശ്വാസം മുട്ടൽ.
നെഫ്രോട്ടിക് സിൻഡ്രം വന്ന രോഗികളുടെ വൃക്കയിലെ 'പോഡോസൈറ്റ്സ്'ൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ടാവുകയും അതു വഴി ആൽബുമിൻ നഷ്ടപ്പെടുകയും ചെയ്യുന്നു.എന്നാൽ ഈ സുഷിരങ്ങൾ വഴി രക്തകോശങ്ങൾ കടന്നു പോവുകയില്ല. മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്നതിനാൽ രക്തത്തിൽ ആൽബുമിൻറെ അളവ് കുറയുകയും അത് ശരീര കലകളിൽ നീർക്കെട്ടിനു കാരണമാവുകയും ചെയ്യുന്നു. രക്തത്തിൽ ആൽബുമിൻറെ അളവ് കുറയുമ്പോൾ കരൾ കൂടുതലായി ആൽബുമിൻ ഉത്പാദിപ്പിക്കാൻ ആരംഭിക്കുന്നു.ഇത് കൂടുതലായി ലിപോപ്രോട്ടീൻ ഉണ്ടാവുന്നതിനും അതുവഴി രക്തത്തിലെ കൊഴുപ്പിന്റെ അംശം വർദ്ധിക്കുന്നതിനും കാരണമാവുന്നു. ലിപോപ്രോട്ടീനെ വിഘടിപ്പിക്കുന്ന ലിപോപ്രോട്ടീൻ ലിപേസ് എന്ന രാസാഗ്നിയുടെ അളവ് കുറയുന്നതും രക്തത്തിലെ കൊഴുപ്പ് വർദ്ധിക്കുന്നതിന് കാരണമാവുന്നു.രക്തത്തിലെ ലിപോപ്രോട്ടീനിൻറെ അളവ് വർദ്ധിക്കുന്നത് മൂത്രത്തിൽ കൊഴുപ്പ് പ്രത്യക്ഷപ്പെടുവാൻ ഇടയാക്കുന്നു. നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു.രക്തത്തിലെ ട്രാൻസ്ഫെറിൻ എന്ന ഗ്ലൈക്കോപ്രോട്ടീനിന്റെ അളവ് കുറയുന്നത് വിളർച്ചയ്ക്ക് കാരണമാവുന്നു. ആന്റിത്രോമ്പിൻ -III യുടെ അളവ് കുറയുന്നത് മൂലം രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. [1]
കാരണങ്ങൾ
[തിരുത്തുക]കാരണങ്ങളെ പ്രാഥമികം ,ദ്വിതീയം എന്നു രണ്ടായി തിരിക്കാം.
പ്രാഥമികം
[തിരുത്തുക]വൃക്കയെ ബാധിക്കുന്ന അസുഖങ്ങളാണ് പ്രാഥമിക കാരണങ്ങൾ.
- മിനിമൽ ചേഞ്ച് നെഫ്രോപതി (സാധാരണയായി കുട്ടികളിൽ)
- ഫോക്കൽ സെഗ്മെന്റൽ ഗ്ലോമറുലോസ്ക്ലീറോസിസ് (സാധാരണയായി മുതിർന്നവരിൽ)
ദ്വിതീയം
[തിരുത്തുക]ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കുന്ന അസുഖങ്ങളാണ് ദ്വിതീയ കാരണങ്ങൾ.
- വൈറസ് രോഗങ്ങൾ ( ഹെപ്പറ്റൈറ്റിസ്-ബി,ഹെപ്പറ്റൈറ്റിസ്-സി,എച്ച്.ഐ.വി.)
- പ്രമേഹം
- സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്
- അർബ്ബുദം
- കുഷ്ഠം,സിഫിലിസ്,മലമ്പനി പോലുള്ള അണുബാധകൾ.
- പ്രീഎക്ലാമ്പ്സിയ[2]
- സ്വർണ്ണലവണങ്ങൾ[3], കോർട്ടിക്കൊ സ്റ്റിറോയ്ഡ്സ് , ഞരമ്പിൽ കുത്തിവയ്ക്കുന്ന ഹെറോയിൻ പോലുള്ള മരുന്നുകൾ
രോഗനിർണ്ണയം
[തിരുത്തുക]24 മണിക്കൂർ സമയത്തെ മൂത്രത്തിലെ മാംസ്യത്തിന്റെ അളവെടുക്കുകയാണ് രോഗനിർണ്ണയത്തിനുള്ള പ്രധാന മാർഗ്ഗം. നെഫ്രോടിക് സിൻഡ്രം ഉള്ളവരിൽ ഇത് 3.5 ഗ്രാമിൽ കൂടുതലായിരിക്കും. രക്തത്തിൽ ആൽബുമിൻറെ അളവ് 2.5g/dl ൽ കുറവായിരിക്കും. രക്തത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂടുതലായിരിക്കും.രോഗ കാരണം കണ്ടെത്തുന്നതിന് വൃക്കയുടെ ബയോപ്സിയും (biopsy ) വയറിന്റെ അൾട്രാസൌണ്ട് സ്കാനും ചെയ്യാറുണ്ട്.
ചികിത്സ
[തിരുത്തുക]- ശരീരത്തിൽ കെട്ടിനിൽക്കുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുക(മൂത്രത്തിന്റെ അളവിനനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക,ഫ്രൂസിമൈഡ്(frusimide) പോലുള്ള മരുന്നുകൾ നൽകുക)
- രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുക (കൊഴുപ്പുള്ള ആഹാരം ഒഴിവാക്കുക, അറ്റോർവസ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ നൽകുക)
- രക്തം കട്ടപിടിക്കുനത് ഒഴിവാക്കാൻ ഹെപ്പാരിൻ പോലുള്ള മരുന്നുകൾ നൽകുക.
രോഗകാരണത്തിനുള്ള ചികിത്സകൾ
- കോർട്ടിക്കൊ സ്റ്റിറോയ്ഡ്സ് (മീതൈൽ പ്രെഡ്നിസോളോൺ)
- സൈക്ലോസ്പോറിൻ
- സൈക്ലോഫോസ്ഫാമൈഡ്
ഭക്ഷണ നിയന്ത്രണം
[തിരുത്തുക]- ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക.(ഒരു ദിവസം 1000മി.ഗ്രാം. മുതൽ 2000 മി.ഗ്രാം.വരെ).അച്ചാർ,പപ്പടം,ഉപ്പിലിട്ട മത്സ്യം,ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ പൂർണ്ണമായും വർജ്ജിക്കുക.
- ഭക്ഷണത്തിൽ പൂരിതകൊഴുപ്പിൻറെ(വെണ്ണ,നെയ്യ്,വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ,മുട്ടയുടെ മഞ്ഞക്കരു) അളവ് കുറയ്ക്കുക.
- കൊഴുപ്പ് നീക്കം ചെയ്ത മത്സ്യവും മാംസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- മൂത്രത്തിന്റെ അളവിനനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക.