Jump to content

നിക്കോളായ് ബെർദ്യായേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളായ് അലക്സാഡ്രോവിച്ച് ബെർദ്യായേവ്
ജനനംമാർച്ച് 8, 1874
കിയേവ്
മരണംമാർച്ച് 24, 1948(1948-03-24) (പ്രായം 74)
ക്ലാമാർട്ട്, പാരിസ്
കാലഘട്ടം20-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംറഷ്യൻ തത്ത്വചിന്ത
ചിന്താധാരക്രിസ്തീയ അസ്തിത്വചിന്ത
പ്രധാന താത്പര്യങ്ങൾസർഗക്ഷമത, സാന്മാർഗികത, സ്വാതന്ത്ര്യം
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
  • ഡേവർ സാൽട്ടോ, അൽഡസ് ഹക്സ്‌ലി

ഒരു റഷ്യൻ മത-സാമൂഹ്യ ചിന്തകനായിരുന്നു നിക്കോളായ് അലക്സാഡ്രോവിച്ച് ബെർദ്യായേവ് (ജനനം: മാർച്ച് 6, 1874 മരണം മാർച്ച് 24, 1948). ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, സ്വാതന്ത്ര്യം സർഗ്ഗക്ഷമത, യുഗാന്തപ്രതീക്ഷ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച രചനകളുടെ പേരിൽ അനുസ്മരിക്കപ്പെടുന്നു. "ക്രിസ്തീയ അസ്തിത്വവാദി", "യുഗാന്തപ്രതീക്ഷയുടെ ദാർശനികൻ" എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.

യുവപ്രായത്തിൽ മാർക്സിസത്തോടു ചായ്‌വു കാട്ടിയ അദ്ദേഹം പിന്നീട് റഷ്യൻ ഓർത്തഡോക്സ് വിശ്വാസത്തെ തന്റെ ചിന്തയുടെ അടിസ്ഥാനമാക്കി. വിപ്ലവാനന്തര റഷ്യയിലെ ഭരണകൂടത്തിന്റെയും കമ്മ്യൂണിസ്റ്റ് "ദ്വന്ദമാനനിശ്ചിതവാദത്തിന്റെ" തന്നെയും വിമർശകനായി മാറിയ ബെർദ്യായേവ്, 1922-ൽ തെരഞ്ഞെടുക്കപ്പെട്ട 160-ഓളം ബുദ്ധിജീവികൾക്കൊപ്പം "തത്ത്വചിന്തകന്മാരുടെ കപ്പലിൽ" നാടുകടത്തപ്പെട്ടു. തുടർന്ന് ആദ്യം ജർമ്മനിയിലും തുടർന്ന് 1924-ൽ ഫ്രാൻസിലും എത്തിയ അദ്ദേഹം, മരണം വരെ ഫ്രാൻസിൽ, എഴുത്തിലും അദ്ധ്യാപനത്തിലും മുഴുകി പ്രവാസജീവിതം നയിച്ചു.[1]

ജീവിതം

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

യുക്രേനിന്റെ തലസ്ഥാനമായ കീവിൽ ഒരു ഉപരിവർഗ്ഗ കുടുംബത്തിലാണ് ബെർദ്യായേവ് ജനിച്ചത്. താരതമ്യേന ഏകാന്തതയിൽ കഴിച്ച ബാല്യത്തിൽ അദ്ദേഹത്തിന്റെ സഹവാസം പിതാവിന്റെ ഗ്രന്ഥശാലയിലെ പുസ്തകങ്ങളോടൊപ്പം ആയിരുന്നു. വളരെ ചെറുപ്പത്തിലേ വായന ശീലമാക്കിയ ബെർദ്യായേഗ്, 14 വയസ്സുള്ളപ്പോൾ ഹേഗലിന്റെയും, ഷൊപ്പനോവറുടേയും കാന്റിന്റേയും തത്ത്വചിന്തകളുമായി പരിചയത്തിലായി. ഭാഷാപഠനത്തിലും അദ്ദേഹം ശോഭിച്ചു. ആശയവാദചിന്തയെ മാർക്സിസവുമായി സമന്വയിപ്പിക്കാനാകുമെന്ന് കരുതിയ ബേർദ്യായേവ്, യുവപ്രായത്തിൽ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. സാറിസ്റ്റ് ഭരണത്തോടുള്ള എതിർത്തതിന് വിദ്യാർത്ഥിയായിരിക്കെ 1901-03 കാലത്ത് അദ്ദേഹത്തെ ഭരണകൂടം സൈബീരിയയിലേക്ക് നാടുകടത്തുകപോലും ചെയ്തു.[2] എങ്കിലും ബെർദ്യായേവ് ഒരിക്കലും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പൂർണ്ണ സ്വാധീനത്തിൽ വന്നില്ല. 1904-ൽ അദ്ദേഹം ലിഡിയാ ട്രൗച്ചേവയെ വിവാഹം കഴിച്ചു. ആ ദമ്പതികൾ റഷ്യയുടെ സാംസ്കാരിക-ബൗദ്ധിക കേന്ദ്രമായിരുന്ന സെയ്ന്റ് പീറ്റേഴ്സ്ബർഗ്ഗിലേക്കു താമസം മാറ്റി.

വിപ്ലവം

[തിരുത്തുക]
ബെർദ്യായേവ്, 1920-കളിലെ ഒരു ചിത്രം

ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിനു മുൻപ്, മതദാർശനിക സമൂഹങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ബെർദ്യയേവ്, ഒർത്തഡോക്സ് സഭാവിശ്വാസത്തിലേക്കു തിരികെ പോയെങ്കിലും സഭാനേതൃത്വത്തിന്റെ യാഥാസ്ഥിതിക നയങ്ങളുടെ വിമർശകനായിരുന്നു. 1913-ൽ സഭാസൂനഹദോസിനെ വിമർശിച്ചെഴുതിയ ഒരു ലേഖനത്തിന് പേരിൽ അദ്ദേഹത്തിന്റെ ദൈവദൂഷണക്കുറ്റം ആരോപിക്കപ്പെട്ടു. ആരോപണം തെളിഞ്ഞാലുള്ള ശിക്ഷ, ആജീവനാന്തരം സൈബീരിയയിലെ പ്രാവാസമായിരുന്നു. ലോകമഹായുദ്ധവും ബോൾഷെവിക് വിപ്ലവവും മൂലം വിചാരണ നടക്കാതിരുന്നതിനാൽ അദ്ദേഹം രക്ഷപെട്ടു.

ലെനിന്റെ നേതൃത്വത്തിൽ 1917-ൽ നടന്ന ബോൾഷെവിക് വിപ്ലവം പുതിയ ഭരണകൂടത്തെ അധികാരത്തിലെത്തിച്ചപ്പോഴേക്കും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വിമർശകനായി മാറിയിരുന്നു. എങ്കിലും വിപ്ലവത്തെ പിന്തുണച്ച ബെർദ്യയേവിനെ പുതിയ ഭരണകൂടം, മോസ്കോ സർവകലാശാലയിൽ ചരിത്രത്തിന്റേയും തത്ത്വചിന്തയുടേയും പ്രൊഫസറായി നിയമിച്ചു.

പ്രവാസം, മരണം

[തിരുത്തുക]

താമസിയാതെ പുതിയ സോവിയറ്റ് സർക്കാരിന് അനഭിമതനായി തീർന്ന ബെർദ്യയേവിനെ, ഭരണകൂടത്തിന്റെ വിമർശകരായിരുന്ന 160-ഓളം ബുദ്ധിജീവികൾക്കൊപ്പം "ബുദ്ധിജീവികളുടെ കപ്പലിൽ" (Philosophers's Ship) 1922-ൽ ജർമ്മനിയിലെക്കു നാടുകടത്തി. ജർമ്മനിയുടെ തലസ്ഥാനമായ ബെർളിനിലെത്തിയ ബെർദ്യായേവ് അവിടെ തത്ത്വചിന്തയുടേയും മതത്തിന്റേയും പഠനത്തിനായി ഒരു അക്കാദമി സ്ഥാപിച്ചു. എങ്കിലും ജർമ്മനിയിലെ സാഹചര്യങ്ങൾ വഷളായതിനെ തുടർന്ന് 1924-ൽ അദ്ദേഹം അക്കാദമിയും പ്രവർത്തനങ്ങളും ഫ്രാൻസിൽ പാരിസിലേക്കു മാറ്റി. 1930-കളിൽ അദ്ദേഹത്തിന്റെ രചനകൾ യൂറോപ്പിലേയും അമേരിക്കയിലേയും ക്രിസ്തീയചിന്തകന്മാരുടെ ശ്രദ്ധ ആകർഷിച്ചു.

പശ്ചിമയൂറോപ്പിലെ ദീർഘകാലപ്രവാസത്തിലും അദ്ദേഹം റഷ്യാക്കാരനും ഓർത്തഡോക്സ് സഭാവിശ്വാസിയും ആയി തുടർന്നു. റഷ്യയിലേക്കു മടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. എഴുത്തിലും അദ്ധ്യാപനത്തിലും മുഴുകി പ്രവാസജീവിതം നയിച്ച അദ്ദേഹം 1948 മാർച്ച് 24-ന് സ്വന്തം എഴുത്തുമേശയിൽ അന്തരിച്ചു.

'തീർത്ഥാടകൻ'

[തിരുത്തുക]

വളരെ ചെറിയ പ്രായത്തിൽ തന്നെ ചുറ്റുമുള്ള ലോകം ഒരു മിഥ്യയായി തനിക്കനുഭവപ്പെട്ടെന്ന് ബെർദ്യായേവ് പറയുന്നു. യഥാർത്ഥമായ മറ്റൊരു ലോകത്തിൽ പെടുന്നവനായി അദ്ദേഹം സ്വയം കരുതി. സ്വന്തം ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: "ഈ ലോകവുമായുള്ള ആദ്യത്തെ മുഖാമുഖത്തിലെ എന്റെ കരച്ചിൽ എനിക്കോർമ്മയില്ല. എങ്കിലും ആരംഭത്തിൽ തന്നെ, എന്റേതല്ലാത്ത അന്യദേശത്ത് നിപതിച്ചുവെന്ന അറിവ് എനിക്കുണ്ടായിരുന്നുവെന്നതിൽ സംശയമില്ല. ആ തോന്നൽ, ഇന്നെന്നപോലെ എന്റെ ബോധജീവിതത്തിന്റെ ആദ്യദിനവും എനിക്കുണ്ടായിരുന്നു. ഞാൻ ഒരു തീർത്ഥാടകനായിരുന്നു."[1]

യുഗാന്തപ്രതീക്ഷ

[തിരുത്തുക]

ബെർദ്യായേവിന്റെ ക്രിസ്തീയതയുടെ അടിസ്ഥാനം യുഗാന്തപ്രതീക്ഷയായിരുന്നു. ദൈവികരഹസ്യങ്ങൾക്കും ദൈവാത്മാവിന്റെ പ്രവർത്തനത്തിനും ദൈവപ്രവർത്തനത്താൽ വന്നെത്താനിരിക്കുന്ന നല്ലഭാവിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഓർത്തഡോക്സ് ക്രിസ്തീയത അദ്ദേഹത്തെ കൂടുതൽ ആകർഷിക്കാൻ ഇതു കാരണമായി. നിർവചനങ്ങൾക്കും യുക്തിപ്രവർത്തനത്തിനും അധികം വഴങ്ങാത്ത ഓർത്തഡോക്സ് വിശ്വാസമാണ് മനുഷ്യസ്വാതന്ത്ര്യവുമായി കൂടുതൽ ചേർന്നു പോകുന്നതെന്നും അദ്ദേഹം കരുതി.[1]

ബെർദ്യായേവിന്റെ ദൃഷ്ടിയിൽ, ദൈവത്തിന്റെ സർഗവൈഭവം സഫലീകരണം തേടുന്ന രംഗവേദിയാണു ചരിത്രം. സമയം നിത്യതക്കു കീഴടങ്ങുമ്പോൾ യുഗസമാപ്തിയാകുന്നു. അദ്ദേഹത്തിന്റെ യുഗാന്തചിന്തയിൽ (eschatology) മനുഷ്യന്റെ 'വീഴ്ച'(the Fall of Man) എന്നത് വസ്തുവൽക്കരണമാണ് (objectification). വസ്തുവൽക്കരണത്തിനു മേലുള്ള അന്തിമവും നിർണ്ണായകവുമായ വിജയമാണ് യുഗാന്ത്യം. നാം കാണുന്ന വസ്തുലോകത്തിന്റെ സ്ഥാനം ദൈവരാജ്യം കൈയ്യടക്കുമ്പോൾ യുഗാന്ത്യമാകുന്നു. സൃഷ്ടലോകത്തിന്റെ നാശവും വിധിയുമെന്നതിലപ്പുറം അതിന്റെ രൂപാന്തരീകരണവും പ്രശോഭനവും ആണത്.[1]

സർവരക്ഷാവാദം

[തിരുത്തുക]

റഷ്യൻ ഓർത്തഡോക്സ് സഭാംഗം ആയിരുന്നപ്പോഴും ബെർദ്യായേവ് ഒരു ക്രിസ്തീയത സർവരക്ഷാവാദി (christian universalist) ആയിരുന്നു.[3][4] ഈ നിലപാടിനെ അദ്ദേഹം ഓർത്തഡോക്സ് ചിന്തയുടെ ചരിത്രത്തെ ആശ്രയിച്ച് ഇങ്ങനെ വിശദീകരിക്കുന്നു:-

അലക്സാണ്ട്രിയയിലെ ക്ലെമന്റ് മുതൽ വിശ്വാസപ്രഘോഷകനായ മാക്സിമസ് വരെ, ക്രിസ്തീയസഭയിലെ പൗരസ്ത്യപിതാക്കന്മാരിൽ ബഹുഭൂരിപക്ഷവും, സാർവ്വത്രിക രക്ഷയിലും ഉയിർപ്പിലും വിശ്വസിച്ചിരുന്നു........ഓർത്തഡോക്സ് ചിന്ത ഒരിക്കലും ദൈവത്തിന്റെ നീതിയെ ഭയപ്പെടുകയോ ദൈവസ്നേഹത്തെ മറക്കുകയോ ചെയ്തില്ല. മനുഷ്യനെ അതു നിർവചിച്ചത് ദൈവനീതിയുടെ വീക്ഷണത്തിൽ നിന്നല്ല, രൂപാന്തരീകരണത്തിന്റെ, മനുഷ്യന്റേയും പ്രപഞ്ചത്തിന്റെ തന്നെയും ദൈവികരണത്തിന്റെ, വീക്ഷണത്തിൽ നിന്നാണ്.[5]

ബർദ്യായേവ് മാർക്സിസത്തെ വിലമതിച്ചതും അതിനോടടുത്തതും സർവരക്ഷയുടെ വീക്ഷണത്തിൽ നിന്നാണ്. എന്നാൽ സമൂഹനന്മയുടെ പേരിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അവഗണിക്കുന്ന തത്ത്വശാസ്ത്രമായി അദ്ദേഹം മാർക്സിസത്തെ പിന്നീടു തിരിച്ചറിയുകയും അതിൽ നിന്ന് അകലുകയും ചെയ്തു.

നാഗരികതയുടെ വിമർശനം

[തിരുത്തുക]

സർഗജീവിതത്തിന്റെ വലിയൊരുഭാഗം പശ്ചിമയൂറോപ്പിൽ പ്രവാസിയായിരുന്നിട്ടും പാശ്ചാത്യസംസ്കൃതിയുടെ തീവ്രവിമർശകനായിരുന്നു ബെർദ്യായേവ്. പാശ്ചാത്യനാഗരികതയുടെ ക്ഷയം നവോത്ഥാനത്തോടെ ആരംഭിച്ചുവെന്ന് അദ്ദേഹം കരുതി. ക്രിസ്തുമതത്തിന്റെ സംഭാവനകളായ മനുഷ്യസ്വാതന്ത്ര്യത്തേയും മനുഷ്യന്റെ ഉദാത്തീകരണത്തേയും, തന്നെത്തന്നെയും തന്റെ യുക്തിയേയും പ്രമാണമാക്കാനും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അവഗണിക്കാനുമായി ദുരുപയോഗിച്ചതിന് അദ്ദേഹം പാശ്ചാത്യമനുഷ്യനെ വിമർശിച്ചു. അങ്ങനെ സന്ദേഹശീലത്തിലേക്കു(scepticism) വഴി തുറന്ന അവൻ ഒടുവിൽ സ്വന്തം യുക്തിയിലുള്ള വിശ്വാസം പോലും നഷ്ടപ്പെട്ട അവസ്ഥയിലായെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.[2]

1933-ൽ എഴുതിയ "നമ്മുടെ യുഗത്തിന്റെ അന്ത്യം" (The End of our Times) എന്ന പുസ്തകത്തിൽ അദ്ദേഹം മനുഷ്യചരിത്രത്തിൽ ആധുനികയുഗത്തിന്റെ അന്ത്യമായെന്നും മനുഷ്യവർഗ്ഗം ആധുനികോത്തര യുഗത്തിലേക്കു(Post Modern Period) പ്രവേശിക്കുകയാണെന്നും ആഭിപ്രായപ്പെട്ടു.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാർ, സെയ്ന്റ് ജെയിംസ് പ്രെസ്, ഷിക്കാഗോ/ലണ്ടൻ, സമ്പാദകൻ റോളണ്ട് ടേണർ (പുറങ്ങൾ 64-66)
  2. 2.0 2.1 Kenneth Scott Latourette, A History of Christianity (പുറങ്ങൾ 1400-401)
  3. Apokatastasis at Theandros, The Online Journal of Orthodox Christian Theology and Philosophy. Accessed Aug. 12, 2007
  4. Sergeev, Mikhail."Post-Modern themes in the philosophy of Nicolas Berdyaev". Religion in Eastern Europe. Accessed Aug. 12, 2007
  5. Berdyaev, Nikolai. "The Truth of Orthodoxy Archived 2011-11-20 at the Wayback Machine.". Accessed Aug. 12, 2007.
  6. John A Hutchison, Paths of Faith(പുറം 588)