വിളക്കുമാടം
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് ദീപസ്തംഭം. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും ദീപസ്തംഭങ്ങൾ സ്ഥാപിക്കാറുണ്ട്. പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങൾ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാൻഡുകളായോ സർപ്പിലാകാര(spiral) ത്തിലോ ആണ് നിറങ്ങൾ നൽകാറുള്ളത്. ചതുരാകൃതി, സിലിൻഡറാകാരം, ഒക്റ്റഗണൽ, സ്കെലിറ്റൽ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിർമ്മാണപദാർഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോൺക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു. തുറമുഖകവാടങ്ങൾ, പാറക്കെട്ടുകൾനിറഞ്ഞ കടൽത്തീരത്തെ കുന്നുകൾ, മണൽത്തിട്ടുകൾ, കടലിൽത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകൾ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങൾ നിർമ്മിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവർത്തനക്ഷമങ്ങളാണ്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതങ്ങളായവയും പ്രവർത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങൾ ആഞ്ഞടിച്ച തിരമാലകളാൽ തകർന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനർനിർമിച്ചു. വൈദ്യുതിയോ സോളാർ ഊർജമോകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോൾ കൂടുതലായുള്ളത്. പ്രവർത്തിപ്പിക്കുന്നതിനായി സങ്കീർണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയിൽ ദീപസ്തംഭങ്ങൾക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാൽ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.
ചരിത്രം
[തിരുത്തുക]ആദ്യകാലത്ത് മീൻപിടിത്തക്കാരും നാവികരും കരയിലുള്ള ഉയർന്ന പാറക്കൂട്ടങ്ങളെയോ മരങ്ങളെയോ അടയാളമാക്കിവച്ചുകൊണ്ട് യാത്രചെയ്തിരുന്നു. പുറംകടലിൽ എത്തിക്കഴിഞ്ഞാൽ സ്ഥാനനിർണയനത്തിനായി വെള്ളത്തിന്റെ ആഴം, കാറ്റിന്റെ ഗതി, തിരമാലകളുടെ പാറ്റേൺ, സൂര്യന്റെ സ്ഥാനം എന്നിവയെയാണ് അവർ ആശ്രയിച്ചിരുന്നത്. എന്നാൽ പകൽസമയത്തെ യാത്രയ്ക്കു മാത്രമേ ഇത്തരം സൂചനകൾ ഉപകരിച്ചിരുന്നുള്ളൂ. രാത്രികാലങ്ങളിലെ യാത്രയ്ക്ക് കരയിൽ കൂട്ടിയ അഗ്നികുണ്ഡങ്ങളെ അവർ ആശ്രയിച്ചിരുന്നിരിക്കാം എന്ന് ഊഹിക്കുന്നു. പില്ക്കാലത്തു നിർമിച്ച ദീപസ്തംഭങ്ങളെ ഇത്തരം തീക്കുണ്ഡങ്ങളുടെ പരിഷ്കൃതരൂപങ്ങളായി കരുതാം. ശാസ്ത്രീയമായ രീതിയിൽ രൂപകല്പന ചെയ്ത ആദ്യത്തെ ദീപസ്തംഭമായ അലക്സാൻഡ്രിയയിലെ (ഈജിപ്ത്) ദീപസ്തംഭം (Pharos of Alexandria) സു.ബി.സി. 280-ൽ പണികഴിപ്പിച്ചതായാണ് രേഖപ്പെടുത്തിക്കാണുന്നത്. ഏകദേശം 125 മീ. ഉയരമുണ്ടായിരുന്ന അത് 1500 വർഷത്തോളം നാവികർക്കു തുണയായി നിലകൊണ്ടു. പ്രാചീന സപ്താദ്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന അത് നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതികളിൽ ഒന്നായി നിലനിന്നിരുന്നു. എന്നാൽ പതിനാലാം ശതകത്തിലുണ്ടായ വലിയ ഭൂകമ്പത്തിൽ അത് നശിച്ചുപോയി. പില്ക്കാലത്ത് ഫിനീഷ്യക്കാർ, ഗ്രീക്കുകാർ, റോമാക്കാർ എന്നിവരൊക്കെ ദീപസ്തംഭങ്ങൾ പണിതതിനു തെളിവുകളുണ്ട്. രണ്ടാം ശതകത്തിൽ ഫ്രാൻസിലെ ബൊളോഞ്ഞെയിൽ നിർമിച്ച ദീപസ്തംഭം പതിനേഴാം ശതകത്തിന്റെ മധ്യംവരെ നിലനിന്നു.
മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തു പണികഴിപ്പിച്ച രണ്ട് ദീപസ്തംഭങ്ങളിൽ ഒന്ന് ഇപ്പോഴും നിലനില്ക്കുന്നു. 16, 17, 18 ശ.-ങ്ങളിൽ ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, സ്വീഡൻ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അനേകം ദീപസ്തംഭങ്ങൾ സ്ഥാപിതങ്ങളായി. മനുഷ്യർ നേരിട്ട് ദീപം തെളിക്കേണ്ടിയിരുന്നതിനാൽ അത്തരം ജോലിക്കാർക്ക് താമസസൗകര്യംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർമിതിയാണ് അക്കാലത്തെ ദീപസ്തംഭങ്ങളിൽ മിക്കവയിലും കാണുന്നത്. ഇംഗ്ലണ്ടിലെ പള്ളികളുടെ ഗോപുരങ്ങളിൽ കത്തിച്ചിരുന്ന ബീക്കണുകൾ പതിനേഴാം ശതകം വരെ ദീപസ്തംഭങ്ങളായും പ്രയോജനപ്പെടുത്തിയിരുന്നു.
നിർമ്മാണം
[തിരുത്തുക]ദീപസ്തംഭങ്ങൾ സ്ഥാപിക്കുന്ന സ്ഥാനം (ഉദാഹരണം: കര, തീരം, കടൽ), പ്രകാശം എത്തേണ്ട ദൂരം, തിരമാലകളുടെ ശക്തിയും ആവർത്തനസ്വഭാവവും എന്നിവയെ അടിസ്ഥാനമാക്കി സ്തംഭങ്ങളുടെ വലിപ്പവും നിർമ്മാണരീതിയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും വ്യത്യസ്തമായിരിക്കും. കുന്നിൻപുറത്തായാൽ സ്തൂപങ്ങളുടെ ഉയരം കുറയ്ക്കാം. മണൽത്തിട്ടയിൽ ഉറപ്പായ അടിത്തറ ഉണ്ടാക്കേണ്ടിവരും. കടലിൽ നിർമ്മിക്കുന്നവയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിക്കാൻ കഴിയണം. ഇതിനായി വലിപ്പമേറിയ കരിങ്കല്ല് ഇന്റർലോക്കിങ് രീതിയിൽ ചേർത്തുനിർമ്മിക്കുകയാണ് പതിവ്. 1759-ൽ ജോൺ സ്മീറ്റൺ പുനർനിർമിച്ച (ആദ്യനിർമിതി 1698) എഡ്ഡി സ്റ്റോൺ ലൈറ്റ്ഹൗസ് ഈ രീതിയിലാണ് നിർമിച്ചത്. ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് 14 മൈൽ അകലെ പാറക്കെട്ടുനിറഞ്ഞ ഒരു റീഫിലാണ് അത് നിർമിച്ചത്. വൃത്താകൃതിയിൽ, മുകളിലേക്കു പോകുന്തോറും കൂർത്തുവരുന്ന (tapering) ആകൃതിയാണ് അതിനു സ്വീകരിച്ചിരുന്നത്. ഒരു ടണ്ണോളം ഭാരമുള്ള ഗ്രാനൈറ്റ് ബ്ലോക്കുകൾ ഇന്റർലോക്ക് ചെയ്തായിരുന്നു അതിന്റെ നിർമിതി. നിർമ്മാണത്തിൽ അപാകത ഇല്ലായിരുന്നെങ്കിലും സ്ഥാപിച്ചിരുന്ന പാറക്കെട്ടിലെ വിള്ളൽകാരണം പിന്നീട് അത് പൊളിച്ചുകളയുകയാണുണ്ടായത്. സ്മീറ്റണിന്റെ മാതൃക തുടർന്നുള്ള 200 വർഷക്കാലത്തേക്ക് ദീപസ്തംഭനിർമ്മാണത്തിന് വഴികാട്ടിയായി.
കോൺക്രീറ്റിൽ നിർമിച്ച ദീപസ്തംഭങ്ങൾ പലതുണ്ട്. ആൻഡമാനിലെ ദീപസ്തംഭം ഇരുമ്പുചട്ടക്കൂടിൽ പഞ്ജര രൂപത്തിലുള്ള (skeltal) നിർമിതിക്ക് ഉദാഹരണമാണ്.
ആദ്യകാല ദീപസ്തംഭങ്ങളെല്ലാം മനുഷ്യപ്രയത്നംകൊണ്ട് പ്രവർത്തിക്കുന്നവയായിരുന്നു. കടലിൽ നിർമിച്ചിരുന്ന ഇത്തരം ദീപസ്തംഭങ്ങളിൽ നാലോ അതിലധികമോ ആളുകൾ അടങ്ങുന്ന സംഘത്തിന് അതിനടുത്ത സംഘം എത്തിച്ചേരുന്നതുവരെ ദിവസങ്ങളോളം പാർക്കേണ്ടതുണ്ടായിരുന്നു. അതിനാൽ അവർക്ക് താമസസൗകര്യമൊരുക്കുന്നതരത്തിൽക്കൂടിയായിരുന്നു ദീപസ്തംഭങ്ങൾ നിർമിച്ചുവന്നത്. സ്തംഭഗോപുരത്തിൽത്തന്നെ കിടപ്പുമുറി, അടുക്കള, വെളിച്ചത്തിനായുള്ള എണ്ണ ശേഖരിക്കുന്ന സ്റ്റോർമുറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കരയിലും സ്തംഭങ്ങൾക്കു സമീപത്തായി അത്തരം സൗകര്യങ്ങൾ ഒരുക്കാറുണ്ടായിരുന്നു. ദീപസ്തംഭനിർമ്മാണം സാധ്യമാകാത്ത റീഫുകൾ, മണൽത്തിട്ടുകൾ എന്നിവ ഉള്ളിടങ്ങളിൽ കടലിൽത്തന്നെ നങ്കൂരമിട്ടിരിക്കുന്ന പ്രത്യേകതരം കപ്പലുകളിൽ പ്രകാശസംവിധാനസജ്ജീകരണങ്ങൾ ഒരുക്കാറുണ്ട്. ലൈറ്റ്ഷിപ്പ്, ലൈറ്റ്ബോയ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
പ്രകാശസ്രോതസ്സ്
[തിരുത്തുക]ദീപസ്തംഭങ്ങളിൽ വെളിച്ചം ഉത്പാദിപ്പിക്കുവാനായി ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ധനങ്ങൾ വിറകും കല്ക്കരിയും ആയിരുന്നു. പിന്നീട് ഇന്ധനമായി എണ്ണ ഉപയോഗിക്കാൻ തുടങ്ങി. 1784-ൽ സ്വിറ്റ്സർലൻഡ്കാരനായ എ. ആർഗൻഡ് എണ്ണ ഉപയോഗിച്ചുകത്തിക്കുന്ന വിളക്ക് (Argand Lamp) കണ്ടുപിടിച്ചു. നൂറുവർഷത്തോളം ഇതിന്റെ വിവിധ പരിഷ്കൃതമാതൃകകൾ ഉപയോഗത്തിലിരുന്നു. 1902-ഓടെ എണ്ണ കൂടിയ മർദത്തിൽ ചൂടാക്കി ബാഷ്പീകരിച്ച് മാന്റിലുകൾ കത്തിക്കുന്ന രീതി ബ്രിട്ടീഷുകാർ പ്രയോഗത്തിലാക്കി. ഇത് പ്രകാശത്തിന്റെ തെളിച്ചം വർധിപ്പിക്കാനുതകി. പിന്നീട് വൈദ്യുതവിളക്കുകളും അസിറ്റിലിൻ ലാമ്പുകളും ഉപയോഗത്തിൽവന്നു. സൗരോർജവിളക്കുകളും ഇന്ന് ഉപയോഗത്തിലുണ്ട്.
വെളിച്ചം ചിതറിപ്പോകാതെ ഒരു ദിശയിലേക്കു കേന്ദ്രീകരിപ്പിച്ച് ശക്തമായ ബീമിന്റെ രൂപത്തിൽ ചക്രവാളസീമയിലേക്ക് അയയ്ക്കാൻ സാധിച്ചത് ദീപസ്തംഭങ്ങളുടെ പ്രവർത്തനത്തിന്റെ ക്ഷമത വർധിപ്പിച്ചു. ലെൻസ്, പ്രിസം, ദർപ്പണം (mirror) എന്നിവ ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. അഗസ്റ്റിൻ ഫ്രെനെൽ (Augustine Fresnel, 1788-1827) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ദീപസ്തംഭങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് (dioptric lens) രൂപകല്പന ചെയ്ത് ഉപയോഗത്തിലാക്കിയത് (1822).
ഓരോ ദീപസ്തംഭവും പ്രകാശം വർഷിക്കുന്ന രീതി വ്യത്യസ്തമാണ്. പ്രകാശം വർഷിക്കുന്നതിലെ പ്രത്യേകത തിരിച്ചറിഞ്ഞ് ഏതു ദീപസ്തംഭത്തെയാണ് സമീപിച്ചിരിക്കുന്നത് എന്ന് നാവികർക്കു മനസ്സിലാക്കാം. സന്ദേശമുൾക്കൊണ്ട് നാവികയാത്ര ക്രമീകരിക്കാൻ ഇതുവഴി കഴിയുന്നു.
പ്രകാശം സ്ഥിരമായി വർഷിച്ചുകൊണ്ടിരിക്കുന്ന ദീപസ്തംഭങ്ങളുണ്ട്. മിക്ക ദീപസ്തംഭങ്ങളും കൃത്യമായ ഇടവേളകളിൽ ഫ്ലാഷുകൾ പുറപ്പെടുവിക്കുന്നവയാണ്. മറ്റു ചിലവ കൃത്യമായ ഇടവേളകളിൽ ഇടവിട്ട് കത്തുന്നു. ധവളപ്രകാശത്തിനു (white light) പുറമേ ചുവപ്പ്, പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ പ്രകാശം വർഷിക്കുന്ന ദീപസ്തംഭങ്ങളുമുണ്ട്. വെളിച്ചം പ്രസരിപ്പിക്കുന്നത് വ്യക്തമായി കാണാൻ സാധ്യമല്ലാത്ത കഠിനകാലാവസ്ഥകളിൽ ശബ്ദസിഗ്നലുകൾ ഉപയോഗപ്പെടുത്തുന്നു. മൂടൽമടഞ്ഞുള്ളപ്പോൾ ഹോൺ, സൈറൺ, സ്ഫോടനശബ്ദം തുടങ്ങിയവ ഉപയോഗപ്പെടുത്താറുണ്ട്. റേഡിയോ ദിശാനിർണയന സംവിധാനമുള്ള കപ്പലുകൾക്ക് ലഭിക്കാൻതക്കതരത്തിൽ റേഡിയോ ബീക്കണുകളും ദീപസ്തംഭങ്ങളിൽ സജ്ജീകരിക്കാറുണ്ട്. തിരമാലകളുടെ ചലനശക്തി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വിസിലുകളും ഫോഗ്ബെല്ലുകളും ലൈറ്റ്ബോയികളിൽ ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിലും കേരളത്തിലും
[തിരുത്തുക]ഇന്ത്യയിൽ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും തീരത്ത് ദീപസ്തംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേയറ്റം മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമതീരപ്രദേശം കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ്. ഇന്ത്യയിൽ ഗോവയ്ക്കു തെക്കുള്ള തീരം മലബാർ കോസ്റ്റ് എന്നും മഹാരാഷ്ട്രയുടെ തീരപ്രദേശം കൊങ്കൺ കോസ്റ്റ് എന്നുമാണ് ചരിത്രപരമായി അറിയപ്പെട്ടിരുന്നത്. വ്യാപാരത്തിനായി എത്തിയ യൂറോപ്യൻ അധിനിവേശക്കാർക്ക് ഇവിടെയുള്ള തുറമുഖങ്ങൾ വളരെ സൌകര്യപ്രദങ്ങളായി. കന്യാകുമാരി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഗോവ, മുംബൈ, ആലപ്പുഴ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. നാവികയാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ഇവിടെയെല്ലാം ദീപസ്തംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. മണൽനിറഞ്ഞ ഈ തീരപ്രദേശത്തിന്റെ പ്രത്യേകത ഇവിടത്തെ ബീച്ചുകളുടെ പിന്നിൽ പശ്ചിമഘട്ടമലനിരകൾ ഉയർന്നുനില്ക്കുന്നു എന്നതാണ്.
ഇന്ത്യയിൽ, ഷിപ്പിങ് മന്ത്രാലയത്തിന്റെ ഒരു ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഒഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് (DGLL) ആണ് നാവികകാര്യങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നത്. എന്നാൽ മുംബൈപ്രദേശംമാത്രം മുംബൈ പോർട്ട് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
ആധുനിക ഇലക്ട്രോണിക് നാവികോപകരണങ്ങളുടെ ഉപയോഗവും സാറ്റലൈറ്റ് വഴിയുള്ള മാർഗനിർദ്ദേശവും സാധ്യമായതോടെ എല്ലാ രാജ്യങ്ങളിലുമായി പ്രവർത്തിപ്പിക്കുന്ന ദീപസ്തംഭങ്ങളുടെ എണ്ണം 1500-ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും മറ്റു സംവിധാനങ്ങളോടൊപ്പം ദീപസ്തംഭങ്ങളെയും കടൽയാത്രക്കാർ ഇന്നും ആശ്രയിച്ചുവരുന്നു. നാവിഗേഷൻരംഗത്ത് പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതതു സ്ഥലത്തിന്റെ പഴമയുടെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിർമ്മാണവൈദഗ്ദ്ധ്യത്തിന്റെയും തെളിവായ ദീപസ്തംഭങ്ങൾ പില്ക്കാലത്ത് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പല രാജ്യങ്ങളും ദീപസ്തംഭങ്ങളുടെ സംരക്ഷണത്തിനായി നിയമനിർമ്മാണവും മറ്റു നടപടികളും സ്വീകരിച്ചിട്ടുണ്ട്. നോവോ സ്കോട്ടിയ ലൈറ്റ്ഹൌസ് പ്രിസർവേഷൻ സൊസൈറ്റി, വേൾഡ് ലൈറ്റ്ഹൌസ് സൊസൈറ്റി, അമച്വർ റേഡിയോ ലൈറ്റ്ഹൌസ് സൊസൈറ്റി എന്നിവ ദീപസ്തംഭങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ്. ദീപസ്തംഭങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഫറോളജി (Pharology)എന്നാണ് പേര്. (ആദ്യ ദീപസ്തംഭമായ 'ഫറോസ് ഒഫ് അലക്സാൻഡ്രിയ'യിൽനിന്ന് നിഷ്പന്നമായതാണ് ഈ പദം). ലോകമൊട്ടാകെ 'സംരക്ഷണ'ത്തിന്റെ പ്രതീകമായി ദീപസ്തംഭങ്ങളെ പരിഗണിച്ചുപോരുന്നു
ഇവയും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- http://www.dgllnoida.gov.in/head.html Archived 2011-07-15 at the Wayback Machine.
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദീപസ്തംഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |