Jump to content

ദലിത് സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. അംബേദ്കർ

ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്ന അർഥത്തിൽ സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് ദലിത് സാഹിത്യം. കീഴാളരുടെ ആത്മരോഷം തിളയ്ക്കുന്ന അലങ്കാരരഹിതമായ പരുഷപദങ്ങളാൽ രൂപംകൊള്ളുന്ന പ്രതിഷേധത്തിന്റെയും യാഥാസ്ഥിതിക മൂല്യനിരാസത്തിന്റെയും ഉണർവിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും സാഹിത്യമാണ് ഇത്.ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവയെ ആശ്ലേഷിക്കാൻ വെമ്പുന്ന അംബേദ്കർ ദർശനങ്ങളാണ് ഇതിന്റെ അടിത്തറ. അംബേദ്കർ ഇന്ത്യൻ ദൈവസങ്കല്പങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിർദാക്ഷിണ്യം വിമർശിച്ചു. പാരമ്പര്യവാദികൾ താലോലിച്ചിരുന്ന സാഹിത്യസങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ദലിത് സാഹിത്യം ഇന്ന് ഭാരതീയ സാഹിത്യത്തിലെ പുതുമയും ശക്തിയുമുള്ള ശാഖയാണ്. ദലിതർ ഇന്നും ജാതിയുടെ പേരിൽ പരാധീനതകൾ അനുഭവിക്കുന്നു. ഇത്തരം പരാധീനതകളെ തുറന്നുകാട്ടുന്നതാണ് ദലിത് സാഹിത്യം. അത് ദലിതരുടെ മാനുഷികമായ അന്തസ്സിനുവേണ്ടി വാദിക്കുകയും പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നു. നീതിക്കുവേണ്ടിയും സമത്വത്തിനുവേണ്ടിയും അതു വാദിക്കുന്നു. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും ദലിതരായ എഴുത്തുകാർ എഴുതുന്ന സാഹിത്യം അനുഭവങ്ങളുടെ തീക്ഷ്ണതയാലാണ് പ്രസക്തമാകുന്നത്. ചുരുക്കത്തിൽ, പുതിയൊരു സംവേദനമാണ് ദലിത് സാഹിത്യം ആവശ്യപ്പെടുന്നത്.

ദലിത് സാഹിത്യ രചനകൾ

[തിരുത്തുക]

ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലും ഏറ്റക്കുറച്ചിലോടെ ദലിത് സാഹിത്യ രചനകളുണ്ടെങ്കിലും മറാഠിയാണ് ഏറെ സമ്പന്നം. ദലിത് അവബോധമുള്ള ദലിത് എഴുത്തുകാർ ദലിതർക്കുവേണ്ടി എഴുതുന്നത് ഏറെയും അവിടെയാണ്. ദലിതരെക്കുറിച്ച് ദലിതേതരർ എഴുതുന്ന സാഹിത്യം ദലിതപക്ഷരചനയേ ആകുന്നുള്ളൂ. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ചങ്ങമ്പുഴയുടെ വാഴക്കുല, തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയവയെ ദലിതപക്ഷ രചനകളായി കണക്കാക്കുന്നതാണ് ഉചിതം. ആർച്ച് ഡീക്കൻ കോശി രചിച്ചു് 1882ൽ പ്രസിദ്ധീകൃതമായ പുല്ലേലിക്കുഞ്ചു എന്ന നോവൽമലയാളത്തിൽഅത്തരത്തിലുണ്ടായ ഒരു കൃതിയാണു്.[1] ദലിതരെ തങ്ങളുടെ അടിമത്തം, നിസ്സഹായത, അവഹേളിതത്തം, ദാരിദ്ര്യം, അത്യാചാരസഹനം എന്നിവ ബോധ്യപ്പെടുത്തുന്നതാകണം ദലിത് രചനകൾ. ഈ അവസ്ഥ ദലിതരിലുളവാക്കുന്ന വേദന മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ദലിത് സാഹിത്യത്തിനു കഴിയണം. കറുത്തവരുടെ ബ്ലാക് ലിറ്ററേച്ചർ ചില കാര്യങ്ങളിൽ ദലിത് സാഹിത്യവുമായി സാമ്യം വഹിക്കുന്നു.[2] കറുത്തവരും ദലിതരും തങ്ങളുടെമേൽ പ്രയുക്തമാകുന്ന അധീശത്വത്തിനും രാഷ്ട്രീയാധികാരങ്ങൾക്കും അത്യാചാരങ്ങൾക്കും എതിരായാണ് സമരം ചെയ്യുന്നത്. അടിമപ്പണിക്കുവേണ്ടി കറുത്തവരെ നിയുക്തരാക്കാൻ നീചമായ അതിക്രമങ്ങൾ ആഫ്രിക്കക്കാരുടെമേൽ അഴിച്ചുവിട്ട ചരിത്രമുണ്ട്. ഭാര്യമാരെ ഭർത്താക്കന്മാരിൽനിന്നും കുഞ്ഞുങ്ങളെ അമ്മമാരിൽനിന്നും വെള്ളക്കാർ പൈശാചികമായി വേർപെടുത്തിയതിന്റെ വിവരണം അലക്സ് ഹെയ്ലിയുടെ റൂട്ട്സ് എന്ന പ്രശസ്ത നോവലിലുണ്ട്.[3] ആദിവാസികൾ വനാന്തരങ്ങളിൽ ജീവിച്ചപ്പോൾ അയിത്തക്കാർ അടിമത്തത്തിൽ കഴിഞ്ഞു. നീഗ്രോ എന്ന പദത്തിനു പകരം കറുത്തവർ (Blacks) എന്ന പേര് ആഫ്രിക്കക്കാർ സ്വീകരിച്ചതുപോലെ ഇന്ത്യയിൽ ഹരിജൻ എന്ന പേര് നിരാകരിച്ച് അയിത്തക്കാരും അടിച്ചമർത്തപ്പെട്ടവരും ദലിത് എന്ന വാക്ക് സ്വീകരിക്കുകയുണ്ടായി.

അംബേദ്കർ ചിന്തകൾ

[തിരുത്തുക]
ചങ്ങമ്പുഴ കൃഷ്ണപിള്ള

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ദലിത് സമൂഹത്തിൽ പരന്ന അംബേദ്കർ ചിന്തകളാണ് ദലിത് സാഹിത്യത്തിനു വഴിയൊരുക്കിയത്. അധികാര വികേന്ദ്രീകരണം, രാഷ്ട്രീയത്തിലെ വർഗീയത, ദാരിദ്ര്യം, വർഗീയ കലാപങ്ങൾ, ഹിന്ദുത്വവാദം എന്നിവയെല്ലാം ദലിതരെ തട്ടിയുണർത്തി. മഹാരാഷ്ട്രയിൽ ദലിത് പാന്തർ പ്രസ്ഥാനം[4] രൂപീകൃതമായി (1972). ഇതിന്റെ പ്രതിഫലനം ദലിത് സാഹിത്യത്തിലുമുണ്ടായി. ദലിത് എഴുത്തുകാർ നിലവിലിരിക്കുന്ന സാഹിത്യ സിദ്ധാന്തങ്ങളെ മറികടന്നാണ് എഴുതിക്കൊണ്ടിരിക്കുന്നത്. അവർ ബുദ്ധന്റെയും ഫൂലെയുടെയും അംബേദ്കറുടെയും പാരമ്പര്യത്തെയാണ് പിൻപറ്റിയത്. ഇടതുപക്ഷ എഴുത്തുകാരുടെ മുൻകൈയിൽ 1960-കളിൽ മറാഠിയിൽ രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽനിന്നു വേർപെട്ട് എഴുത്തിൽ സ്വന്തമായ ഒരിടം ഒരുക്കാൻ ദലിത് എഴുത്തുകാരെ പ്രാപ്തരാക്കിയത് അംബേദ്കർ ചിന്തയായിരുന്നു. ബുദ്ധമത സ്വീകരണത്തിലൂടെ ദലിതർ നടത്തിയ സാംസ്കാരിക വിപ്ലവമാണ് ദലിത് സാഹിത്യത്തിന്റെ അടിസ്ഥാനമായി മാറിയത്. 1956-ലാണ് അംബേദ്കറുടെ നേതൃത്വത്തിൽ ദലിതർ ബുദ്ധമതം സ്വീകരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

അംബേദ്കറുടെ കാഴ്ചപ്പാടുകളിൽനിന്ന് ഊർജ്ജം പകർന്ന ദലിത് സാഹിത്യത്തിന്റെ ആദ്യ മാതൃകകൾ തമാശ, ജൽസ തുടങ്ങിയ നാടോടിക്കലാരൂപങ്ങളുടെ പരിഷ്കൃത രൂപങ്ങളാണ്. അവ പ്രാദേശികങ്ങളാകയാലും പ്രകടമായ പ്രബോധനങ്ങൾ ഉൾക്കൊണ്ടവ ആകയാലും കാലാതിവർത്തിയായില്ല.

1920-കളിൽ മഹാരാഷ്ട്രയിൽ വേരൂന്നിത്തുടങ്ങിയ ദലിത് സാഹിത്യ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ എഴുത്തുകാർ ഗോപാൽബാബ വലങ്കർ, പണ്ഡിറ്റ് കോണ്ടിറാം, കിഷൻ ഫഗോജി ബൻസോദ് എന്നിവരാണ്. ദലിതർ അനുഭവിച്ചിരുന്ന ദൈന്യതകളിലേക്ക് ബ്രിട്ടിഷ് ഗവണ്മെന്റിന്റെ ശ്രദ്ധതിരിക്കാൻവേണ്ടി തൂലിക ചലിപ്പിച്ചവരാണ് ഇവർ.

ഏതാണ്ട് 1950-കളുടെ തുടക്കത്തിൽ സ്ഥാപിതമായ സിദ്ധാർഥ് സാഹിത്യ സഭയാണ് ദലിത് സാഹിത്യരംഗത്തുണ്ടായ അടുത്ത ശക്തമായ മുന്നേറ്റം. ഘനശ്യാം തൽവാത്കർ ആണ് ബിരുദധാരികളായ നിരവധി ദലിത് യുവാക്കളെ ചേർത്ത് ഈ സംഘടന ഉണ്ടാക്കിയത്. പണ്ഡിറ്റ് കോണ്ടിറാംഅതിലെ അംഗങ്ങൾ അംബേദ്കർ സ്ഥാപിച്ച സിദ്ധാർഥ് കോളജിലെ (മുംബൈ) വിദ്യാർഥികളായിരുന്നു. സിദ്ധാർഥ് സാഹിത്യസംഘത്തിൽ നിന്നാണ് പിന്നീട് മഹാരാഷ്ട്ര ദലിത് സാഹിത്യ സംഘ് രൂപംകൊള്ളുന്നത്.

1950-60 കളിലെ ദലിത് സാഹിത്യസൃഷ്ടിയിൽ ഏറെയും പ്രകാശിതമായത് പ്രബുദ്ധ ഭാരത്[5] എന്ന ആനുകാലികത്തിലൂടെയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യയുടെ മുഖപത്രമായിരുന്നു അത്. അതിൽ വന്ന ദലിത് രചനകളും ഇതിവൃത്തപരമായി ദലിത് ആയിരുന്നുവെങ്കിലും ആവിഷ്കാരപരമായി പാരമ്പര്യരീതി സ്വീകരിച്ചവയായിരുന്നു. മറാഠി സാഹിത്യത്തിൽ വി.എസ്. ഖാണ്ഡേക്കറും[6] മറ്റും ചെലുത്തിയിരുന്ന ശക്തമായ സ്വാധീനത്തിൽനിന്ന് അന്നത്തെ എഴുത്തുകാർക്ക് പൂർണമായും വിട്ടുനിൽക്കാനായില്ല എന്നർഥം.

1956-ൽ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ദലിത് സാഹിത്യ സമ്മേളനം ആസൂത്രണം ചെയ്യപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ അകാല മരണംമൂലം അതു നടന്നില്ല. പ്രഥമ ദലിത് സാഹിത്യ സമ്മേളനം 1958-ലാണ് നടന്നത്. ആ സമ്മേളനത്തിൽ വച്ചുതന്നെ ദലിത് സാഹിത്യം എന്ന പദം രൂപവത്കരിക്കപ്പെട്ടു എന്നാണ് പ്രബുദ്ധ ഭാരതിലെ സമ്മേളന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആ സമ്മേളനത്തിൽ പാസ്സാക്കിയ 5-ആം നമ്പർ പ്രമേയം ഇതായിരുന്നു-ദലിതരാൽ എഴുതപ്പെടുന്നതോ, ദലിതരെക്കുറിച്ച് മറ്റുള്ളവർ എഴുതുന്നതോ ആയ മറാഠി സാഹിത്യം ദലിത് സാഹിത്യം എന്ന സവിശേഷനാമത്തിൽ അറിയപ്പെടണം. അതിന്റെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി സർവകലാശാലകളും സാഹിത്യസംഘടനകളും അതിന് അർഹമായ സ്ഥാനം നൽകുകയും വേണം. ഈ സമ്മേളനത്തെത്തുടർന്നുണ്ടായ ദലിത് സാഹിത്യ മുന്നേറ്റങ്ങളിൽ മൂന്ന് സരണികൾ ഉണ്ടായിരുന്നു:

  1. അംബേദ്കറിസത്തോടൊപ്പം മാർക്സിസത്തിന്റെയും അടിത്തറയിൽ കാലൂന്നിനിന്നുവേണം ദലിത് സാഹിത്യ രചന നിർവഹിക്കേണ്ടത്.
  2. അംബേദ്കറിസം മാത്രമേ ദലിത് സാഹിത്യ രചനയുടെ ജീവവായു ആകാവൂ.
  3. ദലിത് സാഹിത്യ രചനയ്ക്ക് അവലംബമാക്കേണ്ടത് ബൗദ്ധ സാഹിത്യത്തെയാണ്.

മറാഠി ദലിത് സാഹിത്യത്തിൽ മാർക്സിനെ പാടേ നിരാകരിക്കുന്ന ഒരു രീതിയും അദ്ദേഹത്തിന്റെ ചിന്തയെ അംബേദ്കറിനോട് ചേർത്തുവയ്ക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. എം. എൻ. വാൻഖഡെ, ബാബുറാവു ബാഗുൾ, നാമ്ദിയെ ദാസല്], ദയാ പവാർ‍, അർജുൻ ഡാൻ ഗ്ലെ, യശ്വന്ത് മനോഹർ, റാവു സാഹബ് കസ്ബി, ശരത് പാട്ടീൽ സദാകർഹാഡെ, നാരായൺ സുർവെ, സുധീർ ബെദ്കർ, ശരച്ചന്ദ്ര മുക്തിബോധ് തുടങ്ങിയ എഴുത്തുകാർ.

അബേദ്കറും മാർക്സും

[തിരുത്തുക]

അംബേദ്കറുടെ ജാതിവിരുദ്ധ ചിന്തയെയും മാർക്സിന്റെ വർഗവൈരുദ്ധ്യചിന്തയെയും ഒരുമിച്ചുകാണാൻ ശ്രമിക്കുന്നവരാണ്. ബാഹു സാഹബ് അത്സുൽ, രാജാഡെയിൽ, വിജയ് ബോൺവാനെ, ആർ. ജി. ജാതവ്, ഹരീഷ് കാന്തറാവു, ഗംഗാധർ പഞ്ചാനെ, സുധാകർ ഗെയ്ക്വാദ് എന്നിവർ ഇതിനോട് അഭിപ്രായഭിന്നത പുലർത്തുന്നു. മാർക്സിന്റെ വിശകലനങ്ങൾക്ക് കണ്ടെടുക്കാനാവാത്ത ആഴങ്ങളിലാണ് ദലിത് സാഹിത്യത്തിന്റെ ആത്മാവെന്ന് ഇവർ വാദിക്കുന്നു. അമേരിക്കയിലെ കറുത്തവർ കറുപ്പിനെയും കറുത്ത അവബോധത്തെയും കൊണ്ടാടുമ്പോൾ ഇന്ത്യയിലെ ദലിതർ ദലിത് സ്വത്വത്തെയും ദലിതാവബോധത്തെയും എഴുത്തിൽ ആഘോഷിക്കുന്നു.

1960-കളിൽ മറാഠി സാഹിത്യത്തിൽ ഉദയം ചെയ്ത പല നൂതന പ്രവണതകളും ദലിത് സാഹിത്യത്തിന്റെ ഗതിവേഗം കൂട്ടി. അക്കൂട്ടത്തിൽ നാരായൺ സുർവേയുടെ കവിതകൾ, ക്ഷുഭിത യൗവനങ്ങളെ ചിത്രീകരിച്ച കഥകൾ, അണ്ണ ഭാവു സാഥേയുടെയും ശങ്കർ റാവു ഖരത്തിന്റെയും രചനകൾ, ലിറ്റിൽ മാഗസിനുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എങ്കിലും ദലിത് സാഹിത്യത്തിന്റെ കരുത്ത് വ്യക്തമാക്കിയ ശക്തമായ രചന ബാബുറാവു ബാഗുലിന്റെ ചെറുകഥകളായിരുന്നു. അദ്ദേഹത്തിന്റെ വെൻ ഐ ഹാഡ് കൺസീൽഡ് മൈ കാസ്റ്റ് എന്ന ചെറുകഥാ സമാഹാരം മറാഠി സാഹിത്യത്തിൽ കൊടുങ്കാറ്റ് ഉയർത്തുകതന്നെ ചെയ്തു. കറുത്ത വർഗക്കാരുടെ ജാസ്സ് സംഗീതത്തിന്റെ കരുത്താണ് ആ കഥകൾക്ക് എന്നു വിലയിരുത്തപ്പെട്ടു.

ബ്ലാക് ലിറ്ററേച്ചർ

[തിരുത്തുക]

ബ്ലാക് ലിറ്ററേച്ചറിൽനിന്ന് ഊർജ്ജം ശേഖരിച്ച എം.എൻ. വാൻഖഡെയാണ് ദലിത് സാഹിത്യ പ്രസ്ഥാനത്തിന് തുടർന്ന് ഊർജ്ജം പകർന്ന വ്യക്തി. 1967 ഏപ്രിൽ 30-ന് ബൗദ്ധ സാഹിത്യ പരിഷത് സമ്മേളനത്തിൽ വച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ദലിത് സാഹിത്യത്തിന് കുറച്ചുകൂടി കൃത്യമായ ദിശാബോധം നൽകി. ഔറംഗബാദിൽ അംബേദ്കർ സ്ഥാപിച്ച മിലിൻദ് കോളജിലെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം.

ഈ കോളജിലെ വിദ്യാർഥികൾ രൂപവത്കരിച്ച മിലിൻദ് സാഹിത്യ പരിഷത്തും പരിഷത് പ്രസിദ്ധീകരിച്ച അസ്മിത (പിന്നീട് അസ്മിതാദർശ) എന്ന മാഗസിനും ദലിത് സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ദലിത് പാന്തേഴ്സിന്റെ പിറവി

[തിരുത്തുക]

70-കളുടെ തുടക്കത്തിൽ സാഹിത്യത്തിലൂടെയുള്ള പ്രതിഷേധത്തോടൊപ്പം തങ്ങൾക്കു നിഷേധിക്കപ്പെട്ട അവകാശങ്ങൾക്കായുള്ള ഭൗതിക പ്രതിഷേധങ്ങളും അനിവാര്യമാണെന്ന് യുവ ദലിത് സാഹിത്യകാരന്മാർക്കു മനസ്സിലായി. അതാണ് ദലിത് പാന്തേഴ്സ് എന്ന പ്രസ്ഥാനത്തിന്റെ പിറവയിലേക്കു നയിച്ചത്. നാമ്ദിയെ ദാസൽ, അർജുൻ ഡാൻ ഗ്ലെ, ജെ.വി. പവ്വാർ എന്നിവരുടെ നേതൃത്വത്തിൽ 1972 ജൂൺ 9-ന് ദലിത് പാന്തേഴ്സ് നിലവിൽവന്നു. ആ വർഷത്തെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചുകൊണ്ട് പാന്തേഴ്സ് ശക്തമായ പ്രതിഷേധ പരിപാടികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. അതിലെ മുൻനിര പ്രവർത്തകർ ഏറെയും ദലിത് സാഹിത്യകാരന്മാരായിരുന്നു. ചുരുക്കത്തിൽ, ദലിത് സാഹിത്യ പ്രസ്ഥാനത്തിലൂടെ പിറവിയെടുത്ത ഒരു സാമൂഹിക വിമോചന സംഘടനയായിരുന്നു ദലിത് പാന്തേഴ്സ്.

80-കളുടെ തുടക്കത്തിൽ ദലിത് സാഹിത്യത്തിന് സാർവത്രികമായ അംഗീകാരം ഉണ്ടായിത്തുടങ്ങി. മഹാരാഷ്ട്രയിലെ ഏതാനും ദലിത് സാഹിത്യകാരന്മാർക്ക് സംസ്ഥാന സാഹിത്യ പുരസ്കാരങ്ങൾ ലഭിച്ചു. സ്കൂളുകളിലും കലാശാലകളിലും ദലിത് സാഹിത്യ രചനകൾ പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. ദലിത് സാഹിത്യ രചനകളുടെ വിവർത്തനങ്ങളാണ് ഇക്കാലത്തുണ്ടായ മറ്റൊരു മുന്നേറ്റം. ഈ കാലത്താണ് മറാഠിഭാഷയിൽ നിന്ന് ദലിത് സാഹിത്യം ഇതര ഭാഷാ സാഹിത്യങ്ങളിലേക്ക് ശക്തമായ കുടിയേറ്റം നടത്തിയത്.

ഇതരഭാഷകളിൽ

[തിരുത്തുക]

ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലും ഒരു പുതിയ ജീവിതത്തിന്റെ സമരോത്സുകമായ പുലർകാലമാണ് ദലിത് സാഹിത്യത്തിലൂടെ അവതീർണമാകുന്നത്. 1960-കളിൽ മറാഠിയിൽ ദലിത് സാഹിത്യം എഴുതിത്തുടങ്ങിയപ്പോൾ 90-കളിലാണ് തമിഴിലും മറ്റും അത് ശക്തി പ്രാപിച്ചത്. തമിഴ്നാട്ടിൽ മൂന്ന് ശതമാനം ബ്രാഹ്മണരേ ഉള്ളൂ എങ്കിലും എഴുത്തുകാരിൽ മുക്കാൽ പങ്കും അവരാണ്. ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ദലിതർ തമിഴ്നാട്ടിലുണ്ടെങ്കിലും അവരിൽ എഴുത്തുകാർ വളരെ കുറവായിരുന്നു. ഗുജറാത്തിലെ ആദ്യത്തെ പ്രധാന ദലിത് കവി ബിപിൻ ഗോഹെൽ (1927-) ആണ്. അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരണങ്ങളിൽ സ്ഥാനം പിടിച്ചതുതന്നെ വളരെ സാവകാശമാണ്. ഗുജറാത്തിലെ മറ്റൊരു ദലിത് കവിയായ കിഷൻ സോസ സൂററ്റിലെ ഒരു ചാളയിലായിരുന്നു താമസിച്ചിരുന്നത്. തന്റെ കവിതയെ പാതാളഗംഗയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കന്നഡയിലെ പ്രശസ്ത എഴുത്തുകാരനായ ദേവനൂരു മഹാദേവയ്ക്കും അതുപോലെ മറ്റു പല ദലിത് എഴുത്തുകാർക്കും യഥാർഥ ജീവിതവും സാഹിത്യജീവിതവും അത്യന്തം സംഘർഷഭരിതമായിരുന്നു. ദലിത് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ രൂപം ആത്മകഥയാണ്. ഹിന്ദിയിലെ ഓം പ്രകാശ് വാല്മീകിയുടെ ഝൂഠൻ (എച്ചിൽ) വളരെ പ്രസിദ്ധമായി.

ഉത്തർപ്രദേശിലെ ഒരു തോട്ടിച്ചേരിയിൽ എച്ചിൽ തിന്ന് ബാല്യം കഴിച്ച ഗ്രന്ഥകാരന്റെ ആത്മകഥയാണ് ഇത്. ഝൂഠനിലെ ജീവിത സത്യങ്ങൾ പൊള്ളുന്നവയാണ്. തോട്ടിപ്പണിയും തോൽപ്പണിയും കുലവൃത്തിയാക്കിയ ജാതിയാണ് വാല്മീകി. കഷ്ടത നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന എഴുത്തുകാർ ഇന്ത്യയിൽ ഏറെയുണ്ട്. ജീവിത യാഥാർഥ്യങ്ങളുടെ പാരുഷ്യങ്ങളാണ് അവരുടെ ഇതിവൃത്തങ്ങൾ. ഡോ. കാഞ്ച എലൈയ്യയുടെ ഇംഗ്ലീഷ് കൃതികളും( ഉദാ. വൈ അയാം നോട്ട് എ ഹിന്ദു, ബഫല്ലോ നാഷണലിസം) ഈ തലത്തിൽ ശക്തങ്ങളാണ്.ജാതിവ്യവസ്ഥയുടെ അപമാനവും ദാരിദ്ര്യവും എങ്ങനെ ഒരു ദലിതനെ പിന്തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് നാസിക്കിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗമായ ശരൺകുമാർ ലിംബാലെയുടെ ജീവിതം. അച്ഛൻ ഉയർന്ന ജാതിയായ പാട്ടീൽ വംശജനാണെങ്കിലും അമ്മ താണ ജാതിയായ മഹർ (തോട്ടി) ആയിരുന്നതുകൊണ്ട് ശരണിന്റെ ബാല്യം ദുരിതപൂർണമായിരുന്നു. മറാഠിയിലെഴുതിയ അദ്ദേഹത്തിന്റെ അക്കർമാശി(ദി ഔട്ട്കാസ്റ്റ്) എന്ന ആത്മകഥ വളരെ പ്രശസ്തമായി. ഹിന്ദു എന്ന നോവലും നോവലുകളും ലിംബാലെയെ പ്രശസ്തനാക്കി.മറാഠി ഭാഷയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ് ലക്ഷ്മൺ ഗായ്ക്വാഡിന്റെ 'ഉചല്യ'(ദി ബ്രാൻഡഡ്) എന്ന ആത്മകഥ. മഹാരാഷ്ട്രയിലെ ഉചല്യ എന്ന ഗോത്ര വർഗത്തിന്റെ ദയനീയമായ അവസ്ഥയാണ് ഈ കൃതിയിലൂടെ വ്യക്തമാകുന്നത്. ഈ പുസ്‌തകത്തിന് മഹാരാഷ്ട്ര ഗൗരവ് പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തമിഴിലെ ശിവകാമി ഈ രംഗത്ത് നേരത്തേ പ്രശസ്തയായി. പാമയുടെ ആത്മകഥാ നോവലായ കരുക്ക് വളരെ ശ്രദ്ധേയമായി. ഒരു ദലിത് സ്ത്രീയുടെ യഥാർഥ അനുഭവ കഥനമാണിത്. തമിഴിലെ ആദ്യത്തെ യഥാർഥ ദലിത് കൃതിയാണ് ഇത് എന്നു പലരും കരുതുന്നു.

ഗ്രാമം, കുടുംബം, വിദ്യാഭ്യാസം, പള്ളി, പുരോഹിതൻ തുടങ്ങി വ്യത്യസ്ത സാമൂഹിക ബന്ധങ്ങളുടെ ഇടയിൽ പ്പെട്ട് നരകിക്കുന്ന ദലിത സ്ത്രീയുടെ ഇതിവൃത്തമാണ് ഈ നോവലിൽ. രാഷ്ട്രീയ സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങൾതന്നെ അതിനോടു നീതിപുലർത്താത്തവിധം ജാതിചിന്ത ഇന്ത്യയിൽ വേരുറച്ചുപോയിട്ടുണ്ട്. പാമ കരുക്കിൽ ദലിത് ക്രിസ്ത്യൻ പറയർ വിഭാഗത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ ഗുജറാത്തി ഭാഷയിലെ ജോസഫ് മക്വാൻ അംഗലിയാത്തിൽ ഗുജറാത്തിലെ നെയ്ത്തുകാരായ വങ്കർ സമുദായത്തിന്റെ അനുഭവങ്ങൾ ചിത്രീകരിക്കുന്നു. പാമയുടെ തുടർന്നു വന്ന കൃതിയായ സംഗതിയും ഏറെ ശ്രദ്ധേയമായി. മലയാളത്തിലും ഇതിന്റെ വിവർത്തനം ഉണ്ടായിട്ടുണ്ട്. വങ്കർ സമുദായത്തെ ദലിത് മിഡിൽ ക്ലാസ്സ് ആയി വിശേഷിപ്പിക്കുന്നു കുറ്റവാളികൾഎന്നു മുദ്ര കുത്തപ്പെട്ടവരുടെ തിക്തമായ ജീവിതകഥ ഇതിൽ ചിത്രീകരിക്കുന്നു.മലയാളത്തിൽ സി.കെ. ജാനുവിന്റെ ആത്മകഥയും പൊക്കുടന്റെ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതവും സ്വത്വ മുദ്രകൾ ഉള്ളവയാണ്.

മലയാളത്തിലും ദലിത് സാഹിത്യ ചർച്ചകൾ ഇപ്പോൾ സജീവമാണ്. കേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായി പരിഗണിക്കപ്പെടുന്നതു് ആർച്ച് ഡീക്കൻ കോശി രചിച്ച പുല്ലേലിക്കുഞ്ചു എന്ന നോവലാണു്.[1]പണ്ഡിറ്റ് കെ.പി. കറുപ്പൻ, ടി.കെ.സി. വടുതല, കവിയൂർ മുരളി, ഡി. രാജൻ, പോൾ ചിറക്കരോട്, നാരായൻ തുടങ്ങിയവരുടെ രചനകൾ യഥാർഥ ദലിത് രചനകൾ തന്നെയാണ്. രാഘവൻ അത്തോളി, എസ്. ജോസഫ്, സി. അയ്യപ്പൻ, എം.ആർ. രേണുകുമാർ, എം.ബി. മനോജ് തുടങ്ങി അനേകം യുവ എഴുത്തുകാരും മലയാളത്തിലെ ദലിത് സാഹിത്യരംഗത്ത് സജീവമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ദളിത് സാഹിത്യം ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടണം-ദേശീയ സെമിനാർ [പ്രവർത്തിക്കാത്ത കണ്ണി] -മാതൃഭൂമി ദിനപത്രം 2012 മാർച്ച് 20
  2. http://www.infoplease.com/spot/bhmlit1.html
  3. http://www.rootsthebook.com/
  4. http://www.jstor.org/pss/2059650
  5. http://www.prabuddhabharat.org/index.php?option=com_content&view=frontpage
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-06. Retrieved 2011-11-08.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദലിത് സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദലിത്_സാഹിത്യം&oldid=4089423" എന്ന താളിൽനിന്ന് ശേഖരിച്ചത്