തമിഴ് മാനില കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട്ടിൽ 1996 മുതൽ 2002 വരെയുള്ള ചുരുങ്ങിയ കാലയളവിൽ പ്രാബല്യത്തിലിരുന്ന ഒരു പ്രാദേശിക രാഷ്ട്രീയപ്പാർട്ടിയാണ് തമിഴ് മാനില കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തമിഴ്നാട് ഘടകത്തിൽ 1996 മാർച്ചിൽ ഉണ്ടായ പിളർപ്പിനെത്തുടർന്നാണ് ഈ പാർട്ടി രൂപവത്കൃതമായത്. തദവസരത്തിൽ നടന്ന പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാനായെങ്കിലും ഈ പാർട്ടി പിന്നീട് ദുർബലമായിത്തീർന്നു.


രൂപവത്കരണം[തിരുത്തുക]

കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തമിഴ്നാട്ടിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു സഖ്യത്തോടുള്ള എതിർപ്പിനെത്തുടർന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന ജി.കെ. മൂപ്പനാർ പാർട്ടിബന്ധം വിച്ഛേദിച്ചുകൊണ്ട് രൂപവത്ക്കരിച്ചതാണ് ഈ പുതിയ രാഷ്ട്രീയപ്പാർട്ടി. സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയും കോൺഗ്രസ്സുമായി അസ്വാരസ്യം നിലനിന്നിരുന്നു. 1996 മാർച്ചിൽ പതിനൊന്നാം ലോക്സഭയിലേക്കും തമിഴ്നാട് ഉൾപ്പെടെയുള്ള ചില സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താൻ വിജ്ഞാപനമുണ്ടായി. തെരഞ്ഞെടുപ്പിൽ ജയലളിതയുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കുവാൻ കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട തീരുമാനത്തോടു യോജിക്കുവാൻ മൂപ്പനാരും അനുയായികളും തയ്യാറായില്ല. ഇതോടെ കോൺഗ്രസ്സിന്റെ തമിഴ്നാട് ഘടകത്തിൽ പിളർപ്പുണ്ടായി. ഈ രാഷ്ട്രീയ സാഹചര്യമാണ് തമിഴ് മാനില കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയപ്പാർട്ടി സ്ഥാപിതമാകുന്നതിനു കളമൊരുക്കിയത്. മൂപ്പനാരും അനുയായികളും 1996 മാർച്ച് അവസാനത്തോടെ കോൺഗ്രസ്സിനോടു വിടപറഞ്ഞു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായുള്ള കേന്ദ്ര കോൺഗ്രസ് മന്ത്രിസഭയിൽ തമിഴ്നാട്ടിൽ നിന്നുമുള്ള മന്ത്രിമാരായിരുന്ന പി. ചിദംബരവും എം. അരുണാചലവും ഈ സഖ്യത്തിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് മൂപ്പനാരോടൊപ്പം ചേർന്നു. ഇവരുടെ സംയുക്ത ചിന്താഫലമായി, മൂപ്പനാരുടെ നേതൃത്വത്തിൽ 1996 ഏപ്രിൽ ആദ്യവാരം തമിഴ് മാനില കോൺഗ്രസ് എന്ന പുതിയ പാർട്ടി സ്ഥാപിതമായി.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

വർഷം പൊതു തിരഞ്ഞെടുപ്പ് ലഭിച്ച വോട്ടുകൾ വിജയിച്ച സീറ്റുകൾ
1996 11-ആം തമിഴ്നാട് നിയമസഭ 2,526,474 39
1996 11-ആം ലോകസഭ 7,339,982 20
1998 12-ആം ലോകസഭ 5,169,183 3
1999 13-ആം ലോകസഭ 1,946,899 0
2001 12-ആം തമിഴ്നാട് നിയമസഭ 1,885,726 23

തമിഴ്നാട്ടിൽ ജയലളിതയുടെ പാർട്ടിയെ എതിർക്കുന്ന കക്ഷിയായ, കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയുമായി കോൺഗ്രസ് വിരുദ്ധ കൂട്ടുകെട്ടുണ്ടാ ക്കിയാണ് തമിഴ് മാനില കോൺഗ്രസ് 1996 ഏപ്രിൽ-മേയ്-ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യത്തിന് കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിനെതിരായി ആഞ്ഞടിക്കാൻ സാധിച്ചു. സംസ്ഥാന അസംബ്ളിയിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ഇത് പ്രകടമായി. സംസ്ഥാനത്ത് കോൺഗ്രസ്സിനു ലഭ്യമായതിനേക്കാൾ കൂടുതൽ പാർലമെന്റ് സീറ്റ് നേടാൻ തമിഴ് മാനില കോൺഗ്രസ്സിനു കഴിഞ്ഞുവെന്നത് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായ സ്വാധീനം വ്യക്തമാക്കുന്നു. ലോക്സഭയിലേക്ക് തമിഴ് മാനില കോൺഗ്രസ്സിന്റെ 20 അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് മാനിലയിൽപ്പെട്ട 39 അംഗങ്ങൾ വിജയികളായി.

തെരഞ്ഞെടുപ്പിനുശേഷം ഭാരതീയ ജനതാ പാർട്ടി(ബി.ജെ. പി.)യുടെ ഗവണ്മെന്റ് കേന്ദ്രത്തിൽ വരുന്നതു തടയാൻ തമിഴ് മാനില കോൺഗ്രസ് കൂടി ഉൾപ്പെട്ട പതിമൂന്ന് കക്ഷികളുടേതായ മൂന്നാം മുന്നണി നിലവിൽവന്നു. മൂന്നാം മുന്നണിയുടെ പേര് പിന്നീട് ഐക്യമുന്നണി എന്നാക്കി. തെരഞ്ഞെടുപ്പിനെത്തുടർന്ന് 1996-ൽ കുറച്ചു ദിവസം മാത്രം അധികാരത്തിലിരുന്ന വാജ്പേയ് ഗവണ്മെന്റിന്റെ (ബി.ജെ.പി.) പതനശേഷം മറ്റൊരു ഗവണ്മെന്റു ണ്ടാക്കുവാൻ ഈ ഐക്യമുന്നണിക്കു സാധിച്ചു. അങ്ങനെ എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രിയായുള്ള ഗവണ്മെന്റുണ്ടായി. 1997 ഏപ്രിലിൽ അധികാരത്തിൽവന്ന ഐ.കെ. ഗുജ്റാൾ മന്ത്രിസഭ യേയും തമിഴ് മാനില കോൺഗ്രസ് പിന്തുണച്ചിരുന്നു. പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി. ചിദംബരം ഉൾപ്പെടെയുള്ളവരെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ പ്രാരംഭ ദശയിലുള്ള ഈ പ്രാദേശികപ്പാർട്ടിക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. പി.വി. നരസിംഹറാവുവിനുശേഷം കോൺഗ്രസ് പ്രസിഡന്റായി സീതാറാം കേസരി അധികാരത്തിൽ വന്നപ്പോൾ തമിഴ് മാനില കോൺഗ്രസ്സിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നുവെങ്കിലും അത് ഫലവത്തായില്ല.

പതനവും ലയനവും[തിരുത്തുക]

തുടക്കത്തിൽ ലഭ്യമായ ശക്തി പാർട്ടിക്ക് ഏറെക്കാലം നില നിർത്താൻ കഴിഞ്ഞില്ല. ലോക്സഭയിലേക്ക് തൊട്ടടുത്തു നടന്ന രണ്ട് തെരഞ്ഞെടുപ്പുകൾ ഇക്കാര്യമാണു വ്യക്തമാക്കുന്നത്. 1998-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിളക്കമാർന്ന വിജയം ആവർത്തിക്കാനായില്ല. 1999-ലെ തെരഞ്ഞെടുപ്പിൽ മാനില പാർട്ടിക്ക് ലോക്സഭയിൽ ഒരു സീറ്റുപോലും ലഭിച്ചില്ല. ജയലളിതയുടെ കക്ഷിയുമായി ശത്രുത വെടിഞ്ഞ് 2001-ലെ തമിഴ്നാട് അസംബ്ളി തെരഞ്ഞെടുപ്പിൽ പാർട്ടി സഖ്യമുണ്ടാക്കി. ഇതിൽ പ്രകോപിതനായ പ്രമുഖ നേതാവ് പി. ചിദംബരം പാർട്ടി വിട്ടുപോയി. 2001 ആഗസ്റ്റിൽ പാർട്ടിയുടെ ഉന്നത നേതാവായ മൂപ്പനാർ ആകസ്മികമായി അന്തരിച്ചു. ഇതൊക്കെയും പാർട്ടിയെ തളർത്തിയ സംഭവങ്ങളായിരുന്നു. പാർട്ടിയെ കോൺഗ്രസ്സിലേക്കു തിരിച്ചെത്തിക്കാൻ പല ശ്രമങ്ങളും നടന്നു. ഒടുവിൽ 2002-ൽ തമിഴ് മാനില കോൺഗ്രസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു.

"https://ml.wikipedia.org/w/index.php?title=തമിഴ്_മാനില_കോൺഗ്രസ്&oldid=1688471" എന്ന താളിൽനിന്നു ശേഖരിച്ചത്