Jump to content

ഡോബ്രൂജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുമാനിയായിക്കും ബൾഗേറിയായിക്കും ഇടയിലായി ഡോബ്രൂജ (കടുമ്പച്ചനിറത്തിൽ)

തെക്കു കിഴക്കൻ യൂറോപ്പിൽ, ഡാന്യൂബ് നദീമുഖത്തിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഡോബ്രൂജ. 23,260 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ പ്രദേശത്തിന്റെ ഉത്തര-മധ്യപ്രദേശങ്ങൾ റുമാനിയയിലും ബാക്കിഭാഗങ്ങൾ ബൾഗേറിയയിലുമായി വ്യാപിച്ചുകിടക്കുന്നു.

കാലാവസ്ഥ

[തിരുത്തുക]
ഡോബ്രൂജയുടെ ഭൂപടം
വടക്കൻ ഡോബ്രൂജയിലെ കൃഷിസ്ഥലം

പൊതുവേ വരണ്ട കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടത്തെ മണ്ണ് വളരെ വളക്കൂറുള്ളതാണ്. ധാന്യങ്ങൾ, മുന്തിരി, മൾബറി, പുകയില എന്നിവയാണ് ഇവിടത്തെ മുഖ്യ വിളകൾ. റുമാനിയൻ ഡോബ്രൂജ റുമാനിയയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. ജലകായികവിനോദത്തിനുള്ള ഇവിടത്തെ വിപുലമായ സന്നാഹങ്ങൾ വൻതോതിൽ വിനോദ സഞ്ചാരികളെ ഇവിടത്തേക്ക് ആകർഷിക്കുന്നുണ്ട്. റുമാനിയൻ ഡോബ്രൂജയിലെ ഏറ്റവും വലിയ തുറമുഖ പട്ടണമാണ് കോൺസ്റ്റാന്റ. സിലിസ്ത്ര, തോൽബുക്കിൻ എന്നിവയാണ് ബൾഗേറിയൻ ഡോബ്രൂജയിലെ പ്രധാനപ്പെട്ട നഗരങ്ങൾ. [1]

ചരിത്രം

[തിരുത്തുക]

ഡാഷിയൻ ഗോത്രക്കാരായിരുന്നു ഡോബ്രൂജയിലെ ആദിമ നിവാസികൾ. നിരവധി സംസ്കാരങ്ങൾ ഈ പ്രദേശത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ചിട്ടുള്ളതായി ചരിത്ര രേഖകളുണ്ട്. ബി.സി. 6-ആം നൂറ്റാണ്ടിൽ ഗ്രീക്കുകാർ ഡോബ്രൂജയുടെ തീരത്ത് നിരവധി ജനവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ടോമി, ഹിസ്ട്രിയ, കലാട്ടീസ് എന്നിവ അവയിൽ പ്രാധാന്യമർഹിക്കുന്നു. ഹിസ്ട്രിയ ആധുനിക ഡോബ്രൂജയിലെ പുരാവസ്തു പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ബി.സി. 5-ആം നൂറ്റാണ്ടിൽ സിഥിയന്മാർ ഡോബ്രൂജ അധീനപ്പെടുത്തിയെങ്കിലുംബി.സി. 1-ആം നൂറ്റാണ്ടായപ്പോഴേക്കും ഈ പ്രദേശം റോമാക്കാരുടെ കീഴിലായി. എ.ഡി. 4-ആം നൂറ്റണ്ടു വരെ ഡോബ്രൂജ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി തുടർന്നു. എ.ഡി. 4-ആം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം വിഭജിക്കപ്പെട്ടതോടുകൂടി ഇത് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.[2]

ബൈസാന്തിയൻ ഭരണകാലം

[തിരുത്തുക]
മധ്യഡോബ്രൂജയിലെ കൃഷി സ്ഥലം
തെക്കൻ ഡോബ്രൂജയിലെ പാറക്കെട്ടുകൾ നിറഞ്ഞ കടൽത്തീരം
പ്രാചീന ഗ്രീക്കുകോളനിയുടെ അവശിഷ്ഠങ്ങൾ

മധ്യ ഏഷ്യയിൽ നിന്നുള്ള ബൾഗാറുകൾ എന്ന തുർക്കി ഗിരിവർഗസംഘം ഡാന്യൂബിലെ ബൈസാന്തിയൻ പ്രവിശ്യകളെ നിരന്തരം ആക്രമിച്ച് അശാന്തി വളർത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ഡോബ്രൂജ ഉൾ പ്പെട്ട ബാൾക്കൺ-ഡാന്യൂബൻ പ്രവിശ്യകളെ ബൾഗാറുകൾക്കു വിട്ടുകൊടുക്കാൻ ബൈസാന്തിയൻ ചക്രവർത്തി നിർബന്ധിതനായിത്തീർന്നു. 681-ൽ തദ്ദേശീയരായ സ്ലാവ് ജനതയുടെ സഹകരണത്തോടെ ബൾഗാറുകൾ ഇവിടെ സ്വന്തമായൊരു സാമ്രാജ്യം സ്ഥാപിച്ചു. 11-ആം നൂറ്റാണ്ടുവരെ ഡോബ്രൂജ ഈ ഒന്നാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി വർത്തിച്ചു. 1018-ൽ ബൈസാന്തിയൻ ചക്രവർത്തിയായ ബാസിൽ II ബൾഗേറിയൻ സാമ്രാജ്യത്തിൽ നിന്ന് ഡോബ്രൂജയെ മോചിപ്പിച്ചു. തുടർന്ന് ഡോബ്രൂജ ഉൾ പ്പെട്ട ബൾഗേറിയൻ പ്രദേശം വീണ്ടും ബൈസാന്തിയരുടെ അധീനതയിലായി. 12-ആം നൂറ്റാണ്ടിൽ ബൈസാന്തിയൻ ഭരണത്തിൽ നിന്നും ബൾഗേറിയക്കാർ സ്വാതന്ത്യം നേടിയതിനുശേഷം രൂപവത്കൃതമായ രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പിന്നീട് ഡോബ്രൂജ. 14-ആം നൂറ്റാണ്ടിൽ ഈ സാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് വലേചിയൻ (Wallachian) രാജാവായ ഡൊബ്രോറ്റിഷ് ഡോബ്രൂജയിൽ ഒരു നാട്ടുരാജ്യം സ്ഥാപിച്ചു. ഡോബ്രൂജ എന്ന സ്ഥലനാമത്തിന്റെ അടിസ്ഥാനമിതായിരിക്കാം എന്ന് ചരിത്രകാരന്മാർ കരുതുന്നു. വലേചിയക്കാരെ പരാജയപ്പെടുത്തിക്കൊണ്ട് 1411-ൽ ഡോബ്രൂജയിൽ അടിത്തറയുറപ്പിച്ച തുർക്കി ഭരണം 400 വർഷം നീണ്ടു നിന്നു. കിരാതമായ ഭരണരീതികളും അമിത നികുതികളും നിമിത്തം ജനജീവിതത്തെ ദുസ്സഹമാക്കിത്തീർത്ത ഈ കാലഘട്ടം ഡോബ്രൂജയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി കരുതപ്പെടുന്നു.[3]

ഡോബ്രൂജയുടെ വിഭജനം

[തിരുത്തുക]

1877-ൽ തുർക്കിയും റഷ്യയും തമ്മിലുള്ള യുദ്ധമുന്നണികളിൽ ഒന്നായിരുന്നു ഡോബ്രൂജ. സാൻസ്റ്റഫാനോ കരാർ പ്രകാരം യുദ്ധം അവസാനിച്ചപ്പോൾ ജേതാവായ റഷ്യയ്ക്ക് ഡോബ്രൂജയ്ക്കുമേൽ ഭാഗികമായ അവകാശം ലഭിച്ചു. ഈ കരാർ റഷ്യയുടെ താത്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകിയിട്ടുള്ളത് എന്ന ആക്ഷേപങ്ങളുണ്ടായതിനെത്തുടർന്ന്, ബർലിനിൽ സമ്മേളിച്ച യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ അധീനതയിലുള്ള ഡോബ്രൂജയുടെ ഭാഗങ്ങൾകൂടി വീണ്ടെടുക്കുകയും ഡോബ്രൂജയെ റുമാനിയയ്ക്കും ബൾഗേറിയയ്ക്കുമായി പുനർവിഭജിച്ചു കൊടുക്കുകയും ചെയ്തു. ഇതനുസരിച്ച വടക്കൻ ഭാഗങ്ങൾ റുമാനിയയ്ക്കും തെക്കൻ ഭാഗങ്ങൾ ബൾഗേറിയയ്ക്കും അവകാശപ്പെട്ടതായി. ഡോബ്രൂജയുടെ അതിർത്തികൾ വീണ്ടും പലതവണ മാറ്റിമറിക്കപ്പെട്ടു. 20-ആം നൂറ്റാണ്ടിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ (രണ്ടാം ബാൾക്കൺ യുദ്ധം, ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകയുദ്ധം എന്നിവ) ഇതിൽ നിർണായകമായിരുന്നു.[4]

ക്രയോവ ഉടമ്പടി

[തിരുത്തുക]

ഒന്നാം ലോകയുദ്ധാനന്തരം ഡോബ്രൂജ പൂർണമായും റുമാനിയയുടെ ഭാഗമായി മാറി. 1940-ൽ ക്രയോവ ഉടമ്പടി പ്രകാരം ഡോബ്രൂജയുടെ തെക്കൻ ഭാഗങ്ങൾ റുമാനിയ ബൾഗേറിയയ്ക്ക് തിരിച്ചു നൽകി. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ മറ്റ് ഉടമ്പടികളും ഈ തീരുമാനത്തെ സാധൂകരിക്കുകയാണ് ഉണ്ടായത്. ഇന്ന് ഡോബ്രൂജ ബൾഗേറിയയുടേയും റുമാനിയയുടേയും ഭാഗമായാണ് നിലനിൽക്കുന്നത്.[5]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോബ്രൂജ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോബ്രൂജ&oldid=3725767" എന്ന താളിൽനിന്ന് ശേഖരിച്ചത്