Jump to content

ഡാന്യൂബ്

Coordinates: 45°13′3″N 29°45′41″E / 45.21750°N 29.76139°E / 45.21750; 29.76139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാന്യൂബ്
Donau, Dunaj, Duna, Dunav, Дунав, Dunărea, Дунáй (Dunay)
The Iron Gate, on the Romanian–Serbian border (Iron Gate natural park and Đerdap national park)
രാജ്യങ്ങൾ Germany, Austria, Slovakia, Hungary, Croatia, Serbia, Romania, Bulgaria, Moldova, Ukraine
പട്ടണങ്ങൾ Ulm, Regensburg, Passau, Vienna, Bratislava, Budapest, Vukovar, Novi Sad, Belgrade, Brăila, Galaţi
Primary source Brigach
 - സ്ഥാനം St. Georgen, Black Forest, Germany
 - ഉയരം 925 m (3,035 ft)
 - length 43 km (27 mi)
 - നിർദേശാങ്കം 48°05′44″N 08°09′18″E / 48.09556°N 8.15500°E / 48.09556; 8.15500
ദ്വിതീയ സ്രോതസ്സ് Breg
 - location Black Forest, Germany
 - ഉയരം 1,078 m (3,537 ft)
 - length 49 km (30 mi)
Source confluence
 - സ്ഥാനം Donaueschingen
അഴിമുഖം Danube Delta
 - നിർദേശാങ്കം 45°13′3″N 29°45′41″E / 45.21750°N 29.76139°E / 45.21750; 29.76139
നീളം 2,860 km (1,777 mi)
നദീതടം 817,000 km2 (315,445 sq mi)
Discharge for before delta
 - ശരാശരി 6,500 m3/s (229,545 cu ft/s)
Danube River

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ വോൾഗക്ക് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് ഡാന്യൂബ്. ജർമൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്കുദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ) സഞ്ചരിച്ച് ഒടുവിൽ ഉക്രൈനിലും റൊമേനിയയിലുമായി സ്ഥിതിചെയ്യുന്ന ഡാന്യൂബ് ഡെൽറ്റ വഴി കരിങ്കടലിൽ ചേരുന്നു.

ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ ബ്രിഗാച്, ബ്രെഗ് എന്നീ ചെറുനദികൾ കൂടിച്ചേരുന്ന സ്ഥലം

ജർമനി (7.5%), ഓസ്ട്രിയ (10.3%), സ്ലൊവാക്യ (5.8%), ഹംഗറി (11.7%), ക്രൊയേഷ്യ (4.5%), സെർബിയ (10.3%), റൊമാനിയ (28.9%), ബൾഗേറിയ (5.2%), മൊൾഡോവ (1.7%), ഉക്രെയിൻ (3.8%) എന്നീ പത്തുരാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. ഓരോ രാജ്യത്തിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇംഗ്ലീഷിലെ ഡാന്യൂബ് എന്ന പേർ പൊതുവേ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജർമനിയിലും ഓസ്ട്രിയയിലും 'ഡോനോ' (Donau), സ്ലോവാക്യയിൽ 'ഡ്യൂനജ്' (Dunaj), യുഗോസ്ലേവിയാ ബൽഗേറിയ എന്നിവിടങ്ങളിൽ 'ഡ്യൂനോ' (Donau), റൂമേനിയയിൽ 'ഡൂനറിയ' (Dunarea) തുടങ്ങിയ പേരുകളിൽ ഡാന്യൂബ് അറിയപ്പെടുന്നു. ഇതിന്റെ നീർത്തടം മറ്റ് ഒമ്പത് രാജ്യങ്ങളിലേക്കും വ്യാപിച്ച് കിടക്കുന്നു: ഇറ്റലി (0.15%), പോളണ്ട് (0.09%), സ്വിറ്റ്സർലാന്റ് (0.32%), ചെക്ക് റിപ്പബ്ലിക്ക് (2.6%), സ്ലൊവേനിയ (2.2%), ബോസ്നിയ ഹെർസെഗോവിന (4.8%), മൊണ്ടിനെഗ്രോ, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, അൽബേനിയ (0.03%).

വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകൾക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്രപ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നുപോകുന്നു. തുടക്കത്തിൽ കിഴക്ക്-വടക്ക് കിഴക്ക് ദിശയിലൊഴുകുന്ന ഡാന്യൂബ് സ്വാബിയൻ ജൂറാ മുറിച്ചു കടന്ന് ബവേറിയ സമതലത്തിലേക്കു പ്രവേശിക്കുന്നു. റീജൻസ്ബർഗിൽ വച്ച് കിഴക്ക്-തെക്കുകിഴക്ക് ദിശ സ്വീകരിക്കുന്ന നദി പസോയിൽ വച്ച് ഓസ്ട്രിയയിൽ പ്രവേശിക്കുന്നു. തുടർന്ന് ബൊഹിമിയൻ മലനിരകൾക്കും (വടക്ക്) ആൽപ്സിന്റെ വടക്കേയറ്റത്തുള്ള മലനിരകൾക്കും (തെക്ക്) ഇടയിലൂടെ പ്രവഹിക്കുന്നു. ഡാന്യൂബിന്റെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണിത്. വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന കുന്നിൻപുറങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. തുടർന്ന് നദി പ്രവഹിക്കുന്ന താഴ്‌വാരങ്ങളുടെ വീതി ക്രമേണ കൂടുകയും സമതലമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചതുപ്പ് പ്രദേശത്ത് എത്തുന്നതോടെ നിരവധി കൈവഴികളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. ചതുപ്പ് പ്രദേശത്തെ അതിജീവിക്കുന്നതോടെ വീണ്ടും ഒരു നദിയായി പ്രവഹിച്ച് തെക്കോട്ടൊഴുകി ഹംഗേറിയൻ മഹാസമതലത്തിൽ പ്രവേശിക്കുന്നു. തുടർന്ന് 190 കി.മീ. ദക്ഷിണദിശയിലൊഴുകുന്ന നദി യുഗോസ്ലേവിയൻ സമതലത്തിൽ എത്തിച്ചേരുന്നു. ഈ സമതലത്തിൽ വച്ച് ടിസോ, ഡ്രാവ, സാവ, മൊറാവ തുടങ്ങിയ പ്രധാന പോഷകനദികൾ ഡാന്യൂബിൽ സംഗമിക്കുന്നു. ഹംഗേറിയൻ സമതലത്തിന്റെ പൂർവ ഭാഗത്തുള്ള കാർപാത്ത്യൻ-ബാൾക്കൻ മലനിരകളെയും നദി മുറിച്ചു കടക്കുന്നുണ്ട്. സെർബിയയുടെയും റൊമേനിയയുടെയും അതിർത്തിയിലെ ഇടുങ്ങിയതും ചെങ്കുത്തായതുമായ ഈ താഴ്‌വരപ്രദേശത്തെ 'അയൺ ഗേറ്റ്' (Iron gate) എന്ന് വിശേഷിപ്പിക്കുന്നു. തുടർന്ന് 480 കിലോമീറ്ററോളം കിഴക്കോട്ടൊഴുകുന്ന ഡാന്യൂബ്, ബൾഗേറിയയിലെ സിലിസ്റ്റ്രയ്ക്കടുത്തുവച്ച് വടക്കോട്ട് ദിശമാറി വീണ്ടും കിഴക്കോട്ടു തിരിഞ്ഞ് ഡെൽറ്റ പ്രദേശത്ത് എത്തിച്ചേരുകയും, റുമേനിയ-ഉക്രെയ്നിയൻ അതിർത്തിക്കടുത്തുവച്ച് കരിങ്കടലിൽ നിപതിക്കുകയും ചെയ്യുന്നു. നദീമുഖത്തുള്ള വിശാലമായ ചതുപ്പുപ്രദേശത്തെ മൂന്നു കൈവഴികളായാണ് നദി മുറിച്ചു കടക്കുന്നത്.

ആൽപ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തിൽ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങൾ കനത്ത വേനൽ മഴയിൽ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാൽ, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബിൽ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയിൽ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്

മധ്യയൂറോപ്പിനും തെക്കുകിഴക്കൻ യൂറോപ്പിനുമിടയിലെ പ്രധാന ജലഗതാഗത പാതയായി വളരെ മുൻപു തന്നെ ഡാന്യൂബ് പ്രാധാന്യം നേടിയിരുന്നു. എന്നാൽ ശതകങ്ങളോളം ഈ മേഖലയിൽ സുഗമമായ ഗതാഗതം ലഭ്യമായിരുന്നില്ല. നദീതീരത്തെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയായിരുന്നു ഇതിനു കാരണം 'അം' മുതൽ സമുദ്രം വരെയുള്ള നദീഭാഗം ഗതാഗതയോഗ്യമാണെങ്കിലും റീജൻസ്ബർഗിനു മുമ്പുള്ള ഭാഗങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. ശൈത്യകാലത്തെ മഞ്ഞുറയലും ജലനിരപ്പിനുണ്ടാകുന്ന ഏറ്റക്കുറച്ചിലുമാണ് ഗതാഗതത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നത്. ഒരു പ്രധാന വാണിജ്യപാത എന്ന നിലയിലും ഡാന്യൂബ് പ്രസിദ്ധി നേടിയിട്ടുണ്ട്. നദിയുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ വാണിജ്യത്തിൽ മുഖ്യപങ്കാണ് ഡാന്യൂബിനുള്ളത്. ഡാന്യൂബിനെ മറ്റു യൂറോപ്യൻ നദികളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന പദ്ധതികൾ നിലവിലുണ്ട്. ഡാന്യൂബിനെ റൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. രണ്ടാമത്തേത് ഒരു കനാൽ മാർഗ്ഗം നദിയെ പോളണ്ടിലെ ഓഡർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും.

ഡാന്യൂബ് സെർബിയയുടെയും റുമേനിയയുടെയും അതിർത്തിയിലെ അയൺ ഗേറ്റ് താഴ്വരപ്രദേശത്തിൽ


റുമേനിയയിലെ ബ്രൈല (Braila) യ്ക്കു ശേഷം വരുന്ന നദീഭാഗങ്ങൾ 1856-ലും മുഴുവൻ നദീഭാഗങ്ങൾ ഒന്നാം ലോക യുദ്ധത്തിനു ശേഷവും അന്തരാഷ്ട്ര നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിന്റെ ആരംഭത്തിൽ ഡാന്യൂബിൻമേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ജർമനി നിർത്തലാക്കി. 1947-ൽ ഡാന്യൂബിയൻ രാജ്യങ്ങൾ ഒപ്പുവച്ച സമാധാന ഉടമ്പടികൾ നദിയിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു. 1948 ആഗ. 18-ലെ ബെൽഗ്രേഡ് സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ 1949-ൽ ഡാന്യൂബ് കമ്മീഷൻ രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് 'അയൺ ഗേറ്റിനും', 'മാരിറ്റൈം' ഭാഗങ്ങൾക്കുമായി പ്രത്യേക ഭരണ സംവിധാനങ്ങൾ നിലവിൽവന്നു. ഓസ്ട്രിയ, ബൾഗേറിയ, ഹംഗറി, റുമേനിയ, റഷ്യ, സ്ലോവാക്യ, ഉക്രെയ് ൻ സെർബിയ ,ബോസ്നിയ ഹെർസെഗോവിന ,ക്രൊയേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് കമ്മീഷൻ. ക്രൊയേഷ്യ, ജർമനി, മൊൾഡാവ എന്നീ രാജ്യങ്ങൾക്ക് നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്. ബെൽഗ്രേഡ് സമ്മേളന നിർദ്ദേശങ്ങളുടെ പാലനം, ഗതാഗതയോഗ്യമായ എല്ലാ ഡാന്യൂബിയൻ ജലപാതകളിൽ മേലുള്ള ഏകീകൃത പ്ലവന വ്യവസ്ഥിതി (Uni-form buoying system), നദികളിലെ ഗതാഗതത്തിനാവശ്യമായ അടിസ്ഥാന നിയമ വ്യവസ്ഥകൾ എന്നിവ പരിശോധിക്കുകയാണ് ഈ കമ്മിഷന്റെ പ്രധാന ദൗത്യങ്ങൾ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാന്യൂബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാന്യൂബ്&oldid=3116336" എന്ന താളിൽനിന്ന് ശേഖരിച്ചത്