Jump to content

ജോർജ്ജ് ബെർക്ക്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് ബെർക്ക്‌ലി
ജോൺ സ്മിബേർട്ട് വരച്ച ജോർജ്ജ് ബെർക്ക്‌ലിയുടെ ചിത്രം - ലണ്ടണിലെ നാഷനൽ ഗാലറിയിലാണ് ഇപ്പോൾ ഇതുള്ളത്
ജനനം(1685-03-12)12 മാർച്ച് 1685,
Thomastown, County Kilkenny, Ireland
മരണം14 ജനുവരി 1753(1753-01-14) (പ്രായം 67)
Oxford, England, Great Britain
ദേശീയതIrish
കാലഘട്ടം18-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരIdealism, Empiricism
പ്രധാന താത്പര്യങ്ങൾChristianity, Metaphysics, Epistemology, Language, Mathematics, Perception
ശ്രദ്ധേയമായ ആശയങ്ങൾSubjective idealism, master argument
സ്വാധീനിച്ചവർ

പതിനെട്ടാം നൂറ്റാണ്ടിലെ (ജനനം 12 മാർച്ച് 1685; മരണം 14 ജനുവർ 1753) ഒരു അംഗല-ഐറിഷ് ദാർശനികനും മെത്രാനുമായിരുന്നു ജോർജ്ജ് ബെർക്ക്‌ലി. ബെർക്ക്‌ലി മെത്രാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. "അഭൗതികവാദം" (immaterialism) എന്ന് അദ്ദേഹവും, ആത്മനിഷ്ട ആശയവാദമെന്നു (subjective idealism) പിൽക്കാലത്ത് മറ്റുള്ളവരും വിളിച്ച ഒരു സിദ്ധാന്തമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ സംഭാവന. വസ്തുക്കളുടെ ഉണ്മയെ ആപേക്ഷികമായി കാണുന്ന ഈ സിദ്ധാന്തം, മേശയും കസേരയും പോലെ ചിരപരിചിതമായവയടക്കം സകല വസ്തുക്കളും ഗ്രഹിക്കുന്നവരുടെ മനസ്സിലെ ആശയങ്ങളാണെന്നും ഗ്രഹിക്കപ്പെടാതിരിക്കുമ്പോൾ അവയ്ക്ക് നിലനില്പില്ലെന്നും വാദിക്കുന്നു. വസ്തുക്കളെ സംബന്ധിച്ചടുത്തോളം "ഉണ്ടായിരിക്കൽ ഗ്രഹിക്കപ്പെടലാണ്" ("esse est percipi") എന്നാണ് സ്വന്തം സിദ്ധാന്തം ബെർക്ക്‌ലി തന്നെ സംഗ്രഹിച്ചത്. അമൂർത്തതയുടെ നിരൂപണത്തിന്റെ (critique of abstraction) പേരിലും ബെർക്ക്‌ലി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ അഭൗതികവാദത്തിന്റെ ഒരു മുഖ്യഘടകമാണത്.[1]

1709-ൽ ബെർക്ക്‌ലി "കാഴ്ചയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തിനു വഴിതെളിക്കുന്ന പ്രബന്ധം" (An Essay towards a New Theory of Vision) എന്ന ആദ്യത്തെ പ്രധാന രചന പ്രസിദ്ധീകരിച്ചു. മനുഷ്യദർശനത്തിന്റെ പരിമിതികൾ പരിശോധിച്ച ആ രചനയിൽ ബെർക്ക്‌ലി, കാഴ്ചയുടെ വിഷയമായിരിക്കുന്നത് മൂർത്തവസ്തുക്കളല്ലെന്നും, പ്രകാശവും നിറങ്ങളുമാണെന്നും വാദിച്ചു. 1710-ൽ പ്രസിദ്ധീകരിച്ച "മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങളുടെ നിബന്ധം" (A Treatise Concerning the Principles of Human Knowledge) എന്ന മുഖ്യകൃതിയുടെ മുന്നോടിയായിരുന്നു ഇത്. നിബന്ധത്തിനു ലഭിച്ച തണുപ്പൻ സ്വീകൃതിയെ തുടർന്ന് ബെർക്ക്‌ലി അതിനെ, "ഹൈലാസും ഫിലോണസും തമ്മിലുള്ള മൂന്നു സംവാദങ്ങൾ" ([Three Dialogues between Hylas and Philonous) എന്ന പേരിൽ സംഭാഷണരൂപത്തിൽ തിരുത്തിയെഴുതി 1713-ൽ വീണ്ടും പ്രസിദ്ധീകരിച്ചു.[2] ഈ കൃതിയിൽ ബെർക്ക്‌ലിയുടെ നിലപാടിനെ പ്രതിനിധിയായി പ്രത്യക്ഷപ്പെട്ടത് 'ഫിലോണിയസിന്റെ പേരിന് ഗ്രീക്കിൽ 'മനസ്സിന്റെ സ്നേഹിതൻ' എന്നാണർത്ഥം. പദാർത്ഥത്തെ സൂചിപ്പിക്കുന്ന പേരുള്ള 'ഹൈലാസ്', ബെർക്ക്‌ലിയുടെ പ്രതിയോഗികളായ ജോൺ ലോക്കിനെപ്പോലുള്ളവരെ പ്രതിനിധീകരിച്ചു.

"ചലനത്തെക്കുറിച്ച്" (De Motu) എന്ന കൃതിയിൽ ബെർക്ക്‌ലി സ്ഥല-കാല-ചലനങ്ങളുടെ വാസ്തവികതയെ സംബന്ധിച്ച ന്യൂട്ടന്റെ സങ്കല്പങ്ങളെ വിമർശിച്ചു.[3] ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ഏൺസ്റ്റ് മാക്കിന്റേയും ആൽബർട്ട് ഐൻസ്റ്റീന്റേയും കണ്ടെത്തലുകളുടെ പൂർവദർശനമായിരുന്നു.[4] 1732-ൽ ബെർക്ക്‌ലി പ്രസിദ്ധീകരിച്ച "അൽസിഫ്രോൺ" എന്ന കൃതി സ്വതന്ത്രചിന്തകന്മാർക്കെതിരെ ക്രിസ്തീയവിശ്വാസത്തിന്റെ പക്ഷം വാദിച്ചു. 1734-ൽ പ്രസിദ്ധീകരിച്ച "ദ് അനലിസ്റ്റ്" എന്ന രചനയിൽ ബെർക്ക്‌ലി, അതിസൂക്ഷ്മകാൽക്കുലസിന്റെ (Infinitesimal Calculus) അടിസ്ഥാനസങ്കല്പങ്ങളെ അനുഭവൈകവാദനിലപാടിൽ നിന്നു വിമർശിച്ചു. ബെർക്ക്‌ലിയുടെ ഏറ്റവും അവസാനത്തെ ദാർശനികരചനയായ 'സിറിസ്', പൈൻടാർ വെള്ളത്തിന്റെ ഔഷധോപയോഗത്തിനു വേണ്ടിയുള്ള വാദത്തിൽ തുടങ്ങി, ഭൗതികശാസ്ത്രത്തിലേയും, ദർശനത്തിലേയും, ദൈവശാസ്ത്രത്തിലേയും ഒട്ടേറെ വിഷയങ്ങൾ ചർച്ചചെയ്യുന്നു.

ജീവിതം

[തിരുത്തുക]

അയർലണ്ടിലെ കിൽകെന്നി പ്രവിശ്യയിലുള്ള തോമസ്ടൗണിനത്ത്, ബെർക്ക്‌ലിമാരുടെ കുടുംബവീടായ ഡൈസാർട്ട് കാസിലിൽ ആണ് ജോർജ്ജ് ബെർക്ക്‌ലി ജനിച്ചത്. കിൽക്കെന്നി കോളേജിൽ പ്രാധമികവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ ചേർന്ന് 1707-ൽ മാസ്റ്റേഴ്സ് ബിരുദം നേടി. പഠനം പൂർത്തിയാക്കിയതിനു ശേഷവും അദ്ദേഹം ട്രിനിനിറ്റി കോളേജിൽ പരിശീലകനും ഗ്രീക്ക് ട്യൂട്ടറുമായി തുടർന്നു.

ബെർക്ക്‌ലിയുടെ ആദ്യരചന ഗണിതശാസ്ത്രവിഷയകമായിരുന്നു. എന്നാൽ അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്, 1709-ൽ പ്രസിദ്ധീകരിച്ച "കാഴ്ചയെ സംബന്ധിക്കുന്ന സിദ്ധാന്തത്തിനു വഴിതുറക്കുന്നു പ്രബന്ധം" ആയിരുന്നു. ഈ രചനയിൽ ബെർക്ക്‌ലി ദൂരം, വ്യാപ്തി, സ്ഥാനം എന്നു തുടങ്ങി കാഴ്ചയും സ്പർശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഗണിച്ചു. അക്കാലത്ത് ഏറെ വിവാദമുണർത്തിയ ആ കൃതിയിലെ നിഗമങ്ങൾ, ഇപ്പോൾ ദർശനശാസ്ത്രത്തിന്റെ(optics) ഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അടുത്തതായി അദ്ദേഹം പ്രസിദ്ധീകരിച്ചത് "മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങളെ സംബന്ധിച്ച നിബന്ധം" ആയിരുന്നു. 1710-ൽ വെളിച്ചം കണ്ട ആ കൃതിയുടെ തണുപ്പൻ സ്വീകരണത്തെ തുടർന്ന് അതു തന്നെ അദ്ദേഹം 1713-ൽ "ഹൈലാസും ഫിലോണസും തമ്മിലുള്ള മൂന്നു സംവാദങ്ങൾ" എന്ന പേരിൽ സംഭാഷണരൂപത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ദ്രിയങ്ങൾ വഴി നാം ഗ്രഹിക്കുന്ന ലോകത്തിന് നമ്മുടെ സംവേദനത്തിനു പുറത്ത് നിലനില്പില്ല എന്ന തന്റെ പേരുകേട്ട സിദ്ധാന്തം ബെർക്ക്‌ലി അവതരിപ്പിച്ചത് ഈ കൃതികളിലാണ്. ആദ്യഗ്രന്ഥം ഈ സിദ്ധാന്തത്തിന്റെ അവതരണവും രണ്ടാം ഗ്രന്ഥം അതുയർത്തിയേക്കാവുന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമാണ്. അക്കാലത്ത് പ്രചരിച്ചുകൊണ്ടിരുന്ന ഭൗതികവാദത്തെ നേരിടുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ് ബെർക്ക്‌ലി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാൽ അതു പൊതുവേ സ്വീകരിക്കപ്പെട്ടത് പരിഹാസപൂർവമാണ്. ബെർക്ക്‌ലിയുടെ അസാമാന്യമായ പ്രതിഭ തിരിച്ചറിഞ്ഞ സാമുവേൽ ക്ലാർക്കിനേയും വില്യം വിസ്റ്റണേയും പോലുള്ളവർ തന്നെയും അതിൽ പരമാർത്ഥം കണ്ടില്ല.

താമസിയാതെ ഇംഗ്ലണ്ട് സന്ദർശിച്ച ബെർക്ക്‌ലി, ജോസഫ് അഡിസൻ, അലക്സാണ്ടർ പോപ്പ്, റിച്ചാർഡ് സ്റ്റീൽ തുടങ്ങിയവരുടെ സുഹൃദ്സംഘത്തിൽ സ്വീകരിക്കപ്പെട്ടു. 1714 മുതൽ 1720 വരെയുള്ള കാലം ബെർക്ക്‌ലി ചെലവഴിച്ചത്, അക്കാദമിക വ്യാപാരങ്ങളും യൂറോപ്പിലുടനീളമുള്ള ദീർഘയാത്രകളുമായാണ്. പ്രത്യേകിച്ച് അദ്ദേഹം ഇറ്റലിയുടെ മുക്കും മൂലയും ചുറ്റിക്കറങ്ങി. 1721-ൽ ഐറിഷ് സഭയിൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും സമ്പാദിച്ചു. വീണ്ടും അദ്ദേഹം ഡബ്ലിൻ സർവകലാശാലയിൽ അദ്ധ്യാപകനായി. ഇത്തവണ പഠിപ്പിച്ചത് എബ്രായ ഭാഷ ആയിരുന്നു. 1724-ൽ അദ്ദേഹം അയർലണ്ടിലെ ഡെറി കലാശാലയുടെ അധിപനായി 1000 പൗണ്ട് ശമ്പളത്തോടെ നിയമിക്കപ്പെട്ടു.

ബെർക്ക്‌ലി, മറ്റൊരു ചിത്രം'

1725-ൽ ബ്രിട്ടീഷ് കോളണിയായ ബെർമുഡായിൽ, തദ്ദേശവാസികൾക്കു വേണ്ടി മിഷനറിമാരേയും പുരോഹിതരേയും പരിശീലിപ്പിക്കാനുള്ള ഒരു കലാലയം തുടങ്ങാൻ പദ്ധതിയട്ട ബെർക്ക്‌ലി ഡെറിയിലെ ജോലി ഉപേക്ഷിച്ചു.

1728-ൽ അയർലണ്ടിലെ മുഖ്യ ന്യായാധിപന്റെ മകളായിരുന്ന ആനി ഫോസ്റ്ററെ ബെർക്ക്‌ലി വിവാഹം കഴിച്ചു. തുടർന്ന് ബെർമുഡായിലെ പദ്ധതി നടപ്പാക്കാനായി അദ്ദേഹം അമേരിക്കയിലേക്കു യാത്രതിരിച്ചു. റോഡ് ഐലന്റിലെ ന്യൂപോർട്ടിൽ ഒരു തോട്ടം വിലക്കുവാങ്ങി താമസമാക്കിയ ബെർക്ക്‌ലി, ബെർമുഡായിലെ കലാലയം തുടങ്ങാൻ സർക്കാർ വാഗ്ദാനം ചെയ്തിരുന്ന 20,000 പൗണ്ട് വരുന്നതു കാത്തിരുന്നു. ആ പണം പക്ഷേ വന്നതേയില്ല. ഒടുവിൽ 1732-ൽ, 33 മാസത്തെ അമേരിക്കൻ ജീവിതത്തിനു ശേഷം ബെർക്ക്‌ലി ലണ്ടണിലേക്കു പോയി. അവിടെ സാവിൽ തെരുവിൽ താമസിക്കുമ്പോൾ, തിരസ്കൃതരായ കുഞ്ഞുങ്ങൾക്കായി ഒരു ഭവനം നിർമ്മിക്കാനുള്ള പദ്ധതിയുമായി ബെർക്ക്‌ലി സഹകരിച്ചു. ആ സ്ഥാപനത്തിന്റെ രക്ഷാധികാരികളിൽ ഒരാളായിരുന്നു അദ്ദേഹം. 1734-ൽ അദ്ദേഹം അയർലണ്ടിലെ ക്ലൊയ്നേയിലെ മെത്രാനായി നിയമിക്കപ്പെട്ടു. താമസിയാതെ ബെർക്ക്‌ലി, റോഡ് ഐലന്റിൽ വച്ചെഴുതിയ "അൽസിഫ്രോൺ", "ദ് ക്വീറിസ്റ്റ്" എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.

അവസാനകാലത്തു പ്രസിദ്ധീകരിച്ച 'സിറിസ്' (1744) "താർ വെള്ളത്തെക്കുറിച്ചുള്ള ചിന്തകളുടെ തുടർച്ച" (1752) എന്നീ കൃതികളിൽ ബെർക്ക്‌ലി പൈന്മരപ്പശയുടെ വൈദ്യശാസ്ത്രപരമായ ഉപയോഗത്തേയും മറ്റും പറ്റിയുള്ള ദാർശനിക നിരീക്ഷണങ്ങളാണ് അവതരിപ്പിച്ചത്. മുറിവുകളിലും മറ്റും അണുപ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന പൈന്മരപ്പശയെ ഒരു തരം സർവരോഗസംഹാരിയായി അവതരിപ്പിക്കുകയാണ് ഈ കൃതികളിൽ ബെർക്ക്‌ലി ചെയ്തത്. ഈ വിഷയത്തിൽ 1744-ൽ പ്രസിദ്ധീകരിച്ച 'സിറിസ്' എന്ന ആദ്യഗ്രന്ഥമായിരുന്നു ബെർക്ക്‌ലിയുടെ കൃതികളിൽ ജീവിതകാലത്ത് ഏറ്റവുമേറെ പ്രചാരം കൈവരിച്ചതെന്ന് പറയപ്പെടുന്നു.[5]

1752 വരെ ക്ലോയ്നേയിൽ തുടർന്ന അദ്ദേഹം മെത്രാൻ സ്ഥാനത്തു നിന്നു നിവൃത്തിനേടിക്കഴിഞ്ഞ് ഓക്സ്ഫോർഡിൽ മകനോടൊപ്പം ജീവിച്ചു. ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് ഭദ്രാസനപ്പള്ളിയിലാണ് ബെർക്ക്‌ലിയെ സംസ്കരിച്ചിരിക്കുന്നത്. ഊഷ്മളപ്രകൃതിയും ആകർഷകമായ പെരുമാറ്റവും അദ്ദേഹത്തെ പൊതുവേ എല്ലാവർക്കും ഇഷ്ടപ്പെട്ടവനാക്കി.

ബെർക്ക്‌ലിയുടെ ചിന്ത

[തിരുത്തുക]

"കാഴ്ചയെ സംബന്ധിച്ച പുതിയ സിദ്ധാന്തവും" മനുഷ്യജ്ഞാനത്തെക്കുറിച്ചുള്ള "അഭൗതികവാദവും" അവതരിപ്പിക്കുമ്പോൾ ബെർക്ക്‌ലിക്ക് 29 വയസ്സു തികഞ്ഞിരുന്നില്ല. ഇവയിൽ ആദ്യത്തേത് മനഃശാസ്ത്രത്തിനും ദർശനശാസ്ത്രത്തിനും(optics) ലഭിച്ച വിലപ്പെട്ട സംഭാവന ആയിരുന്നു. അഭൗതികവാദം തുടക്കം മുതലേ വിവാദപരമായിരുന്നെങ്കിലും ദാർശനികലോകത്ത് വലിയ ചലനം സൃഷ്ടിച്ചു.[1]

കാഴ്ചയുടെ സിദ്ധാന്തം

[തിരുത്തുക]

ജനനം മുതൽ അന്ധനായിരുന്ന ശേഷം പെട്ടെന്ന് കാഴ്ച കിട്ടുന്ന ഒരാൾക്ക്, ഒരേ വസ്തു ഉപയോഗിച്ച് ഒരേ വലിപ്പത്തിൽ ഉണ്ടാക്കിയിട്ടുള്ള സമചതുരക്കട്ടയേയും(cube) ഗോളത്തേയും കാഴ്ചകൊണ്ടു മാത്രം വേർതിരിച്ചറിയാനാകുമോ എന്ന ചോദ്യം ഡബ്ലിൻ ട്രിനിറ്റി കലാലയത്തിലെ അദ്ധ്യാപകൻ വില്യം മോളിനെക്സ് ഉന്നയിച്ചതായി ജോൺ ലോക്ക് "മനുഷ്യഗ്രഹണത്തെ സംബന്ധിച്ച പ്രബന്ധം"(An Essay concerning Human Understanding) എന്ന പ്രഖ്യാതകൃതിയിൽ എഴുതിയിരുന്നു. അയാൾക്ക് അവയെ തിരിച്ചറിയാനാവില്ല എന്ന കാര്യത്തിൽ താനും മോളിനക്സും യോജിച്ചതായും ലോക്ക് എഴുതി. ബെർക്ക്‌ലിയെ കാഴ്ചയുടെ സിദ്ധാന്തത്തിലേക്കു നയിച്ചത് ഈ ചോദ്യവും ഉത്തരവുമാണ്. മോളിനെക്സിന്റേയും ലോക്കിന്റേയും ഉത്തരത്തോടു യോജിച്ച ബെർക്ക്‌ലി, സ്പർശനം വഴിയുള്ള തിരുത്തൽ അടങ്ങാത്ത വെറും കാഴ്ച നമുക്ക് വസ്തുക്കൾക്കിടയിലുള്ള ദൂരത്തിന്റേയോ അവയുടെ വലിപ്പം, ആപേക്ഷികസ്ഥാനങ്ങൾ, ചലനം എന്നിവയുടേയോ അറിവു നൽകുന്നില്ലെന്നു കൂടി വാദിച്ചു. കാഴ്ചകളുടെ നിരന്തരാനുഭവം നൽകുന്ന പരിചയം, സ്പർശനത്തിന്റെ തിരുത്തലിനെ തൽക്ഷണമാക്കിത്തീർക്കുകയും വസ്തുക്കളുടെ ദൂര-രൂപ-സ്ഥാന-ചലനങ്ങളെ, കാഴ്ചയിൽ, സ്പർശിച്ചാലെന്നപോലെ ഗ്രഹിക്കാനുള്ള കഴിവ് നാം ക്രമേണ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ സ്ഥലമെന്നത് സ്പർശ-ദർശനങ്ങളിലുടെയുള്ള ഗ്രഹണത്തിന്റെ ഏകീകരണത്തെ സഹായിക്കാനുള്ള മനസ്സിന്റെ നിർമ്മിതി (construct of the mind) മാത്രമാണെന്ന് ബെർക്ക്‌ലി കണ്ടെത്തി.

അഭൗതികവാദം

[തിരുത്തുക]

ബെർക്ക്‌ലിയുടെ മുഖ്യസംഭാവനയായി കരുതപ്പെടുന്ന 'അഭൗതികവാദത്തിനു' പശ്ചാത്തലമൊരുക്കിയതും മനുഷ്യഗ്രഹണത്തെ സംബന്ധിച്ച ജോൺ ലോക്കിന്റെ പ്രബന്ധത്തിലെ ആശയങ്ങളാണ്. എല്ലാ അറിവും ലഭിക്കുന്നത് ഗ്രഹണേന്ദ്രിയങ്ങളിലൂടെയാണെന്നായിരുന്നു അനുഭവൈകവാദിയായ(Empiricist) ലോക്കിന്റെ നിലപാട്. എല്ലാ ഗ്രഹണവും ഇന്ദ്രിയങ്ങളിലൂടെയാണെങ്കിൽ ഗ്രഹണത്തിനപ്പുറത്ത് ഒന്നിനും നിലനില്പില്ലെന്നും "ഉണ്ടായിരിക്കുകയെന്നാൽ ഗ്രഹിക്കപ്പെടുക എന്നു തന്നെയാണർത്ഥം" (esse est percipi) എന്നും ബെർക്ക്‌ലി വാദിച്ചു. ഭൗതികവസ്തുക്കൾ ഉണ്ടായിരിക്കുന്നത് ഗ്രഹിക്കപ്പെടുന്നതിലൂടെയാണ്. മനുഷ്യജ്ഞാനത്തെ സംബന്ധിച്ച പ്രബന്ധത്തിൽ തന്റെ നിലപാടിനെ ബെർക്ക്‌ലി ഇങ്ങനെ വിശദീകരിച്ചു:-


എല്ലാത്തിന്റേയും നിലനില്പ് മനസ്സിന്റേയും ആശയങ്ങളുടേയും ലോകത്തിലാണെന്നു വാദിച്ചപ്പോൾ ബെർക്ക്‌ലി ബാഹ്യലോകത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിച്ചില്ല. ആ ലോകത്തിന്റെ പദാർത്ഥികതയെ (materiality) മാത്രമാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. ഒരു മരമോ മറ്റേതെങ്കിലും വസ്തുവോ ആരും കാണാതിരിക്കുമ്പോൾ ഇല്ലാതിരിക്കുമോ എന്ന വിമർശനത്തിന് ബെർക്ക്‌ലി പറഞ്ഞ മറുപടി എല്ലാം എപ്പോഴും ദൈവത്തിന്റെ കാഴ്ചയിലുണ്ട് എന്നായിരുന്നു. ദൈവം ഇല്ലായിരുന്നെങ്കിൽ വസ്തുക്കളുടെ ഉണ്മയ്ക്ക് നൈരന്തര്യം ഉണ്ടാകുമായിരുന്നില്ല. ഓരോന്നും ആരെങ്കിലും ദർശിക്കുമ്പോൾ മാത്രം ഉണ്ടാവുകയും അല്ലാത്തപ്പോൾ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ ഇടവേളയില്ലാത്ത വീക്ഷണം മൂലം വസ്തുക്കൾ, നമ്മുടെ സാമാന്യബുദ്ധി കരുതുന്ന വിധത്തിൽ ഉണ്മയുടെ നൈരന്തര്യം ഉള്ളവയായിരിക്കുന്നു. ദൈവാസ്തിത്വത്തിനുള്ള ഒരു വലിയ തെളിവായി ബെർക്ക്‌ലി ഇതിനെ കണക്കാക്കി.[7]

വിമർശനം

[തിരുത്തുക]

ബെർക്ക്‌ലിയുടെ സമകാലീനർ പൊതുവേ, അദ്ദേഹത്തിന്റെ അഭൗതികവാദത്തെ ഒരു ഐറിഷ് ഫലിതമായി കണക്കാക്കി തള്ളിക്കളഞ്ഞു. ബുദ്ധിമാനായ ബെർക്ക്‌ലിയുടെ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുക വയ്യെങ്കിലും, പദാർത്ഥം കൊണ്ടു നിർമ്മിച്ചതെന്നു അബദ്ധമായാണെങ്കിലും താൻ കരുതുന്ന ശരീരത്തെ നേരേ ചൊവ്വേ നിലനിർത്താനായി തിന്നുന്നതും കുടിക്കുന്നതും നടക്കുന്നതും മറ്റും തുടരാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് ചെസ്റ്റർഫീൽഡ് പ്രഭു സ്വന്തം മകന് എഴുതി. ബെർക്ക്‌ലിയുടെ കാലത്ത് ഇംഗ്ലീഷ് സാഹിത്യലോകത്തിലെ കുലപതിയായിരുന്ന സാമുവൽ ജോൺസൺ അഭൗതികവാദത്തോടു പ്രതികരിച്ചതെങ്ങനെയെന്ന് ജോൺസന്റെ ജീവചരിത്രകാരൻ ബോസ്വെൽ വിവരിക്കുന്നുണ്ട്. ഒരു ഞായറാഴ്ചദിവസം പള്ളിയിൽ നിന്നിറങ്ങി വരുമ്പോഴാണ് ബോസ്വെൽ ഈ വിഷയത്തിൽ ജോൺസന്റെ പ്രതികരണം ആരാഞ്ഞത്:-

ഇതൊക്കെയാണെങ്കിലും ബെർക്ക്‌ലിയുടെ ആശയങ്ങൾ, പതിനെട്ടാം നൂറ്റാണ്ടിലും പിന്നീടും തത്ത്വചിന്തയുടെ ലോകത്തെ നിർണ്ണായകമായി സ്വാധീനിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളോടു യോജിച്ചവരിൽ പലരും അവയെ ആശ്രയിച്ച് അദ്ദേഹം എത്തിച്ചേർന്ന നിഗമനങ്ങൾ പിന്തുടർന്നില്ല. ദൃശ്യവസ്തുക്കൾ എന്ന പോലെ മനസ്സു തന്നെ മനസ്സിന്റെ നിർമ്മിതിയാണെന്ന് വാദിച്ച ഡേവിഡ് ഹ്യൂമിനെപ്പോലുള്ളവർ ബെർക്ക്‌ലിയുടെ ചിന്തയെ അദ്ദേഹത്തിന്റേതിനു നേർവിപരീതമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. ക്രിസ്തീയവിശ്വാസത്തെ ബലപ്പെടുത്താനായി ബെർക്ക്‌ലി ആവിഷ്കരിച്ച ആശയങ്ങൾ അങ്ങനെ സന്ദേഹവാദത്തിന്റെ ഉപകരണമായി.

ബെർക്ക്‌ലിയുടെ അഭൗതികവാദത്തെ അംഗീകരിക്കാതിരുന്നവർ പോലും അദ്ദേഹത്തിന്റെ രചനാവൈഭവം എടുത്തുപറയുന്നു. ശൈലിയുടെ സൗന്ദര്യം കൊണ്ട് വായനക്കാരെ ആകർഷിച്ച എഴുത്തുകാരനെന്ന് അദ്ദേഹത്തെ ബെർട്രാൻഡ് റസ്സൽ വിശേഷിപ്പിക്കുന്നു.[7] പ്ലേറ്റോയ്ക്കു ശേഷം ആരും ഇത്ര സുന്ദരമായി 'അസംബന്ധം' എഴുതിയിട്ടില്ല എന്നാണ് വിൽ, ഏരിയർ ഡുറാന്റുമാരുടെ 'പ്രശംസ'.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ലൂയി 14-ആമന്റെ യുഗം (പുറങ്ങൾ 593-97) സംസ്കാരത്തിന്റെ കഥ എട്ടാം ഭാഗം, വിൽ ഏരിയൽ ഡുറാന്റുമാർ
  2. Turbayne, C. M. (Sep, 1959). "Berkeley's Two Concepts of Mind". Philosophy and Phenomenological Research. 20 (1): 85–92. {{cite journal}}: Check date values in: |date= (help)
    Repr. in Engle, Gale; Taylor, Gabriele (1968). Berkeley's Principles of Human Knowledge: Critical Studies. Belmont, CA: Wadsworth. pp. 24–33. In this collection of essays, Turbayne’s work comprised two papers that had been published in Philosophy and Phenomenological Research:
  3. Berkeley's Philosophical Writings, New York: Collier, 1974, Library of Congress Catalog Card Number: 64-22680
  4. The New Encyclopedia Britannica, Micropædia, Vol. 2, Chicago, 2007
  5. See Stanford Encyclopedia of Philosophy
  6. "മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങൾ", ജോർജ്ജ് ബെർക്ക്‌ലി, "തത്ത്വചിന്തയിലെ അടിസ്ഥാനപ്രശ്നങ്ങളുടെ തെരഞ്ഞെടുത്ത വായന" by Daniel J Bronstein, Yervant H. Krikorian, Philip P. Wiener(Department of Philosophy, college of the City of New York,(പുറങ്ങൾ 363-72)
  7. 7.0 7.1 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, അദ്ധ്യായം 16 (പുറങ്ങൾ 647-59)
  8. ജെയിംസ് ബോസ്വെൽ, സമുവൽ ജോൺസന്റെ ജീവിതം, William Benton, Publisher Encyclopedia Britannica, Inc. (പുറം 134)
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ബെർക്ക്‌ലി&oldid=3779025" എന്ന താളിൽനിന്ന് ശേഖരിച്ചത്