ജി.എൻ. രാമചന്ദ്രൻ
ജി.എൻ. രാമചന്ദ്രൻ | |
---|---|
ജനനം | 1922 ഒക്റ്റോബർ 8 |
മരണം | 2001 ഏപ്രിൽ 7 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശാസ്ത്രജ്ഞൻ |
അറിയപ്പെടുന്നത് | കൊളാജൻ ട്രിപിൾ ഹെലിക്സ് ഘടന; രാമചന്ദ്രൻ പ്ലോട്ട് |
കൊളാജൻ എന്ന പ്രോട്ടീൻറെ ഘടന ട്രിപ്പിൾ ഹെലിക്‌സ് മാതൃകയിലാണെന്ന് ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ് ജി.എൻ. രാമചന്ദ്രൻ (ഒക്ടോബർ 8, 1922 - ഏപ്രിൽ 7, 2001)[1] ,[2]. ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന് മുഴുവൻ പേര്. ഇരുപതാം നൂറ്റാണ്ടിൽ ഭാരതം കണ്ട പ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങൾ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തർ വൈജാഞാനിക (Inter Disciplinary) മേഖലകളിൽ സവിശേഷശ്രദ്ധ പതിപ്പിച്ചു.
ബാല്യം, വിദ്യാഭ്യാസം
[തിരുത്തുക]ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആർ. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബർ എട്ടിന് കൊച്ചിയിൽ ജനിച്ചു. ജി.ആർ. നാരായണ അയ്യർ പിന്നീട് എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പളായും (1944-1947,1948-50) സേവനമനുഷ്ഠിച്ചു. [3],[4]
1939 ൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഇന്റർമീഡിയേറ്റ് പാസായശേഷം, രാമചന്ദ്രൻ തിരുച്ചിറപ്പള്ളിയിലെ സെൻറ് ജോസഫ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നു. അതിനുശേഷം1942 ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്‌ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നെങ്കിലും സർ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക് തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായി മാറാൻ രാമചന്ദ്രന് കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന് മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദം നേടി. തുടർന്ന് സി.വി.രാമന്റെ കീഴിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി. 1947 മുതൽ 1949 വരെ കേംബ്രിജ് സർവകലാശാലയിലെ കാവൻഡിഷ് ലബോറട്ടറിയിൽ തുടർപഠനത്തിന് സ്‌കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു.
ഔദ്യോഗിക പദവികൾ
[തിരുത്തുക]കാവൻഡിഷ് ലബോറട്ടറിയിലെ തുടർപഠനത്തിനു രണ്ടാമത്തെ ഡോക്‌ടറേറ്റ് കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജിൽ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ലിനസ് പോളിങ്ങുമായി സൗഹൃദത്തിലായത് പിന്നീടുള്ള പഠനഗവേഷണങ്ങൾക്ക് സഹായകമായി. എക്‌സ്‌റേയുടെ പ്രതിഫലനം മൂലം ഖരപദാർത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.
മദ്രാസ് സർവകലാശാലയിൽ
[തിരുത്തുക]1952 ൽ മദ്രാസ് സർവകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യം നൽകി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാൻ ക്ഷണിച്ചു. എന്നാൽ സി.വി.രാമൻ തനിക്ക് ചേരാനാകില്ലെന്ന നിസ്സഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എൻ. രാമചന്ദ്രന്റെ പേര് നിർദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോൾ രാമചന്ദ്രൻ ഇന്ത്യയിലെ തലയെടുപ്പുള്ള സർവകലാശാലകളിലൊന്നിന്റെ വകുപ്പ് മേധാവിയായി നിയമിക്കപ്പെട്ടു[5],[6]. അന്നത്തെ മദ്രാസ് സർവകലാശാല വൈസ്‌ചാൻസലർ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങൾക്കും ചിന്തകൾക്കും ഊർജമേകി. ജി.എൻ.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേർണലുകളിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ് സർവകലാശാലക്ക് ലോകശ്രദ്ധ നേടിക്കൊടുത്തു. രണ്ട് അന്തർദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ടു. നോബൽ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നിൽ ലിനസ് പോളിങ്ങും പങ്കെടുത്തുവെന്നത് എടുത്തുപറയേണ്ടതുണ്ട്.
മോളിക്യുലാർ ബയോഫിസിക്സ് യൂണിറ്റ്, ഐ.ഐ.എസ്സി , ബാംഗ്ലൂർ
[തിരുത്തുക]1970 ൽ മദ്രാസ് സർവകലാശാലയിൽ നിന്നും രാജിവച്ച് താൻ വിദ്യാർത്ഥിയായും അദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിലേക്ക് തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ് ധവാനായിരുന്നു അക്കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ. അവിടെ തന്മാത്രാ ജീവഭൗതിക വിഭാഗത്തിന് (Molecular Biophysics Unit) രൂപം നൽകി, പ്രൊഫസറും പ്രഥമ വകുപ്പ് തലവനുമായി പദവിയേറ്റു. അതിനു ശേഷം 1978 മുതൽ 1981 വരെ മാത്തമാറ്റിക്കൽ ഫിലോസഫിയിൽ അതേ സ്ഥാപനത്തിൽ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടർന്ന് 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസർ) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം 1984- 89 വരെ INSA ആൽബർട്ട് ഐൻസ്റ്റൈൻ ചെയറിൽ പ്രൊഫസറായിരുന്നു[7]. ശാസ്‌ത്രലോകത്തിന് നിർണായകമായ കണ്ടുപിടിത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എൻ. രാമചന്ദ്രൻ എന്ന പ്രതിഭയിൽ നിന്നും ലഭിച്ചു.
1950 മുതൽ 1957 വരെ കറന്റ് സയൻസ് മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഗവേഷണം
[തിരുത്തുക]കൊളാജൻ ട്രിപിൾ ഹെലിക്സ്
[തിരുത്തുക]രാമചന്ദ്രൻറെ ഡോക്റ്ററൽ ഗവേഷണം ക്രിസ്റ്റലോഗ്രഫി മേഖലയിലായിരുന്നു. എകസ്-റേ ഡിഫ്രാക്ഷൻ എന്ന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യത കളെക്കുറിച്ചുമായിരുന്നു പഠനം. മദ്രാസ് യൂണിവഴ്സിറ്റിയിൽ വെച്ച് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതി സങ്കീർണവും ബൃഹത്തുമായ ജൈവതന്മാത്രകളുടെ ദ്വിമാന-ത്രിമാന ഘടനകൾ നിർണയിച്ചെടുക്കുന്ന ഗവേഷണങ്ങൾക്ക് ഇന്ത്യയിൽ രാമചന്ദ്രൻ തുടക്കം കുറിച്ചു. നീണ്ട പ്രോട്ടീൻ ശൃംഖലകളുടെ ത്രിമാന ഘടനയെക്കുറിച്ചുള്ള വിശദമായ പഠനമാണ് രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത് ഉറപ്പിച്ചത്. കൊളാജനെ കുറിച്ച് ശാസ്‌ത്രജ്ഞനായ ഗോപിനാഥ് കർത്തായോടൊപ്പം നടത്തിയ ഗവേഷണ പഠനങ്ങളെ ആസ്പദമാക്കി നേച്ചർ വാരികയിൽ കോളാജന്റെ ട്രിപ്പിൾ ഹെലിക്‌സ് (മുപ്പിരിയൻ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി[8]. ഇതനുസരിച്ച് തുല്യനീളമുള്ള മൂന്നു പ്രോട്ടീൻ ഹെലികൽ ചെയിനുകൾ മുടിപ്പിന്നൽ പോലെ മുറുകെ പിണച്ചു വെച്ചിരിക്കുന്നു.മൂന്നു ചെയിനുകൾക്കുമിടയിൽ പലയിടത്തുമായുള്ള ഹൈഡ്രജൻ ബോണ്ടുകൾ ഘടനക്ക് മുറുപ്പും ദൃഢതയും നൽകുന്നു. ഓരോ പിരിയിലും 3.3 അമിനോ ആസിഡു കണ്ണികൾ, ഈരണ്ടു കണ്ണികൾ ഇടവിട്ട് ചെയിനുകൾ തമ്മിൽ ഹൈഡ്രജൻ ബോണ്ടുകൾ എന്നിവയായിരുന്നു ഘടനയുടെ സവിശേഷതകൾ. Coiled Coil എന്നു വിശേഷിപ്പിക്കപ്പെട്ട ഈ മാതൃക ജൈവ തന്മാത്രകളുടെ ഘടനയെ കുറിച്ചുള്ള തുടർ പഠനങ്ങൾക്ക് ഇത് നിർണായക വഴിത്തിരിവായി.[9] ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എൻ. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തിൽ തന്നെയായിരുന്നു നടത്തിയത്. ചിക്കാഗോ സർവകലാശാലയിലടക്കം പല വിദേശ സർവകലാശാലകളിലും പ്രഭാഷണങ്ങൾ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
രാമചന്ദ്രൻ പ്ലോട്ട്
[തിരുത്തുക]രാമചന്ദ്രനും കർത്തായും വിഭാവനം ചെയ്ത കൊളാജൻ തന്മാത്രയുടെ Coiled Coil ഘടന ഏറെ ചർച്ചകൾക്ക് വിധേയമായി. മദ്രാസ് ട്രിപിൾ ഹലിക്സ് എന്നു വിശേഷിപ്പിക്കപ്പെട്ട ഈ മാതൃകക്ക് കൊളാജൻറെ ഭൗതിക-രാസായന-ജൈവ ഗുണങ്ങളെ സ്ഥിരീകരിക്കാൻ കഴിഞ്ഞു.[10],[11] എന്നാൽ ഈ ഘടനയിൽ അമിനോആസിഡുകൾ തമ്മിലുള്ള അകലം തീരെ കുറവാണെന്നും ഇത് സാധൂകരിക്കാനാവില്ലെന്നും ഫ്രാൻസിസ് ക്രിക് , അലെക്സാൻഡർ റിച് എന്നീ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഏതാനും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തു[12]. ഇതിനു മറുപടിയന്നോണം രാമചന്ദ്രൻ പ്രോട്ടീൻ തന്മാത്രകളെക്കുറിച്ചും അവയിലെ അമിനോ ആസിഡുകളുടേയും ദിമാന-ത്രിമാനഘടനകളെക്കുറിച്ച് അത്യന്തം വിശദവും സൂക്ഷ്മവുമായ പഠനങ്ങൾ നടത്തി. 1963 ൽ ജേർണൽ ഓഫ് മോളിക്കുലാർ ബയോളജിയിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ പോളിപെപ്‌റ്റൈഡ് ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള അടിസ്ഥാന സിദ്ധാന്തം ജി.എൻ.രാമചന്ദ്രൻ വിശദീകരിച്ചു[13]. രാമചന്ദ്രൻ പ്ലോട്ട്, രാമചന്ദ്രൻ മാപ് , എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ഇന്ന് ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്, മോളിക്കുലാർ ബയോളജി, ബയോ ഇൻഫോർമാറ്റിക്‌സ് രംഗത്ത് ഗവേഷകരൊന്നടങ്കം പ്രോട്ടിന്റെ ശൃംഖലാഘടന(chain structure) ശരിയാണോ എന്നുറപ്പു വരുത്തുവാൻ 'രാമചന്ദ്രൻസ് പ്ലോട്ട്' ഉപയോഗിക്കുന്നു.
കൊൺവൊലൂഷൻ ടെക്നിക്
[തിരുത്തുക]ത്രിമാന ചിത്രങ്ങൾ ദൃശ്യവത്കരിക്കാൻ ഗണിതശാസ്ത്രത്തിലെ ഫൂരിയർ ട്രാൻസ് ഫോം ( Fourier Transform) എന്ന സമീപനത്തേക്കാൾ മെച്ചപ്പെട്ടത് കൊൺവെലൂഷൻ രീതിയാണെന്ന് രാമചന്ദ്രനും ലക്ഷ്മീനാരായണയും കണ്ടെത്തി. 1971 ൽ ഇരുവരും ചേർന്ന് വൈദ്യശാസ്‌ത്രരംഗത്ത് ഉപയോഗിക്കുന്ന ത്രിമാനചിത്രണമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി[14]. കൺവൊലൂഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ത്രിമാന ചിത്രീകരണം നടത്താമെന്ന ഈ ആശയം ടോമോഗ്രാഫിക് രീതിക്ക് വിത്തുപാകി. പിന്നീട് വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ് സ്‌കാൻ വികസിപ്പിച്ചെടുക്കാൻ ഇത് സഹായിച്ചു.
ബഹുമതികൾ
[തിരുത്തുക]ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എൻ.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. പ്രശസ്‌തമായ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്‌കാരം . 1977 ൽ റോയൽ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി[1].
1961- ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം Shanti (ഭൗതികശാസ്ത്രം)
1964 - വാട്മൾ സ്മാരക പുരസ്കാരം (ബയോഫിസിക്സ്)
1967 - ജോൺ ആർതർ വിൽസൺ അവാർഡ് ( അമരിക്കൻ ലെതർ കെമിസ്റ്റ് അസോസിയേഷൻ )
1971 - മേഘ്നാഥ് സാഹാ മെഡൽ (ഏഷ്യറ്റിക് സൊസൈറ്റി )
1972 - ശ്രീനിവാസ രാമാനുജം മെഡൽ ( ഇന്ത്യൻ നാഷണൽ സയൻസ് അകാദമി)
1976 - ജഗദീഷ് ചന്ദ്ര ബോസ് അവാർഡ്( യൂണിവഴസിറ്റി ഗ്രാൻറ്സ് കമീഷൻ)
1977 - ജെ.സി. ബോസ് മെഡൽ ( ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽകത്ത)
1978 - ഫോഗാർടി ഇൻറർനാഷണൽ മെഡൽ ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്, യുഎസ്എ)
1979- ഡിസ്റ്റിൻഗ്വിഷ്ഡ് ആലംനി അവാർഡ് ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസ്, ബാഗ്ലൂർ)
1982- സർസി.വി. രാമൻ മെഡൽ ( ഇന്ത്യൻ നാഷണൽ സയൻസ് അകാദമി, ന്യൂഡൽഹി)
1984- രാമേശ്വർദാസ് ജി ബിർളാ അവാർഡ് ( വൈദ്യശാസ്ത്രം)
1999- ഇവാൾഡ് പ്രൈസ് (ഇൻറർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി)
അന്ത്യം
[തിരുത്തുക]അവസാന കാലത്ത് മസ്തിഷ്കാഘാതവും പാർക്കിൻസൺസ് രോഗവും രാമചന്ദ്രനെ തളർത്തി. 2001 ഏപ്രിൽ മാസം 7-ാം തീയതി ജി. എൻ. രാമചന്ദ്രൻ അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Vijayan, M; Johnson, L.N. (2002-04-01). "Gopalasamudram Narayana Ramachandran". royalsocietypublishing.org. Royal Society. Retrieved 2022-04-02.
- ↑ Vijayan, M. (2016-02-25). "The legacy of G. N. Ramachandran and the development of structural biology in India". Current Science pp535-542. doi:10.18520/cs/v110/i4/535-542. Retrieved 2022-04-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "SUCCESSION LIST OF PRINCIPALS". maharajas.ac.in. Maharajas College, Ernakulam. Retrieved 2022-04-13.
- ↑ Pulakkat, Hari (2021). Space,Life,Matter : The Coming of Age of Indian Science. Gurugram, India: Hachette, India. p. 260. ISBN 9789389253795.
- ↑ Vijayan, M (2001-05-31). "G.N. Ramachandran(1922-2001)Nature 411, 544 (2001)". Nature.com. Nature. doi:10.1038/35079236. Retrieved 2022-04-13.
- ↑ "Department of Crystallography and Biophysics". unom.ac.in. University of Madras. Retrieved 2022-04-13.
- ↑ "Recipients of INSA Research Profesasorship". insaindia.res.in. Indian National Science Academy. Retrieved 2022-04-01.
- ↑ Ramachandran, G.N.; Kartha, Gopinath (1955-09-24). "Structure of Collagen". Nature. Retrieved 2022-04-02.
- ↑ Ramachandran., G N (1988-01-01). "Stereochemistry of collagen". Int J Pept Protein Res. 1988 31(1):1-16. PMID 3284833.
- ↑ Bansal, Manju (2001-10-01). "The Madras triple helix: Origins and current status". Resonance 6,(38-47). doi:10.1007/BF02836966.
- ↑ Bhattacharjee, Arnab; Bansal, Manju (2005-03-01). "Collagen structure: the Madras triple helix and the current scenario". IUBMB Life 57(3):161-72. doi:10.1080/15216540500090710.
- ↑ Rich, Alexander; Crick, Francis (1955-11-12). "The Structure of Collagen". Nature (1955) Vo1.l76, 915·916. doi:10.1038/176915a0.
- ↑ Ramachandran, G.N; Ramakrishna, C.; Sasisekharan, V (1962-12-27). "Stereochemistry of polypeptide chain configurations". Journal of Molecular Biology. doi:10.1016/S0022-2836(63)80023-6. Retrieved 2022-04-02.
- ↑ Ramachandran, G.N.; Lakshminarayanan, A.V. (1971-09-01). "Three-dimensional Reconstruction from Radiographs and Electron Micrographs: Application of Convolutions instead of Fourier Transforms". Proceedings of the National Academy of Sciences. 68 (9): 2236–2240. doi:10.1073/pnas.68.9.2236. Archived from the original on 2022-10-08. Retrieved 2022-04-02.