ജിംനേഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു ആധുനിക ജിംനേഷ്യം

വ്യായാമത്തിനായോ കായികപരിശീലനങ്ങൾക്കായോ ക്രമപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളാണ് ജിംനേഷ്യം(Gymnasium) അഥവാ ജിം(Gym). അത്യാധുനിക രീതിയിൽ വിപുലമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ജിംനേഷ്യങ്ങൾ ഹെൽത്ത് ക്ലബുകൾ, ഫിറ്റ്നസ്സ് സെന്ററുകൾ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇവിടെ ഡംബെൽ, ബാർബെൽ തുടങ്ങിയ ഫ്രീ വെയ്റ്റ് സാമഗ്രികളും ട്രെഡ് മിൽ, എല്ലിപ്റ്റിക്ക് ട്രെയിനർ തുടങ്ങിയ സങ്കീർണ വ്യായാമ യന്ത്രങ്ങളും സജ്ജമാക്കിയിരിക്കുന്നു. ഫ്രീ വെയ്റ്റ് സാമഗ്രികൾ മാത്രമോ അല്ലെങ്കിൽ അവക്ക് പ്രാമുഖ്യം നൽകപ്പെടുകയോ ചെയ്യുന്ന ജിമ്മുകളെ 'കാരിരുമ്പ് ജിമ്മുകൾ' (black-iron gym) എന്ന് പരാമർശിക്കപ്പെടാറുണ്ട്. പരിശീലനങ്ങൾ കാര്യക്ഷമവും ശാസ്ത്രീയവുമായി നടത്തുന്നതിന് ആധുനിക ജിമ്മുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രധാന പട്ടണങ്ങളിലെ ജിമ്മുകളിൽ 'എയറോബിക്സ്' സൗകര്യങ്ങളും ലഭ്യമാണ്. പല ജിമ്മുകളും മാസ-വാർഷിക അംഗത്വങ്ങൾക്ക് പുറമേ ആജീവാനന്ത അംഗത്വസൗകര്യവും ഏർപ്പെടുത്താറുണ്ട്

അമേരിക്കയിലെ ഒരു സ്കൂളിലെ ജിംനേഷ്യം

ചില രാജ്യങ്ങളിൽ ഇൻ-ഡോർ കായിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനങ്ങളെയാണ് ജിംനേഷ്യം എന്ന് അറിയപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ മിക്കവാറും എല്ലാ കോളേജുകളിലും സ്കൂളുകളിലും ഇത്തരത്തിലുള്ള ജിംനേഷ്യങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയെ 'സ്പോർട്ടേറിയം' എന്ന പേരിലും അറിയപ്പെടാറുണ്ട്.

ചരിത്രം[തിരുത്തുക]

പുരാതന ഗ്രീസിൽ പതിനെട്ടു വയസ്സ് തികഞ്ഞ പുരുഷ കായികതാരങ്ങൾക്ക് പൊതുമത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകുവാനായി സ്ഥാപിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളെ ജിംനേഷ്യൻ (γυμνάσιον, gymnasion) എന്നു അറിയപ്പെട്ടിരുന്നു. 'നഗ്നരായുള്ള മത്സരങ്ങളുടെ കളരി' എന്നതാണ് ഇതിന്റെ വാച്യാർത്ഥം.[1]പുരുഷസൗന്ദര്യ പ്രദർശനത്തിന്റെയും മറ്റും ഭാഗമായി കായിക മത്സരാർത്ഥികൾ അക്കാലത്ത് നഗ്നരായി മത്സരിച്ചിരുന്നുവെന്നതാണ് ഇതിനു കാരണമായി കരുതുന്നത്.

പുരാതന ഗ്രീക്കുകാരുടെ ഇടയിൽ ഈ പരിശീലന കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം ഒരു ജിംനേഷനെങ്കിലും സ്ഥാപിക്കുവാൻ ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നു. കായിക പരിശീലനത്തിനുള്ള കേന്ദ്രം എന്നതിൽ നിന്നും സ്നാനഘട്ടങ്ങൾ, വസ്ത്രം മാറാനുള്ള അണിയറകൾ, താത്കാലിക താമസയിടം, മത്സരക്കളങ്ങൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങളുള്ള വൻസമുച്ചയങ്ങളായി ജിംനേഷ്യനുകൾ മാറി. കാലക്രമത്തിൽ തത്ത്വശാസ്ത്രം,സാഹിത്യം,സംഗീതം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾക്കും സംവാദങ്ങൾക്കുമുള്ള ഒരു വേദി കൂടിയായി ജിംനേഷനുകൾ മാറപ്പെടുകയും ജിംനേഷ്യനുകളോടൊപ്പം പൊതുവായനശാലകൾ നിർമ്മിക്കുകയും ചെയ്തതോടു കൂടി ഇവയ്ക്ക് ഒരു കായികപരിശീലന കേന്ദ്രം എന്നതിനൊപ്പം ഒരു ബൗദ്ധിക-സാംസ്കാരിക പ്രതിഛായ കൂടി ലഭിക്കപ്പെട്ടു.

പിൽക്കാലത്ത്, ഗ്രീക്കിൽ നിന്നും ഈ പദം ജിംനേഷ്യം എന്ന ലത്തീൻ രൂപത്തിൽ യൂറോപ്യൻ രാജ്യങ്ങളിലും പ്രചരിച്ചു. പക്ഷേ ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിൽ മൂലപദത്തിന്റെ ബൗദ്ധിക പശ്ചാത്തലത്തിനോട് സാമ്യം പുലർത്തുന്ന വിധം സർക്കാർ നിയന്ത്രണത്തിലുള്ള ഒരു വിഭാഗം ദ്വിതീയ വിദ്യാഭ്യാസകേന്ദ്രങ്ങളെ ജിംനേഷ്യം വിദ്യാലയങ്ങൾ എന്ന് അറിയപ്പെട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജിംനേഷ്യം എന്നത് കായിക പരിശീലനത്തിനും വ്യായാമത്തിനുമുള്ള കേന്ദ്രങ്ങളായി തുടർന്നു.

അവലംബം[തിരുത്തുക]

  1. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക, ഓൺലൈൻ പതിപ്പ്


"https://ml.wikipedia.org/w/index.php?title=ജിംനേഷ്യം&oldid=2854907" എന്ന താളിൽനിന്ന് ശേഖരിച്ചത്