ഉള്ളടക്കത്തിലേക്ക് പോവുക

ഗർഭനിരോധന രീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗർഭധാരണം തടയുന്നതിന് ശാസ്ത്രീയമായ അനേകം മാർഗങ്ങൾ ഉണ്ട്. ഇവ ‘ഗർഭനിരോധന രീതികൾ അല്ലെങ്കിൽ ഗർഭനിരോധന മാർഗങ്ങൾ‘ എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ ’കോൺട്രാസെപ്ഷൻ മെതേഡ്സ്‘ (Contraception methods). കുടുംബാസൂത്രണം (ഫാമിലി പ്ലാനിങ്/ Family Planning) അല്ലെങ്കിൽ ഗർഭനിരോധനം എന്ന ആവശ്യത്തിന് വേണ്ടിയും ചിലപ്പോൾ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനും ഇവ ഉപയോഗപ്പെടുത്തുന്നു. ഗർഭനിരോധന ഉപാധികൾ അഥവാ കോൺട്രാസെപ്റ്റീവ്സ് (Contraceptives) എന്ന്‌ ഇവ അറിയപ്പെടുന്നു. ഇവ സമഗ്രമായ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിന്റെ (Sexual and Reproductive Health) ഭാഗമാണ്.

ഇതിന്‌ താൽക്കാലിക മാർഗങ്ങൾ, സ്‌ഥിരമാർഗങ്ങൾ എന്നിങ്ങനെ രണ്ടു രീതികളുണ്ട്. ഇവയിൽ പലതും സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി ലഭ്യമാണ്. ഇവയിൽ പലതും ഫാർമസി വഴി ലഭ്യമാണ്. എന്നിരുന്നാലും അനാവശ്യമായ ലജ്ജയോ അറിവില്ലായ്മയോ കാരണം ഇത്തരം സേവനങ്ങൾ തേടാൻ മടിക്കുന്നവർ അനേകമുണ്ട്.

പലപ്പോഴും വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. പലർക്കും സുരക്ഷിത കാലം, ഓവുലേഷൻ, കുടുംബാസൂത്രണം, ഗർഭ നിരോധന മാർഗങ്ങൾ, ലൈംഗികത എന്നിവയെപ്പറ്റി ശാസ്ത്രീയമായ അറിവില്ല. സ്ത്രീകളിൽ 45-55 വയസിനുള്ളിൽ ആർത്തവവിരാമം അഥവാ മെനോപോസ് (Menopause) ആകുന്നത് വരെ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാരണത്താൽ ആഗ്രഹിക്കാത്ത ഗർഭം, പ്രസവം, ഗർഭഛിദ്രം എന്നിവ നടക്കാറുണ്ട്. ചിലർക്ക് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ഉണ്ടാകുന്നു. ഇതേ തുടർന്ന് ഗൗരവമുള്ള പലവിധ പ്രശ്നങ്ങൾ, കേസുകൾ തുടങ്ങിയവ ഉടലെടുക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ശാസ്ത്രീയമായ ബോധവൽക്കരണം അത്യാവശ്യമാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 26 ലോക കുടുംബാസൂത്രണ ദിനം (അഥവാ ഗർഭനിരോധനദിനമായി) ആചരിച്ചു വരുന്നു. ലോകമെമ്പാടും വിവിധ ഗർഭനിരോധന മാർഗങ്ങളെ പറ്റിയും സുരക്ഷിതമായ ലൈംഗികതയെ പറ്റിയുമുള്ള ബോധവൽക്കരണവും ഇതുമായി ബന്ധപെട്ടു നടത്തി വരുന്നു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ കുറഞ്ഞത് പതിനെട്ടു മുതൽ ഇരുപത്തിനാല് മാസങ്ങളുടെ ഇടവേള വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ സമഗ്രമായ ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യത്തിന്റെ (Sexual and Reproductive Health) ഭാഗമാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 26 ലോക കുടുംബാസൂത്രണ ദിനം (അഥവാ ഗർഭനിരോധനദിനമായി) ആചരിച്ചു വരുന്നു. ലോകമെമ്പാടും വിവിധ ഗർഭനിരോധന മാർഗങ്ങളെ പറ്റിയും സുരക്ഷിതമായ ലൈംഗികതയെ പറ്റിയുമുള്ള ബോധവൽക്കരണവും ഇതുമായി ബന്ധപെട്ടു നടത്തി വരുന്നു. വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു.

ഗർഭനിരോധനം മൂലം കുട്ടികളുടെ എണ്ണം കുറക്കുവാനും, മാതാപിതാക്കൾക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു കുട്ടികളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വളർത്തുവാനും സാധിക്കുന്നു. കുടുംബത്തിലും സമൂഹത്തിലുമുള്ള ദാരിദ്ര്യം, ദുരിതങ്ങൾ എന്നിവ ഒരുപരിധിവരെ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. അതുവഴി കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സംരക്ഷണം, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ തുടങ്ങിയവ ഉറപ്പുവരുത്തുവാനും സാധിക്കുന്നു.

അമിതമായ ജനസംഖ്യാവർദ്ധനവ് വിഭവങ്ങളുടെ (ഭക്ഷണം, ജലം, ഊർജ്ജം) ലഭ്യതയിലും അടിസ്ഥാന സൗകര്യങ്ങളുടെ (വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം) മേലുള്ള സമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഇത് ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ (വനം നശീകരണം, മലിനീകരണം) എന്നിവയ്ക്ക് കാരണമാവുകയും, വികസന പദ്ധതികളെയും സാമ്പത്തിക വളർച്ചയുടെ വേഗതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. ഓരോ പൗരനെയും സംബന്ധിച്ചിടത്തോളം, വിഭവങ്ങൾക്കായുള്ള വർധിച്ച മത്സരം, അവസരങ്ങൾക്ക് വേണ്ടിയുള്ള മത്സരം തുടങ്ങിയവ കാരണം ജീവിതനിലവാരം കുറയുക, സാമൂഹിക അസമത്വങ്ങൾ കൂടുക, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ കുറയുക, കുറ്റകൃത്യങ്ങൾ വർദ്ധിക്കുക എന്നിവ സംഭവിക്കാറുണ്ട് എന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു.

കുട്ടികളെ വളർത്താൻ ശേഷിയില്ലാത്ത ഒരു കുടുംബത്തിൽ ധാരാളം കുട്ടികൾ ജനിച്ചാൽ അവരുടെ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം മുതൽ ആരോഗ്യ കാര്യങ്ങളിൽവരെ മാതാപിതാക്കൾക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്നു. ഇത് പലപ്പോഴും കാര്യമായ വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് താങ്ങാൻ സാധിക്കണമെന്നില്ല. ഗർഭനിരോധന മാർഗങ്ങൾ പ്രചാരത്തിൽ ആകുന്നതിന് മുൻപ് മിക്ക ദമ്പതികൾക്കും ഒരുപാട് കുട്ടികൾ ഉണ്ടായിരിക്കുകയും എന്നാൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വളരെയേറെ ബുദ്ധിമുട്ടേണ്ടി വരുന്ന കാഴ്ച ഏറെ സാധാരണമായിരുന്നു എന്ന്‌ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. ഇത് പലപ്പോഴും മാതാപിതാക്കളെ അമിതമായ മാനസിക സമ്മർദത്തിലേക്കും സാമ്പത്തിക പ്രശ്നങ്ങളിലേക്കും തള്ളി വിടാറുള്ള ഒരു കാര്യമായി വിലയിരുത്തപ്പെടുന്നു.

കൂടുതൽ കുട്ടികൾ ഉള്ള ദമ്പതിമാർ കുടുംബ ചിലവുകൾ വഹിക്കുവാൻ വേണ്ടി അമിതമായി ജോലി ചെയ്യേണ്ടതായി വരുന്നു. ചിലർക്ക്‌ ‌തങ്ങളുടെ കുട്ടികളെ മറ്റ് വഴികളില്ലാതെ അനാഥാലയങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. പലയിടത്തും കുട്ടികളെ നിയമ വിരുദ്ധമായി ഭിക്ഷ യാചിക്കാനും ബാലവേല ചെയ്യിപ്പിക്കാനും ഉപയോഗിച്ച് വന്നിരുന്നു. ഇത് ബാലപീഡനം, ചൂഷണം എന്നിവയിലേക്ക് നയിക്കുന്നു.

പൊതുവേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതായി കാണപ്പെടുന്നു. ഇവർ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ പിന്നോക്കം പോകുന്നതാണ് ഒരു കാരണം. ഇക്കാരണത്താൽ ദരിദ്ര്യ രാജ്യങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതായി കാണാം. പല കുട്ടികളും പോഷകാഹാരക്കുറവ്, രോഗങ്ങൾ, സ്കൂളിൽ പോകാനുള്ള സാഹചര്യക്കുറവ് എന്നിവ മൂലം ദുരിതം അനുഭവിക്കുന്നു.

ഇന്ത്യയിൽ ധാരാളം ദമ്പതികൾ രണ്ട് കുട്ടികൾ എന്ന നയം സ്വീകരിച്ചിട്ടുണ്ട്. ഇത് കുടുംബാസൂത്രണം, ഗർഭനിരോധനം എന്നിവയുടെ ഫലമാണ്. ഒരു കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും ആപത്തോ ആരോഗ്യ പ്രശ്നമോ ഉണ്ടായാലും മറ്റൊരു കുട്ടി കൂടിയുണ്ട് എന്നതാണ് ദമ്പതികളെ രണ്ട്‌ കുട്ടികൾ എന്ന നയം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. മറ്റൊന്ന് സ്വന്തം കുട്ടിക്ക് ഒരു കൂട്ടിന് മറ്റൊരു കുഞ്ഞിനെ കൂടി അവർ കണക്കാക്കുന്നു എന്നതാണ്. എന്നാൽ ഇന്ന് പല ദമ്പതികളും ഒറ്റക്കുട്ടി നയം സ്വീകരിക്കുന്നു. ഒരു കുഞ്ഞിനെ മാത്രം വളർത്തുന്നത് താരതമ്യേനെ എളുപ്പമുള്ള കാര്യമായി ദമ്പതികൾ കരുതുന്നു.

ഗർഭ നിരോധനം കുടുംബത്തിലെ സമത്വവുമായി ബന്ധപെട്ടു കിടക്കുന്നു. പലപ്പോഴും പുരുഷാധിപത്യമുള്ള പരമ്പരാഗത സമൂഹങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെയും വീട്ടുജോലിയുടെയും ചുമതല അമ്മയുടെ മാത്രം ചുമലിൽ മാത്രം വരുന്നതും മറ്റൊരു പ്രശ്നമാണ്. വലിയൊരു കുടുംബത്തിനുള്ള സാമ്പത്തികം കണ്ടത്തേണ്ടത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ അല്ലെങ്കിൽ പിതാവിന്റെ മാത്രം ഭാരമായി മാറുന്നത് പല പുരുഷന്മാർക്കും ബുദ്ധിമുട്ടാണ്. കുടുംബ പ്രശ്നങ്ങൾ വർധിക്കുമ്പോൾ കലഹം, വിഷാദം, ആത്മഹത്യ പ്രവണത എന്നിവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. എന്നാൽ കുട്ടികളെ വളർത്തുന്നതിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം ഭാര്യാഭർത്താക്കന്മാർ തുല്യമായി പങ്കിട്ടാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു.

മറ്റൊന്ന്, പ്രസവവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ പ്രസവം സ്ത്രീയുടെ 23 വയസിനും 30 വയസിനും ഇടയിലാകുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന്‌ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ നേരത്തെ വിവാഹിതരാകുന്ന (18-21 വയസിൽ വിവാഹം കഴിക്കുന്ന) പല സ്ത്രീകളും ഗർഭധാരണം നീട്ടി വെക്കാറുണ്ട്. ഇതവരുടെ ഉന്നത വിദ്യാഭ്യാസത്തിനും ഗുണം ചെയ്യുന്നു. നേരത്തെ പ്രസവിക്കുന്ന പല പെൺകുട്ടികൾക്കും കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം തടസപ്പെട്ടു പോകുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത് സ്ത്രീകളുടെ സാമൂഹിക തുല്യത, സ്വാശ്രയത്വം, വ്യക്തി സ്വാതന്ത്ര്യം, തൊഴിൽ, അതിജീവനം എന്നിവയെ ബാധിക്കുന്ന ഒരു ഘടകമായി വിലയിരുത്തപ്പെടുന്നു.

പലപ്പോഴും പ്രസവത്തിന്റെ സങ്കീർണ്ണതകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഉദാഹരണത്തിന് ഇത്തരം സങ്കീർണ്ണതകളിൽ തടസ്സപ്പെടുന്ന പ്രസവ പ്രക്രിയ, പോസ്റ്റ്‌പാർട്ടം ബ്ലീഡിംഗ്, എക്ലാംപ്സിയ, പോസ്റ്റ്‌പാർട്ടം അണുബാധ, കൗമാര പ്രായത്തിലെ അല്ലെങ്കിൽ ചെറു പ്രായത്തിലെ പ്രസവം, പ്രായമേറിയവരുടെ പ്രസവം എന്നിവ ഉൾപ്പെടുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മരണം ഗുരുതരമായ മറ്റൊരു പ്രശ്നമാണ്. പ്രസവാനന്തര രക്തസ്രാവം, അംനിയോട്ടിക്‌ ഫ്ലൂയിഡ് എമ്പോളിസം എന്നിവ മാതാവിനെ ബാധിക്കുന്ന ഗുരുതരമായ രോഗവസ്ഥകളാണ്. ഇത് മരണത്തിലേക്ക് നയിച്ചേക്കാം. മേൽപ്പറഞ്ഞ പല പ്രശ്നങ്ങളും പ്രസവം വളരെ സങ്കീർണ്ണമായ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടുന്ന ഒന്നായി മാറ്റാറുണ്ട്. അതുകൊണ്ട് തന്നെ പലരും ഒന്നോ രണ്ടോ കുട്ടികളുടെ ജനനത്തിന് ശേഷം സ്ഥിരമായ ഗർഭനിരോധന രീതികൾ സ്വീകരിക്കുന്നു.

ഇക്കാര്യത്തിൽ ശാസ്ത്രീയമായ കുടുംബാസൂത്രണ ബോധവൽക്കരണമോ ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസമോ ഇന്ത്യയിൽ ഇന്നും കാര്യക്ഷമമായി നടക്കുന്നില്ല. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭധാരണത്തിനോ രോഗങ്ങൾക്കോ കാരണമാകാറുണ്ട്. ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്.[1]

താൽക്കാലിക ഗർഭ നിരോധന മാർഗങ്ങൾ

[തിരുത്തുക]

കോണ്ടം (പുരുഷന്മാർക്ക് വേണ്ടിയുള്ളത്)

[തിരുത്തുക]

ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏറ്റവും സുരക്ഷിതവും ലളിതവുമായ ഗർഭനിരോധനമാർഗ്ഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. ലൈംഗികബന്ധ സമയത്ത് ശുക്ലം, സ്നേഹദ്രവം അഥവാ ലൂബ്രിക്കേഷൻ എന്നിവ പങ്കാളിയുടെ ഉള്ളിൽ പ്രേവേശിക്കുന്നത് ഒരു സുരക്ഷാ കവചം പോലെ ഉറ തടയുന്നു. നിരോധ് എന്ന പേരിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി ഉറകൾ സൗജന്യമായി ലഭ്യമാണ്.

വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട്തന്നെ ഏറെ പ്രചാരമുള്ളതാണ് ഈ മാർഗം. കോണ്ടം വിൽക്കുവാനോ സൂക്ഷിക്കുവാനോ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ചെറിയ കടകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. എന്നിരുന്നാലും ഗ്രാമ പ്രദേശങ്ങളിലെ പല കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്നും ഇവ ലഭ്യമായി തുടങ്ങിയിട്ടില്ല എന്നത് ഒരു പ്രശ്നമാണ്.

പുരുഷൻമാർക്ക്‌ ഉപയോഗിക്കാവുന്ന ഉറകളും സ്‌ത്രീകൾക്ക്‌ ഉപയോഗിക്കാവുന്നവയുമുണ്ട്‌. മാത്രമല്ല, സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിസെക്സ് ഉറകളും ഇന്ന് ലഭ്യമാണ്. പുരുഷന്മാർക്ക് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ ധരിക്കാം. സ്ത്രീകൾക്ക് ഇവ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. സുരക്ഷയും ബോധവൽക്കരണവും ലക്ഷ്യമിട്ടു ഫെബ്രുവരി 13 അന്താരാഷ്ട്ര ഗർഭനിരോധന ഉറ ദിനമായി ലോക രാജ്യങ്ങൾ ആചരിച്ചു വരുന്നു.

പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനീ വരൾച്ച ഉള്ളവർക്ക് വഴുവഴുപ്പ് ലഭിക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയ കോണ്ടം അനുയോജ്യമാണ്. ആവശ്യമെങ്കിൽ ഫാർമസിയിലും മറ്റും ലഭ്യമായ ഒരു ജലധിഷ്ഠിത ലൂബ്രിക്കന്റ് ജെല്ലി കൂടെ ഉപയോഗിക്കാവുന്നതാണ്. (ഉദാ: കേവൈ ജെല്ലി, ഡ്യുറക്സ്, മൂഡ്സ് തുടങ്ങിയവ). ഘർഷണം കുറക്കുന്നത് വഴി കോണ്ടം പൊട്ടുന്നത് ഒഴിവാക്കാൻ ലൂബ്രിക്കന്റ് സഹായകരമാണ്. (എന്നാൽ എണ്ണ അടങ്ങിയ ലൂബ്രിക്കന്റ് ലാടെക്സ് നിർമിത കോണ്ടത്തോടൊപ്പം ഉപയോഗിക്കാൻ പാടില്ല. അവ പൊട്ടാനുള്ള സാധ്യതയുണ്ട്.)

വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള ഉറകൾ ലാടെക്ക്സിന്റെ ഗന്ധം ഒഴിവാക്കുവാനും, അതുപോലെതന്നെ വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്ഖലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ‘ഡിലേ, ലോങ്ങ്‌ ലാസ്റ്റിംഗ് (Delay, Long lasting)’ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പ്രത്യേകതരം കോണ്ടം ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം.

സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ കുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. അതിനാൽ ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഇവ ഉപയോഗിക്കുന്നു. ഇവ പലതും ചേർന്നു വരുന്ന രീതിയിൽ ഉള്ള ഉറകളും ധാരാളം. ഇത് ഒരേസമയം പുരുഷന് സമയദൈര്ഖ്യം നൽകുകയും സ്ത്രീക്ക് രതിമൂർച്ഛ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചൽ ക്ലൈമാക്സ്‌ തുടങ്ങിയ പേരിൽ ലഭിക്കുന്ന ഉറകൾ ഇതിന് ഉദാഹരണമാണ്. വദനസുരതം ഇഷ്ടപ്പെടുന്നവർക്ക് വായയിൽ ധരിക്കാൻ ദന്തമൂടികൾ അഥവാ ഡെന്റൽ ഡാംസ് ലഭ്യമാണ്.

വിദേശ വികസിത രാജ്യങ്ങളിൽ ഹോട്ടലുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ, സർക്കാർ ഓഫീസുകൾ, ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ കോണ്ടം ലഭിക്കുന്ന അത്യാധുനിക യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങൾ തടയുക, ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സ്ത്രീകൾക്കുള്ള കോണ്ടം

[തിരുത്തുക]

ലൈംഗികമായി ബന്ധപ്പെടുമ്പോൾ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ലളിതമായ ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം. ‘ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇത്.

പുരുഷന് കോണ്ടം ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീ പങ്കാളിക്ക് ഒരു ലളിതമായ സുരക്ഷാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിന് മുൻപ് യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. ഫാർമസികളും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ അനൽ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം.

അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ പുരുഷന് എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം.

ഗർഭനിരോധന ഇമ്പ്ലാന്റ്

[തിരുത്തുക]

സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വിജയകരവും ലളിതവുമായ ഒരു താൽക്കാലിക ഗർഭ നിരോധന മാർഗമാണിത്. മേൽ കയ്യിലെ തൊലിക്ക് അടിയിൽ ഘടിപ്പിക്കുന്ന ഒരു ചെറിയ ഉപകരണം ആണിത്. പുറമേ മറ്റുള്ളവർക്ക് കാണാൻ സാധിക്കുകയില്ല എന്നതിനാൽ സ്ത്രീകൾക്ക് തികച്ചും സ്വകാര്യമായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മൂന്ന് വർഷം വരെ ഇത് ഫലപ്രദമാണ്. ഇത് പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോൺ ചെറിയ അളവിൽ പുറപ്പെടുവിക്കുന്നു. ഇക്കാരണത്താൽ ഓവുലേഷൻ അഥവാ അണ്ഡവിസർജനം നിയന്ത്രിക്കപ്പെടുകയും ഗർഭം ധരിക്കാനുള്ള സാധ്യത 99% വരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇമ്പ്ലാന്റ് ശരീരത്തിൽ നിന്ന് എടുത്ത് മാറ്റിയാൽ വീണ്ടും പഴയത് പോലെ ഗർഭധാരണശേഷി തിരികെ കിട്ടുകയും ചെയ്യും. കാര്യമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇതിനില്ല. ഈ ഉപകരണം വളരെ എളുപ്പം ഘടിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിന് വലിയ സർജറിയോ ആശുപത്രിവാസമൊ ആവശ്യമില്ല. നിങ്ങളുടെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. കോപ്പർ ടിയേക്കാൾ പലരും ഇത് ഉപയോഗിക്കുന്നതിൽ താല്പര്യം കാണിക്കാറുണ്ട്.

ഗർഭനിരോധന ഗുളികകൾ

[തിരുത്തുക]

ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒരു ശതമാനത്തിൽ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ്‌ ഹോർമോൺ അടങ്ങിയ ഗുളികകൾ. മറ്റ് ചില ഗുളികകളോടൊപ്പം കഴിക്കുമ്പോൾ ഇവയുടെ ഫലപ്രാപ്‌തി കുറയാം. മാത്രമല്ല, ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക്‌ കഴിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. അതുകൊണ്ട്‌ തന്നെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ. ഗുളിക നിർത്തിക്കഴിഞ്ഞാൽ വൈകാതെ ഗർഭധാരണശേഷി തിരിച്ച്‌ കിട്ടും. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന സഹേലി പോലെയുള്ള ഗുളികകളും അക്കൂട്ടത്തിൽപ്പെടും. ഇവയിൽ ചിലത് സ്ത്രീകളിൽ കാണപ്പെടുന്ന സ്തനാർബുദത്തെ പ്രതിരോധിക്കുന്നതും പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതുമാണ്.

ഗർഭനിരോധന പാച്ചുകൾ

[തിരുത്തുക]

ഇടയ്ക്കിടെ ഗുളിക കഴിക്കാൻ മറക്കുന്നവർക്ക് വേണ്ടിയാണ് പാച്ചുകൾ. ഇവ ശരീരത്തിൽ ധരിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ മാറ്റി ധരിക്കേണ്ടതാണ്. ഗുളികകളെ പോലെ ഹോർമോൺ ഉപയോഗിച്ചാണ് ഇവ ഗർഭധാരണം തടയുന്നത്. ഗുളികകളുടെ അത്രതന്നെ ഫലപ്രദവുമാണ്.

കോപ്പർ ടി അഥവാ ഐയുഡി

[തിരുത്തുക]

കോപ്പർ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിക്കുന്നത് വഴി ഗർഭധാരണം തടയുന്നു. ഇത്തരം ലൂപ്പുകൾ 7 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാറുണ്ട്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്ക് ഇത് ഏറെ ഉപയുക്തമാണ്. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്തേണ്ടത് ഇതിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഹോർമോൺ അടങ്ങിയ ലൂപ്പുകൾ അമിതമായ ആർത്തവ രക്തസ്രാവം കുറയ്ക്കുവാനും ഉപയോഗിക്കാം. ഇതിന്‌ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുമില്ല.

ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിന്‌ ശസ്ത്രക്രിയ ആവശ്യമില്ല. പിന്നീട് ഗർഭം ധരിക്കണമെന്ന ആവശ്യം വരുമ്പോൾ ഇത് എടുത്ത് മാറ്റുന്നത് കൊണ്ട് ഗർഭധാരണ ശേഷി തിരിച്ചുകിട്ടുന്നു. പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറക്കുവാനും ഇത് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും കോപ്പർ ടി സൗജന്യമായി ലഭ്യമാണ്. ആധുനിക ഐയുഡികൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. ലൈംഗികബന്ധത്തിന് ശേഷം അഞ്ചു ദിവസത്തിനുള്ളിൽ നിക്ഷേപിച്ചാലും കോപ്പർ ടി ഫലം നൽകാറുണ്ട്.

അടിയന്തര ഗർഭനിരോധന രീതികൾ

[തിരുത്തുക]

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ്‌ 72 മണിക്കൂറിനുള്ളിൽ കഴിക്കുന്ന അടിയന്തര ഗർഭനിരോധന ഗുളികകൾ അഥവാ എമർജൻസി പിൽ ലഭ്യമാണ്. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിച്ചാലും ഫലം കാണാറുണ്ട്. എമർജ്ജൻസി പിൽ എന്ന പേരിലറിയപ്പെടുന്ന ഇവ പാർശ്വഫലങ്ങൾ കണക്കിലെടുത്തു വല്ലപ്പോഴും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് ഒരിക്കലും ശീലമാക്കാൻ പാടുള്ളതല്ല. ഇവ ഫാർമസിയിലും ഓൺലൈൻ മാർഗത്തിലും മറ്റും ലഭ്യമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന്‌ അഞ്ച്‌ ദിവസത്തിനുള്ളിൽ സ്ത്രീ കോപ്പർ ടി ഇടുന്നതും ഗർഭധാരണം തടയും.

ബീജനാശിനി അടങ്ങിയ ലൂബ്രിക്കന്റ് (ജെല്ലി)

[തിരുത്തുക]

പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ (സ്‌പേർമിസൈഡ്/ Spermicide) ഗർഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതിയാണിത്. ലേപനം, ലൂബ്രിക്കന്റ് ജെല്ലി രൂപങ്ങളിലുള്ള ഇവ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. യോനീ വരൾച്ച അഥവാ ലൂബ്രിക്കേഷന്റെ കുറവ്, അതുമൂലം വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഉള്ളവർക്ക്‌ ഇത് ഏറെ അനുയോജ്യമാണ്. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഫാർമസിയിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്.

ഡയഫ്രം

[തിരുത്തുക]

ഗർഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതിൽ ബീജനാശിനികൾ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. ലൈംഗികരോഗങ്ങളെ തടുക്കാൻ ഇവയ്ക്ക് ശേഷിയില്ല. ആർത്തവസമയത്ത് ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെർവിക്കൽ ക്യാപ്പുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങൾ ഗർഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. 48 മണിക്കൂർ വരെ സെർവിക്കൽ ക്യാപുകൾ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാൻ.

ഗർഭനിരോധന സ്‌പോഞ്ച്

[തിരുത്തുക]

ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗർഭനിരോധന സ്‌പോഞ്ച് ബീജനാശിനികൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഗർഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. ഡയഫ്രത്തെയും സെർവിക്കൽ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗർഭാശയമുഖത്ത് സ്ഥാപിക്കുന്നത് സൂഷ്മതയോടെ ചെയ്യേണ്ടതാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.

വജൈനൽ റിംഗ്

[തിരുത്തുക]

യോനിയിൽ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോർമോൺ ഉപയോഗിച്ചുള്ള ഗർഭനിരോധമാർഗമാണിത്. മാസത്തിൽ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനും പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്.

ഗർഭനിരോധന കുത്തിവെപ്പ്

[തിരുത്തുക]

ഹോർമോൺ കുത്തിവെപ്പുകൾ മൂന്നുമാസം വരെ ഗർഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. വർഷത്തിൽ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു…

സുരക്ഷിതകാലം നോക്കൽ

[തിരുത്തുക]

സുരക്ഷ ഏറ്റവും കുറഞ്ഞ ഗർഭനിരോധനമാർഗമാണ് 'സുരക്ഷിതകാലം നോക്കലും ശുക്ലം സ്ഖലിക്കുന്നതിന് തൊട്ട്‌ മുൻപ്‌ ലിംഗം പുറത്തെടുക്കലും.' രണ്ടിലും വലിയ പരാജയ സാധ്യതയുണ്ട്‌. വളരെ കൃത്യമായ ആർത്തവചക്രമുള്ളവർക്ക്‌ മാത്രമേ സുരക്ഷിതകാലം നോക്കുന്നത്‌ ഒരു പരിധി വരെയെങ്കിലും ഫലപ്രദമാകൂ. ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിൽ അതായത് പതിനാലാം ദിവസം വരുന്ന അണ്ഡവിസർജനകാലം (Ovulation), സുരക്ഷിതകാലം എന്നിവ നിർണ്ണയിക്കുന്നതിൽ പലർക്കും തെറ്റ് പറ്റാൻ സാധ്യതയുണ്ട്. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ഗർഭധാരണ സാധ്യത ഏറ്റവും കൂടിയ ദിവസങ്ങളാണ് ഇത്. അതിനാൽ ഈ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. അണ്ഡവിസർജന അവബോധം, പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുൽപാദനശേഷി കൂടുന്ന ദിനങ്ങളിൽ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വർധിക്കുന്നതും യോനീദ്രവത്തിലുണ്ടാകുന്ന വർധനവും നോക്കി അണ്ഡവിസർജന സമയം മനസിലാക്കാം. ഒരു ഡോക്ടറെ കണ്ടും ഈ രീതിയെ പറ്റി കൂടുതൽ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. മറ്റൊരു വഴിയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ രീതിയും ഉപയോഗിക്കാവുന്നതാണ്.

ലിംഗം പിൻവലിക്കൽ

[തിരുത്തുക]

സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയിൽ നിന്നും പുരുഷലിംഗം പിൻവലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്. പുരുഷന്മാരിൽ സ്‌ഖലനത്തിന്‌ മുൻപ്‌ വരുന്ന ലൂബ്രിക്കന്റ് ദ്രാവകത്തിലും ബീജങ്ങൾ അടങ്ങിയിരിക്കാം എന്നിരിക്കേ സ്ഖലനത്തിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്ന് പുറത്തെടുത്താലും ഗർഭം ധരിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല, ഇവയൊന്നും തന്നെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പലതരം രോഗാണുബാധകൾ തടയുന്നുമില്ല. എന്നാൽ മറ്റൊരു മാർഗവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു ഗർഭനിരോധന മാർഗമെന്ന നിലയിൽ പിൻവലിക്കൽ രീതിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നവർ കോണ്ടം, ബീജനാശിനി അടങ്ങിയ ലൂബ്രികന്റ് പോലെയുള്ള മറ്റേതെങ്കിലും നിരോധന മാർഗങ്ങൾ കൂടി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഏതൊരു രീതി ഉപയോഗിച്ചാലും 100% ഫലപ്രാപ്തി ഉറപ്പ് തരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഫെമറൽ സംഭോഗം (ഫെമറൽ ഇന്റർകോഴ്സ്):

പഴയ കാലങ്ങളിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമല്ലാത്തപ്പോൾ, ഗർഭധാരണം ഒഴിവാക്കാനും കന്യകാത്വം നിലനിർത്താനുമായി ഉപയോഗിച്ചിരുന്ന ഒരു രീതിയാണിത്. ലൈംഗിക ബന്ധത്തിന് പകരമായി ഉപയോഗിക്കാവുന്ന സുരക്ഷിതമായ (Substitutes) മാർഗ്ഗങ്ങളുടെ പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

രീതി: സ്ത്രീ തന്റെ തുടകൾ ചേർത്തുപിടിക്കുകയും ആ തുടകൾക്കിടയിലൂടെ പുരുഷൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്ന രീതിയാണിത്. ലിംഗാഗ്രം യോനിക്കുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ തുടകൾക്കിടയിലെ കടുത്ത അമർത്തലിലൂടെ പുരുഷന് ഉത്തേജനം ലഭിക്കുന്നു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, യോനിക്കുള്ളിലെ ബന്ധത്തേക്കാൾ (Penetration) തീവ്രമായ ഒരു അനുഭവം ചിലപ്പോൾ ഈ രീതി നൽകിയേക്കാം. തുടകൾക്കിടയിലെ സമ്മർദ്ദം ക്ലിറ്റോറിസിനും ചുറ്റുമുള്ള ഭാഗങ്ങൾക്കും പ്രത്യേക ഉത്തേജനം നൽകുന്നു എന്നത് കൊണ്ടാണ് ഇത് ഉണ്ടാകുന്നത്.

ആധുനിക കാലത്ത് സുരക്ഷിതമായ ഗർഭനിരോധന മാർഗ്ഗങ്ങളും കോണ്ടങ്ങളും ലഭ്യമാണെന്നിരിക്കെ, പഴയകാലത്തെപ്പോലെ കർശനമായ നിയമങ്ങളൊന്നും ഇതിൽ പാലിക്കേണ്ടതില്ല. എന്നിരുന്നാലും, ലൈംഗിക ജീവിതത്തിൽ പുതിയൊരു മാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ രീതി ഒരു പരീക്ഷണമായി നോക്കാവുന്നതാണ്.

സ്ഥിരം ഗർഭ നിരോധന മാർഗങ്ങൾ

[തിരുത്തുക]

വാസക്ടമി

[തിരുത്തുക]

വാസക്ടമി എന്നത് പുരുഷന്മാർക്ക് ചെയ്യാവുന്ന ഒരു ഗർഭനിരോധന മാർഗ്ഗമാണ്. വാസക്ടമി എന്നത് പുരുഷന്മാരിൽ ബീജം ഉത്പാദിപ്പിക്കുന്ന കുഴലുകൾ (vas deferens) മുറിച്ച് കെട്ടുന്ന ഒരു ചെറിയ ശസ്ത്രക്രിയയാണ്. ഇത് ബീജം ശുക്ലവുമായി കലർന്ന് പുറത്തേക്ക് വരുന്നതിനെ തടയുന്നു, അതുവഴി ഗർഭധാരണം ഒഴിവാക്കുന്നു. ഇത് വളരെ ലളിതമായ ഒരു ചെറു ശസ്ത്രക്രിയയാണ്. അതിനാൽ ഇത് ഏതൊരു ചെറിയ ആശുപത്രിയിലും സാധാരണയായി 20-30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാവുന്നതാണ്.

സാധാരണ ഗതിയിൽ വാസക്ടമിക്ക് ശേഷം പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അതുപോലെതന്നെ ഇതിന് ശേഷം ആശുപത്രിവാസം ആവശ്യമില്ല.

വാസക്ടമിക്ക് ശേഷം പുരുഷന്മാരിൽ ലൈംഗിക താല്പര്യം കുറയുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തെയോ പ്രവർത്തനത്തെയോ ബാധിക്കില്ല. അതുകൊണ്ട് ലൈംഗിക താല്പര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ല.

വാസക്ടമി ചെയ്യുന്നത് വളരെ ലളിതമായ ഒരു ചെറു ശസ്ത്രക്രിയയാണെങ്കിലും, ഇത് ഒരു സ്ഥിരം ഗർഭനിരോധന മാർഗ്ഗമാണ്. അതുകൊണ്ട്, ഇനി ഒരു കുട്ടിയെ ആഗ്രഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഈ രീതി തിരഞ്ഞെടുക്കുക. ശസ്ത്രക്രിയക്ക് ശേഷം വളരെ കുറഞ്ഞ ദിവസത്തേക്ക് വിശ്രമമെടുക്കാൻ ഡോക്ടർ നിർദ്ദേശിക്കും. ചില ആളുകൾക്ക് വാസക്ടമിക്ക് ശേഷം ചെറിയ വേദനയോ നീർക്കെട്ടോ ഉണ്ടാകാം. ഇത് താൽക്കാലികമാണ്. വാസക്ടമി തികച്ചും സുരക്ഷിതമായ ഒരു രീതിയാണ്. ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ ഇത് ചെയ്താൽ ചെറിയ സാമ്പത്തിക സഹായം ലഭിക്കാറുണ്ട്.

ട്യൂബക്ടമി

[തിരുത്തുക]

ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്ത സ്ത്രീകൾക്ക് സ്ഥിരമായ ഗർഭനിരോധനമാർഗ്ഗമെന്ന നിലയിൽ ട്യൂബെക്ടമി ഉപയോഗിക്കാം. ഇതിനായി സ്‌ത്രീകളിൽ അണ്‌ഢവാഹിനിക്കുഴലിൽ മാറ്റങ്ങൾ വരുത്തുന്ന ട്യൂബക്‌ടമി ശസ്ത്രക്രിയയാണ്‌ നിലവിലുള്ളത്. പ്രസവം സിസേറിയൻ ശസ്ത്രക്രിയ ആണെങ്കിൽ കൂടെത്തന്നെ പ്രസവം നിർത്താം എന്ന കാരണത്താൽ പലരും ട്യൂബക്‌ടമി ചെയ്യാറുണ്ട്. ഇതൊഴിച്ചാൽ അത്യന്തം ലളിതമായി പുരുഷൻമാരിൽ ചെയ്യാവുന്ന വാസക്‌ടമി തന്നെയാണ്‌ സ്‌ഥിര ഗർഭനിരോധനത്തിന്‌ ഏറ്റവും എളുപ്പമാർഗ്ഗം എന്ന് പറയാം. ഇതിന്‌ ആശുപത്രിവാസം ആവശ്യമില്ല. രണ്ട്‌ രീതിയായാലും 'റീകനാലൈസേഷൻ' എന്ന വഴിയിലൂടെ ഒരുപരിധി വരെ ഗർഭധാരണശേഷി തിരിച്ച്‌ കിട്ടാൻ സാധ്യതയുണ്ടെങ്കിലും ഇത് എല്ലായ്പോഴും വിജയിക്കണമെന്നില്ല. ഇന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയും ട്യൂബക്‌ടമി ലഭ്യമാണ്. അതിന് ആശുപത്രിവാസം അധികം ആവശ്യമില്ല.[2][3]

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

[തിരുത്തുക]

ഗർഭധാരണം തടയാൻ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിപണിയിൽ ധാരാളം മാർഗ്ഗങ്ങളുണ്ടെങ്കിലും, വെറുതെ ഒരു മാർഗ്ഗം തിരഞ്ഞെടുക്കുക എന്നതിനേക്കാൾ പ്രധാനം അത് ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്. നിങ്ങൾ ലൈംഗികമായി സജീവമായിരിക്കുമ്പോൾ ഗർഭധാരണ സാധ്യത ഏറ്റവും കുറയ്ക്കാൻ, ഈ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും പ്രാവർത്തികമാക്കുകയും വേണം. അവ താഴെ കൊടുക്കുന്നു.

1. നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുക (Partner Choice):

ഗർഭധാരണം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്: നിങ്ങളുടെ ലൈംഗിക, പ്രത്യുത്പാദനപരമായ താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്ന പങ്കാളികളെ മാത്രം തിരഞ്ഞെടുക്കുക.

ശാസ്ത്രീയമായ ഗർഭ നിരോധന മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിയില്ലാത്തവരും, ഗർഭിണിയാകാൻ ആഗ്രഹിക്കുന്നില്ല എന്ന തീരുമാനത്തെ മാനിക്കുന്നവരുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. പങ്കാളി നിങ്ങളുടെ തീരുമാനങ്ങൾക്ക് എതിര് നിൽക്കുകയോ, ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയോ ചെയ്താൽ, അത് ഗർഭധാരണ സാധ്യത നല്ല രീതിയിൽ വർദ്ധിപ്പിക്കും.

2. ഏറ്റവും ഫലപ്രദമായ ഗർഭനിരോധന മാർഗ്ഗം (Most Effective Contraception) തിരഞ്ഞെടുക്കുക

എല്ലാ ഗർഭനിരോധന മാർഗ്ഗങ്ങൾക്കും ശാസ്ത്രീയമായ ഫലപ്രാപ്തി നിരക്കുണ്ട് (Effectiveness Rate). ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുക.

ഏറ്റവും ഉയർന്ന ഫലപ്രാപ്തി നൽകുന്ന മാർഗ്ഗങ്ങൾ:

LARC (Long-Acting Reversible Contraception): ദീർഘകാലത്തേക്ക് ഫലപ്രദമായ മാർഗ്ഗങ്ങളാണിവ.

IUDs (Intrauterine Devices): ഗർഭപാത്രത്തിൽ സ്ഥാപിക്കുന്ന, ഹോർമോൺ അടങ്ങിയതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ. ഇവ 99% ലധികം ഫലപ്രദമാണ്. കോപ്പർ ടി ഉദാഹരണം.

ഇംപ്ലാന്റുകൾ (Implants): സ്ത്രീകളുടെ കയ്യിന്റെ മുകൾ ഭാഗത്ത് തൊലിക്കടിയിൽ സ്ഥാപിക്കുന്ന ചെറിയ ഹോർമോൺ ദണ്ഡ്. ഇതും 99% ലധികം ഫലപ്രദമാണ്.

സ്ഥിരമായ മാർഗ്ഗങ്ങൾ: വന്ധ്യംകരണ ശസ്ത്രക്രിയകൾ (Vasectomy, Tubal Ligation).

ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ "മനുഷ്യ സഹജമായ പിഴവ്" (User Error) ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

3. 'ഇരട്ട സുരക്ഷ' ഉപയോഗിക്കുക (The Buddy System / Doubling Up)

ഒരു ഗർഭനിരോധന മാർഗ്ഗം മാത്രം ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് രണ്ട് മാർഗ്ഗങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നത്. ഇതിനെ 'ബഡ്ഡി സിസ്റ്റം' (ഇരട്ട സുരക്ഷ) എന്ന് വിളിക്കാം.

ഉദാഹരണത്തിന്: ഒരു ഗർഭ നിരോധന മാർഗം ഉപയോഗിക്കുന്നതിനൊപ്പം കോണ്ടം കൂടി ഉപയോഗിക്കുക.

കോണ്ടം (98% ഫലപ്രദം) ഉപയോഗിക്കുമ്പോൾ അത് പൊട്ടിപ്പോവുകയോ മറ്റോ ചെയ്താൽ, മറ്റുള്ളവ അധിക സുരക്ഷ നൽകുന്നു.

കൂടാതെ, കോണ്ടം മാത്രമാണ് ലൈംഗികമായി പകരുന്ന എച് ഐ വി അല്ലെങ്കിൽ എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളിൽ (STIs) നിന്ന് സംരക്ഷണം നൽകുന്ന ഏക സുരക്ഷാ മാർഗ്ഗം. സ്കലനത്തിന് മുൻപ് ലിംഗം പിൻവലിക്കുന്ന രീതി, സുരക്ഷിത കാലം എന്നിവയെക്കാൾ ഗുണകരമാണ് കോണ്ടം എന്ന്‌ പറയാം.

രണ്ട് ഫലപ്രദമായ മാർഗ്ഗങ്ങൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, ഗർഭധാരണ സാധ്യത 99.9% വരെ കുറയ്ക്കാൻ സാധിക്കും.

4. "സാധ്യതയില്ലാത്ത" രീതികൾ പരിശീലിക്കുക (Practicing Low-Risk Sex)

യോനിയിൽ ലിംഗപ്രവേശം (PIV/Penis-In-Vagina Intercourse) ആവശ്യമില്ലാത്ത പല ലൈംഗിക രീതികളും ഉണ്ട്. ഇത്തരം രീതികൾ ഗർഭധാരണത്തിന് യാതൊരു സാധ്യതയും നൽകുന്നില്ല:

*ഫോർപ്ലേ അല്ലെങ്കിൽ ബാഹ്യകേളി

*പരസ്പരമുള്ള സ്വയംഭോഗം (Mutual Masturbation)

*വായ വഴിയുള്ള ലൈംഗിക ബന്ധം (Oral Sex)

*ഉണങ്ങിയ ഇഴഞ്ഞുനീങ്ങൽ (Dry Humping - വസ്ത്രങ്ങൾ ധരിച്ചുള്ള ബന്ധം)

*കൈകൾ, ലൈംഗിക കളിപ്പാട്ടങ്ങൾ എന്നിവ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം (Manual Sex & Sex Toys)

ഗർഭധാരണം ഒരു പ്രശ്‌നമാകുന്ന സമയങ്ങളിൽ (ഉദാഹരണത്തിന്, ഗുളിക കഴിക്കാൻ മറന്നുപോയ ദിവസങ്ങളിൽ) ഇത്തരം 'സുരക്ഷിത ലൈംഗിക' രീതികൾ തിരഞ്ഞെടുക്കുന്നത് ഗർഭധാരണ സാധ്യത പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കും.

5. അടിയന്തര ഗർഭനിരോധനം എപ്പോഴും തയ്യാറാക്കുക (Keep Emergency Contraception Ready - EC):

ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ പോലും ചിലപ്പോൾ പരാജയപ്പെട്ടേക്കാം (കോണ്ടം പൊട്ടുക, ഗുളികയുടെ ഡോസ് തെറ്റുക, IUD സ്ഥാനം മാറുക). അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി അടിയന്തര ഗർഭനിരോധന ഗുളികകൾ (Emergency Contraception / Morning After Pill) അല്ലെങ്കിൽ EC-IUD പോലുള്ള മാർഗ്ഗങ്ങൾ എപ്പോഴും എളുപ്പത്തിൽ ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുന്നത് അവസാനത്തെ സുരക്ഷാ വലയം പോലെ പ്രവർത്തിക്കും.

അടിയന്തര ഗർഭനിരോധനം ഒരു പതിവ് ഗർഭനിരോധന മാർഗ്ഗമല്ല, അത് ഉപയോഗിക്കേണ്ടത് ഏറ്റവും അത്യാവശ്യമുള്ള 'എമർജൻസി' സാഹചര്യങ്ങളിൽ മാത്രമാണ്.

കൂടുതൽ വിവരങ്ങൾക്കായി ആരോഗ്യ വിദഗ്ദരുമായി സംസാരിക്കുക.

റെഫെറൻസുകൾ

[തിരുത്തുക]
  1. "Methods of contraception - NHS". www.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Family planning/contraception methods". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
  3. "www.mayoclinic.org". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗർഭനിരോധന_രീതികൾ&oldid=4595282" എന്ന താളിൽനിന്ന് ശേഖരിച്ചത്