ഗുസ്താവ് മാലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Middle-aged man, seated, facing towards the left but head turned towards the right. He has a high forehead, rimless glasses and is wearing a dark, crumpled suit
ഗുസ്താവ് മാലർ, 1892 <--വിയന്ന ഹോഫോപെർ സംവിധായകനായുള്ള അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിന്റെ അവസാനമെടുത്ത ചിത്രം. (1907)-->
ഗുസ്താവ് മാലറിന്റെ ഒപ്പ്

ബൊഹീമിയയിൽ ജനിച്ച ഓസ്ട്രിയൻ സംഗീതസംവിധായകനും ഓർക്കെസ്ട്ര നടത്തിപ്പുകാരനുമായിരുന്നു ഗുസ്താവ് മാലർ (ജർമ്മൻ ഉച്ചാരണം: [ˈɡʊstaf ˈmaːlɐ]; 7 July 1860 – 18 May 1911). തന്റെ കാലത്തെ മികച്ച ഓർക്കെസ്ട്ര, ഓപ്പറ നടത്തിപ്പുകാരിലൊരാളായി ജീവിച്ചിരുന്നപ്പോൾതന്നെ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. ശേഷകാലകാൽപനിക, ആദ്യകാലആധുനിക സംഗീതജ്ഞൻമാരിൽ പ്രധാനിയായി ഇന്ന് മാലർ കണക്കാക്കപ്പെടുന്നു. വിയെന്നയിലെ സംഗീതപ്രസ്ഥാനം മാലറുടെ സംഗീതത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് അർഹിച്ച അംഗീകാരം നൽകിയിരുന്നില്ല. സിംഫണികളും ഗാനങ്ങളുമാണ് അദ്ദേഹം പ്രധാനമായും സംഹീതസംവിധാനം നിർവ്വഹിച്ചിരുന്നവ. എങ്കിലും അദ്ദേഹത്തിന്റെ രചനകളിൽ ഓർക്കെസ്ട്രൽ ലീഡ്, സിംഫണി, സിംഫണിക് കവിത എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ അത്ര പ്രകടമല്ല.

ഇദ്ദേഹം ജനിച്ചത് ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ കലിഷ്ടേ എന്ന സ്ഥലത്താണ്. ഇദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇഗ്ലാവു (ഇപ്പോൾ ജിഹ്ലാവ) എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. ഇവിടെയാണ് മാലർ വളർന്നത്.

സംഗീതസംവിധായകൻ എന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഓസ്ട്രോ-ജർമൻ പാരമ്പര്യത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ ആധുനികതയ്ക്കുമിടയിൽ ഒരു പാലമായാണ് മാലർ വർത്തിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഗീതസംവിധായകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ സ്ഥാനം ഉറച്ചതായിരുന്നുവെങ്കിലും മരണശേഷം വളരെക്കാലം ഇദ്ദേഹത്തിന്റെ സംഗീതം അവഗണിക്കപ്പെട്ടു. നാസി ഭരണത്തിൽ കീഴിൽ ഇദ്ദേഹത്തിന്റെ സംഗീതം നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. 1945-നു ശേഷം ഇദ്ദേഹത്തിന്റെ സംഗീതം വീണ്ടും കണ്ടെത്തപ്പെടുകയും പുതിയ തലമുറ സ്വീകരിക്കുകയും ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ സ്ഥിതി തുടരുന്നു.

ദരിദ്രമായ ചുറ്റുപാടുകളിലാണ് മാലർ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ ഇദ്ദേഹം സംഗീതത്തിലെ തന്റെ കഴിവ് പ്രദർശിപ്പിച്ചിരുന്നു. വിയന്ന കൺസർവേറ്ററിയിൽ നിന്ന് 1878-ൽ പാസായതിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഓർക്കെസ്ട്ര നടത്തിപ്പുകാരനായി ജോലി ചെയ്ത ഇദ്ദേഹം പടിപടിയായി ഉയർന്നുവരികയായിരുന്നു. 1897-ൽ വിയന്ന കോർട്ട് ഒപറയിൽ (ഹോഫോപെർ) ഇദ്ദേഹത്തിന് ജോലി ലഭിച്ചു. ഇദ്ദേഹം ഈ ജോലി ലഭിക്കാനായി ജൂതമതം ഉപേക്ഷിച്ച് കത്തോലിക്കാ മതം സ്വീകരിച്ചു. വിയന്നയിൽ ജീവിച്ച പത്തുവർഷം മാലർ ജൂതവിരുദ്ധ നിലപാട് സ്വീകരിച്ച പത്രങ്ങളിൽ നിന്ന് എതിർപ്പ് നേരിട്ടുകൊണ്ടിരുന്നു. ഇതു മറികടന്നാണ് തന്റെ സംഗീതത്തിന്റെ ഗുണം ഒന്നുകൊണ്ടു മാത്രം ഇദ്ദേഹത്തിന് ഒപ്പറ നടത്തിപ്പുകാരിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താൻ കഴിഞ്ഞത്. വാഗ്നർ, മൊസാർട്ട് എന്നിവരുടെ സംഗീതത്തിന്റെ മാലറുടെ വ്യാഖ്യാനങ്ങൾ പ്രശസ്തമായിരുന്നു. പിന്നീട് ഇദ്ദേഹം ന്യൂ യോർക്കിലെ മെട്രോപോളിറ്റൺ ഓപറയിലും ന്യൂ യോർക്ക് ഫിൽഹാർമോണിക്കിലും ജോലി ചെയ്തിട്ടുണ്ട്.

മാലറുടെ സ്വന്തം സംഗീതം വ‌ളരെ ശുഷ്കമാണ്. ഓർക്കെസ്ട്ര നടത്തിപ്പിനിടയിന്റെ ഇടവേളകളിൽ സ്വന്തമായി സംഗീതസംവിധാനം ചെയ്യാനുള്ള സമയക്കുറവാകാം ഇതിനു കാരണം. വേനൽക്കാലത്തെ ഒഴിവുസമയങ്ങളിൽ തന്റെ സംഗീതം ചിട്ടപ്പെടുത്താൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഇദ്ദേഹം വിയന്നയിൽ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ സൃഷ്ടിച്ച പിയാനോ ക്വാർട്ടറ്റ് ഇദ്ദേഹത്തിന്റെ സൃഷിടിവൈഭവത്തിനുദാഹരണമാണ്. ഇതൊഴികെയുള്ള ഇദ്ദേഹത്തിന്റെ സംഗീതങ്ങൾ പ്രധാനമായും വലിയ ഓർക്കെസ്ട്രകൾക്ക് മാത്രം വായിക്കാനാവുന്നതാണ്. ഇദ്ദേഹത്തിന്റെ പന്ത്രണ്ട് സിംഫണികളിൽ മിക്കതും സാധാരണ ഓർക്കെസ്ട്രകളെക്കൂടാതെ കൂടുതൽ സംഗീതോപകരണങ്ങലെയും ഗായകരെയും ഉൾപ്പെടുത്തിയിരുന്നു. ഇവയിൽ മിക്കതും ആദ്യം അവതരിപ്പിച്ചപ്പോൾ വിമർശിക്കപ്പെട്ടിരുന്നു. പതിയെ മാത്രമാണ് ഇവയ്ക്ക് അംഗീകാരം ലഭിച്ചത്. രണ്ടാം സിംഫണി, മൂന്നാം സിംഫണി, എട്ടാം സിംഫണി എന്നിവയാണ് ഇതിനൊരപവാദം. ഇദ്ദേഹത്തെ ആദരിക്കുവാനായി 1955-ൽ ഇന്റർനാഷണൽ ഗുസ്താവ് മാലർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുസ്താവ്_മാലർ&oldid=3957538" എന്ന താളിൽനിന്ന് ശേഖരിച്ചത്