ക്രയോണിക്സ്
ഭാവിയിൽ പുനർജ്ജീവിപ്പിക്കാൻ സാദ്ധ്യമാകുന്നതുവരെ മൃതശരീരങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന സാങ്കേതികമാർഗ്ഗമാണ് ക്രയോണിക്സ്. ഈ മാർഗ്ഗത്തിലൂടെ മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ മൃതശരീരങ്ങൾ, കോശങ്ങൾ, തലച്ചോറ് എന്നിവ വളരെ താഴ്ന്ന ഊഷ്മാവിൽ ശീതീകരിച്ച് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. ഇതിന് ക്രയോപ്രിസർവേഷൻ എന്നു പറയുന്നു. നിയമപ്രകാരം മരണം സ്ഥിരീകരിക്കപ്പെട്ട മനുഷ്യരുടെ ശരീരങ്ങൾ മാത്രമേ ഈ മാർഗ്ഗത്തിലൂടെ സംരക്ഷിച്ചു വയ്ക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. നിയമപ്രകാരം മരണപ്പെട്ടുവെങ്കിലും മരണത്തിന്റെ വിവര-സിദ്ധാന്ത നിർവചനപ്രകാരം മരണം സംഭവിച്ചിട്ടില്ലാത്ത ആൾക്കാരിലാണ് ക്രയോണിക്സ് പരീക്ഷിക്കപ്പെടുന്നത്. തണുപ്പ് എന്ന് അർത്ഥമുള്ള ക്രയോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ക്രയോണിക്സ് എന്ന വാക്കിന്റെ ഉൽഭവം.
ക്രയോപ്രോട്ടക്ടറുകൾ ഉണ്ടായിരുന്നിട്ടും, കോശങ്ങളിൽ ജലദോഷം മൂലമുണ്ടാകുന്ന ക്ഷതം കാരണം, ശാസ്ത്രലോകം ക്രയോണിക്‌സിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 2018-ൽ വിട്രിഫിക്സേഷൻ എന്ന പുതിയ പ്രക്രിയ വികസിപ്പിച്ചെങ്കിലും അതിന് സിനാപ്‌സ് എക്‌സിറ്റബിലിറ്റി ത്രെഷോൾഡിന്റെ സംരക്ഷണം ഇല്ലായിരുന്നു. 2023-ൽ, വിട്രിഫിക്‌സേഷൻ സമയത്ത് സിനാപ്‌സുകളുടെ എക്‌സിറ്റബിലിറ്റി ത്രെഷോൾഡിന്റെ സംരക്ഷണത്തിലേക്കുള്ള ഗവേഷണം നേരിട്ട് നടത്തേണ്ടത് അടിയന്തിരമാണ്.[1][2][3][4][5][6][7][8][9][10]
ശീതീകരണമാർഗ്ഗം
[തിരുത്തുക]ദ്രവനൈട്രജൻ നിറച്ച ടാങ്കുകളിലാണ് ശരീരങ്ങൾ (മൊത്തം ശരീരം അഥവാ തലച്ചോറ്) സൂക്ഷിക്കുന്നത്. നൈട്രജന്റെ ബാഷ്പീകരണ താപനിലയായ -196 ഡിഗ്രി സെൽഷ്യസ് ആണ് ടാങ്കിനുള്ളിലെ താപനില. 6 മുതൽ 10 വർഷം വരെ വേണം ശരീരം പുനർജ്ജനിക്കാനായി സജ്ജമാക്കാൻ
ആശയം, പ്രമാണം
[തിരുത്തുക]മനുഷ്യന്റെ ഓർമ്മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് തലച്ചോറിലാണെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ചില പ്രത്യേകസാഹചര്യങ്ങളിൽ തലച്ചോറിന്റെ പ്രവർത്തനം നിലച്ച ശേഷവും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഭാവിയിൽ തലചോറിന്റെ പ്രവർത്തനം പൂർണ്ണമായും സാധാരണനിലയിലാക്കത്തക്കവിധം തലച്ചോറിനെ സംരക്ഷിക്കാവുന്ന മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ ശീതീകരിക്കുന്നതിനു മുൻപ് ക്രയോപ്രൊട്ടക്റ്റന്റ് എന്ന വസ്തു കൂടിയ അളവിൽ തലച്ചോറിലേക്ക് പ്രവഹിപ്പിച്ച് തലച്ചോറിലെ കോശങ്ങൾക്കുണ്ടാകുന്ന നാശം ഒഴിവാക്കാം എന്ന് ക്രയോണിക്സ് വിഭാവനം ചെയ്യുന്നു. തൽഫലമായി തലച്ചോറിലെ ഓർമ്മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ കേടുകൂടാതെ സംരക്ഷിക്കാം.
ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള ഇന്നത്തെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ ക്രയോണിക്സിന്റെ രീതികളേയും വിജയസാദ്ധ്യതയേയും ചോദ്യം ചെയ്യുന്നവരുണ്ട്. നിലവിൽ കോശങ്ങൾ, ടിഷ്യൂകൾ, ചില ചെറുജീവികളുടെ അവയവങ്ങൾ എന്നിവ ക്രയോണിക്സ് വഴി സൂക്ഷിക്കാനും അവയുടെ പ്രവർത്തനം പിന്നീട് വീണ്ടെടുക്കാനും കഴിയും. എന്നാൽ ക്രയോണിക്സിന്റെ ഇന്നത്തെ ലക്‌ഷ്യം ഓർമ്മ, വ്യക്തിത്വം എന്നിവ അടങ്ങിയ തലച്ചോറിന്റെ ഭാഗം സംരക്ഷിക്കുക മാത്രമാണെന്ന് അതിന്റെ വക്താക്കൾ പറയുന്നു. ഭാവിയിൽ മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെടുന്നതുവരെ വിവര-സിദ്ധാന്ത നിർവചനപ്രകാരമുള്ള മരണം ഒഴിവാക്കാൻ ഇതു ധാരാളമാണെന്നും അവർ അഭിപ്രായപ്പെടുന്നു.
വിജയത്തിനുള്ള തടസ്സങ്ങൾ
[തിരുത്തുക]കൂടുതൽ നാൾ ക്രയോപ്രിസർവേഷൻ ചെയ്യുന്നതിന് -196 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് ആവശ്യമാണ്. ഈ താപനിലയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള കോശങ്ങളുടെ ഇടയിൽ ഐസ്പാളികൾ രൂപപ്പെട്ട് തകരാറുകൾ സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. എന്നാൽ കൂടിയ അളവിൽ ക്രയോപ്രൊട്ടക്റ്റന്റ് ലായനി പ്രവഹിപ്പിച്ച് കോശങ്ങളിൽ നിന്നും ജലാംശം നീക്കം ചെയ്ത് പകരം ഐസ്പാളികളുടെ രൂപവത്കരണത്തെ ചെറുക്കുന്ന രാസവസ്തുക്കൾ നിറയ്ക്കുന്നു. ഈ പ്രക്രിയ വലിയ ഒരളവുവരെ കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുമെങ്കിലും ശരീരം മുഴുവൻ ശീതീകരിക്കുന്നതുകൊണ്ട് കോശങ്ങൾക്കു പരുക്കുപറ്റാനുള്ള സാധ്യത നിലനിൽക്കുന്നു.
ഇത്തരത്തിൽ ഐസ്പാളികൾ രൂപപ്പെടാതെയുള്ള ശീതീകരണത്തിന് വിട്രിഫിക്കേഷൻ എന്നു പറയുന്നു. വിട്രിഫിക്കേഷൻ വഴി കോശങ്ങൾക്കു പരുക്കേൽക്കില്ലെങ്കിലും ഇതിനുപയോഗിക്കുന്ന രാസവസ്തുക്കൾ വിഷാംശം കലർന്നവയാണ്. ഈ വിഷാംശത്തിന്റെ സ്വഭാവം ഇതുവരെ വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. എന്നാൽ ഇവ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നാണ് ക്രയോണിക്സ് വക്താക്കളുടെ വാദം.
അമേരിക്കയിലെ ആൽക്കോർ ലൈഫ് എക്സ്റ്റൻഷൻ ഫൗണ്ടേഷൻ വിട്രിഫിക്കേഷൻ മാർഗ്ഗമാണ് ക്രയോണിക്സിനു സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ജന്തുക്കളുടെ തലച്ചോർ ആദ്യം ശീതീകരിക്കുകയും പിന്നീട് താപനില കൂട്ടിയശേഷം ഇലക്ട്രോൺ മൈക്രോസ്കോപ്പിക്കു വിധേയമാക്കുകയും ചെയ്തപ്പോൾ ഐസ്പാളികൾ മൂലമുള്ള പരുക്കുകൾ ഇല്ലായെന്നു കണ്ടെത്തി.
ഇസ്കീമിക് പരുക്ക്
[തിരുത്തുക]രക്തചംക്രമണം തടസ്സപ്പെടുന്നതുമൂലം ഓക്സിജന്റെയും മറ്റ് അനുബന്ധഘടകങ്ങളുടെയും അഭാവത്താൽ കോശങ്ങൾക്കുണ്ടാകുന്ന തകരാറാണ് ഇസ്കീമിക് പരുക്ക്. ഒരാൾ നിയമപ്രകാരം മരിച്ചതായി കണക്കാക്കപ്പെടുന്നതിന് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ഇസ്കീമിക് പരുക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയിൽ തലച്ചോറിന് 4 മുതൽ 6 മിനിറ്റ് വരെമാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ആധുനികശാസ്ത്രത്തിന് ഇതിനേക്കാൾ കൂടുതൽ നേരം തലച്ചോറിനെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും അതിനാൽ ഇസ്കീമിക് പരുക്ക് ഏൽക്കാതെ കൂടുതൽ സമയം തലച്ചോറിനെ സംരക്ഷിക്കാമെന്നും ക്രയോണിക്സ് വക്താക്കൾ പറയുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.cryonics.org/
- http://www.merkle.com/cryo/ Archived 2005-08-16 at the Wayback Machine.
- http://www.benbest.com/cryonics/CryoFAQ.html
- ↑ https://cmte.ieee.org/futuredirections/2018/05/08/jumping-into-the-void-vitrifixation/
- ↑ https://www.fightaging.org/archives/2018/03/large-mammal-brain-preservation-prize-won-using-a-method-of-vitrifixation/
- ↑ https://www.medicalnewstoday.com/articles/321235
- ↑ https://www.basicthinking.de/blog/2018/03/20/wuerdet-ihr-euer-gehirn-in-der-cloud-speichern-lassen/
- ↑ https://de.1in4mentalhealth.com/your-brain-could-be-backed-up-for-a-F5R
- ↑ https://www.begeek.fr/une-start-up-promet-de-telecharger-votre-cerveau-dans-le-cloud-apres-votre-mort-267146
- ↑ https://www.letemps.ch/economie/une-startup-americaine-promet-limmortalite-numerique
- ↑ https://www.radiofrance.fr/franceinter/podcasts/c-est-deja-demain/une-start-up-americaine-veut-sauvegarder-notre-cerveau-2272910
- ↑ https://cmte.ieee.org/futuredirections/2018/05/08/jumping-into-the-void-vitrifixation/
- ↑ https://www.01net.com/actualites/cette-start-up-promet-de-telecharger-votre-cerveau-dans-le-cloud-apres-vous-avoir-ote-la-vie-1396344.html