വൈപ്പിൻ വിളക്കുമാടം
വൈപ്പിൻ ജെട്ടിയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ പുതുവൈപ്പ് എന്ന സ്ഥലത്താണ് വൈപ്പിൻ വിളക്കുമാടം സ്ഥിതിചെയ്യുന്നത്. 1979 നവംബർ 15നാണ് വൈപ്പിനിലുള്ള വിളക്കുമാടം പ്രവർത്തനസജ്ജമായതെങ്കിലും കൊച്ചിൻ വിളക്കുമാടത്തിന് വളരെ നീണ്ട ചരിത്രമുണ്ട്. 1839 മുതൽ ഫോർട്ട് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന വിളക്കുമാടമാണ് പിന്നീട് വൈപ്പിനിലേയ്ക്ക് മാറ്റി സ്ഥാപിച്ചത്.
സാങ്കേതിക വിശദാംശങ്ങൾ
[തിരുത്തുക]46 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ളതും രണ്ട് പാളികളുള്ളതുമായ സിമറ്റ് സിമറ്റ് സ്തംഭമാണീ വിളക്കുമാടത്തിനുള്ളത്. ദീപത്തിന് 28 നോട്ടിക്കൽ മൈൽ ദൂരത്തെത്താനാവുമത്രേ. മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് സിസ്റ്റവുമാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. വിശദമായ വിശദാംശങ്ങളടങ്ങിയ പട്ടിക കാണുക.
ഇനം | വിശദാംശങ്ങൾ |
---|---|
സീരിയൽ നമ്പർ | F 0698 |
അക്ഷാംശവും രേഖാംശവും | 9o 59.8’ N
76o 13.3’ E |
പ്രകാശം തെളിയുന്ന രീതി | വെളുത്ത നിറത്തിലുള്ള പ്രകാശം 20 സെക്കന്റിൽ 4 തവണ തെളിയും. |
സ്തംഭത്തിന്റെ പ്രത്യേകത | 46 മീറ്റർ ഉയരമുള്ളതും വൃത്താകൃതിയിലുള്ളതുമായ സ്തംഭത്തിന്റെ വെളിയിൽ വരമ്പുകളുണ്ട്. ചുവപ്പും വെളുപ്പും നിറങ്ങളിൽ തിരശ്ചീനമായ ബാൻഡുകളായാണ് ചായം പൂശിയിരിക്കുന്നത്. |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 49 മീറ്റർ |
റേഞ്ച് | 28 നോട്ടിക്കൽ മൈലുകൾ |
ഒപ്റ്റിക്കൽ സാമഗ്രികൾ | ജെ.സ്റ്റോൺ ഇന്ത്യ നിർമിച്ചതാണ് സാമഗ്രികൾ. ലാന്റേൺ ഹൗസിന്റെ ഡയമീറ്റർ 2.4 മീറ്ററാണ്. നാലു പാനലുകളുള്ള റിസോൾവിംഗ് ഒപ്റ്റിക് സാമഗ്രിയാണുള്ളത്. (മൂന്നാം ഓർഡർ, 375 മില്ലീമീറ്റർ) |
പ്രകാശസ്രോതസ്സ് | നാല് മെറ്റൽ ഹാലൈഡ് ദീപങ്ങൾ (150 വാട്ട്, 230 വോൾട്ട്) |
ഊർജ്ജസ്രോതസ്സ് | 440 വോൾട്ട്, 50 ഹെർട്ട്സ് വൈദ്യുതി (അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ജനറേറ്റർ നിലവിലുണ്ട്) |
ആദ്യം പ്രവർത്തനമാരംഭിച്ച വർഷം | 1839 |
പിന്നീട് മെച്ചപ്പെടുത്തലുകൾ നടന്ന വർഷങ്ങൾ | 1902, 1914, 1920, 1936, 1966, 1979, 1980, 1996, 1998, 2003 |
തപാൽ വിലാസം | വൈപ്പിൻ ലൈറ്റ്‌ഹൗസ്, പുതുവൈപ്പ് - 682 508 |
ടെലിഫോൺ നമ്പർ | 0484 2502443 |
ചരിത്രം
[തിരുത്തുക]ഫോർട്ട് കൊച്ചിയിലെ പഴയ വിളക്കുമാടം
[തിരുത്തുക]1839 മുതൽ തന്നെ ഫോർട്ട് കൊച്ചിയിൽ ഒരു വിളക്കുമാടം പ്രവർത്തനത്തിലുണ്ടായിരുന്നു. എണ്ണകൊണ്ടു കത്തുന്ന ദീപമായിരുന്നു പ്രകാശസ്രോതസ്സ്. 1902-ൽ പുതിയ വിളക്കും പ്രകാശപ്രതിഭലന സംവിധാനവും നിലവിൽ വന്നു. 1914-ൽ വീണ്ടും പരിഷ്കരണങ്ങൾ നടത്തപ്പെട്ടു. 1920-ൽ 10 മീറ്റർ ഉയരമുള്ള പുതിയ സ്തംഭം നിലവിൽ വന്നു. രണ്ട് കറുപ്പ് വലയങ്ങളും ഒരു വെളുപ്പു നിറത്തിലുള്ള വലയവുമായിരുന്നു ഇതിൽ പൂശിയിരുന്ന നിറങ്ങൾ. പഴയ സ്തംഭത്തിലെ പ്രകാശവിസരണ സംവിധാനം പുതിയ സ്തംഭത്തിലേയ്ക്ക് മാറ്റപ്പെട്ടു.
ആർ. സി. ബ്രിസ്റ്റോ എന്ന ഹാർബർ ചീഫ് എഞ്ചിനിയർ 1935-ൽ കൊച്ചി തുറമുഖത്തിന്റെ വികസനത്തിനും നവീകരണത്തിനുമായി ഒരു നാലു ഘട്ട പദ്ധതി ആവിഷ്കരിച്ചു. വെണ്ടുരുത്തി ദ്വീപും ചില തുരുത്തുകളും ചേർത്ത് വെല്ലിംഗ്ടൺ ഐലന്റ് എന്ന പുതിയ ദ്വീപ് നിർമ്മിക്കപ്പെട്ടു. വടക്കു കിഴക്കുഭാഗത്ത് കപ്പലുകളടുക്കുന്ന സ്ഥലം എറണാകുളം വാർഫെന്നും വടക്കുപടിഞ്ഞാറു ഭാഗത്ത് മട്ടാഞ്ചേരി വാർഫ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.
1936-ൽ പ്രദേശം ആകമാനം വികസിക്കുകയുണ്ടായി. 25 മീറ്റർ ഉയരത്തിലുള്ള സ്റ്റീൽ സ്തംഭം സ്ഥാപിക്കപ്പെട്ടു. ചാരനിറമായിരുന്നു ഇതിന്. ഗാസുപയോഗിച്ചുള്ള ഒരു പ്രകാശസ്രോതസ്സ് ഇതിൽ സ്ഥാപിച്ചു. 1966-ൽ സൺ വാൾവ് എന്ന സംവിധാനം നിലവിൽ വന്നു. കൂടുതൽ ഉയരമുള്ളതും ശക്തിയുള്ള ഒരു വൈദ്യുതവിളക്കും റേഡിയോ ബീക്കൺ സംവിധാനവുമുള്ള സ്തംഭം സ്ഥാപിക്കാൻ പദ്ധതിയുണ്ടാക്കപ്പെട്ടു. പക്ഷേ ഫോർട്ട് കൊച്ചി മേഖലയിൽ ഇതിന് സ്ഥലം ലഭ്യമല്ലാതിരുന്നതിനാൽ പുതിയ വിളക്കുമാടം വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിലേക്കും റേഡിയോ ബീക്കൺ അഴീക്കോടിലേയ്ക്കും മാറ്റാൻ തീരുമാനമെടുത്തു.[1]
സ്ഥാനം
[തിരുത്തുക]കൊച്ചിയിലെ വൈപ്പിൻ ദ്വീപിലാണ് ഈ വിളക്കുമാടം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് വൈപ്പിനിലേയ്ക്ക് സ്ഥിരം ബോട്ട് സർവീസുണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേയ്ക്ക് ജങ്കാർ വഴി വാഹനത്തിലെത്താൻ സാധിക്കും. ഹൈക്കോർട്ടിനടുത്തുനിന്ന് ഗോശ്രീ പാലം വഴിയും വടക്കൻ പറവൂരിൽ നിന്നും ഇങ്ങോട്ട് റോഡ് മാർഗ്ഗം എത്തുകയും ചെയ്യാം. വൈപ്പിൻ ജട്ടിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരെ പുതുവൈപ്പ് എന്ന സ്ഥലത്താണ് ഈ വിളക്കുമാടം സ്ഥിതിചെയ്യുന്നത്.
ഇവയും കാണുക
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-12. Retrieved 2012-10-14.