കല്ലൂർ ഉമ്മൻ ഫിലിപ്പോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
Kophilipose medium.jpg
ജനനം1838
മരണം1880 ജൂലൈ 20 (42 വയസ്സു്)
മരണ കാരണംകരൾ രോഗം
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
അദ്ധ്യാപകൻ
അറിയപ്പെടുന്നത്മലയാളത്തിലെ ആദ്യപത്രാധിപർ
മലയാളത്തിലെ ആദ്യനാടകകൃത്തു് [1]
ജീവിതപങ്കാളി(കൾ)ഉണിച്ചാരമ്മ
മാതാപിതാക്ക(ൾ)കല്ലൂർ ഉമ്മൻ
അന്നമ്മ


മലയാളത്തിലെ ആദ്യനാടക കൃതിയായ ആൾമാറാട്ടത്തിന്റെ (ഷെയ്ക്സ്പിയർ കൃതിയായ കോമഡി ഒഫ് എറേഴ്സിന്റെ പരിഭാഷ) കർത്താവാണു് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (1838 - 1880). 1864ൽ കൊച്ചിയിൽനിന്നു് പ്രസിദ്ധീകരണം ആരംഭിച്ച പത്രമായ പശ്ചിമതാരകയുടെ പത്രാധിപരായും കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പ്രവർത്തിച്ചു.[2][3] മലയാളത്തിലെ ആദ്യ പത്രാധിപരായും ഇദ്ദേഹം അറിയപ്പെടുന്നു.[1]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ലയിൽ മല്ലപള്ളി താലൂക്കിൽ കല്ലൂപ്പാറയിലെ കല്ലൂർ ഉമ്മന്റെയും കോട്ടയം അയ്മനം പത്തിൽ കുടുംബാഗം അന്നമ്മയുടെയും മകനായി 1838-ൽ ജനിച്ചു. പിന്നീട് കുടുംബം ഒളശ്ശയിലേക്ക് മാറി. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഉമ്മനെ അമ്മയുടെ കുടുംബക്കാരായിരുന്നു വളർത്തിയത്. ചെറുപ്പത്തിൽ സംസ്കൃത പഠനം ആരംഭിച്ച പീലിപ്പോസ് സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ചേർന്നു. ഇംഗ്ലീഷ്, ഗ്രീക്ക്, ലത്തീൻ ഭാഷകളിലും ഗണിതം, രസതന്ത്രം, ഖഗോള ശാസ്ത്രം എന്നീ വിഷയങ്ങളിലും ഇവിടെനിന്നും പീലിപ്പോസ് കഴിവു നേടി.[1]

1859 നവംബം1-ആം തീയതി ഇരുപതാമത്തെ വയസ്സിൽ കൊച്ചിയിൽ ആംഗ്ലിക്കൻ സഭ വക സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. റോ വുഡ് സായിപ്പടക്കം നിരവധി പേരെ മലയാളം പഠിപ്പിച്ചു. 1869ൽ തിരുവിതാംകൂർ മഹാ ഇടവക സഭാ കൗൺസിലിൽ കൊച്ചിയെ പ്രതിനിധീകരിച്ച് അംഗമായി. [4]

ഒളശയിൽ ഏനാദിക്കൽ തൊമ്മൻ വർക്കിയുടെ മകൾ ഉണിച്ചാരമ്മയെ 1862 ഫെബ്രുവരി 27-ആം തീയതി വിവാഹം ചെയ്തു. 1865 മാർച്ച് 24-ന് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പശ്ചിമതാരക എന്ന പത്രത്തിന്റെ അധിപനായി. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു. കത്തോലിക്ക സഭയെയും മാർപാപ്പായെയും നിർദയം വിമർശിക്കുന്ന ലേഖനങ്ങൾ തുടർച്ചയായി എഴുതി. [5] ആൾമാറാട്ടം കൂടാതെ അമരകോശ പ്രദീപിക, ശബ്ദദീപിക എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ആൾമാറാട്ടം ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയും പ്രകാരം ചില ഗ്രന്ഥങ്ങളും പീലിപ്പോസ് തർജ്ജമ ചെയ്തിരുന്നു. എന്നാൽ അവ പ്രസിദ്ധീകരിക്കും മുൻപെ കരൾ രോഗം മൂലം 1880 ജൂലൈ 20-ന് അദ്ദേഹം അന്തരിച്ചു. ഒളശ്ശ സെന്റ് മാർക്ക്സ് ദേവാലയത്തിലാണ് പീലിപ്പോസിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്.[1]

കൃതികൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

ആദ്യത്തെ മലയാളി പത്രാധിപരും മലയാളി നാടകകൃത്തും ഉമ്മൻ പീലിപ്പോസാണ്. എന്നാൽ കേരള വർമ്മ വലിയകോയിത്തമ്പുരാനാണ് കാലങ്ങളായി ആദ്യ നാടകകൃത്തെന്ന പദവി വഹിക്കുന്നത്. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനു തർജ്ജമയാണ് ഇദ്ദേഹത്തെ ഈ പദവിക്ക് അർഹനാക്കിയത്. എന്നാൽ അതിനും 16 വർഷം മുൻപ് (1866) കല്ലൂർ ഉമ്മൻ പീലിപ്പോസ് ആൾമാറാട്ടം തർജ്ജിമ ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 ആൾമാറാട്ടം എന്ന കൃതിയിലെ ജീവിതരേഖയിൽ നിന്നും
  2. Translation of The Comedy of Errors malayalam
  3. The Comedy of errors Malayalam Almarattam
  4. കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
  5. "സത്യനാദകാഹളം". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 2013. Unknown parameter |month= ignored (help); |first= missing |last= (help); Check date values in: |accessdate= (help); |access-date= requires |url= (help)CS1 maint: discouraged parameter (link)

കൂടുതൽ വായനക്ക്[തിരുത്തുക]

  • കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പ്രഥമ ഭാഷാ നാടക കർത്താവും ആദ്യത്തെ മലയാള പത്രാധിപരും, എം.കെ. ചെറിയൻ - വിദ്യാർത്ഥിമിത്രം (1971)
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:കല്ലൂർ ഉമ്മൻ ഫിലിപ്പോസ് എന്ന താളിലുണ്ട്.