Jump to content

കടൽക്കോയ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് ചൂണ്ടിക്കാട്ടുന്ന പൊലെ തന്നെ കടലിൽ മേൽക്കോയ്മയുള്ള അല്ലെങ്കിൽ കടലോരങ്ങളിലും കടൽവഴികളിലും മുൻതൂക്കമുള്ള സാമ്രാജ്യങ്ങളെ അല്ലെങ്കിൽ വൻകോയ്മകളെയാണ് കടൽക്കോയ്മകൾ എന്ന് വിളിക്കുക. പരമ്പരാഗത കടൽക്കോയ്മകൾക്ക് കരയിലുള്ള ഉൾനാടുകളിൽ പൊതുവെ വലിയ മേൽക്കൈ ഉണ്ടാകാറില്ല. വളരെ ചുരുക്കം ചില കടൽക്കോയ്മകളേ അത്തരത്തിൽ കടലും കരയും ഒരുപോലെ കീഴടക്കി വച്ചതായി ചരിത്രം കാഴ്ച്ചപ്പെടുത്തുന്നതായുള്ളു. അങ്ങനെ എടുത്തുപറയത്തക്ക ചില പേരുകളാണ് ഫിനീഷ്യ പട്ടണനാടുകളായിരുന്ന ടയർ, സിഡോൺ, കാർത്തേജ്; മദ്ധ്യധരണ്യാഴിയിലെ കടലോര ഇറ്റലി ഗണരാജ്യങ്ങളായിരുന്ന വെനീസ്, ജെനോവ; തമിഴ്നാട്ടിലെ ചോഴസാമ്രാജ്യം; അറബിനാട്ടിലെ ഒമാനി സാമ്രാജ്യം; തെക്കനേഷ്യ കടലോരങ്ങളിലെ ഓസ്ട്രോണേഷ്യ സാമ്രാജ്യങ്ങളായ ശ്രീവിജയ സാമ്രാജ്യം, മജപഹിത് എന്നിവ. പരമ്പരാഗത സാമ്രാജ്യങ്ങളെ കടൽക്കോയ്മകളിൽനിന്നും വേർതിരിച്ചറിയാൻ കഴിയുന്നത് അവർ കയ്യടക്കിവച്ചിട്ടുള്ള കരയുടെയും കടലിന്റെ അതിരുകൾ ഒത്തുനോക്കുമ്പോഴാണ്. കടൽക്കോയ്മകൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തങ്ങളുടെ കര അതിർത്തികൾ കടൽവഴി കൂട്ടിയിണക്കുകയും അതുവഴി കടലിൽ മേൽക്കൈ നേടുകയും ചെയ്യുന്നു. മറിച്ച് കരക്കോയ്മകൾ (കരയിൽ മേൽക്കോയ്മയുള്ളതുകൾ) കരയിലുള്ള ഉൾനാടുകളിലേയ്ക്കായിരിക്കും തങ്ങളുടെ അതിർത്തികൾ നീട്ടുക[1].

'കടൽക്കോയ്മ' എന്ന വാക്കിന് കടൽവഴിയുള്ള മേൽക്കൈ എന്ന് ചുരുക്കത്തിൽ പറഞ്ഞുവയ്ക്കാം. ആയത് പടക്കരുത്തുകൊണ്ടോ കച്ചവടക്കരുത്തുകൊണ്ടോ ഉടലെടുക്കുന്നതാകാം. പണ്ടുപണ്ടത്തെ യവനർ കപ്പൽപ്പടയുടെ കരുത്തിനെ പിൻപറ്റി നിലകൊണ്ടിരുന്ന മിനോവരുടെ പട്ടണക്കൂട്ടത്തെ അടയാളപ്പെടുത്തുന്നതിനായാണ് thalassocracy (തലസ്സോക്രസി) എന്ന വാക്ക് പണ്ടുപണ്ടത്തെ യവനർ തുടക്കത്തിൽ കൊണ്ടുവന്നത്[2]. കടൽക്കരുത്തിന്റെയും കരക്കരുത്തിനെയും തമ്മിൽ വേർതിരിച്ച ഹെറോഡറ്റസ് ഫിനീഷ്യരുടെ കടൽക്കോയ്മയെ ചെറുത്തുനിൽക്കാൻ യവനരുടെ 'കടൽവാഴ്ച' വളർത്തി വലുതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എഴുതുകയും ചെയ്തു[3].

ചരിത്രവും എടുത്തുകാട്ടലുകളും[തിരുത്തുക]

യൂറോപ്പും മദ്ധ്യധരണ്യാഴിയും[തിരുത്തുക]

ഫിനീഷ്യർ, ഏതൻസ്‌, കാർത്തേജ് മുതലായ വമ്പൻമാരും ഒരളവുവരെ എജീന, റോഡ്സ് എന്നിവരും ഉൾപ്പെട്ട നിരയാണ് മദ്ധ്യധരണ്യാഴി കടൽകരുത്തുകൊണ്ട് കയ്യാളിയിരുന്നവർ.

യവന കടൽക്കോയ്മകളുടെ തുടർച്ചയായ നിര തുടക്കത്തിലുണ്ടായിരുന്ന ലിഡിയർ, പെലാസ്ജിയർ, ത്രേസിയർ, റോഡിയർ, ഫ്രിജിയർ, സൈപ്രിയോട്ട്, ഫിനീഷ്യർ, മിസ്രികൾ, മിലേഷ്യർ, ലെസ്ബിയർ, ഫോകിയൻ, സാമിയർ, സ്പാർട്ടർ, നക്സിയർ, എറെട്രിയർ  എന്നിവരും ഇവർക്കുപിന്നാലെ ഒടുക്കം വന്ന മിസ്രികളും അടങ്ങുന്നതാണ്.

നടുകാലയളവിന്റെ തുടക്കത്തിൽ (നൂ. 500-1000 ക്രി.പി) തെക്കൻ ഇറ്റലി കടലോരത്തുണ്ടായിരുന്ന പല പട്ടണങ്ങളും ചെറിയ ചെറിയ കടൽക്കോയ്മകളായി തലപൊക്കിയത് കാണാം. തങ്ങൾക്കുണ്ടായിരുന്ന കടൽത്തുറകളും, കപ്പൽപ്പടയുടെ കരുത്തുമാണ് അവയുടെ അളവുകോൽ.

14-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനും ഇടയിലുള്ള കാലയളവിൽ ഇന്നത്തെ കിഴക്കൻ സ്പെയിനിന്റെ ഒരു വലിയ പങ്കും, തെക്കൻ ഫ്രാൻസിന്റെ അറ്റങ്ങളും, മദ്ധ്യധരണ്യാഴിയിലുള്ള മറ്റ് ചിലയിടങ്ങളും അടക്കിവാണിരുന്നത് അരഗോൺ കടൽക്കോയ്മയായിരുന്നു.

ഭാരത-ശാന്ത പെരുങ്കടൽ[തിരുത്തുക]

ഇന്ത്യൻ വൻകടലിൽ ശരിയായ ഒരു കടൽവഴി തെളിച്ചത് തെക്കുകിഴക്കേ ഏഷ്യയിലെ ഓസ്ട്രോണേഷ്യർ ആണെന്ന് കാലം അടയാളപ്പെടുത്തി വച്ചിരിക്കുന്നു. അവർ തെക്കേ ഇന്ത്യയുമായും ശ്രീലങ്കയുമായും ക്രി.മു 1500-ൽ തന്നെ കച്ചവട ഇടനാഴികൾ ഉണ്ടാക്കുകയും സാംസ്കാരിക കൈമാറ്റത്തിനു തുടക്കമിടുകയും തേങ്ങ, ചന്ദനമരം, വാഴപ്പഴം, കരിമ്പ് എന്നിവയുടെ കച്ചവടത്തിൽ ഏർപ്പെടുകയും ഇന്ത്യയും ചീനയും തമ്മിൽ സാംസ്കാരികമായി കോർത്തിണക്കുകയും ചെയ്തു. അവർക്കിടയിൽ തന്നെ ഇന്റോനേഷ്യർ കിഴക്കൻ ആഫ്രിക്കയുമായി കറിക്കൂട്ടുകളുടെ (മുഖ്യമായും കൊന്നപ്പട്ടയും കറുവാപ്പട്ടയും) കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ കെട്ടുമരങ്ങളിലും മരത്തോണികളിലുമായി പടിഞ്ഞാറൻ കാറ്റിന്റെ പിൻതുണയോടെ ഇന്ത്യൻ വൻകടലിലൂടെ കച്ചവടം നടത്തിപ്പോന്നു. ഈ കച്ചവട പിന്നീട് ഇടനാഴി ആഫ്രിക്കയുടെ പടിഞ്ഞാററ്റങ്ങളിലേയ്ക്കും അറബി കരമുനമ്പിലേയ്ക്കും തഴച്ചു വളരുകയുണ്ടായി, ക്രി.മു ഒന്നിന്റെ ഒന്നാം പകുതിയിൽ ഓസ്ട്രോണേഷ്യരുടെ മഡഗാസ്കർ കടന്നുകയറ്റത്തിലേയ്ക്കുവരെ മേൽപ്പറഞ്ഞ കച്ചവട ഇടനാഴിയുടെ വളർച്ച വഴിയൊരുക്കിയതിനും ചരിത്ര നേർക്കാഴ്ച. പിന്നീട് ഇത് കടൽവഴിയുള്ള പട്ടുതുന്നിപ്പാതയായി.

അക്കാലയളവിലെ ഏറ്റവും പുതിയ ഓസ്ട്രോണേഷ്യൻ പായ്ക്കപ്പലോട്ട സാങ്കേതിക അറിവുകളുടെ പിൻബലം കൊണ്ട് മലാക്ക കടലിടുക്കിലൂടെ ഫുനാനും ഇന്ത്യയും തമ്മിലുള്ള സമ്പന്നമായ കച്ചവട ഇടനാഴികൾ മുതലെടുത്തുകൊണ്ട് ഉടലെടുത്ത കച്ചവടത്തിലൂടെ ക്രി.പി 2-ആം നൂറ്റാണ്ടിൽ ഭാരത-ശാന്ത പെരുങ്കടലിലെ തുടർക്കാല കടൽക്കോയ്മകൾ പൊന്തിവന്നു. കടൽക്കച്ചവടത്തിനായി ഉൾനാടൻ ചരക്കുകൾ എളുപ്പം എത്തിച്ചേർക്കാൻ കഴിയാവുന്ന മുറയ്ക്ക്  ഒട്ടേറെ കടലോര പട്ടണനാടുകൾ പുഴവായ്ക്ക് അടുത്തോ അതിനു ചുറ്റുമോ ആയി വളർന്നുവന്നു. അത്തരം പട്ടണനാടുകൾ തെക്കുകിഴക്കൻ ഏഷിയയ്ക്കും അതിനപ്പുറവുമുള്ള  വാണിജ്യ കേന്ദ്രങ്ങളുമായി കച്ചവട ഇടപാടിനു തുടക്കം കുറിച്ചു. അവയുടെ മേൽനോട്ടം കയ്യാളിയിരുന്നവരും തങ്ങളുടെ കൈവാഴ്ചയെ ഊട്ടിയുറപ്പിക്കുന്നതിനായി  ഇന്ത്യയിൽ നിന്നുള്ള സാമൂഹിക ചട്ടങ്ങളും മതങ്ങളും കൈക്കൊള്ളുകയും പോകെപ്പോകെ ഇന്ത്യാമയമാകപ്പെടുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടോടെ പടയോട്ടങ്ങൾക്കൊണ്ടും അയൽനാടുകളുടെ പിടിച്ചടക്കൽകൊണ്ടും ശ്രീവിജയ കടൽക്കോയ്മ ഒരു വൻകരുത്തായി ഉയർന്നുവന്നു. മലായ്, കേദ, തരുമനഗര, മതരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ നാടുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ കടൽവഴികൾ കയ്യാളുകയും കറിക്കൂട്ടു തുരുത്തുകളിലെ (Spice Islands) കറിക്കൂട്ടു വിൽപ്പനയും ഇന്ത്യയും ചീനയും തമ്മിലുള്ള കടൽ കച്ചവട ഇടനാഴി മുതലെടുക്കുകയും ചെയ്തു. മുഴുവനായും മജാപഹിതിന്റെ (1293-1527) പിൻമുറയായ കടൽക്കോയ്മയുടെ കീഴിലാകുന്നതിനു മുമ്പ് 1275-ഓടെ ശ്രീവിജയയെ സിംഗസാരി കീഴടക്കുകയുണ്ടായി.

എടുത്തുപറയത്തക്ക മറ്റൊരു തെക്കനേഷ്യ കടൽക്കോയ്മയാണ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള കണ്ണൂരിലെ അറയ്ക്കൽ അലി രാജാക്കന്മാർ. അഞ്ചാമത്തെ നാടുവാഴിയായിരുന്ന അലി മൂസ 1183-84 കാലയളവിൽ മാലിദ്വീപുകളിൽ ചിലത് കീഴടക്കിയതായി പറയപ്പെടുന്നു.

Arakkal Thalassocracy in the Arabian Sea.

അറക്കൽ രാജാക്കന്മാരെ പിൻപറ്റി അറിയപ്പെട്ടിരുന്നതും മിനിക്കോയ് തുരുത്തിനെ ലക്ഷദ്വീപ് പറ്റത്തിൽനിന്നും വേർതിരിയ്ക്കുന്നതുമായ  9° കടൽച്ചാലായ 'മമ്മാലി കടൽച്ചാൽ' വഴി മാലിദ്വീപിനും ലക്ഷദ്വീപിനും തമ്മിലുള്ള അടുപ്പം പറങ്കികൾക്കും മറ്റ് യൂറോപ്പിയർക്കും അറിയാമായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മാലിദ്വീപിലെ നാടുവാഴി അറയ്ക്കൽ മനയുടെ ഒരു കീഴ്ക്കോയ്മയായിരുന്നു എന്നതും ചരിത്രം. പതിനാറാം നൂറ്റാണ്ടിൽ കോലോത്തിരികളുടെ കയ്യിൽനിന്നും അലി രാജാക്കന്മാർക്ക് നൽകപ്പെട്ട ലക്ഷദ്വീപ് ജാഗിർ (ഒരു തരം മാടമ്പിത്തം) പട്ടം അറയ്ക്കൽ മനയുടെ നില ഉയർത്തി. അലി രാജാക്കന്മാരുടെ രാഷ്ട്രീയ മുനമ്പത്ത്  അവരുടെ മതപരമായ അടയാളത്തിന് വലിയ പങ്കുണ്ടായിരുന്നത് കണക്കിലെടുക്കുകയാണെങ്കിൽ കണ്ണൂർ തെളിവായും ഒരു മുസ്ലീം തലക്കോയ്മയായിരുന്നെന്ന് വിലയിരുത്താം. പതിനാറാം നൂറ്റാണ്ടിലുടനീളം പടിഞ്ഞാറൻ ഏഷ്യയയിൽ നിന്നും കുതിരകളെ ഇറക്കുമതി ചെയ്ത് അലി രാജാക്കന്മാർ വരുമാനമുണ്ടാക്കിയതി ഇതിലേയ്ക്ക് ഒരു കണ്ണിയായി കോർത്തിണക്കാം.

വൻകരതാണ്ടുന്നവ[തിരുത്തുക]

പുതുയുഗത്തോടൊപ്പം പര്യവേക്ഷണ കാലയളവിൽ വൻകരകൾതാണ്ടിയുള്ള ചില കടൽക്കോയ്മകളും ഉയർന്നുവന്നു. യൂറോപ്പിൽ വേരൂന്നിക്കൊണ്ടുതന്നെ പല നാടുകളും തങ്ങളുടെ കപ്പൽക്കരുത്തിനാൽ കുടിയേറ്റ സാമ്രാജ്യങ്ങൾക്ക് കൊടിനാട്ടി. നാൾമുറയിൽ നോക്കുകയാണെങ്കിൽ അവയിൽ ഒന്നാമത്തേത് പറങ്കി സാമ്രാജ്യമായിരുന്നു. പിറകെ സ്പെയിനും , ലന്തരും ഒടുക്കം എത്തിയ ബ്രിട്ടൺ ഏറ്റവും വലിയ കരുത്തായി തങ്ങളുടെ 'റോയൽ  കപ്പൽപ്പടയുടെ' പിൻബലത്താൽ വൻകരകളുടെ വലിയൊരു പങ്കും അടക്കിവാണു. കപ്പൽ പടക്കോപ്പുകളുടെ ഏറ്റുമുട്ടലുകൾ (എടുത്തുപറഞ്ഞാൽ ജർമ്മനിയും ബ്രിട്ടനും തമ്മിൽ), കുടിയേറ്റവാഴ്ചയുടെ തളർച്ചയും, ഒട്ടേറെ കുടിയേറ്റവാഴ്ചകൾ സ്വാതന്ത്രം നേടിയതും നൂറ്റാണ്ടുകളായി പാരിന്റെ കടൽപ്പരപ്പിനെ കയ്യാളിയിരുന്ന യൂറോപ്പിയൻ കടൽക്കോയ്മകളുടെ കരുത്ത് കുറഞ്ഞുവന്നെങ്കിലും 1982-ൽ ഉണ്ടായ ഫോക്ക്ലാൻഡ് പോരാട്ടത്തിൽ ബ്രിട്ടൻ തങ്ങളുടെ കടൽക്കരുത്ത് ഒന്നുകൂടി ലോകത്തിനു മുന്നിൽ വരച്ചുകാട്ടി.

കിഴക്കൻ മദ്ധ്യധരണ്യാഴിയിൽ മേൽക്കൈ നാട്ടാനും എ.ഡി പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ വൻകടലിലേയ്ക്ക് ഒരു കടൽക്കോയ്മയായി വളരുന്നതിനും ഉസ്മാനി സാമ്രാജ്യം 'കര' അടിത്തറയാക്കിയുള്ള ഒരു പ്രദേശത്തുനിന്ന് വളർന്നുവന്നതിനും ചരിത്രം നേർസാക്ഷി.

  1. Lukic,Brint, Renéo, Michael (2001). Culture, politics, and nationalism in the age of globalization. Ashgate. ISBN 978-0754614364.{{cite book}}: CS1 maint: multiple names: authors list (link)
  2. Abulafia, D. (2014). A Companion to Mediterranean History. Oxford. pp. 139–153, here 139–140.
  3. A., Momiglian (May 1944). Sea-Power in Greek Thought, The Classical Review. The Classical Association. pp. 1–7.
"https://ml.wikipedia.org/w/index.php?title=കടൽക്കോയ്മ&oldid=4070639" എന്ന താളിൽനിന്ന് ശേഖരിച്ചത്