Jump to content

ഒറ്റഞാർ കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയിലെ സ്ത്രീകൾ മാറ്റ് തയ്യാറാക്കുന്നു.

നെൽകൃഷിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ വിളവുണ്ടാക്കാൻ സഹായിക്കുന്ന നൂതനകൃഷിരീതിയാണ് ഒറ്റഞാർ കൃഷി. വിത്തിന്റെ അളവ്, ഞാറിന്റെ പ്രായം, എണ്ണം, നടീൽ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളിൽ പരമ്പരാഗത സമ്പ്രദായത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഈ രീതി. 1983ൽ മഡഗാസ്കറിൽ നിന്നുള്ള ഫ്രഞ്ച് വൈദികനായ ഫാദർ ഹെൻറി ഡെ ലൗലാനിയാണ് ഒറ്റഞാർകൃഷിരീതി വികസിപ്പിച്ചെടുത്തത്.[1] എസ്.ആർ.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'സിസ്റ്റം ഓഫ് റൈസ് ഇൻറ്റെൻസിഫിക്കേഷൻ' എന്ന സമ്പ്രദായമാണ് കേരളത്തിൽ ഒറ്റഞാർ നെൽകൃഷി എന്ന പേരിൽ അറിയപ്പെടുന്നത്[2]. കോർണൽ സർവകലാശാലയുടെ ഗവേഷണസഹായത്തോടെ നെല്ല് കൃഷിചെയ്യുന്ന ഇടങ്ങളിൽ പലതവണ പരീക്ഷിച്ചുവിജയിച്ച ശേഷമാണ് ഇത് ഒരു കൃഷിരീതിയായി പ്രചാരത്തിലായത്.

സവിശേഷതകൾ

[തിരുത്തുക]

പായ് ഞാറ്റടി അഥവാ ഡാപ്പോഗ് നഴ്സറി തയ്യാറാക്കിയാണ് വിത്തുനടുന്നത്. ഒരേക്കർ കൃഷി ചെയ്യാൻ ഒറ്റഞാർ കൃഷിയനുസരിച്ച് 2-4 കിലോഗ്രാം വിത്ത് മതിയാകും. ഒരേക്കർ സ്ഥലത്ത് ഞാറുപറിച്ചുനടുന്നതിന് 40 തൊഴിലാളികൾ ആവശ്യമാണെങ്കിൽ ഈ രീതി ഉപയോഗിച്ച് ഞാറുനടുവാൻ 10 തൊഴിലാളികൾ മതി. അതുമൂലം ഈ രീതി നടപ്പാക്കുമ്പോൾ കൃഷിച്ചെലവ് നാലിലൊന്നായി കുറയ്ക്കാൻ സാധിക്കുന്നു.[3] നുരികളുടെ എണ്ണം കുറവും അവ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തിൽ പാടം ശുഷ്കിച്ചിരിക്കുമെങ്കിലും ഒരുമാസം കൊണ്ട് നെല്ല് നിരക്കുന്നു. ശക്തമായ വേരുപടലത്തിന്റെ കരുത്തിൽ കൂടുതൽ ചിനപ്പുകൾ പൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിർക്കുലകളുണ്ടാകുന്നു.[4] ശക്തമായ ചിനപ്പുകളുള്ളതിനാൽ നെല്ലിന് നല്ല ആരോഗ്യവും രോഗകീട ബാധയെ ചെറുക്കാനുമുള്ള കഴിവുണ്ടാകുന്നു. അതുകൊണ്ട് തന്നെ കീടനാശികൾ അധികം തളിയ്ക്കേണ്ടിവരുന്നില്ല. വിത്ത്, വളം, വെള്ളം, കളപറിക്കുന്നതിനുള്ള കൂലി എന്നിവയെല്ലാം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാൽ പരമ്പരാഗത രീതിയേക്കാൾ ചെലവ് കുറച്ച് കൂടുതൽ വിളവ് ഒറ്റഞാർ കൃഷിയിലൂടെ ലഭ്യമാകുന്നു എന്നാണ് അവകാശപ്പെടുന്നത്. കേരളത്തിൽ മുണ്ടകൻ കൃഷിയ്ക്കാണ് ഈ കൃഷി രീതി ഏറ്റവും യോജിച്ചത്.

കൃഷിരീതി

[തിരുത്തുക]

ഒരു മീറ്റർ വീതിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊടിമണ്ണും ചാണകപ്പൊടിയും ചേർത്ത് ഒരിഞ്ച് കനത്തിൽ തടമുണ്ടാക്കി വാഴപ്പോളകൾ നിരത്തിയിട്ട് അതിൻമേൽ മണ്ണ് വെട്ടിക്കയറ്റി വളം ചേർത്ത് നനച്ച് മുളളപ്പിച്ച വിത്തുകൾ പാകുന്നു.[5] 2 ചതുരശ്രമീറ്ററിൽ 200ഗ്രാം വിത്തുവീഴത്തക്കരീതിയിൽ പാകിയാൽ മതി. 8-12 ദിവസം പ്രായമായ (രണ്ടിലപ്രായം) ഞാറ് ക്ഷതമേൽക്കാതെ മണ്ണോടുകൂടി പറിച്ചുനടണം. ഞാറിളക്കി അരമണിക്കൂറിനുള്ളിൽ തന്നെ നടുന്നതാണുത്തമം.വയലിൽ അടിവളമായി 2 ടൺ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർക്കാവുന്നതാണ്. നടുന്നതിന് തലേദിവസം വയലിലെ വെള്ളം പൂർണ്ണമായും വാർത്തുകളയണം. നിശ്ചിത കലത്തിൽ കെട്ടുകളിട്ട കയർ വലിച്ച് പിടിച്ച് ഞാറുകൾ കൃത്യ അകലത്തിൽ ന്റാവുന്നതാണ്. ഓരോ ഞാറുവീതമാണ് ഒരു നുരിയിൽ നടുന്നത്. ഞറുനടുമ്പോൾ വരികൾ തമ്മിലും ഞാറുകൾ തമ്മിലും 20 സെന്റീമീറ്റർ അകലം വേണം. നടുന്നതുമുതൽ മണ്ണിൽ നേരിയ നനവു മതിയാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം കയറ്റി വാർത്തുകളയണം. 50 ദിവസം ആകുമ്പൊൾ അടിക്കണ പരുവത്തിനുശേഷം 2 സെന്റീമീറ്റർ വെള്ളം മാത്രം വയലിൽ കെട്ടിനിർത്താം. കൊയ്ത്തിനു 10-15 ദിവസം മുമ്പ് വെള്ളം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വയലിൽ വെള്ളം കെട്ടിനിർത്താത്തതിനാൽ കളശല്യം കൂടുതലായിരിക്കും. ഞാറുനട്ടതിനുശേഷം 10 ദിവസത്തെ ഇടവേളയിൽ കളയെടുക്കണം. ഞാറുകൾ തമ്മിൽ ഇടയകലം കൂടുതൽ ഉള്ളതിനാൽ കൊണോവീഡർ ഉപയോഗിക്കാവുന്നതാണ്. കോണോവീഡർ ഉപയോഗിക്കുമ്പോൾ വയലിൽ വെള്ളം കെട്ടിനിർത്തുന്നത് സഹായകരമാണ്.

ചിത്രശാല

[തിരുത്തുക]

ഛത്തീസ്‌ഗഢിൽ നിന്നുള്ള ഒറ്റഞാർ നെൽകൃഷിയുടെ ചിത്രങ്ങൾ

അവലംബം

[തിരുത്തുക]
  1. Intensive Rice Farming in Madagascar by H. De Laulanié, in Tropicultura, 2011, 29, 3, 183-187
  2. "Meet on paddy cultivation". The Hindu. 24 സെപ്റ്റംബർ 2010.
  3. ആർ. ഹേലി. കൃഷിപാഠം.
  4. "ഒറ്റഞാർ കൃഷി". www.karshikarangam.com.
  5. വക്കം. ബി. ഗോപിനാഥൻ. അരി - നെൽകൃഷിയുടെ സമഗ്രപഠനം.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒറ്റഞാർ_കൃഷി&oldid=3659149" എന്ന താളിൽനിന്ന് ശേഖരിച്ചത്