Jump to content

എസ്സീനുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുമ്രാനിലെ, പുരാതന ആവാസകേന്ദ്രത്തിലെ പ്രധാനകെട്ടിടത്തിന്റെ അവശിഷ്ടം - കുമ്രാനിൽ കണ്ടുകിട്ടിയ "ചാവുകടൽ ചുരുളുകൾ", എസ്സീൻ ഗ്രന്ഥങ്ങളുടെ ശേഖരമായി കണക്കാക്കപ്പെടുന്നു.

ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ പകുതി മുതൽ, ക്രി.വ. 68-ലെ റോമൻ ആക്രമണത്തിൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെടുന്നതുവരെയുള്ള കാലത്ത് യഹൂദമതത്തിൽ നിലവിലുണ്ടായിരുന്ന ഒരു വിഭാഗമാണ് എസ്സീനുകൾ (ഇംഗ്ലീഷ്: Essenes; ഗ്രീക്ക്: Εσσηνοι, Εσσαιοι, അല്ലെങ്കിൽ Οσσαιοι). സാദോക്കിയ പുരോഹിതരിൽ (Zadokite priests) നിന്ന് വിഘടിച്ചുപോയ ഒരു വിഭാഗമായി ചിലർ ഇവരെ കരുതുന്നു[1]. ഫരിസേയർക്കിടയിലെ ഒരു വിഭാഗമായിരുന്നു ഇവരെന്നും വാദമുണ്ട്.[2] യഹൂദമതത്തിലെ മറ്റു രണ്ടു പ്രമുഖവിഭാഗങ്ങളായ ഫരിസേയരേയും സദ്ദുക്കേയരേയുംകാൾ എണ്ണത്തിൽ വളരെ കുറവായിരുന്ന ഇവർ, ഇന്ദ്രിയനിഗ്രഹത്തിലും ഭോഗവിരക്തിയിലും ദാരിദ്ര്യവൃതത്തിലും ഉറച്ച കൂട്ടങ്ങളായി വിവിധപ്രദേശങ്ങളിൽ കഴിഞ്ഞു. ഇവർ പൊതുവേ വിവാഹജീവിതം ഉപേഷിച്ചു. ദിവസവുമുള്ള വിശുദ്ധസ്നാനത്തിന് ഇവരുടെ ദിനചര്യയിൽ ഏറെ പ്രാധാന്യമുണ്ടായിരുന്നു.

വ്യതിരിക്തമെങ്കിലും പരസ്പരം ബന്ധം പുലർത്തിയ അക്കാലത്തെ പല വിഭാഗങ്ങളും, യോഗാത്മകതയും, യുഗാന്തബോധവും, രക്ഷകപ്രതീക്ഷയും, പരിത്യാഗനിഷ്ഠയും ചേർന്ന എസ്സീൻ വിശ്വാസങ്ങൾ പങ്കിട്ടു. എസ്സീനുകൾ എന്ന വിശേഷണത്തിന്റെ പരിധിയിൽ ഈ വിഭാഗങ്ങളെല്ലാം വരുന്നു. ഇവർ എണ്ണത്തിൽ ഏറെണ്ടായിരുന്നെന്നും ആയിരക്കണക്കായി യൂദയായിൽ തന്നെ ജീവിച്ചിരുന്നെന്നും ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവസാനതലമുറകളിൽ തന്നെ അവസാനത്തേതാണ് തങ്ങളെന്നു വിശ്വസിച്ച എസ്സീനുകൾ, അവരുടെ സങ്കല്പത്തിലെ നീതിയുടെ ആചാര്യന്റേയും, അഹറോന്റെ പരമ്പരയിൽ പെട്ട മഹാപുരോഹിതന്റേയും, ഉന്നതരക്ഷകന്റെയും വരവിനായി കാത്തിരുന്നു. യഹൂദനിയമങ്ങളുടെ അക്ഷരാർത്ഥത്തിലുള്ള ആചരണത്തിൽ വിശ്വസിച്ചതിനാൽ, വാരാന്ത്യമായ സാബത്തുനാളിൽ വിസർജ്ജനം പോലുള്ള ശാരീരികപ്രക്രിയകൾ പോലും ഇവർക്ക് വർജ്ജ്യമായി.

1940/50-കളിൽ ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പുരാതന മതരചനകൾ കണ്ടുകിട്ടിയതോടെ ആധുനികകാലത്ത് എസ്സീനുകളിലുള്ള താത്പര്യം പുനർജ്ജനിച്ചു. ആ ഗ്രന്ഥശേഖരത്തിന്റെ സ്രഷ്ടാക്കൾ എസ്സീനുകളായിരുന്നുവെന്നു കരുതപ്പെടുന്നു. എബ്രായബൈബിളിലെ പല ഗ്രന്ഥങ്ങളുടേയും ക്രി.മു. മൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള കൈയെഴുത്തുപ്രതികൾ ആ ശേഖരത്തിൽ ഉൾപ്പെടുന്നു. ചാവുകടൽ ചുരുളുകളുടെ സ്രഷ്ടാക്കാൾ എസ്സീനുകളാണെന്ന വാദത്തെ ചില പണ്ഡിതന്മാർ ചോദ്യം ചെയ്യുന്നു.[3] റേച്ചൽ എലിയോർ എന്ന പണ്ഡിത, എസ്സീനുകൾ എന്നൊരു വിഭാഗമേ ഉണ്ടായിരുന്നില്ല എന്നുപോലും വാദിച്ചിട്ടുണ്ട്.[4][5][6]

രേഖകൾ[തിരുത്തുക]

ക്രിസ്തുമതത്തിന്റെ ഉല്പത്തിയോടടുത്ത കാലത്തെ യഹൂദലേഖകന്മാരായ അലക്സാണ്ഡ്രിയയിലെ ഫിലോ, ജോസെഫസ്, റോമൻ ഭൂമിശാസ്ത്രജ്ഞനായ പ്ലിനി എന്നിവരുടെ രചനകളാണ് എസ്സീനുകളെ സംബന്ധിച്ച പ്രധാന പുരാതന സാക്ഷ്യങ്ങൾ. ഈ സാഹിത്യസാക്ഷ്യങ്ങൾ, ആധുനികകാലത്ത് ചാവുകടൽ തീരത്തെ കിർബെത്ത് കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിൽ പ്രതിഫലിക്കുന്ന ആശയങ്ങളുമായി ചേർന്നുപോകുന്നതിനാൽ, കുമ്രാൻ ഗ്രന്ഥശേഖരം എസ്സീനുകളുടേതായിരുന്നു എന്ന് പൊതുവെ കരുതിവരുന്നു. പുരാതനലേഖകന്മാരും ചാവുകടൽ ചുരുളുകളും തരുന്ന വിവരങ്ങളിൽ ചില പൊരുത്തക്കേടുകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, പുരാതനലേഖന്മാർ വരച്ചുകാട്ടിയത് സമാധാനവാദികളായ ഒരു സമൂഹത്തിന്റെ ചിത്രമാണെങ്കിൽ ചാവുകടൽ ചുരുളുകളിൽ ഒന്ന് യുദ്ധത്തിന്റെ ചുരുളാണ്. പൗരാണിക സാക്ഷ്യങ്ങളിലെ എസ്സീനുകൾ ബ്രഹ്മചര്യനിഷ്ടയിൽ ഉറച്ചവരായിരുന്നു; എന്നാൽ കുമ്രാൻ സമൂഹത്തിൽ സ്ത്രീകളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. എസ്സീനുകൾക്കിടയിൽ തന്നെ വ്യത്യസ്തകാലങ്ങളിലും പ്രാദേശികസമൂഹങ്ങളിലും നിലനിന്നിരുന്ന വ്യത്യാസങ്ങളുടെ പ്രതിഫലനം മാത്രമാകാം ഈ പൊരുത്തക്കേടുകൾ. എല്ലാ സ്രോതസ്സുകളിലും നിന്ന് ലഭിക്കുന്ന വിവരങ്ങൾ ചേർത്തുവച്ചാൽ കിട്ടുന്നത്, പൗരാണികകാലത്തെ യഹൂദമതത്തിൽ അസാമാന്യസ്വഭാവങ്ങളോടെ നിലനിന്ന ഒരു പ്രസ്ഥാനത്തിന്റെ ചിത്രമാണ്.[7]

ഉല്പത്തി[തിരുത്തുക]

കുമ്രാൻ സമൂഹത്തിന്റെ ഭോജനശാലയുടെ അവശിഷ്ടം

എസ്സീനുകളുടെ ഉല്പത്തിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല. ഗ്രീക്ക് ആധിപത്യത്തിനെതിരെ ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ(166-159) യഹൂദർ നടത്തിയ കലാപത്തെ തുടർന്ന് നിലവിൽ വന്ന മക്കബായരാജാക്കന്മാരുടെ ഭരണകാലത്ത് യഹൂദർക്കിടയിൽ ധാർമ്മികനവോത്ഥാനം സൃഷ്ടിക്കാൻ ശ്രമിച്ച തീക്ഷ്ണമനസ്കരായ ഹസീദേയരിൽ നിന്നാണ് എസ്സീനുകൾ ഉത്ഭവിച്ചതെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം പിന്തുടർന്നാൽ, ക്രി.മു. 152-ൽ മക്കബായ രാജാവ് ജോനാഥൻ രാഷ്ടീയാധികാരത്തിനൊപ്പം മഹാപുരോഹിതസ്ഥാനം കൂടി എറ്റെടുത്തതിനെ തുടർന്നാകാം, യെരുശലേമിലെ മതനേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഇവർ മറ്റൊരു വിഭാഗമായി മാറിയത്. കുമ്രാനിലെ അധിവാസസ്ഥാനങ്ങളുടെ കാലനിർണ്ണയവുമായി ഈ വാദം പൊരുത്തപ്പെടുന്നുണ്ട്. അക്കാലം മുതൽ, ക്രി.വ.68-ൽ റോമൻ ഭരണത്തിനെതിരെ യഹൂദർ നടത്തിയ കലാപത്തിന്റെ സമയം വരെ, ക്രി.മു. 31-ൽ ഒരു ഭൂകമ്പത്തെ തുടർന്നുള്ള ഇടവേളയൊഴിച്ചാൽ, കുമ്രാൻ ആവാസകേന്ദ്രം സജീവമായിരുന്നു. കലാപത്തിന്റെ പരാജയത്തെ തുടർന്ന് കുമ്രാൻ ഉപേക്ഷിക്കപ്പെട്ടു.[8]

ക്രിസ്തുവിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ലോകമാകെ പ്രചരിച്ചിരുന്ന ഒരു തരം സം‌യമമാർഗ്ഗത്തിന്റേയും ദർശനത്തിന്റേയും പ്രതിനിധികളായി എസ്സീനുകളെ കാണുന്നവരുണ്ട്. നാനാദിക്കുകളിൽ നിന്നുള്ള വാണിഭവഴികളുടെ സംഗമസ്ഥാനമായിരുന്ന യെരുശലേമിൽ ഉത്ഭവിച്ച ഈ പ്രസ്ഥാനത്തിൽ, ബ്രാഹ്മണ, ബുദ്ധ, പാർസി, പൈത്തഗോറിയൻ, സിനിക് ദർശനങ്ങളുടെ സ്വാധീനവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[9]

പേര്[തിരുത്തുക]

ജോസെഫസ് ഈ വിഭാഗത്തെ എസ്സീനി (Esseni) എന്നു വിളിച്ചു. അലക്സാണ്ഡ്രിയയിലെ ഫിലോയുടെ രചനകളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത് എസ്സേയി (Essaei) എന്ന പേരിലാണ്. "വിശുദ്ധമായത്" എന്നർത്ഥമുള്ള ഹോസിയോസ് എന്ന പദവുമായി ബന്ധപ്പെടുത്തിയാണ് ഫിലോ ഈ പേരിനെ വിശദീകരിക്കുന്നത്.[10] ക്ഷാളനകർമ്മങ്ങൾക്ക് അവർ കല്പിച്ച പ്രാധാന്യം കണക്കിലെടുത്തും എസ്സീനുകളുടെ പേരിനെ വിശദീകരിക്കാറുണ്ട്. അതനുസരിച്ച്, സ്നാനി എന്നർത്ഥമുള്ള അസ്ചായ് (aschai) എന്ന കൽദായ ഭാഷാപദത്തിൽ നിന്നാണ് എസ്സീനുകൾ എന്ന പേര് ഉത്ഭവിച്ചത്.[9]

സവിശേഷതകൾ[തിരുത്തുക]

യെരുശലേമിലെ വ്യവസ്ഥാപിത മതനേതൃത്വത്തെ ജീർണ്ണവും ലോകവ്യഗ്രവും ആയി തള്ളിപ്പറഞ്ഞ എസ്സീനുകൾ, സന്യാസമാതൃകയിൽ സ്വയം ഒരു പ്രത്യേകവിഭാഗമായി തിരിഞ്ഞു. യഹൂദമതത്തിന്റെ ലിഖിതവും പാരമ്പര്യസിദ്ധവുമായ നിയമങ്ങളെല്ലാം നിഷ്ഠാപൂർവം പിന്തുടർന്ന്, ചാവുകടലിന് പടിഞ്ഞാറു ഭാഗത്ത് എംഗദിയിലെ മരുപ്പച്ചയിലും മറ്റും അവർ കാർഷികവൃത്തിയുമായി കഴിഞ്ഞു. തങ്ങളുടെ സമൂഹത്തിനായി സ്വയം നിർമ്മിച്ച വീടുകളിൽ ജീവിക്കുകയും ഒന്നിച്ചിരുന്ന് നിശ്ശബ്ദതയിൽ ഭക്ഷണം കഴിക്കുകയുമായിരുന്നു അവരുടെ രീതി. സ്വന്തം നേതാക്കന്മാരെ അവർ പൊതുസമ്മതിയോടെ തെരഞ്ഞെടുത്തു. എസ്സീനുകൾക്കിടയിൽ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതെല്ലാം സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. "എന്റേതും നിന്റേതും അങ്ങയുടേതാണ്" എന്ന ഹസീദേയ ആദർശം അവർ പിന്തുടർന്നു. ലളിതമായ ഭഷണവും ചിട്ടയായ ജീവിതവും മൂലം എസ്സീനുകളിൽ പലരും നൂറും അതിലധികവും വയസ്സുവരെ ജീവിച്ചിരുന്നെന്ന് ജോസെഫസ് പറയുന്നു. വെളുത്ത ലിനൻ വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. വിസർജ്ജ്യം മണ്ണിൽ കുഴിച്ചുമൂടാനായി ഒരു ചെറിയ മൺകോരി ഓരോരുത്തനും കൊണ്ടുനടന്നിരുന്നു. വിസർജ്ജ്യത്തിന്മേൽ സൂര്യരശ്മിപതിക്കാൻ അനുവദിക്കുന്നത് സൂര്യനോട് ആരാധനയോടടുത്ത മനോഭാവം പുലർത്തിയിരുന്ന അവർ ഇഷ്ടപ്പെട്ടില്ല. വിസർജ്ജനാനന്തരം ശ്രദ്ധാപൂർവമുള്ള ക്ഷാളനവും അവർക്ക് വിധിച്ചിരുന്നു. തികഞ്ഞ സമാധാനവാദികളായിരുന്ന അവർ യുദ്ധോപകരണങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ ക്രി.വ. 68-ൽ തീത്തൂസിന്റെ റോമൻ സൈന്യം യെരുശലേമിനെ ആക്രമിച്ചപ്പോൾ അവർ മറ്റു യഹൂദർക്കൊപ്പം ദേവാലയത്തിന്റെ രക്ഷക്കെത്തുകയും എല്ലാവരും തന്നെ മരിച്ചുവീഴുവോളം പൊരുതുകയും ചെയ്തു. അതികഠിനമായ പീഡനങ്ങൾ പോലും അവരുടെ മനസ്സുമാറ്റിയില്ല. മരണത്തെ സന്തോഷവന്മാരായി, മറ്റൊരു ജീവനിലേയ്ക്കുള്ള പ്രവേശനമെന്ന മട്ടിൽ അവർ സ്വാഗതം ചെയ്തു.[9]

നിഷ്ഠകൾ[തിരുത്തുക]

അനുസരണത്തിനും, സത്യസന്ധതക്കും, സം‌യമത്തിനും, നീതിക്കും എസ്സീനുകൾ ഏറെ പ്രാധാന്യം നൽകി. എല്ലാത്തരത്തിമുള്ള ശപഥങ്ങൾ അവർക്ക് നിഷിദ്ധമായിരുന്നു. അതിനാൽ ഹേറോദോസ് രാജാവ് പോലും അവരെ വിധേയത്വശപഥത്തിൽ നിന്ന് ഒഴിവാക്കി. രോഗികളേയും വൃദ്ധരേയും അവർ ശ്രദ്ധാപൂർവം ശുശ്രൂഷിക്കുകയും അപരിചിതരോട് കരുണകാട്ടുകയും ചെയ്തു. രോഗശാന്തിക്കുപകരിക്കുന്ന ഔഷധങ്ങൾക്കായി അവർ പ്രകൃതിയിലും ഖനിജങ്ങളിലും തിരഞ്ഞു. എല്ലാ മനുഷ്യരേയും തുല്യരായി കണക്കാക്കിയ അവർക്ക് അടിമത്തം നിഷിദ്ധമായിരുന്നു. തത്ത്വചിന്തയെ നിഷ്പ്രയോജനവും മനുഷ്യന്റെ കഴിവിന് അപ്പുറവും ആയി കരുതി വർജ്ജിച്ചെങ്കിലും സന്മാർഗ്ഗശാസ്ത്രത്തിന് എസ്സീനുകൾ ഏറെ പ്രാധാന്യം കല്പിച്ചു.[10] സസ്യഭോജികളായിരുന്ന അവർ വീഞ്ഞ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ വർജ്ജിച്ചു.[11]

സാബത്താചരണത്തിൽ കാട്ടിയ അതിനിഷ്ഠ അവരുടെ ഒരു പ്രത്യേകതയായിരുന്നു. സാബത്തു നിയമത്തോടുള്ള പ്രതിബദ്ധതമൂലം ആ ദിവസം വിസർജ്ജനം പോലും അവർക്ക് നിഷിദ്ധമായിരുന്നു. എസ്സീനുകളിൽ വിവാഹിതരായിരുന്നവർ ബുധനാഴ്ച മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളു. ഗർഭധാരണത്തേയും പ്രസവത്തേയും സംബന്ധിച്ച അവരുടെ കണക്കുകൂട്ടൽ അനുസരിച്ച് ബുധനാഴ്ചത്തെ ലൈംഗികബന്ധം സാബത്തിലെ പ്രസവത്തിലേയ്ക്ക് നയിക്കുകയില്ലെന്ന വിശ്വാസമായിരുന്നു ഇതിനു പിന്നിൽ. [2]

പഞ്ചാംഗം[തിരുത്തുക]

സൂര്യനോട് എസ്സീനുകൾക്ക് ആരാധനയ്ക്കടുത്ത മനോഭാവമായിരുന്നു.[10] മറ്റു യഹൂദവിഭാഗങ്ങളുടെ പഞ്ചാംഗം ചാന്ദ്രമാസത്തെ ആശ്രയിച്ചായിരുന്നു. എസ്സീനുകളുടെ പഞ്ചാംഗമാകട്ടെ സൂര്യനെ ആശ്രയിച്ചുള്ളതായിരുന്നു. മുപ്പതു ദിവസം വീതമുള്ള 12 മാസങ്ങൾ ചേർന്ന വർഷത്തെ അവർ മൂന്നു മാസങ്ങൾ ഉള്ള നാലു ഋതുക്കളായി തിരിച്ചു. ഓരോ ഋതുവിനും ഒടുവിൽ, ഒരു ഋതുവിന്റേയും ഭാഗമല്ലാത്ത ഒരു ദിവസം കൂടി ഉണ്ടായിരുന്നതിനാൽ, അവരുടെ ഒരു വർഷത്തിൽ 364 ദിവസം ഉണ്ടായിരുന്നു. എല്ലാക്കാലത്തും വർഷാരംഭവും തിരുനാളുകളും, ആഴ്ചയിലെ ഒരേ ദിവസം തന്നെ വരുമെന്നുറപ്പാക്കാൻ ഈ കാലഗണനാരീതിയ്ക്കു കഴിഞ്ഞു.[7]

യുഗാന്തബോധം[തിരുത്തുക]

എസ്സീൻ വിശ്വാസം ദ്വൈതചിന്തയിൽ (dualism) ഉറച്ചതായിരുന്നു. "പ്രകാശത്തിന്റെ പുത്രന്മാർ" എന്നു സ്വയം വിശേഷിപ്പിച്ച അവർക്ക് സാധാരണയഹൂദരടക്കം മറ്റുള്ളവരൊക്കെ "ഇരുട്ടിന്റെ മക്കൾ" ആയിരുന്നു.[8] യുഗാന്തബോധവും രക്ഷകപ്രതീക്ഷയും എസ്സീനുകളുടെ വിശ്വാസത്തിന്റെ മൗലിക ഘടകങ്ങളിൽ പെട്ടിരുന്നു. മനുഷ്യചരിത്രം താമസിയാതെ അതിന്റെ സമാപ്തിയിലെത്തുമെന്നും സമാപനനാടകത്തിൽ മുഖ്യപങ്കാളികാളായിരിക്കും തങ്ങളെന്നും അവർ കരുതി. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളെത്തന്നെ സേനാവ്യൂഹങ്ങളായി തിരിച്ച്, യുഗസമാപ്തിയിൽ നടക്കാനിരിക്കുന്ന യുദ്ധത്തിലെ സമരങ്ങളുടെ ചിത്രം വരച്ചുകാട്ടുന്ന ഒരു "യുദ്ധച്ചുരുൾ" (war scroll) പോലും അവർ എഴുതിയുണ്ടാക്കി. എബ്രായബൈബിളിലെ പ്രവചനങ്ങളെ, അവയെല്ലാം തങ്ങളുടെ നാളുകളിൽ നിറവേറിക്കൊണ്ടിരിക്കുകയാണെന്ന മട്ടിൽ വ്യാഖ്യാനിക്കുന്ന "പെഷർ" (Pesher) എന്ന രചനയും കുമ്രാൻ ഗ്രന്ഥശേഖരത്തിലെ പ്രധാന ഭാഗമാണ്.[7] മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ആത്മാവിന്റെ മാത്രം പുനരുത്ഥാനത്തെ അടിസ്ഥാനത്തിലുള്ളതായിരുന്നു ആ വിശ്വാസം.[12]

പ്രവേശനം[തിരുത്തുക]

എസ്സീനുകളിൽ ഭൂരിപക്ഷവും അവിവാഹിതരായി കഴിഞ്ഞു. ചിലർ ഗൃഹസ്ഥാശ്രമികളായി പട്ടണങ്ങളിൽ ജീവിച്ചിരുന്നെങ്കിലും സന്താനോത്പാദനത്തിനു വേണ്ടി മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളു. ഈ സമൂഹത്തിന്റെ നിലനില്പ് പ്രധാനമായും പുറമേ നിന്ന് പുതുതായി അവരോട് ചേർന്നവരെ ആശ്രയിച്ചായിരുന്നു. എസ്സീൻ സമൂഹത്തിൽ അംഗമാകുന്നതിനുള്ള പ്രക്രിയ ദീർഘവും ദുഷ്കരവുമായിരുന്നു. ശ്രദ്ധാപൂർവമായ പ്രവേശനച്ചടങ്ങുകളിൽ, പരസ്പരം വിശ്വസ്തത പുലർത്തിക്കൊള്ളമെന്നും വിശുദ്ധരഹസ്യങ്ങൾ പാലിച്ചുകൊള്ളമെന്നും മറ്റുമുള്ള കഠിനശപഥങ്ങളും ഉൾപ്പെട്ടിരുന്നു.[11] ഈ പ്രവേശനവേളയിൽ മാത്രമാണ് എസ്സീനുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ശപഥം അനുവദനീയമായിരുന്നത്.

എസ്സീനുകളും ക്രിസ്തുമതവും[തിരുത്തുക]

അന്ദ്രേ ദെൽ സാർത്തോയുടെ സ്നാപകയോഹന്നാൻ

എസ്സീനുകളും ക്രിസ്തുമതവും തമ്മിൽ ചിലകാര്യങ്ങളിൽ അതിശയകരമായ സമാനത കണ്ടെത്താനാവും. ക്രിസ്തീയവിശ്വാസത്തിന്റെ ആദ്യത്തെ മുഖ്യനിർവാചകനും പ്രചാരകനുമായിരുന്ന പൗലോസ് അപ്പസ്തോലനെ എസ്സീനുകൾ സ്വാധീനിച്ചിരിക്കാം. "ദൈവത്തിന്റെ നീതി", "പ്രകാശത്തിന്റെ മക്കൾ", "പാപം നിറഞ്ഞ ജഡം" തുടങ്ങിയ എസ്സീൻ ആശയങ്ങൾ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിറയെ കാണാം.[13] യേശുവിന്റെ മുന്നോടിയായി കരുതപ്പെടുന്ന സ്നാപകയോഹന്നാനും എസ്സീൻ ആയിരുന്നിരിക്കാമെന്ന് വാദമുണ്ട്.[11] വെട്ടുക്കിളികളും തേനും ആഹരിച്ച് മരുഭൂമിയിൽ താപസജീവിതം നയിച്ചവനായി പുതിയ നിയമം അദ്ദേഹത്തെ ചിത്രീകരിക്കുന്നു.[14] എസ്സീൻ-ക്ഷാളനകർമ്മങ്ങളെ അനുസ്മരിപ്പിക്കുന്ന ജ്ഞാനസ്നാനം വഴിയുള്ള നവീകരണത്തിനായി പാപികളെ ആഹ്വാനം ചെയ്ത സ്നാപകയോഹന്നാന്റെ ദൗത്യത്തിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം. എസ്സീനുകളും ആദിമക്രിസ്ത്യാനികളും വിശ്വാസികളുടെ, സ്വകാര്യസ്വത്തു വെടിഞ്ഞുള്ള കൂട്ടായ്മയിലും വിശുദ്ധസ്നാനത്തിലും പ്രവചനവരത്തിലും വിശ്വസിച്ചു. ഇരുകൂട്ടരും ബ്രഹ്മചര്യത്തിന് മേന്മ കല്പിക്കുകയും മിശിഹായുടെ ആഗമനത്തിനായി കാത്തിരിക്കുകയും ദാനധർമ്മങ്ങൾക്കും സാഹോദര്യത്തോടെയുള്ള സ്നേഹവിരുന്നുകൾക്കും പ്രാധാന്യം കല്പിക്കുകയും ചെയ്തു. പുതിയ നിയമം എസ്സീനുകളെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നതു തന്നെ ക്രിസ്തുമതത്തിന്റെ ആശയങ്ങളുടേയും അതിന്റെ ആദിമനേതൃത്വത്തിന്റേയും എസ്സീൻ പാശ്ചാത്തലത്തിനു തെളിവായെടുക്കാമെന്ന് യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാണിക്കുന്നു.[2]

അവലംബം[തിരുത്തുക]

 1. എഫ്.എഫ്. ബ്രൂസ്, ചാവുകടൽ ചുരുളുകളെക്കുറിച്ച് പുനർവിചാരം. പാസ്റ്റർനോസ്റ്റർ പ്രെസ്, 1956
 2. 2.0 2.1 2.2 എസ്സീനുകൾ, യഹൂദവിജ്ഞാനകോശം[1]
 3. ഹില്ലൽ ന്യൂമാൻ, ബാർ ഇലാൻ സർവകലാശാല: അധികാരത്തോടുള്ള അടുപ്പവും പുരാതനകാലത്തെ വിമതയഹൂദ വിഭാഗങ്ങളും Brill ISBN 90-04-14699-7
 4. ഇലാനി, ഓഫ്രി (13 March 2009). "പണ്ഡിതൻ: എസ്സീനുകൾ, ചാവുകടൽ ചുരുൾ 'സ്രഷ്ടാക്കൾ,' ഉണ്ടായിരുന്നേയില്ല". Haaretz. Archived from the original on 2010-04-18. Retrieved 2009-12-22.
 5. മിക്ഗ്രിക്ക്, ടിം (16 March 2009). "ചാവുകടൽ ചുരുൾ 'എഴുതിയവർ' ഉണ്ടായിരുന്നില്ല എന്നു പണ്ഡിതൻ അവകാശപ്പെടുന്നു". ടൈം വാരിക. Archived from the original on 2013-08-26. Retrieved 2009-12-22.
 6. "റേച്ചൽ എലിയോർ വിമർശകർക്ക് മറുപടി പറയുന്നു". ജിം വെസ്റ്റ്. Archived from the original on 2009-03-21. Retrieved 2009-12-22.
 7. 7.0 7.1 7.2 എസ്സീനുകൾ, പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള ഒരു ലഘുചരിത്രം(പുറങ്ങൾ 202-204)
 8. 8.0 8.1 എസ്സീനുകൾ, ഓക്സ്ഫോർഡ് ബൈബിൾ സഹായി(പുറം 198)
 9. 9.0 9.1 9.2 സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 537-38)
 10. 10.0 10.1 10.2 എസ്സീനുകൾ, കത്തോലിക്കാ വിജ്ഞാനകോശം[2]
 11. 11.0 11.1 11.2 എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചത്യചിന്തയും(പുറങ്ങൾ 158-63)
 12. ചാൽസ് ഫ്രീമാൻ, The Closing of the Western Mind, the Rise of Faith and the Fall of Reason(പുറം 95)
 13. ചാൾസ് ഫ്രീമാൻ(മേലുദ്ധരിച്ച പുസ്തകം: പുറം 109)
 14. പുതിയ നിയമം, മത്തായി 3:4; മർക്കോസ് 1:6
"https://ml.wikipedia.org/w/index.php?title=എസ്സീനുകൾ&oldid=3795838" എന്ന താളിൽനിന്ന് ശേഖരിച്ചത്