ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ | |
---|---|
തിരുവിതാംകൂർ മഹാരാജാവ് | |
പൂർണ്ണനാമം | ശ്രീപദ്മനാഭദാസ ശ്രീ ഉത്രംതിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തിരുമനസ്സ് |
ജനനം | സെപ്റ്റംബർ 26, 1814 |
മരണം | ഓഗസ്റ്റ് 18, 1860 | (പ്രായം 45)
മുൻഗാമി | സ്വാതി തിരുനാൾ |
പിൻഗാമി | ആയില്യം തിരുനാൾ |
രാജ്ഞി | ഇല്ല |
രാജകൊട്ടാരം | വേണാട്ട് സ്വരൂപം |
രാജവംശം | കുലശേഖര |
രാജകീർത്തനം | വഞ്ചിശമംഗളം |
ആപ്തവാക്യം | ധർമ്മോസ്മത് കുലദൈവതം |
പിതാവ് | രാജരാജവർമ്മ വലിയ കോയിത്തമ്പുരാൻ, ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം |
മാതാവ് | റാണി ഗൗരി ലക്ഷ്മി ബായി |
മതവിശ്വാസം | Hinduism |
ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി (26 സെപ്തംബർ 1814 - 18 ആഗസ്ത് 1860) എന്നാണ് മുഴുവൻ പേര്. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് (1847-1860). കേരള സംഗീതത്തിന്റെ ചക്രവർത്തിയായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ അനുജനായിരുന്നു. സ്വാതി തിരുനാളിന്റെ മരണശേഷം അദ്ദേഹം രാജാവായി. കഥകളി സംഗീതത്തിനു അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്.[3]
അധികാരത്തിൽ
[തിരുത്തുക]1847-ൽ സ്വാതി തിരുനാളിന്റെ മരണശേഷം പിൻഗാമിയായി അനുജൻ ഉത്രം തിരുനാൾ അധികാരത്തിലേറി. അദ്ദേഹം 1860-വരെ തിരുവിതാംകൂർ മഹാരാജാവായി ഭരണം നടത്തി. ഉത്രം തിരുനാളിന്റെ കാലത്ത് ആതുരസേവന രംഗത്ത് വളരെ പുരോഗതി ലഭിച്ചു. ബഹുഭാഷ പണ്ഡിതനായിരുന്ന ഉത്രം തിരുനാൾ വിദേശത്തുനിന്നും മരുന്നുകൾ വരുത്തുകയും ശുശ്രൂഷാരംഗത്ത് കാലോചിതമായി പുരോഗതിയിലെത്തിക്കാനും സാധിച്ചു. ഓലമേഞ്ഞ വീടുകളും, കടകമ്പോളങ്ങളും 1851-ലുണ്ടായ അഗ്നിബാധമൂലം നശിച്ചതിനെ തുടർന്ന് ഓട് മേഞ്ഞ് നൽകുന്നതിലും, അതിനുവേണ്ട സാധനസ്സാമ്രഗികൾ രാജ്യത്ത് എത്തിക്കുന്നതിലും അദ്ദെഹം ശ്രദ്ധചെലുത്തി.
അടിമ വ്യാപരം നിർത്തലാക്കൽ
[തിരുത്തുക]1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത്.
പൊതുവരാമത്ത്
[തിരുത്തുക]1853-ലാണ് (ഡിസംബർ) തിരുവിതാംകൂറിലെ (കേരളത്തിലേയും) ആദ്യ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. തിരുവനന്തപുരം കരമനയാറ്റിനു കുറുകെയാണ് വലിയ കല്ലുപാലം എന്നറിയപ്പെട്ട ഈ പാലം നിർമ്മിച്ചത്. ആർഭാടപൂർവ്വം മഹാരാജാവ് തന്നെ ഇത് ഉദ്ഘാടനം ചെയ്തു പൊതുജെനങ്ങൾക്ക് തുറന്നു കൊടുത്തു. ഒരു ലക്ഷം രൂപ മുടക്കി, ലഫ്റ്റനന്റ്[അവലംബം ആവശ്യമാണ്] ഹോസ്ലേയുടെ നേതൃത്വത്തിലാണ് പാലം പണികഴിപ്പിച്ചത്. പാലത്തിന്റെ നിർമ്മാണത്തിനായി സ്വാതി തിരുനാളായിരുന്നു ശിലയിട്ടത്.
തിരുവിതാംകൂറിൽ പി.ഡബ്ല്യൂ.ഡി. വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ഉത്രം തിരുനാളിന്റെ കാലത്താണ്. വെള്ളിയിൽ നിർമ്മിച്ച തൂമ്പകൊണ്ട് സ്വയം മണ്ണ് മാറ്റി അദ്ദേഹം അതിനു തുടക്കം കുറിച്ചു. പൊതുവരാമത്ത് വകുപ്പ് ആദ്യമായി തുടങ്ങിയ ജോലി തമിഴ്നാട്ടിലെ നാഞ്ചിനാട്ട് നിന്ന് തിരുവനന്തപുരം വരെ എത്തുന്ന ഒരു കനാലായിരുന്നു.
കൂടുതൽ
[തിരുത്തുക]“ | സ്വാതിതിരുനാളിന്റെ മരണശേഷം അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ ഏകാവകാശിയായിരുന്നുവെങ്കിലും രണ്ട് മാസം കഴിഞ്ഞാണ് അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിച്ചത്. കമ്പനിയുടെ ഒരു സാധാരണ ഉദ്യോഗസ്ഥൻ മാത്രമാണ് രാജാവെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ വൈകിക്കലിന്റെ ഉദ്ദേശ്യം. ജനറൽ കല്ലനോടും തിരുവനന്തപുരത്തുള്ള മറ്റ് ഇംഗ്ളീഷുകാരോടും നല്ല ബന്ധമാണ് ഉത്രം തിരുനാളിനുണ്ടായിരുന്നത്. ഇംഗ്ലീഷുകാർക്കും ക്രിസ്ത്യൻ മിഷണറിമാർക്കും ജനറൽ കല്ലനുമായി നല്ല ബന്ധമല്ലായിരുന്നു. പരുക്കനെങ്കിലും തിരുവിതാംകൂറിനെ സ്നേഹിച്ച കല്ലൻ മിഷണറിമാരെ വഴിവിട്ട് സഹായിച്ചില്ല. മിഷണറിമാർ, തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി മദ്രാസ് സർക്കാരിന് പരാതികളയച്ചുകൊണ്ടിരുന്നു. റസിഡണ്ടിന്റേയും കൃഷ്ണറാവുവിന്റേയും ജൂഡിഷ്യറിയുടേയും ഉദ്യോഗസ്ഥന്മാരുടേയും തെറ്റുകളും അഴിമതികളും മദ്രാസിലെ പത്രങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിന്നു. പരാതികളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടു ചെയ്യാൻ റസിഡന്റിനോട് മദ്രാസ് സർക്കാർ അവശ്യപ്പെട്ടു. എന്നാൽ ദിവാനേയും ഉദ്യോഗസ്ഥന്മാരേയുമെല്ലാം ന്യായീകരിക്കുകയാണ് കല്ലൻ ചെയ്തത്. പരാതികളെപ്പറ്റി അന്വേഷിക്കാൻ ഒരു കമ്മിഷനെ വയ്ക്കണമെന്ന് മദ്രാസ് ഗവൺമെന്റ് ഗവർണർ ജനറലിനോടു ശുപാർശ ചെയ്തു. ശുപാർശ ഗവർണർ ജനറൽ തള്ളി. പരാതികളിന്മേൽ കാര്യമായ നടപടികൾ എടുക്കണമെന്നും അല്ലെങ്കിൽ 1805-ലെ ഉടമ്പടി പ്രകാരം മേൽനടപടിയെടുക്കാൻ ബ്രിട്ടിഷ് സർക്കാർ നിർബന്ധിതമാകുമെന്നും കാണിച്ച് നോട്ടീസ് നൽകാൻ ഗവർണർ ജനറൽ നിർദ്ദേശിച്ചു. തിരുവിതാംകൂർ സർക്കാർ എടുത്ത കർശന നടപടികളെപ്പറ്റി വിശദമായ റിപ്പോർട്ടു നൽകിയതിനാൽ മേൽനടപടിയൊന്നും ഉണ്ടായില്ല. ജനറൽ കല്ലൻ നാടിനു നൽകിയ വിലപ്പെട്ട സംഭാവന കുരുമുളക് കുത്തക എടുത്തു കളഞ്ഞതാണ്. നാട്ടിലെ കുരുമുളക് മുഴുവൻ കുറഞ്ഞ വിലയ്ക്ക് സർക്കാർ ഏറ്റെടുത്ത് കൂടിയ വിലയ്ക്കു വിൽക്കുക എന്ന സമ്പ്രദായം മാർത്താണ്ഡവർമ ഏർപ്പെടുത്തിയതാണ്. ഇത് കള്ളക്കടത്തിനിടനൽകി. ഇതിൽ പിടികൂടപ്പെടുന്നവർ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. ഉഗ്യോഗസ്ഥാഴിമതിക്കും ഇത് വഴിവച്ചു. 1855-ൽ കല്ലന്റെ ശുപാർശ പ്രകാരമാണ് കുത്തക നിറുത്തിവച്ചത്. പകരം കയറ്റുമതിച്ചുങ്കം ഏർപ്പെടുത്തി.
1858-ൽ കൃഷ്ണറാവു അന്തരിച്ചു. തുടർന്ന് റ്റി.മാധവറാവു ദിവാനായി നിയമിതനായി. സാമ്പത്തികമായും സാമൂഹികമായും തിരുവിതാംകൂറിനെ ഒരു മാതൃകാ സംസ്ഥാനമാക്കുന്നതിന് മാധവറാവുവിനു കഴിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ നാടാർ സ്ത്രീകൾ മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി മിഷണറിമാരുടെ പിന്തുണയോടെ നടത്തിയ സമരം (ചാന്നാർ ലഹള) തന്ത്രപൂർവം പരിഹരിച്ചു. കൂടിയാന് ഭൂമിയിൽ സ്ഥിരാവകാശം നൽകികൊണ്ട് 1830-ൽ രാജകീയ വിളംബരം ഉണ്ടായിയെങ്കിലും 1867-ൽ അതിനെ നിയമമാക്കിയത് മാധവറാവുവിന്റെ ശ്രമഫലമായിട്ടായിരുന്നു. ഇന്ത്യയിൽത്തന്നെ അത്തരം നിയമം ആദ്യത്തേതായിരുന്നു. ഇംഗ്ളീഷ്, തമിഴ്, മലയാളം ഭാഷകളിൽ അധ്യാപനം നടത്തുന്ന സ്കൂളുകൾ നാടുനീളെ സ്ഥാപിച്ച് സാക്ഷരതയിൽ തിരുവിതാംകൂറിനെ ഇന്ത്യയിലെ മുൻ നിരയിലെത്തിച്ചു. |
” |
അവലംബം
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ http://sutmc.com/dynasty-room Archived 2013-12-07 at the Wayback Machine., Sree Uthradam Thirunal Marthanda Varma
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |