Jump to content

ആകാശക്കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആകാശക്കപ്പൽ
A modern airship
Part of a series on
Categories of aircraft
Supported by lighter-than-air gases (aerostats)
Unpowered Powered
Supported by LTA gases + aerodynamic lift
Unpowered Powered
Supported by aerodynamic lift (aerodynes)
Unpowered Powered
Unpowered fixed-wing Powered fixed-wing
Powered hybrid fixed/rotary wing
Unpowered rotary-wing Powered rotary-wing
Powered aircraft driven by flapping
Other means of lift
Unpowered Powered

വായുവിനേക്കാൾ ഭാരം കുറഞ്ഞ ആകാശനൗകകളാണ് ആകാശ കപ്പലുകൾ. ഇവ ഡിറിജിബിൾ എന്നും അറിയപ്പെടുന്നു.ബലൂണുകളെ പോലെ സാന്ദ്രത കുറഞ്ഞ വാതകങ്ങൾ വലിയ സഞ്ചികളിൽ നിറച്ചാണ് ആകാശ കപ്പലുകൾ ഉയർന്നു പൊങ്ങുന്നത്. എന്നാൽ ബലൂണുകളിൽ നിന്ന് വ്യത്യസ്തമായി എൻ‌ജിൻ കൊണ്ട് പ്രവർത്തിക്കുന്ന പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് ഇവയ്ക്ക് വായുവിലൂടെ സഞ്ചരിക്കാൻ സാധിക്കും.

വർഗ്ഗീകരണം

[തിരുത്തുക]

നിർമ്മാണ രീതിയെ ആധാരമാക്കി ആകാശ കപ്പലുകളെ മൂന്നു വർഗ്ഗങ്ങളായി തിരിക്കാം. (1) അദൃഢം (nonrigid) (2) അർദ്ധ ദൃഢം (semirigid) (3) ദൃഢം (rigid). ദൃഢമായ ചട്ടക്കൂടില്ലാത്തതാണ് ആദ്യത്തെ തരം. ഇത്തരം കപ്പലുകളെ ബ്ളിംപ് (Blimp) എന്നും പറയാറുണ്ട്. ഇവയുടെ ബലൂണുകൾ വാതകം പുറത്തു പോകാൻ അനുവദിക്കാത്ത തരത്തിൽ കട്ടിയുള്ള പദാർഥങ്ങൾ കൊണ്ടുണ്ടാക്കുന്നു. ബലൂണിലടക്കം ചെയ്തിട്ടുള്ള വാതകത്തിന്റെ സമ്മർദം കൊണ്ടാണ് ഇതിന്റെ ആകൃതി നിലനിൽക്കുന്നത്. 1950-നും 1960-നും ഇടയ്ക്ക് ഈ വർഗ്ഗത്തിലുള്ളതും ഹീലിയം നിറച്ചതുമായ നിരവധി ആകാശ മ്മികപ്പലുകൾ അമേരിക്കയിൽ നിർമ്മിച്ചിരുന്നു.

വാതകത്തിന്റെ ആന്തര മർദ്ദം കൊണ്ട് ആകൃതി പരിപാലിക്കുന്ന ബലൂണിന്റെ അധോഭാഗത്ത് ഭാരം താങ്ങാൻ കഴിവുള്ളതും നെടുനീളത്തിലുള്ളതുമായ ചട്ടത്തോടു കൂടിയതാണ് അർദ്ധ ദൃഢ തരം. ഇവയുടെ അറ്റ ഭാരം (net weight) താരതമ്യേന കുറവായതിനാൽ വഹിക്കാവുന്ന ഭാരം (pay load) മറ്റു രണ്ടു വർഗ്ഗങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. യാത്രക്കാർക്ക് ഇരിയ്ക്കാനുള്ള മുറിയും (cabin) ചരക്കുകൾ കയറ്റുന്ന അറകളും അടിയിലുള്ള ചട്ടത്തിലാണു ഘടിപ്പിയ്ക്കുന്നത്. സാന്ദ്രത (density) കുറഞ്ഞ ലോഹസങ്കരങ്ങളും മരവും കൊണ്ടുണ്ടാക്കപ്പെട്ട ദൃഢമായ ചട്ട കൂടുള്ളതാണ് ദൃഢ തരം. ഇത്തരത്തിലുള്ള ചട്ട കൂടിനെ ക്യാൻവാസ് കൊണ്ടു പൊതിയുന്നു. വാതകത്തിന്റെ ആന്തര സമ്മർദത്തിൽ മാറ്റങ്ങളുണ്ടായാലും ഇവയുടെ ആകൃതിയിൽ മാറ്റമുണ്ടാകുന്നതല്ല. ഒന്നാം ലോക യുദ്ധത്തിനു ശേഷം ജർമ്മനി നിർമ്മിച്ച ഗ്രാഫ് സെപ്പലിൻ, ഹിൻഡൻബർഗ് എന്നിവയും അമേരിക്ക നിർമ്മിച്ച ആക്രോണും ദൃഢ തരത്തിൽ പെടുന്നു. 1900 ജൂല. 2-ന് ആണ് എൽ.ഇസഡ്-1 എന്ന ആദ്യത്തെ ദൃഢ-ആകാശക്കപ്പൽ ജർമ്മനിയിൽ ഫ്രീഡ്റിക്ഷാഫൻ (Freidrischafen) എന്ന സ്ഥലത്തു നിന്നും പറന്നുയർന്നത്.

ആകാശ കപ്പലുകളുടെ നിർമ്മാണത്തിൽ ഗണ്യമായ പുരോഗതിക്കിടയാക്കിയത് ജർമ്മൻകാരനായ കൌണ്ട് സെപ്പലിൻ ആണ്. സാങ്കേതിക ശാസ്ത്രത്തിൽ അസാധാരണ നൈപുണ്യം നേടിയിരുന്ന സെപ്പലിൻ എന്ന ശാസ്ത്രജ്ഞൻ തന്റെ സമ്പാദ്യം മുഴുവനും ആകാശ കപ്പൽ നിർമ്മാണത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പ്രയത്നങ്ങളുടെ വിജയത്തിൽ സന്തുഷ്ടരായ ജർമ്മൻകാർ മൂന്നു ലക്ഷം പവൻ പിരിച്ചെടുത്തത് അദ്ദേഹത്തിനു സമ്മാനിച്ചു. ഈ ധനം കൊണ്ട് അദ്ദേഹം ജർമ്മനിയിൽ സ്ഥാപിച്ച ആകാശ കപ്പൽ നിർമ്മാണ കേന്ദ്രമാണ് വിശ്വവിഖ്യാതമായ സെപ്പലിൻ ഫാക്ടറി. അവിടെ നിർമ്മിച്ച 150 മീ. നീളവും 15 മീ. വ്യാസവുമുള്ള ആകാശ കപ്പലുകൾ 1915-ൽ ഇംഗ്ളണ്ടിനെ ബോംബു ചെയ്യുകയുണ്ടായി.

USS Akron (ZRS-4) in flight, November 2, 1931

സമുദ്രങ്ങൾ തരണം ചെയ്ത് ആദ്യമായി ഭൂമി ചുറ്റി സഞ്ചരിച്ച ആകാശ കപ്പൽ ഗ്രാഫ്സെപ്പലിനായിരുന്നു. 1928-ൽ നിർമ്മിച്ച ഈ കപ്പലിന് 137 മീ. നീളവും, 1931-ൽ അമേരിക്ക നിർമ്മിച്ച യു.എസ്.എസ്. ആക്രോൺ എന്ന കപ്പലിന് 140 മീ. നീളവും ഉണ്ടായിരുന്നു. ജർമ്മനിയിൽ നിർമ്മിച്ചതും (1936) 148 മീ. നീളമുള്ളതും ഹൈഡ്രജൻ നിറച്ചതുമായ ഹിൻഡൻബർഗ് 1937-ൽ തീ പിടിച്ച് നശിച്ചുപോയി. ഗ്രാഫ്സെപ്പലിന്റെ ഭൂമിയെ ചുറ്റിയുള്ള ആദ്യ യാത്ര ലോകമൊട്ടുക്ക് അത്ഭുതം ഉളവാക്കി. ഫ്രീഡ്റിക്ഷാഫനിൽ നിന്നും പുറപ്പെട്ട ഗ്രാഫ്സെപ്പലിൻ 12068 കി.മീ. അനുസ്യൂതം യാത്ര ചെയ്തു ടോക്കിയോൽ എത്തി. അവിടെ നിന്നും തിരിച്ച് അമേരിക്കയിലെ ലേക്ക്ഹേർസ്റ്റിലെത്തുകയും സുരക്ഷിതമായി ജർമ്മനിയിൽ തിരിച്ചെത്തുകയും ചെയ്തു. യാത്ര തുടങ്ങി 22-ാമത്തെ ദിവസമാണ് തിരിച്ചെത്തിയതെങ്കിലും വ്യോമ സഞ്ചാരത്തിനു മാത്രം വേണ്ടി വന്ന സമയം പതിനൊന്നര ദിവസമായിരുന്നു. പ്രസിദ്ധ ജർമ്മൻ വൈമാനികനായ 'ഹെൻഎക്നർ' ആയിരുന്നു ഈ ആകാശ കപ്പലിന്റെ ക്യാപ്റ്റൻ. ഒന്നാം ലോക യുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലും ആകാശ കപ്പൽ നിർമ്മാണത്തിൽ വലിയ പുരോഗതിയുണ്ടായി. ഭൂമിയെ ചുറ്റാനുദ്ദേശിച്ച് നിർമ്മിച്ച (1929) 'ആർ-101' എന്ന ആകാശ കപ്പലിന് 222 മീ. നീളവും 42 മീ. വ്യാസവും ഉണ്ടായിരുന്നു. 54 യാത്രക്കാരെയും വഹിച്ച് 1930 ഒ. 5-ന് ഇന്ത്യയിലേക്കു പുറപ്പെട്ട 'ആർ-101' ഫ്രാൻസിനു മുകളിൽ കൂടി പറക്കുമ്പോൾ എന്തോ തകരാറു മൂലം പെട്ടെന്നു താഴുകയും ഒരു പർവത നിരയിൽ തട്ടി തീ പിടിച്ചു നശിക്കുകയും ചെയ്തു. ഈ അത്യാഹിതത്തിൽ 48 യാത്രക്കാർ മൃതിയടഞ്ഞു. കറാച്ചിയിൽ ഈ ആകാശ കപ്പലിനെ സ്വീകരിച്ച് നിർത്തുന്നതിനു വളരെ ഉയരമുള്ള സ്തംഭം കെട്ടി ഉയർത്തിയിട്ടുണ്ടായിരുന്നു.


"https://ml.wikipedia.org/w/index.php?title=ആകാശക്കപ്പൽ&oldid=2672910" എന്ന താളിൽനിന്ന് ശേഖരിച്ചത്