അബ്ദുൽ മജീദ് I
തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) സുൽത്താനായിരുന്നു അബ്ദുൽ മജീദ്‍(ഒട്ടോമൻ തുർക്കി: عبد المجيد اول ‘Abdü’l-Mecīd-i evvel). സുൽത്താൻ മഹ്മൂദ് IIന്റെയും ബിസ്മി ആലത്തിന്റെയും പുത്രനായി 1823 ഏപ്രിൽ 25-ന് ഇസ്താംബൂളിൽ ജനിച്ചു. ഫ്രഞ്ചുഭാഷയിലും പാശ്ചാത്യദർശനങ്ങളിലും അബ്ദുൽ മജീദ് തത്പരനായിരുന്നു. പിതാവിന്റെ നിര്യാണത്തെ തുടർന്ന് 1839 ജൂലൈ 1-ന് 16-ആമത്തെ വയസ്സിൽ സുൽത്താനായി. പിതാവിന്റെ പുരോഗമനപരിഷ്കാരങ്ങൾ പുതിയ സുൽത്താനും പിന്തുടർന്നു. 1839 നവംബർ 30-ന് ഇദ്ദേഹം പുറപ്പെടുവിച്ച ഖത്ത്-ഇ-ഷെരിഫ് (ഖത്ത്-ഇ-ഹുമായൂൺ) എന്ന ശാസനം, മനുഷ്യാവകാശങ്ങൾക്ക് മുൻഗണന നൽകി. പുതിയൊരു താൻസിമത് യുഗം (പുരോഗമനയുഗം) ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. 1849-ലെ കലാപത്തെ തുടർന്ന് തുർക്കിയിൽ അഭയം പ്രാപിച്ച ഹങ്കറിക്കാരെ അബ്ദുൽ മജീദ് രക്ഷപ്പെടുത്തി.
സുൽത്താന്റെ പുരോഗമനനടപടികളുടെ അംഗീകാരമായി ക്രിമിയൻ യുദ്ധകാലത്ത് (1853-56) ഇംഗ്ലണ്ട്, ഫ്രാൻസ്, സാർഡീനിയ എന്നീ രാജ്യങ്ങൾ തുർക്കിയെ സഹായിച്ചു. തുർക്കിയിലെ ക്രിസ്ത്യൻ പ്രജകൾക്കു കൂടി രാഷ്ട്രീയാവകാശം നൽകിയത് അബ്ദുൽ മജീദാണ്. കുർദിസ്താനിൽ 1847-ൽ ചില കലാപങ്ങൾ ഉണ്ടായെങ്കിലും സുൽത്താൻ അവ അടിച്ചമർത്തി. ഭരണം, സൈന്യം, വിദ്യാഭ്യാസം, നാണയനിർമ്മാണം എന്നീ രംഗങ്ങളിൽ സുൽത്താൻ ദൂരവ്യാപകങ്ങളായ പരിഷ്കാരങ്ങൾ നടപ്പിൽവരുത്തി. പള്ളികൾ, ആശുപത്രികൾ എന്നിവ ധാരാളം നിർമിച്ചു. ചരിത്രപ്രസിദ്ധമായ അയാസോഫിയ പള്ളി ഇദ്ദേഹം പുതുക്കിപ്പണിതു. ഫ്രഞ്ചുഭാഷ ആദ്യമായി സംസാരിച്ചുതുടങ്ങിയ ഒട്ടോമൻ സുൽത്താൻ ഇദ്ദേഹം ആയിരുന്നു. തുർക്കിയുടെ രാഷ്ട്രീയചരിത്രത്തിൽ മാനുഷികവികാരങ്ങൾക്ക് ഇത്രത്തോളം പ്രാധാന്യം കൊടുത്ത സംസ്കാരസമ്പന്നനായ വേറൊരു സുൽത്താൻ ഉണ്ടായിട്ടില്ലെന്നാണ് കുച്ചുക്ക് എഫൻദി (Kutchuk Efendi) എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലൂയി പെറ്റിറ്റിന്റെ അഭിപ്രായം. 1861 ജൂൺ 25-നു ഇസ്താംബൂളിൽവച്ച് 38-ആമത്തെ വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. സുൽത്താൻ സലിം പള്ളിയിൽ വളരെ ലളിതമായ ചടങ്ങുകളോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.
ഇതുകൂടികാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.theottomans.org/english/family/abdulmecid1.asp
- http://www.britannica.com/EBchecked/topic/971/Abdulmecid-I
- http://www.s9.com/Biography/Abdulmecid-I Archived 2010-09-05 at the Wayback Machine.
- http://www.ottomanempire.com/Abdulmecid-I
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മജീദ് ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |