അണുശക്തിനഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുംബൈയിൽ ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ടൗൺഷിപ്പ് ആണ് അണുശക്തി നഗർ. പ്രധാനമായും ഇവിടെയുള്ളത് ആണവോർജ്ജ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഔദ്യോഗിക വസതികളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രസമൂഹം എന്ന വിശേഷണം അണുശക്തി നഗറിനുള്ളതാണ്[അവലംബം ആവശ്യമാണ്]. ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി, മൂന്നു ഡിസ്പെൻസറികൾ, തപാലാപ്പീസ്, ബാങ്ക്, ഭക്ഷണശാലകൾ, ഓഡിറ്റോറിയങ്ങൾ, വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, മറ്റു കടകൾ തുടങ്ങി അനവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആറ് അറ്റോമിക് എനർജി സെന്റ്രൽ സ്കൂളുകളും ഒരു ജൂനിയർ കോളേജും ഇവിടെയുണ്ട്. ഒരു തടാകവും സമീപത്തായി മലനിരകളും ധാരാളം വൃക്ഷങ്ങളും ചെറുതും വലുതുമായ കളിസ്ഥലങ്ങളും ഉള്ള മനോഹരമായ ഒരു പ്രദേശമാണിത്. സുരക്ഷാകാരണങ്ങളാൽ പ്രവേശനം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

പ്രദേശം[തിരുത്തുക]

തപാൽ പിൻകോഡ് 400094. ട്രോംബേയിലേയ്ക്കുള്ള വി.എൻ. പുരവ് റോഡാണ് വടക്കേ അതിർത്തി. ടൗൺഷിപ്പിന് അടുത്തു തന്നെയാണ് അണുശക്തി നഗർ ബസ് ഡിപ്പോ. ഏറ്റവുമടുത്ത സബ്-അർബൻ റെയിൽവേ സ്റ്റേഷൻ ഹാർബർ ലൈനിലെ മാൻഖുർദ് ആണ്. അണുശക്തി നഗറിന്റെ കിഴക്ക് ഭാഗം (ട്രോംബേയ്ക്കു സമീപം) ന്യൂ മണ്ഡാല എന്നും പടിഞ്ഞാറ് ഭാഗം (പാഞ്ജ്‌രാപോൾ-നു സമീപം) വെസ്റ്റേൺ സെക്ടർ എന്നും അറിയപ്പെടുന്നു. ഇവ തമ്മിൽ ഏകദേശം രണ്ടര കിലോമീറ്റർ നേർരേഖാദൂരമുണ്ട്. പ്രധാന കവാടം മുതൽ ഭാഭാ ആണവ ഗവേഷണ കേന്ദ്രം വരെ നീളുന്ന പ്രധാന വീഥിയ്ക്ക് സെൻട്രൽ അവന്യൂ എന്നാണ് പേർ. വെസ്റ്റേൺ സെക്ടറിലേയ്ക്കു പോകുന്ന വീഥിയാണ് സി.വി. രാമൻ റോഡ്.

ടൗൺഷിപ്പിലെ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങളുടെ ചുമതല ഡയറക്റ്ററേറ്റ് ഓഫ് കൺസ്ട്രക്ഷൻസ്, സർവീസസ് ആൻഡ് എസ്റ്റേറ്റ് മാനേജ്മെന്റ് എന്ന വിഭാഗത്തിനാണ്. വൈദ്യുതി വിതരണം ടാറ്റാ പവർ. കേബിൾ ടിവി, ഇന്റർനെറ്റ് മുതലായവയ്ക്കായി അണുസാറ്റ് എന്ന ഒരു ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. അണുശക്തി നഗറിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് കെട്ടിടങ്ങളുടെ പേരുകൾ. നാമകരണം പല വിഭാഗങ്ങളിലാണ്. ചില ഉദാഹരണങ്ങൾ...

  • നദികൾ - സിന്ധു, ഭാഗീരഥി, അളകനന്ദ, യമുന
  • മലനിരകൾ - വിന്ധ്യ, സത്‌പുര, അരാവലി
  • കൊടുമുടികൾ - എവറസ്റ്റ്, കാഞ്ജൻജംഗ, ധവളഗിരി, കാമേത്
  • പൗരാണിക സ്ഥലങ്ങൾ - ഇന്ദ്രപ്രസ്ഥ, ഹസ്തിനപുര, ദ്വാരക
  • ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ - സാഞ്ചി, നളന്ദ, തക്ഷശില
  • പുണ്യസ്ഥലങ്ങൾ - ബദരീനാഥ്, കേദാർനാഥ്, ചിദംബരം, ശബരിഗിരി
  • രാഗങ്ങൾ - മോഹന, രഞ്ജിനി, ദർബാരി
  • പൂക്കൾ - കമൽ, പാരിജാത്, ചമ്പ, രജനീഗന്ധ
  • ഋതുക്കൾ - ശരദ്, ഹേമന്ത്, വർഷ

സമൂഹം[തിരുത്തുക]

45000-ത്തോളം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗം ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ്. കൂടാതെ ന്യൂക്ലിയർ പവർ കോർപറേഷൻ ഇന്ത്യ ലിമിറ്റഡ്, ഡയറക്ടറേറ്റ് ഓഫ് പർചേസ് ആൻഡ് സ്റ്റോഴ്സ്, അറ്റോമിക് എനർജി എഡ്യൂക്കേഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുമുണ്ട്. സാംസ്കാരികമായി വളരെ പ്രവർത്തനക്ഷമമായ ഒരു സമൂഹമാണ് ഇവിടെയുള്ളത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങളുടെ കൂട്ടായ്മ ഇവിടെ കാണാം. ഗണേശോൽസവ്, നവരാത്രി എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. മലയാളികളുടെ ട്രോംബേ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ്, തമിഴരുടെ അണുശക്തി നഗർ കലൈ മൻറം മുതലായ സാംസ്കാരിക സംഘടനകൾ അണുശക്തി നഗറിലെ പ്രാദേശികഭാഷാപരിപാടികൾക്ക് നേതൃത്വം നൽകുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അണുശക്തിനഗർ സോഷ്യൽ നെറ്റ്‌വർക്ക്

"https://ml.wikipedia.org/w/index.php?title=അണുശക്തിനഗർ&oldid=1807130" എന്ന താളിൽനിന്നു ശേഖരിച്ചത്