അഘോരനാഥ് ചട്ടോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഘോരനാഥ് ചട്ടോപാധ്യായുടെ ഹൈദരാബാദിലെ വസതി- ഗോൾഡൻ ത്രെഷോൾഡ്, അബീദ്സ്, ഹൈദരാബാദ്. ഇന്ന് ഇതൊരു മ്യൂസിയമാണ്.

അഘോരനാഥ് ചട്ടോപാധ്യായ് (beng: অখোরনাথ চট্টোপাধ্যয; ജീവിതകാലം: 1851-1915), എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഡി.എസ്സി ബിരുദം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു[1]. പഠനാനന്തരം നിസാമിൻറെ ക്ഷണം സ്വീകരിച്ച് കുടുംബസമേതം ഹൈദരാബാദിലേക്ക് താമസം മാറ്റി. ഇതിനു മുൻകൈ എടുത്തത് നിസാമിൻറെ ദിവാൻ സലാർ ജംഗ് ആയിരുന്നു. ഹൈദരാബാദ് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനും ഇംഗ്ലീഷു പഠനത്തിന് ഊന്നൽ നല്കാനും അഘോരനാഥ് ഏറെ ശ്രമിച്ചു[2]. നിസാം കോളെജിൻറെ ആദ്യത്തെ പ്രിൻസിപ്പലായിരുന്നു അഘോരനാഥ്.[3] അഘോരനാഥ് ചട്ടോപാധ്യായുടെ മൂത്ത പുത്രിയാണ് സരോജിനി നായിഡു. മാതാപിതാക്കൾ പുരോഗമനവാദികളായിരുന്നെന്നും തങ്ങളുടെ വീട്ടിൽ ജാതിമതഭേദമെന്യെ ഏവരും സ്വാഗതരായിരുന്നുവെന്നും സരോജിനി നായിഡുവും സഹോദരൻ ഹരീന്ദ്രനാഥും പ്രസ്താവിച്ചിട്ടുണ്ട്[4],[5],[6]. അഘോരനാഥും പത്നി വരദാസുന്ദരിയും ബ്രഹ്മസമാജികളായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ജനനവും വിദ്യാഭ്യാസവും[തിരുത്തുക]

അഘോരനാഥ് ജനച്ചത് അവിഭക്ത ബംഗാളിൽ ബിക്രംപൂരിനടുത്ത് ബ്രഹ്മൺഗ്രാമിലെ ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നു. ഈ പ്രദേശം ഇപ്പോൾ ബംഗ്ലാദേശിൽ, ഉൾപെടുന്നു[7]. തലമുറകളായി അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ സംസ്കൃതപണ്ഡിതരായിരുന്നു[8]. അഘോരനാഥിൻറെ പിതാവിൻറെ പേര് രാമചരൺ ചട്ടോപാധ്യായ് എന്നായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഢാക്കയിൽ പൂർത്തിയാക്കിയ ശേഷം അഘോരനാഥ് കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ മൂന്നര വർഷം ചെലവിട്ടു[9]. പഠനത്തിൽ അതിസമർഥനായിരുന്ന അഘോരനാഥ് 1875-ൽ ഗിൽക്രൈസ്റ്റ് സ്കോളർഷിപ്പ് നേടി കെമിസ്റ്റ്രിയിൽ ഉപരിപഠനത്തിനായി എഡിൻബറോ യൂണിവഴ്സിറ്റിയിൽ എത്തി. അവിടെ വെച്ച് ഹോപ് പ്രൈസിനും ബാക്സ്റ്റർ സ്കോളർഷിപ്പിനും അർഹനായി. 1877-ൽ ഡി.എസ്സി (D.Sc) ബിരുദം നേടി. ഈ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യനായിരുന്നു അഘോരനാഥ്[1].

ഔദ്യോഗികജീവിതം[തിരുത്തുക]

നിസാം കോളെജ്, ഹൈദരാബാദ്

1878-ലാണ് അഘോരനാഥ് ചട്ടോപാധ്യായ് ഹൈദരാബാദിലെത്തിയത്. ആദ്യത്തെ ഇംഗ്ലീഷു മീഡിയം സ്കൂൾ സ്ഥാപിച്ച് ഔദ്യോഗികജീവിതത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ സ്ഥാപക പ്രിൻസിപ്പളായി ഹൈദരാബാദ് കോളെജ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനം പിന്നീട് നിസാം കോളെജ് എന്ന പേരിൽ പ്രശസ്തമായി[10]. ഹൈദരാബാദിലെ ബുദ്ധിജീവികൾ അഘോരനാഥിൻറെ വസതിയിൽ പതിവായി ഒത്തുചേരാറുണ്ടായിരുന്നു. കലാ-സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങൾ ഈ വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇക്കാലത്താണ് അഘോരനാഥിന് രാഷ്ട്രീയത്തിൽ താത്പര്യം തോന്നിത്തുടങ്ങിയത്[11].

ചന്ദാ റെയിൽ പ്രോജക്റ്റ് നടപ്പാക്കാനുള്ള നിസാമിൻറെ തീരുമാനവുമായി ഒത്തുപോകാൻ അഘോരനാഥ് വിസമ്മതിച്ചു, ഈ പദ്ധതിക്കെതിരെ ജനപ്രക്ഷോഭം സംഘടിപ്പിച്ചതിനെത്തുടർന്ന് അധികാരികൾ അഘോരനാഥിനെ 1883-ൽ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിടുകയും നിർബന്ധപൂർവം ഹൈദരാബാദ് രാജ്യത്തിൻറെ അതിർത്തിക്കു പുറത്താക്കുകയും ചെയ്തു. ഏതാനും മാസങ്ങൾ ഷോലാപൂരിലെ ജയിലിലായിരുന്നെന്നും രേഖകൾ പറയുന്നു.[12] നിസാം പിന്നീട് അഘോരനാഥിനെ തിരിച്ചുവിളിക്കുകയും ഉദ്യോഗത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. 1894-ൽ സരോജിനിക്ക് ഇംഗ്ലണ്ടിൽ പോയി പഠിക്കാനുള്ള സ്കോളർഷിപ്പ് നൽകിയത് നിസാമായിരുന്നു[13].

ഉദ്യോഗത്തിൽ പ്രവേശിച്ചശേഷവും അഘോരനാഥ് രാഷ്ട്രീയപ്രവർത്തനങ്ങൾ തുടർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹൈദരബാദ് ശാഖയിലെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. അതിനാൽ 1909-ൽ അഘോരനാഥിന് ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. അഘോരനാഥ് താമസം കൽക്കത്തയിലേക്കു മാറ്റി[14].

കുടുംബജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനു പോകുന്നതിനുമുമ്പുതന്നെ അഘോരനാഥും വരദാസുന്ദരിയുമായുള്ള വിവാഹം നടന്നിരുന്നു. അഘോരനാഥ് ഇംഗ്ലണ്ടിലായിരുന്ന കാലത്ത് വരദാസുന്ദരി കൽക്കത്തയിൽ കേശവ് ചന്ദ്ര സെൻ ആരംഭിച്ച ഭാരത് ആശ്രമം എന്ന സ്ഥാപനത്തിൽ അന്തേവാസിനിയായി പഠനം പൂർത്തിയാക്കി. ഈ ദമ്പതികൾക്ക് നാലു പുത്രിമാരും നാലു പുത്രന്മാരും ഉണ്ടായി. ഇവർ വിവിധമേഖലകളിൽ പ്രശസ്തരായി. സരോജിനി, മൃണാളിനി, സുനളിനി, സുഹാസിനി എന്നിവരായിരുന്നു പുത്രിമാർ. മൃണാളിനി പിന്നീട് ലാഹോറിൽ സർ ഗംഗാറാം ഗേൾസ് ഹൈസ്കൂളിൻറെ പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ചു. സുനളിനി വിദഗ്ദയായ കഥക് നർത്തകിയായിരുന്നു. സുഹാസിനി രാഷ്ട്രീയത്തിലിടപെട്ടു, സഹപ്രവർത്തകനായിരുന്ന എ.സി.എൻ. നമ്പ്യാരെ വിവാഹം ചെയ്തെങ്കിലും പിന്നീട് ബന്ധം വേർപെടുത്തി[15]. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയിലെ ആദ്യത്തെ വനിതാ മെമ്പർ ആയിരുന്നു[16].

പുത്രന്മാരിൽ മൂത്തതായിരുന്ന, ചട്ടോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, വീരേന്ദ്രനാഥ് ചട്ടോപാധ്യായ് തീവ്ര ഇടതുപക്ഷക്കാരനായിരുന്നു. ബ്രിട്ടീഷുകാർക്കെതിരായി ആഗോളസമ്മർദ്ദം ചെലുത്താനായി യുറോപ്യൻ രാജ്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തിയതുകാരണം ബ്രിട്ടീഷ് ഗവണ്മെൻറിൻറെ നോട്ടപ്പുള്ളിയായി[17]. 1937- ൽ സോവിയറ്റ് റഷ്യയിൽ വെച്ച് അകാലമൃത്യു പ്രാപിച്ചു. സ്റ്റാലിൻറെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ടതാണെന്നും പറയപ്പെടുന്നു[18]. ഭൂപേന്ദ്രനാഥ്, രണേന്ദ്രനാഥ് എന്നിവരെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല. ഏറ്റവും ഇളയ പുത്രൻ ഹരീന്ദ്രനാഥ് സാഹിത്യലോകത്തും അഭിനയരംഗത്തും പ്രശസ്തിനേടി. 1973-ൽ ഇദ്ദേഹത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ചു[19].

അന്ത്യം[തിരുത്തുക]

അവസാന നാളുകൾ അഘോരനാഥ്, വരദാസുന്ദരിയോടൊത്ത് ലവ്ലോക് റോഡിലെ വസതിയിലാണ് ചെലവഴിച്ചത്. 1915 ജനവരി 28-ന് അഘോരനാഥ് അന്തരിച്ചു.[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Rangarajan, Uttara. "Aghorenath Chattopadhyay-UncoverED". Aghorenath Chattopadhyay- UncoverED, A Collaborative decolonial research project. The University of Edinburgh. Archived from the original on 2020-01-08. Retrieved 2020-09-01.
 2. Bhukya, Bhangya (2017). History of Modern Telangana. Orient Black Swan. p. 43. ISBN 9789386689887.
 3. "Nizam College". Nizamcollege.ac.in. Archived from the original on 2020-06-27. Retrieved 2020-08-23.
 4. Naidu, Sarojini (1905). The Golden Threshold. London: William Heinemann. pp. 14–15.
 5. Chattopadhyay, Harindra (1948). Life and Myself. Bombay: Nalanda. pp. 15, 39–40, 45–46.
 6. Sengupta, Padmini (1966). Sarojini Naidu: A Biography. New York: Asia Publishing House. pp. 9–10.
 7. Luther, Narendra (1998-09-01). "Sarojini Naidu's Father". Narendra Luther Archives: September 1998. Retrieved 2020-09-01.
 8. Naidu, Sarojini (1905). The Golden Threshold. London: William Heinemann. pp. 10–11.
 9. "Aghorenath Chattopadhyay". edglobal.egnyte.com. University of Edinburgh. Retrieved 2020-09-03.
 10. Sengupta, Padmini (1966). Sarojini Naidu: A Biography. New York: Asia Publishing House. pp. 14–15.
 11. Roy, Prafull Chandra (1958). Autobiography of a Bengali Chemist. Calcutta: Orient Books. p. 107.
 12. Deb, HC (1883-07-09). "Railways (India)- The Nizam Territory- Hyderabad and Chanda Railway(Hansard 9July 1883)". api.parliament.uk. Archived from the original on 2021-09-28. Retrieved 2020-09-05.
 13. Akbar, Syed (2019-01-07). "Nizam's kin pulls out firmans showing". timesofindia.indiatimes.com. Times of India. Retrieved 2020-09-06.
 14. Sengupta, Padmini (1966). Sarojini Naidu: A Biography. New York: Asia Publishing House. pp. 11, 17–18.
 15. Ramdev, Darshana (2017-04-14). "There is no dignity left in politics now". deccanchronicle.com. Deccan Chronicle. Retrieved 2020-09-07.
 16. Ali, Suhasini (2012-08-24). "Communist Captain". thefrontline.hindu.com. Retrieved 2020-09-05.
 17. Ker, James Campbell (1960). Political Trouble in India: 1907-1917. Calcutta: S.Ghatack from Indian Editions. pp. 181–82.
 18. Liebau, Heike (2017-12-14). "Chattopadhyay, Virendranath". encylcopedia.1914-1918-online.net. International Encyclopaedia of the First World War. Retrieved 2020-09-05.
 19. "Padma Award". dashboard-padmaawards.gov.in. Ministry of Home Affairs (Govt.of India). Archived from the original on 2020-10-11. Retrieved 2020-09-06.