ഹെലന്‍ കെല്ലര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹെലന്‍ കെല്ലര്‍
Helen Keller.jpg
ജനനം ജൂണ്‍ 27 1880(1880-06-27)
അലബാമ, അമേരിക്ക
മരണം ജൂണ്‍ 1 1968 (പ്രായം 87)
പൗരത്വം അമേരിക്കന്‍

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലന്‍ ആദംസ്‌ കെല്ലര്‍(ജൂണ്‍ 27, 1880 - ജൂണ്‍ 1, 1968).പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.

ഉള്ളടക്കം

[തിരുത്തുക] കുട്ടിക്കാലം

[തിരുത്തുക] ജനനം,കുടുംബം

മാഡം തുസോസ് വാക്സ് മ്യൂസിയത്തിലെ മെഴുക് ആവിഷ്കരണം

1880 ജൂണ്‍ 27-ന്‌ അമേരിക്കയിലെ വടക്കന്‍ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലന്‍ കെല്ലറുടെ ജനനം.[1]സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന്‌ അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്തവരായിരുന്നു ഹെലന്റെ മുന്‍ഗാമികള്‍.[2].അച്ഛന്‍ ആര്‍തര്‍.എച്ച്‌.കെല്ലര്‍,ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കറ്റ്‌ ആഡംസ്‌ വീട്ടമ്മയും.കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന്‌ എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലന്‍ എവററ്റിന്റെ സ്മരണാര്‍ത്ഥമാണ്‌ ഹെലന്‌ ആ പേരു ലഭിച്ചത്‌. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം.വലിയ വീടും ഉദ്യാനവും അവര്‍ക്കുണ്ടായിരുന്നു."ഐവി ഗ്രീന്‍" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.[3]

[തിരുത്തുക] രോഗം

പത്തൊന്‍പതു മാസം വരെ ഹെലന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയായിരുന്നു. 1882 ഫെബ്രുവരി[4]യിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌.കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടര്‍ വിധിയെഴുതിയെങ്കിലും,ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു.ഒന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞ്‌ ഒന്നും പറയാനും പഠിച്ചില്ല.'വ',;വ' എന്ന ശബ്ദം മാത്രമേ അവള്‍ക്ക്‌ ഉണ്ടാക്കാന്‍ സാധിച്ചിരുന്നുള്ളൂ.

[തിരുത്തുക] വിദ്യാഭ്യാസം

കുട്ടിക്കാലത്ത്‌ താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാണെന്ന്‌ ഹെലന്‍ അറിഞ്ഞിരുന്നില്ല.പുറത്തു പോകാന്‍ അവള്‍ക്കിഷ്ടമായിരുന്നു.മറ്റുള്ളവരുടെ സാന്നിദ്ധ്യം അവള്‍ ആസ്വദിച്ചിരുന്നു.അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍,മറ്റുള്ളവര്‍ക്ക്‌ തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന്‌ സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോള്‍ അവള്‍ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കന്‍ ശ്രമിയ്ക്കുകയും,കരഞ്ഞു കൊണ്ട്‌ വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.[5]

അമ്മയുമായും,സമപ്രായക്കാരിയായ മാര്‍ത്താവാഷിംഗ്ടണ്‍ എന്ന കുട്ടിയോടും ആശയവിനിമയം നടത്താന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു.വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വര്‍ദ്ധിച്ചു.പലപ്പോഴും അവള്‍ അമ്മയുടെ കൈവെള്ളയില്‍ മുഖമമര്‍ത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു.അക്കാലത്ത്‌ ചാള്‍സ്‌ ഡിക്കന്‍സ്‌ എഴുതിയ അമേരിക്കന്‍ നോട്സ്‌ എന്ന പുസ്തകത്തിലെ ബധിരയായ പെണ്‍കുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ്‌ ആഡംസിന്‌ ചെറു പ്രതീക്ഷ നല്‍കി.പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാന്‍ അവള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തീരുമാനിച്ചു.[6]

ഹെലന്‌ ആറു വയസ്സായപ്പോള്‍ ബാള്‍ട്ട്‌മൂറിലെ ഡോക്ടര്‍ ഷിസോമിന്റെ നിര്‍ദ്ദേശപ്രകാരം[7] ഹെലന്റെ മാതാപിതാക്കള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെല്‍,അവരെ ബോസ്റ്റണിലെ പാര്‍ക്കിന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ മൈക്കേല്‍ അനാഗ്നോസിന്റെ അടുത്തേക്കയച്ചു[8].ഹെലനെ പഠിപ്പിക്കാന്‍ ഒരു അധ്യാപികയെ ഏര്‍പ്പാടാക്കാമെന്ന്‌ അദ്ദേഹം വാക്കു നല്‍കി.

തന്റെ പില്‍ക്കാലജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച്‌ ഹെലന്‍ അനുസ്മരിക്കുന്നു.

Thus I came up out of Egypt and stood before Sinai, and a power

divine touched my spirit and gave it sight, so that I beheld many wonders. And from the sacred mountain I heard a voice which said, "Knowledge is love and light and vision."[9]

[തിരുത്തുക] ആനി സള്ളിവനുമൊത്ത്‌:

Keller and Sullivan in 1898


1887 മാര്‍ച്ച്‌ 3[10]-ാ‍ം തീയതിയാണ്‌ ആനി സള്ളിവന്‍ അധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്‌.ഐറിഷ്‌ വംശജയായിരുന്ന ആനിയ്ക്ക്‌ ഹെലനെക്കാള്‍ 14 വയസ്സ്‌ കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാന്‍ അവര്‍ക്കു നന്നെ പാടുപെടേണ്ടി വന്നു.

ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി,പാവ നല്‍കിയ ശേഷം അവളുടെ കൈയില്‍ "d-o-l-l" എന്നെഴുതി.വിരലുകള്‍ കൊണ്ടുള്ള ആ 'കളി'യില്‍ താത്പര്യം തോന്നിയ ഹെലന്‍, അത്‌ ആവര്‍ത്തിയ്ക്കാന്‍ ശ്രമിച്ചു.അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലന്‍ ഒരു വാക്കു പഠിച്ചു.49 വര്‍ഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌.പതുക്കെപ്പതുക്കെ,'പിന്‍','ഹാറ്റ്‌' ,'വാട്ടര്‍','മഗ്ഗ്‌', തുടങ്ങിയ പല വാക്കുകളും അവള്‍ ഹൃദിസ്ഥമാക്കി.പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി.മാല കോര്‍ക്കാനും,മരത്തില്‍ കയറാനും,പട്ടം പറത്താനും അവള്‍ പഠിച്ചു.


ഒരു വര്‍ഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച്‌ ഹെലന്‍ മനസ്സിലാക്കി."The doll is in the bed" തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത്‌ പഠിച്ചു.ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലന്‍ അനായാസം സ്വായത്തമാക്കി.ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത്‌ ദൃഢമായി.

[തിരുത്തുക] ഔപചാരിക വിദ്യാഭ്യാസം

ഹെലന്‍ കെല്ലര്‍ ബിരുദം നേടിയശേഷം,1904-ലെ ചിത്രം

1888-ല്‍ ഹെലന്‍ ബോസ്റ്റണിലെ പെര്‍ക്കിന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു.ഡയറക്ടറായിരുന്ന മൈക്കല്‍ അനാഗ്നോസുമായുള്ള സുദീര്‍ഘമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.ഹെലനിലൂടെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പെരുമ വര്‍ദ്ധിയ്ക്കുമെന്ന്‌ പലരും വിശ്വസിച്ചു.എങ്കിലും ഹെലന്റെ ബാല്യകാലകൗതുകങ്ങള്‍ പ്രശസ്തി മൂലം നഷ്ടപ്പെടുമെന്ന്‌ ആനി ഭയന്നു.1894ല്‍ അവരിരുവരും ന്യൂയോര്‍ക്കിലെ ബധിരര്‍ക്കായുള്ള റൈറ്റ്‌ ഹാമറണ്‍ വിദ്യാലയത്തിലേയ്ക്കു പോയി.അപ്പോഴും വ്യക്തമായി സംസാരിയ്ക്കാന്‍ ഹെലനു കഴിഞ്ഞിരുന്നില്ല.എങ്കിലും ഇംഗ്ലീഷില്‍ അവര്‍ അഗാധ പാണ്ഡിത്യം നേടി.14ആം വയസ്സില്‍ കേംബ്രിഡ്ജിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളില്‍ ചേര്‍ന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങള്‍ ബ്രെയിലി ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്‌,ജര്‍മന്‍,ലാറ്റിന്‍,ഇംഗ്ലീഷ്‌,ഗണിതം എന്നിവയില്‍ പ്രാവീണ്യം നേടി.1900-ല്‍ റാഡ്ക്ലിഫ്‌ കോളേജിലേയ്ക്കുള്ള പ്രവേശനപരീക്ഷയില്‍ ഉന്നതവിജയം നേടി.24-ആം വയസ്സില്‍ ബിരുദവും ലഭിച്ചു.

ആനി പ്രശസ്തിയ്ക്കുവേണ്ടി ഹെലനെക്കൊണ്ട്‌ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യിക്കുന്നുവെന്നും,ഹെലനെ അത്ഭുതസ്ത്രീയായി ചിത്രീകരിയ്ക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അക്കാലത്ത്‌ രൂക്ഷമായി.അത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടികൂടിയായിരുന്നു ഹെലന്റെ വിജയം.

[തിരുത്തുക] ഹെലന്‍ കെല്ലറുടെ വ്യക്തിത്വം

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ രണ്ടു വ്യക്തികള്‍ നെപ്പോളിയനും ഹെലന്‍ കെല്ലറുമാണ്‌

എന്ന്‌ ഒരിയ്ക്കല്‍ മാര്‍ക്ക്‌ ട്വയിന്‍ അഭിപ്രായപ്പെടുകയുണ്ടായി.അത്രത്തോളം സ്വാധീനശക്തിയുള്ളതായിരുന്നു ഹെലന്റെ വ്യക്തിത്വം.ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു ഹെലന്‍ കെല്ലര്‍.കാഴ്ചയില്ലെങ്കിലും പ്രൗഢമായി വസ്ത്രം ധരിയ്ക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.അറിവുനേടാനും,ആശയവിനിമയം നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ എപ്പോഴും കര്‍മ്മനിരതയായിരിയ്ക്കാന്‍ പ്രേരിപ്പിച്ചു.

ഓര്‍മ്മശക്തിയും മനസ്സാന്നിധ്യവും,നര്‍മ്മബോധവുമായിരുന്നു മറ്റു പ്രധാന സവിശേഷതകള്‍.ജീവിതകാലം മുഴുവന്‍ ഒരു സാധാരണ സ്ത്രീയാകാനാണ്‌ ഹെലന്‍ ആഗ്രഹിച്ചത്‌.വൈകല്യമില്ലാത്തവര്‍ കടന്നു ചെല്ലാന്‍ മടിച്ച രംഗങ്ങളില്‍ പോലും,ആനിയുടെ കൈപിടിച്ച്‌ അവര്‍ ധൈര്യപൂര്‍വ്വം കടന്നു ചെന്നു.മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടുന്നതിലും ഹെലന്‌ താത്പര്യമുണ്ടായിരുന്നു.

കാഴ്ചയും കേള്‍വിയും ഇല്ലാത്ത എല്ലാവരെയും പോലെ ഹെലനും ഗന്ധമാസ്വദിയ്ക്കുന്നതില്‍ തത്പരയായിരുന്നു.ചെസ്സും,ചീട്ടുകളിയും അവരുടെ പ്രിയവിനോദങ്ങളായിരുന്നു.യാത്രയും വായനയും ഇഷ്ടപ്പെട്ടിരുന്നു.

[തിരുത്തുക] ആശയവിനിമയം

ആനി സള്ളിവന്‍ പരീക്ഷിച്ചു വിജയിച്ച, കൈയില്‍ എഴുതിയുള്ള ആശയവിനിമയമായിരുന്നു ഹെലന്‍ ജീവിതത്തിലുടനീളം പിന്തുടര്‍ന്നത്‌.കേള്‍വിശക്തിയും കാഴ്ചശക്തിയുമില്ലാത്തവരെ ചുണ്ടില്‍ വിരലുകള്‍ ചേര്‍ത്തുവച്ച്‌ ഉച്ചാരണം പഠിപ്പിക്കുന്ന രീതിയും ആനി പരീക്ഷിയ്ക്കയുണ്ടായി.എന്നാല്‍,വാക്കുകള്‍ക്കും,സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച്‌ ശബ്ദവ്യതിയാനം വരുത്താന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.എങ്കിലും,"താഴ്‌വരയിലെ ലില്ലിപുഷ്പം" എന്നു പ്രസിദ്ധയായ ഹെലന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എന്നും വലിയ ജനാവലിയുണ്ടായിരുന്നു.എഴുത്തായിരുന്നു മറ്റൊരു ശക്തമായ മാധ്യമം.അതും പൊതുജനങ്ങളെ അവരിലേയ്ക്കടുപ്പിച്ചു.

[തിരുത്തുക] സുഹൃത്തുക്കള്‍

Helen Keller, age 8, with her tutor Anne Sullivan while vacationing on Cape Cod, July 1888 (photo re-discovered in 2008)

കുട്ടിക്കാലത്ത്‌ അമ്മയും മാര്‍ത്തയുമായിരുന്നു ഹെലന്റെ സുഹൃത്തുക്കള്‍.പിന്നെ ആ സ്ഥനം ആനി ഏറ്റെടുത്തു. തന്റെ ആത്മകഥാരചനയില്‍ പങ്കാളിയായ ജോണ്‍ മേസിയെന്ന പത്രപ്രവര്‍ത്തകനായിരുന്നു മറ്റൊരു ആത്മമിത്രം.1905-ല്‍ ആനിയും മേസിയും വിവാഹിതരായപ്പോള്‍ ഏറ്റവും സന്തോഷിച്ചത്‌ ഹെലനായിരുന്നു.മേസിയുമായുള്ള സൗഹൃദം ഹെലനില്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതി വളര്‍ത്തി.പെര്‍ക്കിന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ അനാഗ്സോണും,അലക്സാണ്ടര്‍ ഗ്രഹാം ബെല്ലും ഹെലന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.അവരിരുവരും നിരവധി പ്രമുഖരെ ഹെലന്‌ പരിചയപ്പെടുത്തി.മാര്‍ക്ക് ട്വൈനും ചാര്‍ളി ചാപ്ലിനും അവരില്‍ ചിലരായിരുന്നു.

1913-ല്‍ ആനിയും മേസിയും വിവാഹമോചിതരായി.ആ സംഭവം ആനിയെ മാനസികമായി തളര്‍ത്തി.1914-ല്‍ ആനി ഹെലന്റെ പരിചരണത്തിനായി മേരി ആഗ്നസ്‌ തോംസണ്‍ എന്ന പോളി തോംസണെ ചുമതലപ്പെടുത്തി.പീറ്റര്‍ ഫാഗന്‍ എന്ന ചെറുപ്പക്കാരന്‍ ഹെലന്റെ സെക്രട്ടറിയായും ചുമതലയേറ്റു.1936 ഒക്ടോബര്‍20-ന്‌ നേരത്തെയുണ്ടായിരുന്ന ക്ഷയരോഗം മൂര്‍ച്ഛിച്ച്‌ ആനി അന്തരിച്ച ശേഷം അവരിരുവരും ഹെലന്‌ താങ്ങും തണലുമായി.

തന്റെ വൈകല്യം വിവാഹജീവിതത്തിന്‌ വിലങ്ങുതടിയാകുമെന്ന്‌ ഹെലന്‍ കരുതിയിരുന്നു.എന്നാല്‍ ഹെലന്റെ സെക്രട്ടറി പീറ്റര്‍ ഫാഗന്‍ ഹെലനെ വിവാഹം കഴിയ്ക്കാന്‍ തയാറായി. പീറ്ററുടെ സോഷ്യലിസ്റ്റ്‌ ചിന്താഗതിയും അവരിരുവരും തമ്മിലുള്ള പ്രായവ്യത്യാസവും കുടുംബാംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കി.അമ്മയുടെയും സഹോദരങ്ങളുടെയും എതിര്‍പ്പു കാരണം ഹെലന്‍ ആ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ നിര്‍ബന്ധിതയായി.പിന്നീട്‌ ഇതെക്കുറിച്ച്‌, "എന്റെ ജീവിതത്തില്‍ സ്നേഹം നിഷേധിയ്ക്കപ്പെട്ടു,സംഗീതവും സൂര്യപ്രകാശവും നിഷെധിയ്ക്കപ്പെട്ടതുപോലെ" എന്ന്‌ അനുസ്മരിയ്ക്കയുണ്ടായി."കറുത്തിരുണ്ട പുറംകടലിലെ ഒരു ചെറുതുരുത്ത്‌" എന്നാണ്‌ ഹെലന്‍ ആ ചെറു പ്രണയത്തെ വിശേഷിപ്പിച്ചത്.

[തിരുത്തുക] സാഹിത്യത്തില്‍

കുട്ടിക്കാലം മുതല്‍ക്കേ ഹെലന്റെ ഭാവനാസമ്പത്ത്‌ എഴുത്തുകളുടെ രൂപത്തില്‍ പ്രകടമായിരുന്നു.സുഹൃത്തുക്കള്‍ക്കെല്ലാം,തനിയ്ക്കറിയാവുന്ന ഭാഷയില്‍,ആനിയിലൂടെ താന്‍ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച്‌ വിശദമായി എഴുതാന്‍ ഹെലന്‍ ശ്രമിച്ചിരുന്നു.പത്തു വയസ്സു മുതല്‍ ഹെലന്‍ കഥകളെഴുതാന്‍ തുടങ്ങിയിരുന്നു.പതിനൊന്നാം വയസ്സില്‍ അവളെഴുതിയ ഒരു കഥ, അനാഗ്നോസ്‌ തന്റെ സ്ഥാപനത്തിന്റെ മുഖപത്രത്തില്‍ പ്രസിദ്ധീകരിയ്ക്കയുന്റായി.എന്നാല്‍ അത്‌ മറ്റൊരു പ്രസിദ്ധ സാഹിത്യകാരന്റെ രചനയുടെ പകര്‍പ്പാണെന്ന്‌ ചിലര്‍ ആരോപിച്ചു.എന്നാല്‍ എവിടെയോ കേട്ടുമറന്ന കഥ ആ കൊച്ചു പെണ്‍കുട്ടി തന്റേതായ ഭാഷയില്‍ പുനരാവിഷ്കരിയ്ക്കയാണുണ്ടായതെന്ന് എന്ന്‌ പിന്നീട്‌ തെളിഞ്ഞു.

ലളിതമായ ഭാഷയിലായിരുന്നു ഹെലന്റെ എഴുത്ത്‌.വിവരണാത്മകതയും എഴുത്തിലെ സത്യസന്ധതയും മറ്റു പ്രത്യേകതകളായിരുന്നു.പരന്ന വായന ഹെലന്റെ പദസമ്പത്ത്‌ അത്ഭുതകരമാംവിധം വിപുലമാക്കിയിരുന്നു.പ്രസംഗത്തിലും അത്‌ പ്രതിഫലിച്ചു.

[തിരുത്തുക] പ്രധാന കൃതികള്‍

റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലന്‍ തന്റെ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത്‌.ആനിയെക്കൂടാതെ,പില്‍കാലത്ത്‌ ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവര്‍ത്തകന്‍ ജോണ്‍ മേസിയും രചനയില്‍ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവര്‍ഗ്ഗ വനിതകള്‍ക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ്‌ ഹൗസ്‌ ജേണല്‍ എന്ന മാസികയില്‍ 5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌.1902-ല്‍ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു.

1908-ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേള്‍ഡ്‌ ഐ ലിവ്‌ ഇന്‍ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താന്‍ 'കാണുന്ന' ലോകത്തെക്കുറിച്ചാണ്‌ ഹെലന്‍ വിവരിയ്ക്കുന്നത്‌.ആത്മീയസ്പര്‍ശമുള്ള ലൈറ്റ്‌ ഇന്‍ മൈ ഡാര്‍ക്ക്‌നസ്സ്‌,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്‌. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഹെലന്റെതായുണ്ട്‌.

[തിരുത്തുക] രാഷ്ട്രീയത്തില്‍

സാഹിത്യരംഗത്ത്‌ പ്രശസ്തയായതോടെ,വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച്‌ പല രാഷ്ട്രങ്ങളും സന്ദര്‍ശിയ്ക്കാന്‍ ഹെലന്‍ കെല്ലര്‍ക്ക്‌ അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,ഹെലനില്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതികള്‍ വളര്‍ന്നു.1909-ല്‍ ഹെലന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അംഗമായി.ചില തൊഴില്‍ സംഘടകളെ പിന്തുണച്ചു കൊണ്ട്‌ അവര്‍ പ്രസ്താവനയിറക്കി.1915-ല്‍ ഹെലന്‍ ജോര്‍ജ്ജ്‌ കെസ്ലറുമായിച്ചേര്‍ന്ന്‌ വികലാംഗക്ഷേമത്തിനായി,ഹെലന്‍ കെല്ലര്‍ അന്താരാഷ്ട്രസംഘടന രൂപീകരിച്ചു.സ്ത്രീകള്‍ക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവര്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും വേണ്ടിയായിരുന്നു ആ സംഘടനയുടെ പ്രവര്‍ത്തനം.


[തിരുത്തുക] വാര്‍ദ്ധക്യം,മരണം

Helen Keller as depicted on the Alabama state quarter

ആനിയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന ഹെലനെ ആ ആഘാതത്തില്‍ നിന്ന്‌ കൈപിടിച്ചു കയറ്റിയത്‌ പോളി തോംസണായിരുന്നു.അവരിരുവരും ചേര്‍ന്ന്‌ നടത്തിയ വിദേശയാത്രകള്‍ ഹെലന്‌ പുതുജീവന്‍ പകര്‍ന്നു.എന്നാല്‍ 1960-ല്‍ പോളി തോംസണ്‍ അന്തരിച്ചതോടെ ഹെലന്‍ വീണ്ടും ഒറ്റപ്പെട്ടു.1961 മുതല്‍ ഹെലന്‍ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂര്‍ണമായും ഒറ്റയ്ക്കായ ഹെലന്‍ കെല്ലര്‍ എന്ന മഹത്‌വനിത 1968 ജൂണ്‍ 1-ന്‌ 87-ആം വയസ്സില്‍ അന്തരിച്ചു[11].വാഷിംഗ്ടണ്‍ ഡി.സി.യിലെ നാഷണല്‍ കത്തീഡ്രലിലായിരുന്നു ശവസംസ്കാരം[12].

ആത്മവിശ്വാസത്തിന്റെ,ദൃഢനിശ്ചയത്തിന്റെ,കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളര്‍ന്ന ആ അന്ധവനിത,അംഗവൈകല്യമുള്ള അനേകര്‍ക്ക്‌ പ്രത്യാശയായി ഇന്നും ജനമനസ്സുകളില്‍ ജീവിയ്ക്കുന്നു

[തിരുത്തുക] അവലംബം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം