വിവാഹമോചനം ഇസ്ലാമിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്വലാഖ് (അറബി: الطلاق)അർഥം: വിവാഹമോചനം. വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്ലാമിക ശരീഅത്തിൽ സാങ്കേതികമായി ഈ പദം ഉപയോഗിക്കുന്നു. ഇസ്ലാമികവീക്ഷണത്തിൽ വിവാഹബന്ധം അനശ്വരമാണ്. ഭാര്യാഭർത്താക്കന്മാർ എക്കാലവും ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറാണത്. എന്നാൽ വ്യത്യസ്ത ചുറ്റുപാടുകളും മനോവിചാരവുമുള്ള ചിലർക്കെങ്കിലും ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നേക്കാം. ഇത്തരം അനിവാര്യ ഘട്ടങ്ങളിൽ മനസ്സിണക്കമില്ലാത്തവർക്ക് പരസ്പരം വേർപിരിയാൻ ഇസ്ലാം അനുവാദം നൽകുന്നു.

വിവാഹം[തിരുത്തുക]

ഇസ്ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്(ഖുർആൻ: 4: 21).മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്(ബുഖാരി)ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.

വിവിധ സമീപനങ്ങൾ[തിരുത്തുക]

നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-

"പുരുഷന്മാർ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരിൽ ചിലരെ മറ്റുള്ളവരെക്കാൾ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാർ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാൽ നല്ലവരായ വനിതകൾ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തിൽ, അല്ലാഹുവിന്റെ മേൽനോട്ടത്തിലും സംരക്ഷണത്തിലും അവർ ഭർത്താക്കന്മാരോടുള്ള ബാധ്യതകൾ പൂർത്തീകരിക്കുന്നവരുമാകുന്നു. ഭാര്യമാർ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോൾ നിങ്ങൾ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളിൽ പിരിഞ്ഞിരിക്കുക, അടിക്കുക. അങ്ങനെ അനുസരണമുള്ളവരായിത്തീർന്നാൽ പിന്നെ അവരെ ദ്രോഹിക്കുവാൻ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓർത്തിരിക്കുക. വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാൽ, അവന്റെ ബന്ധുക്കളിൽനിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളിൽനിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാൽ, അല്ലാഹു അവർക്കിടയിൽ യോജിപ്പിന്റെ മാർഗം തുറന്നുകൊടുക്കുന്നതാകുന്നു. നിശ്ചയം, അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ[1]."

അനിവാര്യ ഘട്ടം[തിരുത്തുക]

ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ(സ)പറഞ്ഞത്. പ്രവാചകൻ പറയുന്നു: "അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ[2]. "അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല(ദാറഖുത്നി) ഹദ്റത്ത് അലി പറയുന്നു: "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.[3] ആസ്വാദനാവശ്യാർഥം മാറിമാറി കല്യാണം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണ്. നബി അത് കടുത്ത ഭാഷയിൽ വിലക്കിയിട്ടുണ്ട്: "നിങ്ങൾ വിവാഹം കഴിക്കുക. മൊഴി ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല (ദാറഖുത്നി). ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ? (നസാഈ).

വിവിധ ഘട്ടങ്ങൾ[തിരുത്തുക]

ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലുന്നത് ഇസ്ലാമികല്ല. വിവിധ ഘട്ടങ്ങളിലൂടെ വളരെയധികം സമയമെടുത്ത് മാത്രം സാധിക്കുന്ന ഒന്നാണത്. അതിനിടയിൽ തന്നെ തിരിച്ചെടുക്കണമെന്ന് തോന്നിയാൽ തിരിച്ചെടുക്കാനും അനുവാദമുണ്ട്.വിവാഹമുക്തകൾക്കും ന്യായമായ അവകാശമുള്ളതായി ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. വിശുദ്ധ ഖുർആൻ 4:35,35
  2. അബൂദാവൂദ്, ഇബ്നുമാജ, ഹാകിം
  3. ഖുർതുബി, ഭാഗം: 18, പേജ് 149
  • വൈവാഹിക ജീവിതം ഇസ്ലാമിൽ -ശൈഖ് മുഹമ്മദ് കാരക്കുന്നു്
  • http://lalithasaram.net/3.html
"http://ml.wikipedia.org/w/index.php?title=വിവാഹമോചനം_ഇസ്ലാമിൽ&oldid=1805241" എന്ന താളിൽനിന്നു ശേഖരിച്ചത്