ലെപ്പാന്റോ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1571-ലെ ലെപ്പാന്റോ യുദ്ധം - ലണ്ടണിലെ ദേശീയ സമുദ്രയാന മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം ആരുടേതെന്ന് നിശ്ചയമില്ല.

പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധമാണ് ലെപ്പാന്റോ യുദ്ധം. 1571 ഒക്ടോബർ 7-ആം തിയതി ഞായറാഴ്ച നടന്ന ഈ യുദ്ധത്തിൽ സ്പെയിൻ, വെനീസ് ഗണരാജ്യം, ജെനോവ ഗണരാജ്യം, സവോയ് പ്രവിശ്യ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പയുടെ അധീനത്തിലായിരുന്ന ഇറ്റാലിയൻ പ്രദേശങ്ങൾ എന്നിവ ചേർന്ന ക്രിസ്തീയ "വിശുദ്ധസഖ്യത്തിന്റെ" പങ്കായക്കപ്പൽപ്പട(Galley fleet), ഓട്ടമൻ സാമ്രാജ്യത്തിന്റെ മുഖ്യകപ്പൽപ്പടയെ നിർണ്ണായകമായി പരാജയപ്പെടുത്തി. ഇറ്റലിയിലെ സ്പെയിൻ-അധീനദേശങ്ങളായിരുന്ന നേപ്പിൾസ്, സിസിലി, സാർഡീനിയ തുടങ്ങിയവയും വിശുദ്ധസൈഖ്യത്തിൽ ഉൾപ്പെട്ടിരുന്നു.


ഗ്രീസിൽ കോറിന്ത് ഉൾക്കടലിലുള്ള ലെപ്പാന്റോയിലെ അവരുടെ നാവികത്താവളത്തിൽ നിന്ന് പടിഞ്ഞാറോട്ട് മുന്നേറിയ ഓട്ടമൻ കപ്പൽപ്പടയും ഇറ്റലിയിൽ സിസിലിയിലെ മെസ്സീനായിൽ നിന്നു വന്ന 'വിശുദ്ധ'സഖ്യപ്പടയുമായി പടിഞ്ഞാറൻ ഗ്രീസിലെ പത്രാസ് ഉൾക്കടലിന്റെ വടക്കേയറ്റത്തുവച്ചുണ്ടായ ഈ ഏറ്റുമുട്ടൽ അഞ്ചുമണിക്കൂർ നീണ്ടുനിന്നു. 'വിശുദ്ധ'സഖ്യത്തിന് മദ്ധ്യധരണിക്കടലിന്റെമേൽ താൽക്കാലിക നിയന്ത്രണം നേടിക്കൊടുത്ത ഈ യുദ്ധം, റോമിനെ ഓട്ടമൻ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും ഓട്ടമൻ ശക്തിയുടെ യൂറോപ്പിലേക്കുള്ള മുന്നേറ്റം തടയുകയും ചെയ്തു. പങ്കായക്കപ്പൽപ്പടകൾ തമ്മിൽ നടന്ന അവസാനത്തെ പ്രധാന നാവികയുദ്ധമെന്ന നിലയിലും ഇതിന് വലിയ പ്രാധാന്യം ക‌ൽപ്പിക്കപ്പെടുന്നു.

ബലം, പരിണാമം[തിരുത്തുക]

വത്തിക്കാൻ മ്യൂസിയത്തിലെ ഭൂപടങ്ങളുടെ തളത്തിലുള്ള ലെപ്പാന്റോ യുദ്ധത്തിന്റെ ചിത്രീകരണം

'വിശുദ്ധ'സഖ്യത്തിന്റെ പടയിൽ 206 സാധാരണ കപ്പലുകളും വെനീസുകാർ പുതുതായി നിർമ്മിച്ചതും ഏറെ വെടിക്കോപ്പുകൾ കൊള്ളുന്നതുമായ 6 വലിയ കപ്പലുകളും ഉണ്ടായിരുന്നു. 12920 നാവികരും 28,000 യോദ്ധാക്കളുമടങ്ങിയ 'വിശുദ്ധ'സൈന്യത്തെ നയിച്ചിരുന്നത് "വിശുദ്ധറോമാസാമ്രാട്ട്" ചാൾസ് അഞ്ചാമന്റെ വിവാഹേതരബന്ധത്തിലെ പുത്രനും സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ അർത്ഥസഹോദരനുമായ ഓസ്ട്രിയയിലെ 24 വയസ്സു മാത്രമുണ്ടായിരുന്ന ഡോൺ യുവാനായിരുന്നു. 222 സാധാരണ കപ്പലുകളും 56 ചെറിയ കപ്പലുകളും അടങ്ങിയ ഓട്ടമൻ പടയിൽ 13,000 നാവികരും 34,000 യോദ്ധാക്കളും ഉണ്ടായിരുന്നു. അലി പാഷ പടനായകനും ഉലൂജ് അലി അദ്ദേഹത്തിന്റെ സഹായിയും ആയിരുന്നു അവരുടെ നാവികർ പരിചയസമ്പന്നരായിരുന്നെങ്കിലും ഇസ്ലാമിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികൾ അടങ്ങിയ ജാനിസറി വിഭാഗം ഒരു ദൗർബല്യമായിരുന്നു. പീരങ്കികളുടെ എണ്ണത്തിൽ മുന്നിട്ടു നിന്നത് വിശുദ്ധസൈന്യമായിരുന്നു. അവർക്ക് 1815 പീരങ്കികൾ ഉണ്ടായിരുന്നപ്പോൾ ഓട്ടമൻ പടയ്ക്ക് 750 പീരങ്കികളേ ഉണ്ടായിരുന്നുള്ളു.


വൈകിട്ട് നാലുമണിക്ക് യുദ്ധം അവസാനിച്ചപ്പോൾ ഓട്ടമൻ സൈന്യത്തിന് 'വിശുദ്ധ'സൈന്യം പിടിച്ചെടുത്ത 117 എണ്ണം അടക്കം 210 കപ്പലുകൾ നഷ്ടപ്പെട്ടിരുന്നു. 'വിശുദ്ധ' സൈന്യത്തിന് ഇരുപതു കപ്പലുകൾ നഷ്ടമാവുകയും മുപ്പതെണ്ണത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുകയും ചെയ്തു. അവരുടെ ഒരു കപ്പൽ മാത്രമാണ് ഓട്ടമൻ സൈന്യത്തിന് പിടിച്ചെടുക്കാനായത്.

പ്രാധാന്യം[തിരുത്തുക]

ലെപ്പാന്റോയിലെ വിജയികൾ: (ഇടത്തു നിന്ന്) വിശുദ്ധസഖ്യത്തിന്റെ പടനായകൻ ഓസ്ട്രിയയിലെ ഡോൺ യുവാൻ, യുദ്ധത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച മർക്കന്റോണിയോ കൊളോണ, സെബസ്റ്റിയാനോ വെനീർ എന്നിവർ

പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഒരു പ്രധാന നാവികയുദ്ധത്തിൽ പോലും പരാജയപ്പെട്ടിട്ടില്ലായിരുന്ന ഓട്ടമൻ സൈന്യത്തിന് ലെപ്പാന്റോയിൽ സംഭവിച്ചത് വലിയ തിരിച്ചടി യിരുന്നു. ഓട്ടമൻ ലോകത്ത് ഈ പരാജയം ദൈവഹിതമായി കണക്കാക്കപ്പെട്ടു. അക്കാലത്തെ ഓട്ടമൻ രേഖകളിൽ "സാമ്രാജ്യത്തിന്റെ സേന വൃത്തികെട്ട അവിശ്വാസികളുടെ കപ്പൽപടയുമായി ഏറ്റുമുട്ടിയപ്പോൾ ദൈവഹിതം മറുവശത്തേയ്ക്കു തിരിഞ്ഞു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.[1] ക്രൈസ്തവലോകത്ത് ഇത്, ക്രിസ്ത്യാനികളുടെ "നിത്യശത്രുക്കളായ" തുർക്കികളെ എന്നെങ്കിലും തോല്പിക്കാനാകുമെന്ന ആശയ്ക്ക് ആക്കം കൂട്ടി.[2] വെനീസിലും മറ്റും ജനങ്ങൾ ഈ വിജയം വലിയ ആഘോഷങ്ങളോടെ കൊണ്ടാടി. ലെപ്പാന്റോയിലെ വിജയത്തെ തുടർന്ന് വെനീസിൽ മൂന്നു ദിവസം തുടർച്ചയായി അരങ്ങേറിയ[ക] ആഘോഷങ്ങളുടെ 'കാർണിവൽ' പിൽക്കാലത്തെ കാർണിവലുകളുടെ മാതൃക തന്നെ നിശ്ചയിച്ചു.[3]

ഒട്ടമൻ കപ്പലുകളുടെ താവളമായിരുന്ന കോറിന്ത് ഉൾക്കടലിലെ ലെപ്പാന്റോ ഇന്ന് ഗ്രീസിന്റെ അധീനത്തിൽ നൗപാക്ടസ് എന്നറിയപ്പെടുന്നു.

ഓട്ടമൻ സാമ്രാജ്യത്തിന്, മുപ്പതെണ്ണം ഒഴിച്ചുള്ള എല്ലാ കപ്പലുകളും, 30,000 മനുഷ്യരും നഷ്ടപ്പെട്ട ഈ യുദ്ധത്തെ ചില പാശ്ചാത്യചരിത്രകാരന്മാർ, ക്രി.മു. 31-ലെ ആക്ടിയം യുദ്ധത്തിനു ശേഷമുള്ള ഏറ്റവും നിർണ്ണായകമായ നാവികയുദ്ധമെന്നു വിശേഷിപ്പിക്കുന്നു. എന്നാൽ യുദ്ധം കഴിഞ്ഞ് ഏറെ താമസിയാതെ, തുർക്കിയിലെ സെലിം രണ്ടാമൻ ചക്രവർത്തിയുടെ പ്രധാനമന്ത്രി മെഹമ്മെദ് സൊകുല്ലു, യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച വെനീസിന്റെ ദൂതൻ ബാർബരോയോട്, ലെപ്പാന്റോയിലെ ക്രിസ്ത്യാനികളുടെ വിജയം കാര്യമില്ലാത്തതാണെന്ന് പറഞ്ഞു. ലെപ്പാന്റോ യുദ്ധത്തിന് ഏതാനും മാസങ്ങൾ മുൻപു മാത്രം ഓട്ടമൻ സൈന്യം മദ്ധ്യധരണിയിലെ സൈപ്രസ് ദ്വീപ് വെനീസിൽ നിന്ന് പിടിച്ചെടുത്തിരുന്ന കാര്യം ദൂതനെ അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം:

ഞങ്ങൾ കഷ്ടകാലത്തെ എങ്ങനെ നേരിടുന്നു എന്നു കാണാനാണല്ലോ താങ്കൾ വന്നത്. ഞങ്ങളുടെ നഷ്ടവും നിങ്ങളുടെ നഷ്ടവും തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സിലാക്കണമെന്നേ എനിക്കു പറയാനുള്ളു. സൈപ്രസ് പിടിച്ചടക്കുകവഴി ഞങ്ങൾ നിങ്ങളുടെ കൈ വെട്ടിമാറ്റുകയാണ് ചെയ്തത്; ഞങ്ങളുടെ കപ്പൽപ്പടയെ നശിപ്പിക്കുകവഴി നിങ്ങൾ ഞങ്ങളുടെ താടി വടിച്ചുമാറ്റിയെന്നേ ഉള്ളു. വെട്ടിമാറ്റിയ കൈ പിന്നെ വളരുകയില്ല; വടിച്ചുമാറ്റിയ താടി വീണ്ടും കൂടുതൽ നന്നായി വളർന്നുവരും.[1]

ലെപ്പാന്റോയ്ക്ക് മുൻപ് ഓട്ടമൻ പിടിയിലായ സൈപ്രസ് അടുത്ത മൂന്നു നൂറ്റാണ്ടുകൾ അവരുടെ നിയന്ത്രണത്തിൽ തുടർന്നെന്നത് ശരിയാണ്. എന്നാൽ തുർക്കികൾക്ക് നഷ്ടപ്പെട്ട കപ്പലുകളുടേയോ യോദ്ധാക്കളുടേയോ എണ്ണത്തിൽ എന്നതിലുപരി മദ്ധ്യധരണ്യാഴിയിലെ ഓട്ടമൻ മേൽക്കോയ്മയ്ക്ക് അറുതിവരുത്തി എന്നതിലാണ് ലെപ്പാന്റോയുടെ പ്രാധാന്യം.[4] ലെപ്പാന്റോയ്ക്ക് ശേഷം ഭാഗ്യത്തിന്റെ പെൻഡുലം മറുവശത്തേയ്ക്ക് തിരിഞ്ഞ് പൗരസ്ത്യദേശത്തെ സമ്പത്ത് പടിഞ്ഞാറോട്ട് ഒഴുകാൻ തുടങ്ങിയെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യപൗരസ്ത്യദേശവും യൂറോപ്പും തമ്മിലുള്ള ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത സംഘർഷത്തിലെ ഒരു പ്രധാന വഴിത്തിരിവെന്നും ലെപ്പാന്റോ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[5]

കലയിലും സാഹിത്യത്തിലും[തിരുത്തുക]

ലെപ്പാന്റോ യുദ്ധം, പാവോലോ വെറോനീസിന്റെ ഭാവനയിൽ

വിവിധമേഖലകളിലെ കലാകാരന്മാരെ ലെപ്പാന്റോയുടെ പ്രാധാന്യവും പ്രതീകാത്മകതയും ആകർഷിച്ചു. വെനീസിലെ പ്രസിദ്ധമായ ഡോജെയുടെ കൊട്ടാരത്തിലും മറ്റുമായി ഈ യുദ്ധത്തിന്റെ പല ചിത്രീകരണങ്ങളും ഉണ്ട്: ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന പാവോലോ വെറോനീസിന്റെ ചിത്രം ആ കൊട്ടാരത്തിലാണുള്ളത്. അവിടെത്തന്നെ സൂക്ഷിച്ചിരുന്ന ടിന്റോറെറ്റോയുടെ "ലെപ്പാന്റോ വിജയം" 1577-ലുണ്ടായ വലിയ അഗ്നിബാധയിൽ നശിച്ചതിനെ തുടർന്ന് അതിന്റെ സ്ഥാനത്ത് ആന്ദ്രേയാ വിസെൻഷ്യോ രചിച്ച മറ്റൊരു ചിത്രമാണ് ഇപ്പോഴുള്ളത്. യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ള ടിഷാന്റെ "ലെപ്പാന്റോ യുദ്ധത്തിന്റെ അലിഗറി" എന്ന ചിത്രം മാഡ്രിഡിലെ പ്രാദോ മ്യൂസിയത്തിലാണ്.


ഇംഗ്ലീഷ് സാഹിത്യകാരൻ ജി.കെ. ചെസ്റ്റർട്ടൺ 1911-ൽ "ലെപ്പാന്റോ" എന്ന പേരിൽ ഒരു കവിത പ്രസിദ്ധീകരിച്ചു. അത് പലവട്ടം പുന:പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. യുദ്ധത്തിലെ പ്രധാനവ്യക്തികളുടെ, പ്രത്യേകിച്ച് വിശുദ്ധസഖ്യത്തിലെ നേതാവായിരുന്ന ഓസ്ട്രിയയിലെ ഡോൺ യുവാന്റെ, കാവ്യാത്മകമായ ചിത്രീകരണം ഈ കവിതയിൽ കാണാം. ലെപ്പാന്റോ യുദ്ധത്തിൽ പങ്കെടുത്ത പ്രസിദ്ധ സ്പാനിഷ് സാഹിത്യകാരൻ മിഗയൂൽ സെർവാന്റീസിനെ പിന്നീട് അദ്ദേഹം രചിച്ച ഡോൺ ക്വിക്ക്സോട്ട് എന്ന നോവലിലെ മുഖ്യകഥാപാത്രമായ "മെലിഞ്ഞുണങ്ങിയ മണ്ടൻ പ്രഭുവുമായി" ബന്ധിപ്പിക്കുന്ന വരികളോടെയാണ് ചെസ്റ്റർട്ടന്റെ കവിത സമാപിക്കുന്നത്.

കത്തോലിക്കാ വീക്ഷണം[തിരുത്തുക]

മെക്സിക്കോയിലെ "ഗ്വാദലൂപ്പേ മാതാവ്"

കത്തോലിക്കാ രാഷ്ട്രങ്ങൾ മാത്രമടങ്ങിയ വിശുദ്ധസൈന്യം, യുദ്ധത്തിൽ വിജയത്തിനായി വിശുദ്ധമാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. അതിനാൽ മാതാവിന്റെ മദ്ധ്യസ്ഥതയാണ് വിജയത്തിന് കാരണമായതെന്ന വിശ്വാസം പിന്നീട് പ്രബലമായി. യുദ്ധത്തിൽ പങ്കെടുത്ത ജെനോവയുടെ കപ്പലുകളെ നയിച്ചിരുന്ന ജിയോവാനി ആൻഡ്രിയ ഡോറിയ അദ്ദേഹത്തിന്റെ കപ്പലിൽ, സ്പെയിനിലെ ഫിലിപ്പ് രാജാവ് സമ്മാനിച്ച മെക്സിക്കോയിലെ ഗ്വാദലൂപേ മാതാവിന്റെ ചിത്രം സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. യുദ്ധവിജയത്തിനു ശേഷം പീയൂസ് അഞ്ചാമൻ മാർപ്പാപ്പ "വിജയത്തിന്റെ മാതാവിന്റെ" തിരുനാൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് കത്തോലിക്കാ സഭയിൽ അത് ജപമാലരാജ്ഞിയുടെ തിരുനാൾ (Feast of Our Lady of Rosary) എന്ന പേരിൽ ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് കൊണ്ടാടപ്പെടുന്നു. [6][7]

കുറിപ്പുകൾ[തിരുത്തുക]

ക. ^  സദാചാരത്തിന് മൂന്നു ദിവസത്തെ 'അവധി' അനുവദിച്ചുകൊണ്ടായിരുന്നു ഈ ആഘോഷമെന്ന് വിൽ ഡുറാന്റ് പറയുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 ആൻഡ്രൂ വീറ്റ്ക്രോഫ്റ്റ് (2004). അവിശ്വാസികൾ: ഇസ്ലാമും ക്രിസ്തീയതയും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം. പെൻഗ്വിൻ ബുക്ക്സ്.
  2. പോൾ കെ. ഡേവിസ് "പൗരാണിക കാലം മുതൽ ഇന്നുവരേയുള്ള 100 നിർണ്ണായക യുദ്ധങ്ങൾ
  3. 3.0 3.1 നവോത്ഥാനം, സംസ്കാരത്തിന്റെ ചരിത്രം അഞ്ചാം ഭാഗം, വിൽ ഡുറാന്റ് (പുറം 650)
  4. ട്രിവിയാ ലൈബ്രറി.കോം - ചരിത്രത്തിലെ പ്രസിദ്ധയുദ്ധങ്ങൾ [1]
  5. സെർപിൽ അറ്റമാസ് ഹസാർ, “ക്രിസ്തീയതയും ഇസ്ലാമും: ലെപ്പാന്റോയിലെ ഏറ്റുമുട്ടലിന്റെ വിശകലനം,” The Historian 70.1 (Spring 2008): 163.
  6. Answers to Recent Questions
  7. എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്ക് (1571) [2]
"http://ml.wikipedia.org/w/index.php?title=ലെപ്പാന്റോ_യുദ്ധം&oldid=1904279" എന്ന താളിൽനിന്നു ശേഖരിച്ചത്