പാമ്പൻ പാലം
| പാമ്പൻ പാലം | |
|---|---|
പാമ്പൻ പാലവും, തീവണ്ടിപാതയും |
|
| ഔദ്യോഗിക നാമം | അണ്ണൈ ഇന്ദിരാ ഗാന്ധി പാലം |
| മുറിച്ചു കടക്കുന്നത് | പാക് കടലിടുക്ക് |
| സ്ഥാനം | രാമേശ്വരം, തമിഴനാട്, ഇന്ത്യ |
| നിർദ്ദേശാങ്കം | 9°16′56.70″N 79°11′20.1212″E / 9.2824167°N 79.188922556°Eസ്ഥാനം: 9°16′56.70″N 79°11′20.1212″E / 9.2824167°N 79.188922556°E |
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം. മീറ്റർ ഗേജ് തീവണ്ടികൾക്കു മാത്രം കടന്നുപോകാൻ കഴിയുന്ന പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി ഇപ്പോൾ പുനർ നിർമാണത്തിലാണ്.
ഉള്ളടക്കം |
ചരിത്ര പശ്ചാത്തലം [തിരുത്തുക]
പാമ്പൻ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവർണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിർമ്മിക്കാൻ ബ്രിട്ടിഷുകാർക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റർ ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാൻ ശ്രീരാമൻ ലങ്കയിലേക്കു പോയത് ഇതുവഴിയാണെന്ന് രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് ധനുഷ്കോടിയിലെത്തിക്കാൻ ഏക തടസ്സം പാക് കടലിടുക്കായിരുന്നു. 1914-ൽ പാലം നിർമ്മാണം പൂർത്തിയായി. കപ്പലുകൾക്കു കടന്നു പോകേണ്ടിയിരുന്നതിനാൽ നടുഭാഗം കപ്പൽച്ചാലിന്റെ വീതിയിൽ ഇരു വശങ്ങളിലേക്കുമായി ഉയർത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത്. അന്നത്തെ സാങ്കേതിക വളർച്ച വെച്ചു നോക്കുമ്പോൾ അത്യാധുനീകമായിരുന്നു ഈ ലിഫ്റ്റ്. ലണ്ടനിൽ നിർമ്മിച്ച് ഭാഗങ്ങൾ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേർക്കുകയായിരുന്നു.
ചരിത്ര പ്രാധാന്യം [തിരുത്തുക]
പാമ്പൻ പാലം യാഥർഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകൾ സർവീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിൻ. കോയമ്പത്തൂരിൽ നിന്നും കോട്ടയത്തു നിന്നുമെല്ലാം ഒറ്റ ടിക്കറ്റിന് കൊളംബോ വരെ എത്താമായിരുന്നു. മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.
ദുരന്തം [തിരുത്തുക]
1964 ഡിസംബർ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിൻ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂർണ്ണമായി നശിച്ചു. പാമ്പൻ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകർന്നില്ല. ഈ ഭാഗം നിലനിർത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികൾ രാമേശ്വരം വരെയേ പോകൂ.