Jump to content

ഐ.വി. ശശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ. വി. ശശി
ഐ.വി. ശശി
ജനനം
ഇരുപ്പം വീട് ശശിധരൻ

(1948-03-28)മാർച്ച് 28, 1948
മരണം2017 ഒക്ടോബർ 24
തൊഴിൽസിനിമ സം‌വിധാനം
ജീവിതപങ്കാളി(കൾ)സീമ
കുട്ടികൾഅനു, അനി

മലയാളത്തിലെ ഒരു പ്രശസ്ത സം‌വിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി (English: I. V. Sasi). (1948 മാർച്ച് 28 - 2017 ഒക്ടോബർ 24)[1] അദ്ദേഹം ഏകദേശം 150 -ഓളം സിനിമകൾ സം‌വിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.ഇദ്ദേഹത്തിൻറ്റെ കൂടുതൽ സിനിമകളുഠ "അ"എന്നക്ഷരത്തിൽ തുടങ്ങുന്നതാണ്.

ആദ്യ സിനിമാ ജീവിതം

[തിരുത്തുക]

1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സം‌വിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സം‌വിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം (ചലച്ചിത്രം) ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ A വിഭാഗത്തിൽ പെട്ട ആദ്യത്തെ സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.

അവാർഡുകൾ

[തിരുത്തുക]
  • 2014-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം.[2]
  • ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് - 2013 ഏപ്രിൽ 19-ന് കോഴിക്കോട് വച്ച് നടന്ന ഉത്സവ് 2013 പരിപാടിയിൽ കമലഹാസനും, മോഹൻലാലും, മമ്മൂട്ടിയും ചേർന്ന് ഐ.വി. ശശിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.[3]
  • 1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്.
  • രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്.
  • ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്.
  • ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്.
  • ആറു തവണ ഫിലിംഫെയർ അവാർഡ്.
  • 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

കുടുംബം

[തിരുത്തുക]

അഭിനേത്രിയായ സീമയാണ് ഭാര്യ. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമകളിൽ ഒന്നിച്ച് ജോലി നോക്കി. ഇവർക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ശശി തന്റെ മരണം വരെ കുടുംബത്തോടെ ചെന്നൈയിൽ താമസിച്ചുവന്നു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധാനം നിർവ്വഹിച്ച ശ്രദ്ധേയമായ മലയാളചലച്ചിത്രങ്ങൾ താഴെപ്പറയുന്നവയാണ്/[4]

  1. ഉത്സവം (1975)
  2. അനുഭവം (1976)
  3. അയൽക്കാരി (1976)
  4. ആലിംഗനം (1976)
  5. അഭിനന്ദനം (1976)
  6. ആശീർവാദം (1977)
  7. അകലെ ആകാശം (1977)
  8. അഞ്ജലി (1977)
  9. അംഗീകാരം (1977)
  10. അഭിനിവേശം (1977)
  11. ഇതാ ഇവിടെ വരെ (1977)
  12. ആ നിമിഷം (1977)
  13. ആനന്ദം പരമാനന്ദം (1977)
  14. അന്തർദ്ദാഹം (1977)
  15. ഹൃദയമേ സാക്ഷി (1977)
  16. ഇന്നലെ ഇന്ന്(ചലച്ചിത്രം) (1977)
  17. ഊഞ്ഞാൽ (1977)
  18. ഈ മനോഹര തീരം (1978)
  19. അനുമോദനം (1978)
  20. അവളുടെ രാവുകൾ (1978)
  21. അമർഷം (1978)
  22. ഇതാ ഒരു മനുഷ്യൻ (1978)
  23. വാടകയ്ക്ക് ഒരു ഹൃദയം (1978)
  24. ഞാൻ ഞാൻ മാത്രം (1978)
  25. ഈറ്റ (1978)
  26. ഇനിയും പുഴയൊഴുകും (1978)
  27. അലാവുദ്ദീനും അത്ഭുതവിളക്കും (1979)
  28. അനുഭവങ്ങളേ നന്ദി (1979)
  29. മനസാ വാചാ കർമ്മണാ (1979)
  30. ഏഴാം കടലിൻ അക്കരെ (1979)
  31. ആറാട്ട് (1979)
  32. ഇവർ (1980)
  33. അങ്ങാടി (1980)
  34. കാന്തവലയം (1980)
  35. മീൻ (1980)
  36. കരിമ്പന (1980)
  37. അശ്വരഥം (1980)
  38. ഒരിക്കൽ കൂടി (1981)
  39. തുഷാരം (1981)
  40. തൃഷ്ണ (1981)
  41. ഹംസഗീതം (1981)
  42. അഹിംസ (1981)
  43. ഈ നാട് (1982)
  44. ഇണ (1982)
  45. തടാകം (1982)
  46. ജോൺ ജാഫർ ജനാർദ്ദനൻ (1982)
  47. സിന്ദൂരസന്ധ്യക്ക് മൗനം (1982)
  48. ഇന്നല്ലെങ്കിൽ നാളെ (1982)
  49. അമേരിക്ക അമേരിക്ക (1983)
  50. ഇനിയെങ്കിലും (1983)
  51. നാണയം (1983)
  52. കൈകേയി (1983)
  53. ആരൂഢം (1983)
  54. അതിരാത്രം (1984)
  55. ലക്ഷ്മണരേഖ (1984)
  56. ആൾക്കൂട്ടത്തിൽ തനിയെ (1984)
  57. അക്ഷരങ്ങൾ (1984)
  58. കാണാമറയത്ത് (1984)
  59. ഉയരങ്ങളിൽ (1984)
  60. അടിയൊഴുക്കുകൾ (1984)
  61. അനുബന്ധം (1985)
  62. അങ്ങാടിക്കപ്പുറത്ത് (1985)
  63. ഇടനിലങ്ങൾ (1985)
  64. കരിമ്പിൻ പൂവിനക്കരെ (1985)
  65. രംഗം (1985)
  66. അഭയം തേടി (1986)
  67. വാർത്ത (1986)
  68. ആവനാഴി (1986)
  69. കൂടണയും കാറ്റ് (1986)
  70. ഇത്രയം കാലം (1987)
  71. അടിമകൾ ഉടമകൾ (1987)
  72. വൃത്തം (1987)
  73. നാൽക്കവല (1987)
  74. അബ്കാരി (1988)
  75. അനുരാഗി (1988)
  76. 1921 (1988)
  77. മുക്തി (1988)
  78. അക്ഷരത്തെറ്റ് (1989)
  79. മൃഗയ (1989)
  80. അർഹത (1990)
  81. വർത്തമാന കാലം (1990)
  82. മിഥ്യ (1990)
  83. ഇൻസ്പെക്ടർ ബൽറാം (1991)
  84. ഭൂമിക (1991)
  85. നീലഗിരി (1991)
  86. കള്ളനും പോലീസും (1992)
  87. അപാരത (1992)
  88. ദേവാസുരം (1993)
  89. അർത്ഥന (1993)
  90. ദി സിറ്റി (1994)
  91. വർണ്ണപ്പകിട്ട് (1997)
  92. അനുഭൂതി (1997)
  93. ആയിരം മേനി (1999)
  94. ശ്രദ്ധ (2000)
  95. ഈ നാട് ഇന്നലെവരെ (2001)
  96. ആഭരണച്ചാർത്ത് (2002)
  97. സിംഫണി (2003)
  98. ബൽറാം v/s താരാദാസ് (2006)
  99. അനുവാദമില്ലാതെ (2006)
  100. വെള്ളത്തൂവൽ (2009)
  1. പകലിൽ ഒരു ഇരവ്1979
  2. അലാവുദ്ദീനും അൽഭുതവിളക്കും1979
  3. ഒരേ വാനം ഒരേ ഭൂമി 1979
  4. ഗുരു1980
  5. എല്ലാം ഉൻ കൈരാശി 1980
  6. കാലി1980
  7. ഇല്ലം 1987
  8. കോലങ്ങൾ 1995

ഹിന്ദി

[തിരുത്തുക]
  1. മൻ കാ ആംഗൻ 1979
  2. പട്ടിഡ 1980
  3. കരിഷ്മ 1984
  4. ആംഘോം കി രിസ്റ്റ 1986

തെലുഗു

[തിരുത്തുക]

ഐ.വി ശശി ചിത്രങ്ങൾ:ഒരു വിലയിരുത്തൽ

[തിരുത്തുക]

പൗഡറിട്ട് മിനുസപ്പെടുത്തിയ സുന്ദരമുഖമുള്ള നായകന്മാർ മലയാളസിനിമ അടക്കിവാണിരുന്ന കാലത്ത് പരുക്കൻ മുഖവും വില്ലൻ സ്വഭാവവുമുള്ള നായകന്മാരെ അവതരിപ്പിച്ച് ഐ.വി. ശശി പ്രേക്ഷകരെ ഞെട്ടിച്ചു. ആറോ ഏഴോ കഥാപാത്രങ്ങൾ മാത്രമുണ്ടായിരുന്ന ചെറിയ സിനിമകളിൽ നിന്ന് നൂറിലധികം കഥാപാത്രങ്ങളുമായി ആൾക്കൂട്ടത്തിന്റെ കഥപറഞ്ഞ് മലയാള സിനിമയെ വലിയ ക്യാൻവാസിലേക്കെത്തിച്ചതും ഐ.വി. ശശിയാണ്. വെള്ളിത്തിരയിൽ സംവിധായകന്റെ പേരെഴുതിക്കാണിക്കുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആദ്യമായി കൈയടിച്ചതും ഐ.വി. ശശിക്കുവേണ്ടിയാണ്. ഒരുപക്ഷേ, പിൽക്കാലത്ത് സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് കൈയടിച്ചതിലും അധികം ശബ്ദത്തിൽ ഐ.വി. ശശിക്കുവേണ്ടി കരഘോഷമുയർന്നു. എഴുപതുകളും എൺപതുകളും തൊണ്ണൂറുകളും ശശിയുടതായിരുന്നു. സിനിമ അദ്ദേഹത്തിനാഘോഷമായിരുന്നു. ഓരോ സിനിമയും ഉത്സവം പോലെ. ആദ്യചിത്രമായ 'ഉത്സവം' മുതൽ അവസാന ചിത്രമായ 'വെള്ളത്തൂവൽ' വരെ സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനവും അതുതന്നെയായിരുന്നു. ശശിയുടെ സിനിമകൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ നിറഞ്ഞതാണ്. പ്രധാനകഥയ്‌ക്കൊപ്പം ഉപകഥകളും അവയെ ഒരുമിച്ചു ചേർക്കുന്ന മറുകഥകളുമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ മുതൽ എക്‌സ്ട്രാ താരങ്ങൾ വരെ നീളുന്ന വലിയ ആൾക്കൂട്ടത്തെ നിയന്ത്രിച്ച് വലിയ സിനിമകൾ ചെയ്യുന്നതിൽ ഐ.വി. ശശിയോളം മികവ് മറ്റൊരു സംവിധായകനുമുണ്ടായില്ല. പിന്നീട് അത്തരം സിനിമകളെടുത്തവരെല്ലാം ശശിയെ അനുകരിക്കുകയായിരുന്നു. സമൂഹത്തിന്റെ കഥകളാണ് അദ്ദേഹം എല്ലാ സിനിമകളിലും പറഞ്ഞത്. ചില കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളുണ്ടായിട്ടുണ്ടെങ്കിലും പറയുന്ന വിഷയത്തിന് സാമൂഹ്യപ്രസക്തി ഏറെയുണ്ടാകും. സിനിമകണ്ട് പ്രേക്ഷന് പ്രതികരിക്കാൻ തോന്നും. ഈ നാട്, ഇനിയെങ്കിലും, ഉണരൂ എന്നീ ശശിയുടെ മൂന്ന് സിനിമകൾ ഇതിന് ഉദാഹരണമാണ്. സമകാലീന രാഷ്ട്രീയം സിനിമയിൽ ആദ്യമായി ചർച്ച ചെയ്തത് 'ഈ നാടി'ലൂടെയാണ്. സിനിമ എന്ന മാധ്യമത്തിലൂടെ ശക്തമായി രാഷ്ട്രീയ നെറികേടുകളെക്കുറിച്ചുള്ള പ്രതിഷേധം അവതരിപ്പിക്കുകയായിരുന്നു. 'ഈ നാട്' കാണികളെ ഇളക്കി മറിച്ചു. മലയാളത്തിൽ രാഷ്ട്രീയസിനിമകളുടെ ട്രെൻഡ് കൊണ്ടുവന്നത് അദ്ദേഹമാണ്. അന്നുവരെ ശീലിച്ച ചിട്ടവട്ടങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ചാണ് ശശിയുടെ സിനിമകൾ വെള്ളിത്തിരയുടെ ആരവമായത്. നമുക്കിടയിലുള്ള സംഭവങ്ങളെ, അത് രാഷ്ട്രീയമായാലും സാമൂഹ്യമായാലും സിനിമയുടെ ഭാഗമാക്കുന്ന ശൈലിക്കും തുടക്കമിട്ടത് ശശിയാണ്. ആദ്യചിത്രമായ 'ഉത്സവ'ത്തിൽ തികച്ചും സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് അവതരിപ്പിച്ചത്. രണ്ടു തുരുത്തുകളിൽ ജീവിക്കുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്‌നമായിരുന്നു അത്. തുടർന്ന് അദ്ദേഹത്തിൽ നിന്നുണ്ടായ നൂറ്റിയമ്പതോളം സിനിമകൾ സമൂഹത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നതായി.

സിനിമയുടെ ആദ്യത്തെയും അവസാനത്തെയും ഉടമസ്ഥൻ സംവിധായകനാണെന്നായിരുന്നു ഐ.വി. ശശിയുടെ പക്ഷം. പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളും പുതിയ എഴുത്തുകാരുടെ രചനകളും ഒരുപോലെ വിജയിപ്പിക്കാൻ അദ്ദേഹത്തിനായി. എംടിയോടും ടി. ദാമോദരനോടും ലോഹിതദാസിനോടും ഹരിഹരനോടുമൊക്കെ നൂറുശതമാനം നീതിപുലർത്തി. എംടിയും ടി. ദാമോദരനുമായിരുന്നു ശശിയുടെ ഇഷ്ട എഴുത്തുകാർ. എൺപതുകളിലെ സൂപ്പർഹിറ്റ് സിനിമകളെല്ലാം ഈ കൂട്ടുകെട്ടിലാണ് പിറന്നത്. എംടിയുമായി ചേർന്നുണ്ടായ ആൾക്കൂട്ടത്തിൽ തനിയെ, അഭയം തേടി, ആരൂഢം, അനുബന്ധം, ഇടനിലങ്ങൾ, അടിയൊഴുക്കുകൾ തുടങ്ങിയ ചിത്രങ്ങൾ വ്യക്തികേന്ദ്രീകൃതമായ സിനിമകളായിരുന്നെങ്കിലും സമൂഹത്തിന്റെ പൊരുത്തക്കേടുകളാണ് തുറന്നുകാട്ടിയത്. മുഖ്യധാരാ വാണിജ്യ സിനിമകളുടെ ചേരുവകൾ വേണ്ടതിലധികം ഈ ചിത്രങ്ങളിലുണ്ടെങ്കിലും സിനിമയെന്ന കലാരൂപത്തെ കൂടുതൽ മികവുറ്റതാക്കുന്ന ചലച്ചിത്രങ്ങളായിരുന്നു അവയെല്ലാം. 1979 ൽ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെയാണ് ഐ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിലെ ആദ്യ സിനിമ. പിന്നീട് നീണ്ടകാലം ഈ കൂട്ട് സിനിമയിൽ സജീവമായി നിലനിന്നു. ഏഴാം കടലിനക്കരെയിൽ തുടങ്ങിയ സൗഹൃദം അവസാനിക്കുന്നത് 2006 ലെ ബൽറാം/താരാദാസിലാണ്. ചരിത്രവും സാമൂഹിക പശ്ചാത്തലവും അടിത്തറയാക്കിയുള്ളതാണ് ഐ.വി. ശശി-ടി. ദാമോദരൻ ടീമിന്റെ സിനിമകളെല്ലാം. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ 1921 ഇവരുടെ മികച്ച പണംവാരി സിനിമയായിരുന്നു. മമ്മൂട്ടി ശക്തമായ വേഷങ്ങളിലൂടെ മലയാളസിനിമയിൽ സ്ഥാനമുറപ്പിക്കുന്നതിനും ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് കാരണമായത്. മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചു, അവളുടെ രാവുകൾ എന്ന ചലച്ചിത്രം. ഒരു വേശ്യയുടെ കഥ ഇത്രത്തോളം സാമൂഹ്യപ്രസക്തമായത് ഐ.വി. ശശിയിലൂടെ വെള്ളിത്തിരയിലെത്തിയതുകൊണ്ടാണ്. അശ്ലീല സിനിമയെന്നുപറഞ്ഞ് പൊട്ടിത്തെറിച്ചവർക്കും സിനിമയിറങ്ങിക്കഴിഞ്ഞപ്പോൾ അതിനൊപ്പം നിൽക്കേണ്ടി വന്നു. തികഞ്ഞ കലാമർമജ്ഞതയോടെ ചിത്രീകരണം നിർവഹിച്ചതു വഴി 'അവളുടെ രാവുകൾ' അന്നോളമുള്ള മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ചു. പുതിയൊരു പ്രമേയ, ആഖ്യാന സാധ്യതയാണ് അതിലൂടെ രൂപപ്പെട്ടത്. മദ്യപാനിയായ ഒരു സ്ത്രീയുടെ കഥ പറഞ്ഞ 'അനുഭവം' എന്ന സിനിമയും ഐ.വി. ശശി എന്ന സംവിധായകന്റെ വഴിമാറി നടത്തത്തെയും ധൈര്യത്തോടെയുള്ള സമീപനത്തെയും ഉദാഹരിക്കാൻ ചൂണ്ടിക്കാട്ടാറുണ്ട്. ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയും, പല സ്ത്രീകളെയും ഭാര്യമാരാക്കുന്ന പുരുഷന്മാരുമൊക്കെ ഐ.വി. ശശി സിനിമകളിൽ കഥാപാത്രങ്ങളായിട്ടുണ്ട്. വാണിജ്യസിനിമയ്ക്കു വേണ്ടുന്ന ചേരുവകൾ ചേരുംപടി ചേർത്ത് സിനിമയാക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റെതെങ്കിലും, ഇത്തരം അനഭിലഷണീയതകളെല്ലാമുള്ള സമൂഹത്തിലേക്കാണ് താൻ ക്യാമറ പിടിച്ചിരിക്കുന്നതെന്നാണ് ശശി പറഞ്ഞിരുന്നത്. ഐ.വി. ശശി എന്ന സംവിധായകന്റെ സിനിമകളിലെ വൈവിധ്യവും ആസ്വാദന നിലവാരവും അമ്പരിപ്പിക്കുന്നതാണ്. മറ്റൊരു ചലച്ചിത്രകാരനും അവകാശപ്പെടാനാകാത്ത വിധം എണ്ണത്തിലും വൈവിധ്യത്തിലും വിജയത്തിലും സമ്പന്നനാണ് അദ്ദേഹം. മലയാളം എക്കാലവും ഓർമിക്കപ്പെടുന്ന നിരവധി അഭിനയമുഹൂർത്തങ്ങളും കൊണ്ടാടപ്പെട്ട അഭിനയപ്രതിഭകളും ഐ.വി. ശശിയുടെ ക്യാമറയ്ക്കു മുന്നിലാണ് പിറന്നുവീണത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള വൻ താരനിര ശശിയുടെ ചിത്രങ്ങളിലൂടെ വെള്ളിത്തിര കീഴടക്കി. ഓരോ കാലഘട്ടത്തിലും അദ്ദേഹം പുതിയ താരങ്ങളെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിൻസെന്റും മധുവും ഉമ്മറും സോമനും ജോസും രവികുമാറും സുകുമാരനും ജയനും രതീഷും കമലഹാസനും റഹ്മാനും എല്ലാം അക്കൂട്ടത്തിലുണ്ട്. പ്രേംനസീർ സൂപ്പർതാരമായി കത്തിനിൽക്കുന്ന കാലത്ത്, നസീറില്ലാത്ത ഒരു സിനിമയും പുറത്തുവരാത്ത സമയത്താണ് വില്ലനായിരുന്ന കെ.പി. ഉമ്മറിനെ നായകനാക്കി ശശി സിനിമ ചെയ്തത്. എഴുപതുകളിലും എൺപതുകളിലും ഒരു ദിവസം മൂന്ന് സിനിമകൾ വരെ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ഓരോ സെറ്റിലും ചെന്ന് നിർദ്ദേശം നൽകും. എല്ലാ സിനിമകളിലും ശശിയുടെ കൈയൊപ്പ് പതിഞ്ഞിരിക്കും. അവസാന സിനിമകൾ പലതും പരാജയപ്പെട്ടപ്പോൾ സിനിമയിൽനിന്ന് കുറച്ചുകാലം വിട്ടുനിന്നു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 'ശ്രദ്ധ' എന്ന ചിത്രത്തിലൂടെയായിരുന്നു പരാജയത്തിന്റെ തുടക്കം. വർണപ്പകിട്ട്, ദേവാസുരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച ചിത്രമായിരുന്നു അത്. ശ്രദ്ധയ്ക്ക് ശേഷം ഈ നാട് ഇന്നലെ വരെ, സിംഫണി, ബൽറാം വേഴ്‌സസ് താരാദാസ്, വെള്ളത്തൂവൽ എന്നീ നാല് സിനിമകൾ മാത്രമാണ് ഐ.വി. ശശി സംവിധാനം ചെയ്തിട്ടുള്ളത്. ഏറെ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രം 'ബൽറാം വേഴ്‌സസ് താരാദാസും' പരാജയമായിരുന്നു. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ബിഗ് ബജറ്റ് ചിത്രവുമായി തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് വിധി ക്രൂരമായി അദ്ദേഹത്തോട് പെരുമാറിയത്. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് 'ബേണിംഗ് ബൽസ്'എന്നാണ് പേരിട്ടിരുന്നത്. അതിന്റെ തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു. ഇംഗ്ലീഷ്, അറബിക്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. സോഹൻ റോയിക്ക് ഒപ്പമാണ് പുതിയ ചിത്രം ഒരുക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ തന്നെയാണ് അറിയിച്ചത്. ലോകത്തുടനീളമുള്ള സിനിമാ പ്രവർത്തകർ ചിത്രത്തിന്റെ ഭാഗമാകുമെന്നും ശശി അറിയിച്ചിരുന്നു.സിനിമയാണ് എന്നും എന്റെ ആദ്യത്തെ പ്രണയം. ഇത്തരത്തിലൊരു ഇടവേള എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. എന്നാലും തിരിച്ചുവരവിനായി ഒരു സിനിമയൊരുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. നൂറ്റിയമ്പതോളം ചിത്രങ്ങൾ ചെയ്‌തെങ്കിലും കുവൈറ്റ് യുദ്ധത്തെ കുറിച്ചുള്ള സിനിമ എന്റെ സ്വപ്‌നമായിരുന്നു. പത്തുവർഷം മുമ്പ് മലയാളം ഇങ്ങനെയൊരു വലിയ ചിത്രത്തിനായി തയ്യാറായിരുന്നില്ല. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുമ്പ് അത്തരം ഒരു ചിത്രം ഒരിക്കലും മലയാളത്തിൽ ചെയ്യാൻ കഴിയില്ല എന്നെനിക്ക് മനസ്സിലായി. അതിനാലാണ് എന്റെ ആറാമത്തെ ഹിന്ദി ചിത്രമായി ഇത് നിർമ്മിക്കാൻ തീരുമാനിച്ചത്. കുവൈറ്റിലേക്കും ഇതിനായി യാത്ര പോയിരുന്നു. അതിന്നും തുടരുന്നു. ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചു ചിത്രം പൂർത്തീകരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാൽവയ്പാണിത്. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം.ശശി അന്ന് പ്രേക്ഷകരോട് പറഞ്ഞത് വളരെ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിക്കപ്പെട്ടത്.എന്നാൽ ആ ബ്രഹ്മാണ്ഡ ചിത്രം കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്കുണ്ടായില്ല.

ഏറെക്കാലമായി പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ അസുഖങ്ങൾ അലട്ടിയിരുന്ന ശശിയ്ക്ക് 2006-ൽ മസ്തിഷ്കാഘാതം പിടിപെടുകയുണ്ടായി. ആയിടെ സംവിധാനം ചെയ്ത ചിത്രങ്ങളുടെ ദയനീയ പരാജയത്തിനിടയ്ക്കാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം വന്നത്. മാസങ്ങളെടുത്താണ് അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നത്. ഇതിനിടയിൽ ശശിയുടെ ചെന്നൈയിലെ ബിസിനസ് പരാജയപ്പെട്ടു. വീട് കടം കയറി. വളരെയധികം ബുദ്ധിമുട്ടേണ്ടിയാണ് ശശിയും സീമയും ഇതിനെ നേരിട്ടത്. മസ്തിഷ്കാഘാതത്തിൽ നിന്ന് മുക്തിനേടിയ ശേഷം 2009-ൽ ശശി 'വെള്ളത്തൂവൽ' എന്ന ഒരു ചിത്രം സംവിധാനം ചെയ്തു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. നവാഗതരായിരുന്ന രജത് മേനോനും നിത്യാ മേനോനുമായിരുന്നു നായികാനായകന്മാർ. ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഇതോടെ ശശി സിനിമാരംഗം വിട്ടു.

2012-ൽ പതിവ് രക്തസമ്മർദ്ദപരിശോധനയ്ക്കിടയിൽ ശശിയ്ക്ക് അർബുദം സ്ഥിരീകരിച്ചു. രണ്ടുവർഷം മാത്രമേ ജീവിച്ചിരിയ്ക്കൂ എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, പതുക്കെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് ഒരു വമ്പൻ പ്രോജക്ടുമായി തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി 2017 ഒക്ടോബർ 24-ന് രാവിലെ പത്തേമുക്കാലിന് ചെന്നൈയിലെ വീട്ടിൽ വച്ച് ശശി അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ ശശിയെ സീമയും മകൻ അനിയും ചേർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ വച്ചുതന്നെ അന്ത്യം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ താമസിയ്ക്കുന്ന മകൾ അനുവിനെ കാണാൻ പോകേണ്ടിയിരുന്ന ദിവസമായിരുന്നു ശശിയുടെ അന്ത്യം.

ശശിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ പോരൂരിലെ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം ജന്മനാടായ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുമെന്ന് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. സംവിധായകൻ രഞ്ജിത്തും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിരുന്നു. എന്നാൽ ഒടുവിൽ ചെന്നൈയിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിയ്ക്കുകയായിരുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "പ്രശസ്ത സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2017-10-24. Archived from the original on 2017-10-24. Retrieved 2017-10-24.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "ജെ.സി.‍ഡാനിയൽ പുരസ്കാരം ഐ.വി.ശശിക്ക്". മാതൃഭൂമി ഓൺലൈൻ. 2015-10-15. Archived from the original on 2016-03-04. Retrieved 2017-10-24.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്". Archived from the original on 2013-05-03. Retrieved 2013-04-20.
  4. "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 10. {{cite news}}: Check date values in: |accessdate= and |date= (help)

െഎവി ശശി അന്തരിച്ചു.2017 ഒക്ടോബർ 24

സ്രോതസ്സുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐ.വി._ശശി&oldid=3981289" എന്ന താളിൽനിന്ന് ശേഖരിച്ചത്