അസ്ഥികൂടം
ജന്തുക്കളുടെ ശരീരത്തിന് ആകൃതിയും സംരക്ഷണവും നൽകുന്ന ചട്ടക്കൂടാണ് അസ്ഥികൂടം. കോർഡാറ്റ ഫൈലത്തിലും എക്ഡിസൊസോവ സൂപ്പർഫൈലത്തിലുമുള്ള ജന്തുക്കളിലാണ് ഈ സംവിധാനം കൂടുതലായും കാണപ്പെടുന്നത്. ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു - ബാഹ്യാസ്ഥികൂടവും ആന്തരികാസ്ഥികൂടവും. ബാഹ്യാസ്ഥികൂടം ശരീരത്തിന് പുറത്താണ് കാണപ്പെടുന്നത്. മിക്ക അകശേരുക്കൾക്കും ബാഹ്യാസ്ഥികൂടമാണുള്ളത്. ബാഹ്യാസ്ഥികൂടം കാലക്രമേണ പൊഴിച്ചുകളയപ്പെട്ടേക്കാം. ആന്തരികാസ്ഥികൂടം ശരീരത്തിനത്തുള്ളതാണ്. കശേരുക്കൾക്ക് പൊതുവെ ഇത്തരം അസ്ഥികൂടമാണുള്ളത്. മാംസപേശികളും ത്വക്കും ഇവയെ പൊതിഞ്ഞിരിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ അസ്ഥികൂടത്താൽ ചുറ്റപ്പെട്ടിരിക്കും. മാംസപേശികൾ ഘടിപ്പിച്ചിരിക്കുന്ന അസ്ഥികൾ ശരീരചലനത്തിനുള്ള ഉത്തോലകങ്ങളായി പ്രവർത്തിക്കുന്നു. മിക്ക ജന്തുക്കളിലും രക്തകോശങ്ങൾ നിർമ്മിക്കുന്ന മജ്ജ അസ്ഥികൾക്കുള്ളിലായാണുള്ളത്.
ഒരു മുതിർന്ന ശരാശരി മനുഷ്യന്റെ അസ്ഥികൂടത്തിൽ 206 അസ്ഥികളുണ്ടാകും. അസ്ഥികൾ സന്ധികളിൽ വച്ച് പാരസ്പരം കൂട്ടിമുട്ടുന്നു. മിക്ക സന്ധികളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നവയാണ്. ഇലാസ്തികതയുള്ള തരുണാസ്ഥികളും അസ്ഥികൂടത്തിലുണ്ട്. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാര് രൂപത്തിലുള്ള സംയുക്തകോശങ്ങളാണ് അസ്ഥിബന്ധങ്ങൾ.