അക്വാ റീജിയ
സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ട ലോഹങ്ങളുടെ ലായകമാണ് അക്വാ റീജിയ. അക്വാ റീജിയ എന്ന പദം ലത്തീൻ ഭാഷയിൽ നിന്നും പിറവിയെടുത്തതാണ്. രാജദ്രാവകം എന്നതാണ് അക്വാ റീജിയ എന്ന പദത്തിനർത്ഥം. ലോഹങ്ങളിൽ രാജപദവിയലങ്കരിക്കുന്ന സ്വർണത്തെ അലിയിക്കുന്നത് കൊണ്ടാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ഗാഢ നൈട്രിക്,ഹൈഡ്രോ ക്ലോറിക് അമ്ലങ്ങൾ 1:3 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് അക്വാ റീജിയ ഉൽപാദിപ്പിക്കുന്നത്. ഇറിഡിയം, റുഥീനിയം, റോഡിയം എന്നീ ലോഹങ്ങൾ വളരെ കുറവായേ ഇതിൽ അലിയുന്നുള്ളൂ. അക്വാ റീജിയയിൽ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കുടുതലാണ്. ഈ അയോണുകൾ ലോഹത്തോടു ചേർന്നു സാമാന്യം സ്ഥിരതയുളള സങ്കീർണ്ണമായ അയോൺ ലഭ്യമാക്കുന്നു. ചില ഇരുന്വയിരുകൾ, ഫോസ്ഫേറ്റുകൾ, ശിലകൾ, ലോഹകിട്ടങ്ങൾ, മിശ്രലോഹങ്ങൾ, എന്നിവ ഈ ലായകത്തിൽ അലിയിക്കാം. കറുത്തീയം, രസം ആന്റിമണി, കൊബാൾട്ട് എന്നിവയുടെ സൾഫൈഡുകളെയും ഇതിൽ അലിയിക്കാം. അതു കൊണ്ട് തന്നെ രാസവിശ്ലേഷണ പ്രക്രിയകളിൽ ഇത് വളരെയധികം പ്രയോജനപ്പെടുന്നു