രാമപുരത്തുവാര്യർ
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒരൊറ്റക്കാവ്യംകൊണ്ട് മലയാളസാഹിത്യത്തിൽ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്ത് വാര്യർ . മാർത്താണ്ഡവർമ്മയുടെ ആശ്രിതനായിരുന്നു അദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട രാമപുരം എന്ന പ്രദേശത്താണ് വാരിയരുടെ ജനനം. ശങ്കരൻ എന്നാണ് യഥാർത്ഥ പേര്.
അദ്ദേഹം ജനിച്ചതെന്നും ഉള്ളൂർരേഖപ്പെടുത്തുന്നു. അമ്മ പാർവതി വാരസ്യാരും അച്ഛൻ അമനകര ഗ്രാമത്തിലെ പുനം എന്ന ഇല്ലത്തെ പദ്മനാഭൻ നമ്പൂതിരിയും ആയിരുന്നു. അച്ഛനിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഇരിങ്ങാലക്കുടയിൽ ചെന്ന് ഉണ്ണായിവാരിയരിൽനിന്ന് സംസ്കൃതം പഠിച്ചു. സാഹിത്യത്തിലും സംഗീതത്തിലും നല്ല വാസന അദ്ദേഹത്തിനുണ്ടായിരുന്നു. ജ്യോതിഷപണ്ഡിതനായിരുന്നുവെന്നും പറയുന്നു.
രാമപുരത്തു വാരിയർ നല്ല സംസ്കൃതവ്യുല്പന്നൻ ആയിരുന്നുവെന്നും സ്വദേശത്ത് പള്ളിക്കുടം കെട്ടി
കുട്ടികളെ വിദ്യ അഭ്യസിച്ചുവന്നിരുന്നെന്നും പറയപ്പെടുന്നു. മഹാദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അക്കാലത്ത് വടക്കുംകൂർ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളാലപ്പള്ളിയിൽ താമസിച്ചിരുന്നു. ആ ശാഖയിൽപ്പെട്ട രവിവർമ്മ രാജാവിന്റെ ആശ്രിതനായിരുന്നു വാരിയർ. രാജാവിനൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോകുകയും വൈക്കത്തപ്പനെ ഭജിക്കുകയും ചെയ്തുവന്നു അദ്ദേഹം. കൊ.വ. 925-ൽ (1750) വടക്കുംകൂർ തിരുവിതാംകൂർ അധീനത്തിലായ ശേഷം മാർത്താണ്ഡവർമ്മ മഹാരാജാവ് വൈക്കം ക്ഷേത്രത്തിൽ കുറേ ദിവസം ഭജനത്തിനായി എഴുന്നള്ളിത്താമസിക്കെ രവിവർമ്മ രാജാവിന്റെ സഹായത്തോടെ വാരിയർ അദ്ദേഹത്തെ മുഖംകാണിച്ച് ചില സംസ്കൃതശ്ലോകങ്ങൾ സമർപ്പിച്ചു. അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണനോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളിൽ സംപ്രീതനായ മഹാരാജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാൻ രാമപുരത്തു വാരിയരോട് ആവശ്യപ്പെട്ടു. മടങ്ങുമ്പോൾ അദ്ദേഹം വാരിയരെയും പള്ളിയോടത്തിൽ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതിൽവെച്ച് വാരിയർ താൻ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ട് പാടിക്കേൾപ്പിച്ചു എന്നു പറയപ്പെടുന്നു.[1]
മാർത്താണ്ഡവർമ്മ വാരിയരെ കുറച്ചു കാലം തിരുവനന്തപുരത്ത് താമസിപ്പിച്ചു. അവിടെ വെച്ചാണ് രാജകല്പന പ്രകാരം ഗീതഗോവിന്ദം (ഭാഷാഷ്ടപദി ) രചിക്കുന്നത് . അതിനു മുൻപ് വൈക്കത്തിനു സമീപം വെച്ചൂർ എന്ന സ്ഥലത്ത് മഹാരാജാവ് രാമപുരത്തു വാരിയർക്കുവേണ്ടി മനോഹരമായ ഗൃഹവും വസ്തുവകകളും നൽകി. വാരിയർ തിരിച്ചുപോയി അവിടെയും രാമപുരത്തുമായി ശിഷ്ടകാലം കഴിച്ചു.
കൊ.വ.928-ൽ (ക്രി.വ.1753) -ൽ രാമപുരത്തു വച്ചാണ് വാരിയരുടെ മരണം എന്ന് കരുതപ്പെടുന്നു.
ഐതിഹ്യങ്ങൾ
[തിരുത്തുക]രാമപുരത്തു വാരിയരെക്കുറിച്ച് മറ്റ് പഴയ കേരളീയ എഴുത്തുകാരെക്കുറിച്ചുള്ളതുപോലെ നിരവധി ഐതിഹ്യങ്ങളുണ്ട്. അവയിലൊന്നാണ് തിരുവനന്തപുരത്തേക്കു മടങ്ങവേ രാജാവിന്റെ ആവശ്യപ്രകാരം ദ്രുതകവനമായി ചൊല്ലിക്കേൾപ്പിച്ചതാണ് കുചേലവൃത്തം എന്നും വഞ്ചി തിരുവനന്തപുരത്ത് അടുത്തപ്പൊഴേക്കും കാവ്യം പൂർത്തിയായി എന്നുള്ള കഥ.
മറ്റൊരു കഥ ഇങ്ങനെയാണ്:
വാരിയർ കഴകക്കാരനായിരുന്ന രാമപുരം ക്ഷേത്രത്തിൽ ഉത്സവത്തിന് പൊതിയിൽ ചാക്യാർ മാല കെട്ടിക്കൊണ്ടിരിക്കുകയായിരുന്ന വാരിയരെക്കണ്ട് ‘കൂത്തുകാണാൻ വരുന്നില്ലേ‘ എന്ന് ചോദിച്ചു.എന്താണ് മാലകെട്ട് കാണാൻ വരാത്തതെന്നായി വാരിയർ. മാലകെട്ടിലെന്താണ് കാണാനുള്ളത് എന്ന് നിന്ദാഭാവത്തിൽ ചോദിച്ചുകൊണ്ട് ചാക്യാർ പോയി. പിറ്റേന്ന് തൊഴാൻ ചെന്നപ്പോൾ ബിംബത്തിൽ ചാർത്തിയ മാലയിൽ ചക്രബന്ധത്തിൽ ഒരു ശ്ലോകം നിബന്ധിച്ചുകണ്ടു പൊതിയിൽ ചാക്യാർ.
- നകൃതം സുകൃതം കിഞ്ചിൽ ബഹുധാദുഷ്കൃതം കൃതം
- ന ജാനേ ജാനകീജാനേ! യമാഹ്വാനേ കിമുത്തരം?
- ( ഇത് മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- ഒട്ടും ചെയ്തീല സുകൃതം
- ഒട്ടേറെച്ചെയ്തു ദുഷ്ക്കൃതം
- രാമാ ! കാലൻ വിളിക്കുമ്പോൾ
- നാമെന്തോതേണ്ടതുത്തരം? എന്ന് പരിഭാഷപ്പെടുത്തിയത്രേ)
എന്നതാണ് ശ്ലോകം. ശ്ലോകവൈദഗ്ദ്ധ്യത്തിൽ സന്തുഷ്ടനായ അദ്ദേഹം മാലകെട്ടിലും കാണേണ്ടതുണ്ട് എന്ന് സമ്മതിച്ചതായാണ് ഐതിഹ്യം.
വൈക്കം ക്ഷേത്രത്തിൽ തൊഴാനെത്തിയ മാർത്താണ്ഡവർമ്മയ്ക്ക് തന്റെ ദാരിദ്ര്യത്തെ അർത്ഥഗർഭമായി വെളിപ്പെടുത്തുന്ന രീതിയിൽ രാമപുരത്തു വാരിയർ സമർപ്പിച്ചതായി കരുതുന്ന
- മഹീപതേ ഭാഗവതോപമാനം
- മഹാപുരാണം ഭവനം മദീയം
- നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
- അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.
എന്ന ശ്ലോകം പ്രസിദ്ധമാണ്.
കൃതികൾ
[തിരുത്തുക]കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാര്യർക്ക് പ്രശസ്തി നേടിക്കൊടുത്തത്. ജയദേവകൃതിയായ ഗീതഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ടപദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്. രണ്ടും മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് രചിക്കുന്നത്. അമരകോശത്തിന് ലഘുഭാഷ എന്ന സംസ്കൃതവ്യാഖ്യാനം, നൈഷധം തിരുവാതിരപ്പാട്ട് എന്നിവയാണ് രാമപുരത്തു വാര്യരുടെ മറ്റു കൃതികൾ. ലഘുഭാഷ വടക്കുംകൂർ രവിവർമ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ചതാണെന്ന് ആമുഖശ്ലോകത്തിൽ പറയുന്നു. ഐ(മൈ)രാവണവധം തുള്ളൽ, പ്രഭാതകീർത്തനം എന്നീ കൃതികളും വാര്യരുടെതാകാമെന്ന് ഉള്ളൂർ ഊഹിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ ടി.പി. രാജീവ് (21 മെയ് 2014). "രാമപുരത്തുവാര്യരും കുചേലവൃത്തം വഞ്ചിപ്പാട്ടും". മലയാളമനോരമ. വള്ളിക്കോണം. Archived from the original (പത്രലേഖനം) on 2014-05-21. Retrieved 21 മെയ് 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)