കുചേലവൃത്തം വഞ്ചിപ്പാട്ട്
ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്.[1] മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് കവി പരാമർശിക്കുന്നു. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഈ കൃതി മലയാളസാഹിത്യത്തിലും സാംസ്കാരികരംഗത്തും നേടിയ പ്രചാരം അന്യാദൃശമാണ്.
കാലം
[തിരുത്തുക]കുചേലവൃത്തത്തിന്റെ രചനാകാലത്തെക്കുറിച്ച് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല. മാർത്താണ്ഡവർമ്മയുടെ അപദാനമായ കാവ്യത്തിന്റെ പൂർവഭാഗത്തെ ചരിത്രവസ്തുതകളിൽനിന്ന് സാഹിത്യചരിത്രകാരന്മാർ പല നിഗമനത്തിലും എത്തിച്ചേർന്നിട്ടുണ്ട്.
മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെ വകവരുത്തിയതിനെക്കുറിച്ചും പദ്മനാഭസ്വാമീക്ഷേത്രത്തിന്റെ നവീകരണത്തെക്കുറിച്ചും ഭദ്രദീപപ്രതിഷ്ഠയെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. മതിലകം ഗ്രന്ഥവരി പ്രകാരം ഭദ്രദീപപ്രതിഷ്ഠ നടന്നത് 919-ലാണ് (1744). അതിനു ശേഷവും മാർത്താണ്ഡവർമ്മയുടെയും വാരിയരുടെയും മരണത്തിനു മുൻപുമാണ് അതിനാൽ കൃതിയുടെ കാലം. രാജസ്തുതിയിൽ 1750-ൽ നടന്ന മുറജപത്തെക്കുറിച്ചുള്ള പരാമർശമില്ലാത്തതിനാൽ 1745-നും 1750-നും ഇടയിലാകാം കാലമെന്ന് കെ.ആർ. കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. എന്നാൽ, വടക്കുംകൂർ അധീനമായ ശേഷം വൈക്കത്ത് ഭജനമിരുന്നു മടങ്ങുമ്പോഴാണ് മാർത്താണ്ഡവർമ്മ രാമപുരത്തു വാരിയരെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വഞ്ചിയിൽവെച്ച് വാരിയർ വഞ്ചിപ്പാട്ട് ചൊല്ലിക്കേൾപ്പിക്കുന്നതും എന്നാണ് ഐതിഹ്യം[2]. വടക്കുംകൂർ തിരുവിതാംകൂറിൽ ചേരുന്നത് 1750-ലാണ്.
മാർത്താണ്ഡവർമ്മയെ സ്തുതിക്കുന്ന
- നവമവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
- നരകാരിക്കമ്പതിറ്റാണ്ടിന്നപ്പുറത്ത്.
എന്ന, കവിതയിലെ പരാമർശംവെച്ച് മാർത്താണ്ഡവർമ്മയ്ക്ക് അൻപതു തികയുന്ന 1756-ലാണ് കാവ്യം രചിച്ചതെന്ന് ചിലർ ഉറപ്പിക്കുന്നു. രാമപുരത്തു വാരിയർ മാർത്താണ്ഡവർമ്മയുടെ പ്രായം അറിഞ്ഞിരുന്നാലും ഈ പരാമർശം കൃത്യതയോടെ ചെയ്തതാണെന്നു വരുന്നില്ല. മാത്രമല്ല, വാരിയർ മരിക്കുന്നത് ഉള്ളൂർ രേഖപ്പെടുത്തിയ പ്രകാരം 1753-ലാണെങ്കിൽ ഇത് അസാധ്യവുമാണ്.
വരികൾ
[തിരുത്തുക]വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്ന നതോന്നതയിലാണ് കുചേലവൃത്തം രചിച്ചിട്ടുള്ളത്. ആകെ 698 വരികളുള്ള ഈ കൃതി സുദീർഘമായ രണ്ട് പീഠികകൾ ഉൾക്കൊള്ളുന്നു. മാർത്താണ്ഡവർമ്മയെയും തിരുവനന്തപുരത്തെയും പദ്മനാഭസ്വാമി ക്ഷേത്രത്തെയും വർണ്ണിക്കാൻ 96 വരികളും കൃഷ്ണന്റെ അവതാരലീലകൾ വർണ്ണിക്കാൻ 132 വരികളും വാരിയർ നീക്കിവെക്കുന്നു. അതിനു ശേഷമാണ് കുചേലകഥ പ്രതിപാദിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Onam Songs". Onamfestival.org. Retrieved നവംബർ 2, 2009.
- ↑ "Language and Literature Kerala - Todays Kerala". Archived from the original on 2015-02-20. Retrieved നവംബർ 2, 2009.