പ്ലാനെറ്റ് നയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Planet Nine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലാനെറ്റ് നയൻ
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
അപസൗരത്തിലെ ദൂരം1200 AU (est.)
ഉപസൗരത്തിലെ ദൂരം200 AU (est.)
700 AU (est.)
എക്സൻട്രിസിറ്റി0.6 (est.)
10,000 to 20,000 ഭൗമവർഷങ്ങൾ
ചെരിവ്30° to ecliptic (est.)
150
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
13,000–26,000 കിലോമീറ്റർ
(8,100–16,000 മൈൽ) (est.)
2–4 ഭൂമികൾ
പിണ്ഡം6×1025 kg (est.)
≥10 Earth masses (est.)
>22 (est.)

സൗരയൂഥത്തിൽ, നെപ്റ്റ്യൂണിൽ നിന്ന് വളരെ അകലെ കൈപ്പർ വലയ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർഗോളമാണ് പ്ലാനെറ്റ് നയൻ (ഒമ്പതാം ഗ്രഹം). ഭൂമിയുടെ പത്തു മടങ്ങ് വരെ വലിപ്പമുള്ളതും സൂര്യനെ വലംവയ്ക്കുന്നതുമായ ഈ ജ്യോതിർഗോളം, സൗരയൂഥത്തിലെ ഒൻപതാം ഗ്രഹം ആയിരിക്കുമെന്ന് അനുമാനിക്കുന്നു.[1] 2016 ജനുവരിയിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർ മൈക്കൽ ഇ. ബ്രൗണും അസിസ്റ്റന്റ് പ്രഫസർ കോൺസ്റ്റാന്റിൻ ബറ്റ്യാഗിനും ചേർന്നാണ് "പ്ലാനെറ്റ് നയൻ" എന്നു പേരിട്ട ജ്യോതിർഗോളത്തിന്റെ സാന്നിധ്യം സൈദ്ധാന്തികമായി തെളിയിച്ചത്.[1] ഗ്രഹത്തിന്റെ കണ്ടത്തൽ സംബന്ധിച്ച പൂർണ്ണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയ്ക്കുശേഷം സൗരയൂഥത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഗ്രഹമായിരിക്കും പ്ലാനെറ്റ് നയൻ.[2] 1930-ൽ ഒമ്പതാം ഗ്രഹമായി അംഗീകരിക്കപ്പെട്ട പ്ലൂട്ടോയെ 2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നു പുറത്താക്കുകയും കുള്ളൻഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടമാകാൻ കാരണമായ പഠനങ്ങൾ നടത്തിയ മൈക്ക് ബ്രൗൺ തന്നെയാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു.[1]

ചരിത്രം[തിരുത്തുക]

മൈനർ പ്ലാനറ്റ് സെന്ററിൽ നിന്നു ലഭ്യമായ വിവരങ്ങൾ പ്രകാരം, കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന വസ്തുക്കൾ ചിത്രീകരിച്ചിരിക്കുന്നു. പ്രധാനവലയത്തിലെ വസ്തുക്കളെ പച്ച നിറത്തിലും, ചിതറിക്കിടക്കുന്ന വസ്തുക്കൽ ഓറഞ്ച് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുറമേയുള്ള നാലു ഗ്രഹങ്ങൾ നീല നിറത്തിലുള്ള ബിന്ദുക്കളായി അടയാളപ്പെടുത്തിയിരിക്കുന്നു. നെപ്ട്യൂണിന്റെ ചില ട്രോജൻ ലഘുഗ്രഹങ്ങൾ മഞ്ഞ നിറത്തിലും വ്യാഴത്തിന്റേത് പിങ്ക് നിറത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. വ്യാഴത്തിന്റെ ഭ്രമണപഥത്തിനും കൈപ്പർ വലയത്തിനുമിടയിൽ ചിതറിക്കിടക്കുന്ന ഒരുപറ്റം വസ്തുക്കളെ പൊതുവേ സെന്റോറുകൾ എന്നു വിളിക്കുന്നു. ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം സൗരദൂരമാണ്. ചിത്രത്തിൽ താഴെ കാണുന്ന വിടവ് ആകാശഗംഗയുടെ പശ്ചാത്തലവുമായി തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ചിത്രീകരിക്കാതെ ഉപേക്ഷിച്ച പ്രദേശമാണ്.

സൗരയൂഥത്തിൽ യുറാനസിനപ്പുറമുള്ള കിയ്പെർ ബെൽറ്റ് മേഖലയിൽ പുതിയ ഗ്രഹങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ 150 വർഷങ്ങൾക്കുമുമ്പ് തന്നെ തുടങ്ങിയിരുന്നു. 19-ആം നൂറ്റാണ്ടിൽ കിയ്പെർ ബെൽറ്റ് മേഖലയ്ക്കുസമീപം നെപ്റ്റ്യൂൺ എന്ന പുതിയ ഗ്രഹത്തെ കണ്ടെത്തിയതോടെ ഈ മേഖല കേന്ദ്രീകരിച്ചുള്ള കൂടുതൽ പഠനങ്ങൾ നടന്നു. 1928-ൽ ക്ലൈഡ് ടോമ്പോ പ്ലൂട്ടോയെ കണ്ടെത്തിയതും കിയ്പെർ ബെൽറ്റ് മേഖലയിൽ നിന്നായിരുന്നു. 1930-ഓടെ പ്ലൂട്ടോയെ സൗരയൂഥത്തിലെ ഒൻപതാം ഗ്രഹമായി അംഗീകരിച്ചു. എഴുപത്തിയഞ്ച് വർഷത്തോളം ഗ്രഹപദവിയിൽ തുടർന്ന പ്ലൂട്ടോയെ 2006-ൽ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന കുള്ളൻഗ്രഹമായി പ്രഖ്യാപിച്ചു. അതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയെണ്ണം വീണ്ടും എട്ടായി.[3]

ധൂമകേതുക്കളുടെ ജന്മഗൃഹമായ കിയ്പെർ ബെൽറ്റിൽ ഒരു വലിയ വസ്തുവിന്റെ ആകർഷണത്തിൽപ്പെട്ട് ഒരുമിച്ചു നീങ്ങുന്ന ചില കുള്ളൻഗ്രഹങ്ങളെയും മറ്റു വസ്തുക്കളെയും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അവയുടെ ഭ്രമണപഥത്തിൽ ദൃശ്യമായ അസാധാരണ ഗതിഭ്രംശങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് പ്ലാനെറ്റ് നയനിന്റെ സാധ്യത പ്രവചിക്കാൻ കാരണമായത്.[1]

സവിശേഷതകൾ[തിരുത്തുക]

സ്ഥാനം[തിരുത്തുക]

സൗരയൂഥത്തിലെ ഗ്രഹങ്ങളും കുള്ളൻ ഗ്രഹങ്ങളും - വലിപ്പത്തിന്റെ അനുപാതത്തിൽ.

സൗരയൂഥത്തിൽ സൂര്യനിൽ നിന്നുള്ള അകലം അനുസരിച്ച് ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയ്ക്കുശേഷം വളരെ അകലെ കിയ്പെർ വലയത്തിലാണ് പ്ലാനെറ്റ് നയന്റെ സ്ഥാനം. ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 50 ഇരട്ടി ദൂരമാണ് പ്ലാനെറ്റ് നയനും സൂര്യനും തമ്മിലുള്ളത്. 10,000 വർഷത്തിനും 20,000 വർഷത്തിനുമിടയിൽ സമയമെടുത്താണ് ഗ്രഹം സൂര്യനെ വലംവയ്ക്കുന്നത്. സൂര്യനിൽ നിന്ന് ഇത്രയും അകലെ സ്ഥിതിചെയ്യുന്നതിനാൽ ഐസ് നിറഞ്ഞ ഉപരിതലമാണ് ഗ്രഹത്തിനുള്ളത്.[1]

വലിപ്പം[തിരുത്തുക]

വാതക ഭീമൻമാരായ യുറാനസിന്റെയും നെപ്റ്റ്യൂണിന്റെയും വലിപ്പമുള്ള ഗ്രഹമാണ് പ്ലാനെറ്റ് നയൻ. ഭൗമസമാന ഗ്രഹങ്ങളും വാതകഭീമൻമാരും തമ്മിലുള്ള താരതമ്യം

ഭൂമിയുടെ അഞ്ചു മുതൽ പത്തു വരെ മടങ്ങു വലിപ്പമാണ് പ്ലാനെറ്റ് നയനിനുള്ളത്. നെപ്റ്റ്യൂണിന്റെ അത്രത്തോളം വലിപ്പമുള്ള ഈ ഗ്രഹത്തിന് ഭൂമിയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി വ്യാസമുണ്ട്. കൂടാതെ ഭൂമിയുടെ പത്തു മടങ്ങ് പിണ്ഡവും പ്ലൂട്ടോയെക്കാൾ 5000 മടങ്ങ് ദ്രവ്യമാനവുമുണ്ട്.[1]

പ്രതിഫലനശേഷി[തിരുത്തുക]

സൂര്യനിൽ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്നതിനാൽ ഈ ഗ്രഹത്തിനു പ്രകാശം പ്രതിഫലിപ്പിക്കാനുള്ള കഴിവ് കുറവാണ്. അതിനാൽ ശക്തമായ ടെലിസ്കോപ്പുകളുടെ സഹായത്താൽ പോലും ഗ്രഹത്തെ കണ്ടെത്തുക പ്രയാസമാണ്‌.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 'സൗരയൂഥത്തിനു വീണ്ടും നവഗ്രഹങ്ങൾ', മലയാള മനോരമ, 2016 ജനുവരി 22, പേജ് - 6, കൊല്ലം എഡിഷൻ.
  2. 2.0 2.1 "ഒമ്പതാം ഗ്രഹം കണ്ടെത്തിയെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ". കേരളകൗമുദി ദിനപത്രം. 2016-01-21. Archived from the original on 2016-01-25. Retrieved 2016-01-24.
  3. "Houston, do we have a new planet?". The Hindu. 2016-01-24. Archived from the original on 2016-01-25. Retrieved 2016-01-24.

പുറംകണ്ണികൾ[തിരുത്തുക]

സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം


"https://ml.wikipedia.org/w/index.php?title=പ്ലാനെറ്റ്_നയൻ&oldid=3787954" എന്ന താളിൽനിന്ന് ശേഖരിച്ചത്