ഒമാഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omaha (tribe) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒമാഹാ
ഒമാഹകളുടെ പരമ്പരാഗത നൃത്തം
ആകെ ജനസംഖ്യ

6,000

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
United States (Nebraska)
ഭാഷകൾ
English, Omaha-Ponca
മതങ്ങൾ
Christianity, other
അനുബന്ധവംശങ്ങൾ
other Siouan peoples

വടക്കേ അമേരിക്കയിലെ ഒരു ജനവർഗമാണ്‌ ഒമാഹ. നെബ്രാസ്കായിൽ വസിക്കുന്ന ഇവർ സോയൻ ഭാഷാസമൂഹത്തിലെ ധേഗിഹാ വിഭാഗക്കാരാണ്. ഒഴുക്കിനെതിരേ നീന്തുന്നവർ എന്നർത്ഥം വരുന്ന അമേരിന്ത്യൻ വാക്കിൽ നിന്നാണ് ഇവരുടെ ഗോത്രനാമത്തിന്റെ ഉദ്ഭവം. മറ്റു സഹഗോത്രക്കാരായ ഒസാഗ്, പൊങ്കാ, കാൻഡ്, ക്വാപ്പാ എന്നിവരോടൊപ്പം മൊഹാവർഗക്കാർ അത്‌‌ലാന്തിക്ക് തീരത്തു നിന്നും പടിഞ്ഞാറോട്ടു കുടിയേറിപ്പാർത്തു. വെർജീനിയായും കരോളിനാസും ആയിരുന്നു ഇവരുടെ ആദ്യകാല വാസകേന്ദ്രങ്ങൾ. കാലക്രമത്തിൽ ഇവർ ഒസാർക്ക് പീഠഭൂമിലേക്കും പുൽ‌‌പ്രദേശങ്ങളായിരുന്ന ഇന്നത്തെ പടിഞ്ഞാറെ മിസൗറിയിലേക്കും നീങ്ങി.[1]

ഗോത്രങ്ങൾ വേർപിരിയുന്നു[തിരുത്തുക]

ഇവിടെ വച്ച് സഹഗോത്രക്കാർ തമ്മിൽ പിരിയുകയും മൊഹാവർഗക്കാരും പൊങ്കാവർഗക്കാരും ചേർന്നു വടക്കോട്ടു നീങ്ങി ഇന്നത്തെ മിനസോട്ടോ പ്രദേശത്ത് താവളം ഉറപ്പിക്കുകയും 17-ം നൂറ്റാണ്ടിന്റെ അവസാനഘട്ടം വരെ അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് തെക്കേ ഡക്കോട്ടയിൽ വച്ച് ഈ രണ്ടു വർഗക്കാരും വേർപിരിയുകയും മൊഹാകൾ ഇന്നത്തെ നെബ്രാസ്കായിലെ ബോക്രീക്കിൽ താമസമുറപ്പിക്കുകയും ചെയ്തു. 1854-ൽ വെള്ളക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങി ഇവർ തങ്ങളുടെ കൃഷിഭൂമി യൂ. എസ്. ഗവണ്മെന്റിനു വിട്ടുകൊടുത്തു. 1882-ൽ യു. എസ്. ഗവണ്മെന്റ് ഒമാഹാവർഗക്കാർക്ക് പ്രത്യേകം ഭൂമി പതിച്ചുകൊടുത്തു. കുറച്ചു നാളുകൾക്കുശേഷം ഇവർക്ക് അമേരിക്കൻ പൗരത്വവും ലഭിച്ചു. 1780-ൽ 2,800 ഓളമുണ്ടായിരുന്ന ഇവരുടെ ജനസംഖ്യ 1970-ലെ കണക്കനുസരിച്ച് 1,500 ഓളം മാത്രമേയുള്ളു.[2]

തൊഴിൽ[തിരുത്തുക]

ഒമാഹാ വർഗക്കാർ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവക്കാരാണെങ്കിലും കൃഷിയിലും നായാട്ടിലും തത്പരരാണ്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ അവർ കൃഷി ചെയ്യുന്നു. ശരരത് കാലത്തും വസന്തകാലത്തും ഇവർ ഭൂഗർഭ വാസകേന്ദ്രങ്ങളിൽ ആണ് താമസിക്കുന്നത്; നായാട്ടിനു പോകുമ്പോൾ കോണാകൃതിയിലുള്ള തോൽക്കൂടാരങ്ങളിലും. കാൻസാ, ഒസാഗ് എന്നീ ഗോത്രവർഗങ്ങളുമായി ഒമാഹകൾക്ക് വളരെയധികം സാമ്യമുണ്ട്.[3]

സാമൂഹ്യഘടന[തിരുത്തുക]

ഒമാഹാ വർഗക്കാരുടെ സാമൂഹ്യഘടന വളരെ സുഘടിതമാണ്. തലവന്മാരും പുരോഹിതന്മാരും വൈദ്യന്മാരും സാധാരണക്കാരും ഇവരുടെ ഇടയിൽ ഉണ്ട്. ദായക്രമം മക്കത്തായമാണ്. കുതിരകൾ, പുതപ്പുകൾ എന്നിവ വിതരണം ചെയ്തോ സദ്യകൾ നടത്തിയോ ഒരുവന് തന്റെ അന്തസ്സ് ഉയർത്തികാട്ടുവാൻ സാധിക്കും ഇവരുടെ പത്തു കുലങ്ങളെ ഭൂമിയെയും ആകാശത്തെയും പ്രധിനിധീകരിക്കുന്ന രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ വിഭാഗം യുദ്ധം, ഭക്ഷ്യവിതരണം തുടങ്ങിയ ലൗകിക കാര്യങ്ങൾ നോക്കുമ്പോൾ രണ്ടാമത്തെ വിഭാഗം അധ്യാത്മികര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നു. ചൂടുകാലത്തും നായാട്ടിനു പോകുമ്പോഴും താമസിക്കുന്നതിനു വേണ്ടി വൃത്താകൃതിയിൽ അടിക്കുന്ന കൂടാരങ്ങൾ ഒമാഹാ വർഗക്കാരുടെ സാമൂഹ്യഘടന വെളിവാക്കുന്ന രീതിയിലായിരിക്കും സം‌‌വിധാനം ചെയ്യുക. യുദ്ധവീരന്മാർക്ക് പ്രത്യേക ബഹുമതികൾ നൽകിയിരുന്നു. യുദ്ധത്തിൽ വച്ച് ശത്രുവിനെ തൊടുക, ശത്രുക്കളുടെ നടുവിൽ കൊല്ലപ്പെട്ടുകിടക്കുന്ന എതിരാളിയെ തൊടുക, ശത്രുപാളയത്തിൽ നിന്നും പരിശീലനം സിദ്ധിച്ച കുതിരയെ മോഷ്ടിച്ചു കൊണ്ടുവരിക തുടങ്ങിയവ വീരകൃത്യങ്ങളായി കരുതപ്പെടുന്നു. യുദ്ധത്തിൽ ശത്രുക്കളെ കൊല്ലുന്നതും ദേഹോപദ്രവമേല്പിക്കുന്നതും വലിയ ധീരകൃത്യങ്ങളായി ഇവർ കണക്കാക്കാറില്ല.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒമാഹ&oldid=3627016" എന്ന താളിൽനിന്ന് ശേഖരിച്ചത്