Jump to content

കുഞ്ഞൻ വെളുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunjan Velumban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞൻ വെളുമ്പൻ

കേരള തണ്ടാൻ മഹാസഭയുടെ സ്ഥാപകനാണ് കുഞ്ഞൻ വെളുമ്പൻ (kunjan velumban). ശ്രീമൂലം പ്രജാ സഭയിൽ അയ്യൻകാളിക്കു ശേഷം അംഗമായ രണ്ടാമത്തെ പട്ടികജാതിക്കാരനാണ് ഇദ്ദേഹം.[1]

മദ്ധ്യതിരുവിതാംകൂറിലെ –ഇന്നത്തെ ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയിൽ , ചങ്കാഴിത്തറ വീട്ടിൽ കുഞ്ഞൻ -തേവി ദമ്പതിമാരുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയതായി 1903 ജനുവരി 15 ന് കുഞ്ഞൻ വെളുമ്പൻ ജനിച്ചു. സാമൂഹികവും ,സാമ്പത്തികവും , വിദ്യാഭ്യാസപരവുമായ അസമത്വം നിലനിന്നിരുന്ന പിന്നോക്ക സമൂഹങ്ങളിൽപ്പെട്ടവർക്ക് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസം തന്റെ മകന് നൽകണെമെന്ന അതിയായ മോഹം അദ്ദേഹത്തിന്റെ പിതാവ് കുഞ്ഞനുണ്ടായി. ധനസ്ഥിതിയും മനഃസ്ഥിതിയുമൊ രുപോലെയുള്ള കുലീനരായ പഴയതറവാട്ടുകാർ പണ്ഢിതവര്യൻമാരെ വീട്ടിൽ വരുത്തി കുട്ടികളെ പഠിപ്പിക്കുന്നതിന് ശ്രമിച്ചിരുന്നു.സാമ്പത്തിക ഗരിമകൊണ്ടും സാംസ്കാരികമേൻമയുള്ള വ്യക്തികളുടെ ജൻമം കൊണ്ടും അനുഗ്രഹീതമായിരുന്ന ഘട്ടത്തിൽ സാമൂഹനൻമയെ ലാക്കാക്കികൊണ്ട് വിദ്യനിഷേധിക്കപ്പെട്ടിരുന്നവർക്ക് വിദ്യപ്രധാനം ചെയ്യുന്നതിനായി വാരണപ്പള്ളി കുടുംബം കുമ്മമ്പള്ളി രാമൻപിള്ള ആശാനെ കണ്ടെത്തി . അങ്ങനെ ചരിത്രപ്രസിദ്ധമായ “ചേവണ്ണൂർ കളരി” പ്രവർത്തന മാരംഭിച്ചു. ഗുരുകുല സമ്പ്രദായത്തിൽ ശ്രീ നാരായണഗുരുദേവൻ ഇവിടെ പഠനത്തിനെത്തി . നിത്യവും ആദ്ധ്യാത്മിക സംസ്കാരം ഉണർത്തുന്ന ചടങ്ങുകളോടൊപ്പം സാഹിത്യസദസ്സ് മുതലായവയും അവിടെ നടത്തിവന്നിരുന്നു. സമീപവാസി ആയിരുന്ന ശ്രീ.കുഞ്ഞൻ വെളുമ്പന് ഈ പാഠശാലയിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചു.അങ്ങനെ സംസ്കൃതവിദ്യാഭ്യാസം പൂർത്തിയാക്കി.പഠനത്തിൽ അതിമിടുക്കനായ തന്റെ മകനെ കുഞ്ഞൻ തുടർന്ന് പഠിപ്പിക്കാൻ തീരുമാനിച്ചു.ആ പ്രദേശത്ത് ശങ്കരസുബ്ബയ്യർ ദിവാൻജിയുടെ ഭരണകാലത്ത് 1895ൽ അവർണർക്ക് അവരാവശ്യപ്പെട്ടാൽ പള്ളിക്കൂടങ്ങൾ അനുവദിച്ചു കൊടുക്കാ മെന്നുള്ള തീരുമാനമനുസരിച്ചു വാരണപ്പള്ളിയിലെയൊരു പണിക്കന് ലഭിച്ച പ്രൈമറി സ്കൂളിൽ വിദ്യാ ഭ്യാസം തുടർന്നു. ഗവൺമെന്റ് യൂ.പി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മകനെ ഇംഗ്ളീഷ് സ്കൂൾ വിദ്യാഭ്യാസത്തിനും അയച്ചു. സ്വന്തമായി ഭൂമിയും , പ്രൌഢമായ വീടും ഉണ്ടായതിനാൽ തന്നെ ജാതി കുശുമ്പൻമാർ വിരളി പൂണ്ടിരുന്ന സന്ദർഭത്തിൽ മകനെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനയച്ചതു കൂടി ആയപ്പോൾ സമനില തെറ്റിയ ജാതി ഭ്രാന്തൻമാർ ഏർപ്പെടുത്തിയ ചില തെമ്മാടികൾ വെളുത്തമുണ്ടും , ജൂബയും ,ഗാന്ധി തൊപ്പിയും ധരിച്ചു സ്കൂളിലേക്കു പോയ കുട്ടിയെ പിടിച്ചുനിർത്തി. തലയിലൂടെ ചാണകവെള്ളം തൂകി. ഭീഷണിപ്പെടുത്തി, ചീത്ത വിളിച്ചു.എങ്കിലും ഈ നീച പ്രവർത്തിയിൽ കുഞ്ഞനും മകനും തളർ ന്നില്ല.ബ്രഹ്മവിദ്യാഭൂഷൻ പി.കെ. പണിക്കർ ആ സംഭവത്തിന് സാക്ഷിയായി.അദ്ദേഹത്തിന്റെ പേര് വെച്ച് പ്രതിഷേധയോഗനോട്ടീസ് അടിച്ചു പ്രചരിപ്പിച്ചു.വൈകിട്ട് തോട്ടത്തിൽ പള്ളിക്കുടത്തിൽ പ്രതിഷേധയോഗം ചേർന്നു.എല്ലാ വിഭാഗത്തിലും പെട്ടവർ ആ പ്രതിഷേധയോഗത്തിൽ ചേർന്നു.എല്ലാ വിഭാഗത്തിലും പെട്ടവർ ആ പ്രതിഷേധയോഗത്തിൽ ശക്തിയായി പ്രതികരിച്ചു എന്നതും ചരിത്ര വസ്തുത. ശ്രീ.വെളുമ്പൻ ഈ പശ്ചാത്തലത്തിൽ പൂർവാധികം ഭംഗിയായി പഠനം നടത്തി .ടി.കെ.മാധവൻ,പി.കെ.കുഞ്ഞുസാഹിബ്,കേശവദേവ്, എന്നീ പ്രഗത്ഭനമതികൾ അദ്ദേഹത്തിന്റെ സമകാലീകരും സതീർത്ഥ്യരും ആയിരുന്നു.1910 മാർച്ച് 1 തീയതി തിരുവിതാംകൂർ ദിവാൻ രാജഗോപാലാചാരി കീഴ്ജാതി കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുന്നതിനുള്ള ഉത്തരവിട്ടു.അങ്ങനെ കായംകുളം ഇംഗ്ളീഷ് സ്കൂളിൽ ഫൈനൽ പാസായ വെളുമ്പൻ തന്റെ വിദ്യാ ഭ്യാസകാലത്തുണ്ടായ മനസ്സിലെ മുറിവ് സ്വസമുദായത്തിലോരാളും അനുഭവിക്കാനിട വരരുതെന്നു ദൃഢപ്രതിജ്ഞ ചെയ്തു.സ്വസമൂഹത്തിന്റെ കൊടുയാതനകൾക്ക് അറുതി വരുത്താനായി അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ.സമുദായത്തെ ബോധവൽക്കരിക്കാനും സംഘടിപ്പിക്കാനും സ്വയം അർപ്പിക്കപ്പെട്ട അദ്ദേഹം പിന്നീട് ആ ശ്രമങ്ങളിലേക്ക് നീങ്ങുകയായിരുന്നു. 150കരയോഗങ്ങൾ കാർത്തികപ്പള്ളി,മാവേലിക്കര,കരുനാഗപ്പള്ളി, ,തിരുവല്ല,പത്തനംതിട്ട , കുന്നത്തൂർ,പത്തനാപുരം, കൊട്ടാരക്കര, കൊല്ലം,തിരുവനന്തപുരം എന്നീ 10 താലൂക്കുകളിലായി സബ് രജിസ്ട്രാർ കച്ചേരി വഴി രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.നീയമാവലി എഴുതിയുണ്ടാക്കി ഈ കരയോഗങ്ങളെ കൂട്ടിയോജിപ്പിച്ച് ‘അഖില തിരുവിതാംകൂർ തണ്ടാർ മഹാജന സഭ’ 1924 ൽ കുഞ്ഞൻ വെളുമ്പൻ സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ചു.ഈ പ്രദേശങ്ങളിലേക്ക് പോയി അവർ ജോലി കഴിഞ്ഞെത്തുന്ന സമയങ്ങളിൽ സംസാരിച്ചും ഉപദേശിച്ചും സംഘടനയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തി കൊണ്ടു അവരെ ഉദ്ബുദ്ധരാക്കാൻ നടത്തിയ ത്യാഗപൂണ്ണമായ ശ്രമങ്ങൾ പുതുതലമുറയ്ക്ക് പ്രചോദനമാകണം.ദീർഘദൂരം നടന്നും അങ്ങിങ്ങായി കിടക്കുന്ന വീടുകളിൽ എത്തി അവരെ ആത്മീയമായും ഉന്നതിയിലേക്ക് നയിക്കാൻ നടത്തിയ ശ്രമങ്ങൾ കാലാതിവർത്തിയായി നിലനിൽക്കുന്നു.ആ നിസ്വാർത്ഥ സേവ നങ്ങളെ , ത്യാഗത്തെ , യാതനയെ കാലം വേണ്ട വിധം വിലയിരുത്തിയിട്ടുണ്ടോ എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. താനുൾപ്പെടുന്ന സമൂഹം അനുഭവിക്കുന്ന അസമത്വത്തിനെതിരെ ആത്മരോഷത്തോടെ പൊരുതി ജയിക്കാനുറച്ച വെളുമ്പന്റെ ശബ്ദം ബഹുജനവേദികളിലാർത്തലച്ചു. അധികാരസോപാനങ്ങളിൽ ആ ശബ്ദമെത്തി. അടിമത്വവും ,അയിത്തവും ,അധമവാസനകളും നിറഞ്ഞ കാലഘട്ടം .ഏതാണ്ട് 100-110 വർഷം മുമ്പുള്ള നമ്മുടെ നാടിന്റെ ചിത്രം എത്ര കണ്ട് ഭയാനകമാണ് ഓർത്തു നോക്കിയാൽ പോലും . മാർട്ടിൻ ലൂതർ കിംഗ് സ്വപ്നം കാണുന്നതിനും വർഷങ്ങൾക്കു മുൻപ് ജീവിതത്തിന്റെ പുറമ്പോക്കിൽ നിന്ന് സ്വപ്നങ്ങൾ നെയ്യുന്ന ജനവിഭാഗത്തിന്റെ ശ്രുതി ഭംഗങ്ങളും , ആരോഹണാവരോഹങ്ങളും ബോദ്ധ്യപ്പെട്ട ബാലനായ ശ്രീ. വെളുമ്പൻ ഏറെ ഏറ്റുമുട്ടലുകളിലൂടെ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ചു.വെളുമ്പന്റെ പോരാട്ടങ്ങളുടെ ശതാബ്ദിക്കാലമാണിത്. 19-ആം നൂറ്റാണ്ടിലെ ആദ്യഘട്ടം നിരന്തരമായ കൃഷിപ്പണി ,തുശ്ചമായ വേതനം , അനാരോഗ്യകരമായ ഭക്ഷണക്രമം , സാമൂഹികാവസ്ഥ അതിലേറെ ദുഷ്കരം ഉയർന്ന ജാതിക്കാർ യാതൊരു ദാക്ഷണ്യവുമില്ലാതെ ക്രൂരമായി പെരുമാറിപ്പോന്ന കാലം, റവ.മറ്റീറിന്റെ അഭിപ്രായത്തിൽ താണ ജാതിക്കാർക്ക് പൊതുവഴി ഉപയോഗിക്കാൻ കഴിയാത്തകാലം. 96 അടിക്കപ്പുറം അകലത്തിൽ നിന്നു മാത്രമായി അവർ ബ്രാഹ്മണരെ അഭിമുഖീകരിച്ചിരുന്ന കാലം. ഏകദേശം അതിന് പകുതി ആയിരുന്നു ശൂദ്രരിൽ നിന്നുമുണ്ടായിരുന്ന അകലം. ആഭരണങ്ങൾ ധരിക്കുവാൻ അനുവാദമില്ല. സ്വന്തമായി ഭൂമി ഉണ്ടാകാൻ പാടില്ല.ദൃഢമായതും, ഓടുമേഞ്ഞതുമായ വീട് ഉണ്ടാകാൻ പാടില്ല. നഗ്നത മറയ്കാൻ മേൽ വസ്ത്രം ഉപയോഗിക്കാൻ പാടില്ല. പകരം എണ്ണമറ്റ മുത്തുമാലകളും , ശംഖുമാലകളും സ്ത്രീകൾ അണിഞ്ഞിരുന്നു.കുട ഉപയോഗിക്കാനോ,ചെരുപ്പ് ധരിക്കാനോ അനുവാദമില്ല. യഥാർത്ഥത്തിൽ നരകതുല്യമായ ജീവിതം. ലോഹപാത്രങ്ങൾ ഉപയോഗിക്കാൻ അർഹതയി ല്ലായിരുന്നു. പുതുവസ്ത്രങ്ങളണിയുന്നതു നീയമലംഘനമായിരുന്നു. കീഴിജാതിക്കാരുടെ സാമീപ്യമേറ്റ സ്ഥലങ്ങൾ അശുദ്ധമാക്കപ്പെട്ടതായി കണക്കാക്കിയിരുന്ന കാലം.അത്തരം അധഃസ്ഥിത ജനതയുടെ എല്ലാ മാനുഷിക മൂല്യങ്ങളേയും നിഷേധിച്ചിരുന്ന കാലത്താണ് ശ്രീ.കുഞ്ഞൻ വെളുമ്പൻ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതെന്നോർക്കണം. സ്വസമു ദായാംഗങ്ങളെ ആധുനികരാഷ്ട്രത്തിന്റെ പൊതുധാരയിലേക്ക് ഉയർത്താൻ കഠിനമായ ശ്രമങ്ങൾ ത്യാഗപൂർണ്ണമായി അനുഷ്ഠിക്കേണ്ടി വന്നു അദ്ദേഹത്തിന്. നിശ്ചയദാഢ്യത്തോടെ, ആത്മാഭി മാനത്തോടെ ,അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന കാലത്തേക്ക് തന്റെ ജനതയെ മാറ്റിയെടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ രോമാഞ്ചത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. ഉൽക്കടമായ അഭിനിവേശത്തോടെ നാടായ നാടൊക്കെ യാത്ര ചെയ്ത് ഇന്നത്തെ പോലെ വാഹനസൌകര്യം ഇല്ലാത്ത കാലം എത്തി പലപ്പോഴും കാൽനടയായി അവകാശപ്പോരാട്ടങ്ങൾക്കു ജനങ്ങളെ സജ്ജരാക്കി. സാംസ്കാരികതയുടേയും നാഗരികതയുടേയും അടിസ്ഥാനം മനുഷ്യന്റെ കായികാദ്ധ്വാനമാണ്. അതിനാൽത്തന്നെ ഭക്ഷണവും സമ്പത്തും ഉൽപാദിപ്പിച്ചിരുന്ന അധഃസ്ഥിതരാണ് രാഷ്ട്രത്തിന്റെ ആണിക്കല്ല് എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങൾ നിഷേധിച്ചിരുന്ന ഇക്കൂട്ടർ രാജ്യത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്തുകൊണ്ട് തീരാദുഃഖങ്ങളിൽ ജീവിച്ചുമരിച്ചു. സംഘടിക്കാനും വിദ്യാഭ്യാസം ചെയ്യാനും അവരെ ആഹ്വാനം ചെയ്തുകൊണ്ട് മഹാത്മാ കുഞ്ഞൻ വെളുമ്പൻ അവരുടെ ഇടയിലേക്ക് ഇറങ്ങിചെന്നു.അനിവാര്യമാണെന്ന ഉത്തമബോദ്ധ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനായി അധികാരസ്ഥാനങ്ങളിൽ സമ്മർദ്ധം ചെലുത്തു കയായിരുന്നു അദ്ദേഹത്തിന്റെ അടുത്തശ്രമം .

രാജ്യത്തിന്റെ സിവിൽ,ക്രിമിനൽ നീയമങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ യാതൊന്നു മറിയാത്ത ഈ ജനവിഭാഗങ്ങളെ പലപ്പോഴും കോടതിയും പോലീസും ക്രൂരമായി ശിക്ഷിച്ചിരുന്നു. വിദ്യാഭ്യാസം കേവലം അക്ഷരാഭ്യാസമല്ല – മറിച്ച് ജീവിതത്തിന്റെ സമസ്ഥമേഖലകളിൽ നിന്നുള്ള ജ്ഞാനസമ്പാദനത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമാംവണ്ണം സാമുദായാംഗങ്ങളെ പ്രാപ്തരാക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. നിസ്വാർത്ഥ സേവനത്തിലൂടെ നേതൃനിരയിലെത്തിയ ശ്രീ.കുഞ്ഞൻ വെളുമ്പൻ സാമൂഹ്യനേതാവും നവോത്ഥാന നായകനും മാത്രമായിരുന്നില്ല. ആചാര്യനും ഗുരുവും കൂടിയായിരുന്നു.

ഇന്നത്തെ പോലെ വാഹനസൌകര്യമൊന്നുമില്ലാതിരുന്ന കാലത്ത് വെള്ളമുണ്ടും , ജൂബ്ബയും കരയുള്ള ഉത്തരീയവും മെതിയടിയും ധരിച്ച് തണ്ടാൻ ഭവനങ്ങൾ തേടി നടന്നു. വിളിച്ചുകൂട്ടിയിരുത്തി ഈശ്വരപ്രാർത്ഥനയും സദാചാരപ്രസംഗങ്ങളും ,ഉദ്ബോധനവും നൽകി.സംഘടിച്ച ശക്തരാകാൻ പഠിപ്പിച്ചു.1930 ൽ ശ്രീമൂലം പ്രജാസഭാംഗമായിരുന്ന മഹാത്മാ കുഞ്ഞൻ വെളുമ്പൻ വില്ലേജ് സഭാംഗമെന്ന നിലയിൽ ഏതാണ്ട് 10 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്.1943-ൽ കായംകുളം നഗരസഭാംഗം എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു.പട്ടികവിഭാഗത്തി71-ാം ചരമ വാർഷികംലെ കുട്ടികൾക്ക് വിദ്യാഭ്യാസ സൌകര്യങ്ങൾ ,ഹോസ്റ്റൽ സൌകര്യങ്ങൾ , ഭൂമിക്കായുള്ള പോരാട്ടങ്ങൾ, സാമൂഹ്യ നീതിക്കായുള്ള നിലക്കാത്ത പ്രവർത്തനങ്ങൾ എന്നിവ ഏവർക്കും മാതൃകാപരമാണ്. 1950 ആഗസ്ത് 13 (1125 കർക്കിടകം 29) ഞായറാഴ്ച , കറുത്തവാവ് ദിവസം മൃതിയടഞ്ഞ ആചാര്യന്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ പ്രണാമങ്ങളോടെ നിൽക്കുമ്പോൾ 47-ആം വയസ്സിൽ ഏറ്റുവാങ്ങിയ മരണം അദ്ദേഹത്തെ അനശ്വരനാക്കുന്നു.ഈ സമൂഹത്തിന്റെ ധീരനായ രക്തസാക്ഷിയാക്കുന്നു.

71-ാം ചരമ വാർഷികം

[തിരുത്തുക]

മുമ്പേ നടന്നു പോയവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ സമൂഹത്തിന്റെ ജീവിതം. ഇന്നലെകളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജമാണ് ഇന്നിന്റെ മൂലധനം. പാരമ്പര്യത്തിൽ നിന്നും മൂല്യങ്ങളെ സ്വാംശീകരിച്ച് സ്വസമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുകയാണ് അഥവാ പാകപ്പെടുത്തുകയാണ് സാമുദായിക സംഘടനയുടെ ലക്ഷ്യം. കേരള തണ്ടാൻ മഹാ സഭ നിലവിൽ വന്നതും നിലയുറപ്പിച്ചതും ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ്.

1925-ൽ 22 വയസ്സുകാരനായ മഹാത്മാ കുഞ്ഞൻ വെളുമ്പൻ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റുകൊണ്ട് നിയമാവലി (Byelaw) എഴുതി ഉണ്ടാക്കി. കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി, തിരുവല്ല, പത്തനംതിട്ട, കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, തിരുവനന്തപുരം എന്നീ താലൂക്കുകളിലായി 150-ൽ പരം കരയോഗങ്ങൾ രജിസ്റ്റർ ചെയ്തുകൊണ്ട് “അഖില തിരുവിതാകൂർ തണ്ടാർ മഹാജനസഭ” രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കൊല്ലം ശ്രീ.കുഞ്ചൻ വൈദ്യൻ ആയിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിന്റെയും നാടുവാഴി രാജഭരണത്തിന്റെയും കീഴിൽ നൂറ്റാണ്ടുകളായി പഴയ തിരുവിതാകൂർ ജനത വിശ്ഷ്യാ പിന്നോക്ക ഹരിജന വിഭാഗങ്ങൾ അടിമകളായി കഴിഞ്ഞുവന്നിരുന്ന കാലമാണെന്നതു നാം ഓർക്കണം. നഗ്നത മറയ്ക്കാനും, വഴി നടക്കാനും, വിദ്യാഭ്യാസം ചെയ്യാനും അവകാശം നിഷേധിക്കപ്പെട്ട ഇരുണ്ടകാലം. മാറ്റത്തിനു വേണ്ടിയുള്ള അതിതീക്ഷണമായ ആഗ്രഹം-ശ്രീനാരായണഗുരുവിന്റെ ആദ്ധ്യാത്മിക സാമൂഹിക സന്ദേശങ്ങളും റ്റി.കെ.മാധവൻ, മഹാകവി കുമാരനാശാൻ എന്നിവരുടെ പ്രവർത്തനങ്ങളും ആവേശകരമായി തീർന്നു. ക്ഷേത്രപ്രവേശനത്തിനായുള്ള പ്രക്ഷോഭസമരങ്ങൾ, മലയാളി മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭണം തുടങ്ങിയ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യഘട്ടങ്ങളിൽ മുതൽ നമ്മുടെ പ്രവർത്തകർ സഹകരിച്ചിരുന്നു. സർ.സി.പി.യുടെ സ്വതന്ത്ര തിരുവിതാംകൂറിനും, അമേരിക്കൻ മോഡലിനും എതിരായി തിരുവിതാംകൂറിലെ സംഘടിത തൊഴിലാളി വർഗ്ഗം ചരിത്രത്തിലാദ്യമായി ആയുധമെടുത്ത് പോരാട്ടം നടത്തി. പ്രായപൂർത്തി വോട്ടവകാശത്തിനായുള്ള മുറവിളിയും ഉയർന്നു വന്നു.

 ദീർഘദൂര നടത്തം വാഹനങ്ങളില്ലാത്ത കാലം…… വിദ്വേഷം, പരിഹാസം, പട്ടിണിയും എല്ലാം പുഞ്ചിരിയോടെ നേരിടുവാനും സഹിക്കാനും അനാദൃശമായ കഴിവുണ്ടായിരുന്നു മഹാത്മാവിന്. ആ മെതിയടി പറയും അദ്ദേഹം എത്ര ദൂരം നടന്നുവെന്ന്. ജീവിച്ചിരുന്നത് 47 വർഷം. അതിലേറെക്കാലമായി അദ്ദേഹത്തെ നാം ഈ നാട്ടുകാർ ഓർക്കുന്നുവെന്നതാണ് മഹത്തരം. അദ്ദേഹം ജീവിച്ചതിനെക്കാളേറെക്കാലം ആ ചിന്തകൾ, സ്വപ്നങ്ങൾ നമുക്ക് കരുത്ത് പകർന്നു കൊണ്ടേയിരിക്കും. സാമൂഹ്യനീതിയുടെ വർത്തമാനകാല പ്രസക്തി ചർച്ച ചെയ്യപ്പെടണം. ഭരണഘടനാധിഷ്ഠിതമായ സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത്, ഈ സാമൂഹ്യാന്തരീക്ഷത്തിലാണ് മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ 71-ാം ചരമ വാർഷികം നാം ആചരിക്കുന്നത്. ആ ഓർമ്മകൾക്കു മുന്നിൽ ആയിരം നെയ്ത്തിരി നാളങ്ങൾ മനസ്സാ പ്രോജ്വലിപ്പിച്ചു കൊള്ളട്ടെ.

ആചാര്യനെ കുറിച്ചുള്ള അറിവുകൾ …………………….. പുതുതലമുറയ്ക്കാവേശമാകട്ടെ ഈ അറിവുകൾ...........................

ശ്യാമളാ കോയിക്കൽ (മഹാത്മാ കുഞ്ഞൻ വെളുമ്പന്റെ ചെറുമകളാണ് ലേഖിക)

കർമ്മപഥങ്ങളിൽ സ്പന്ദനമായി ഇന്നും കെ.കെ.കോയിക്കൽ

കർമ്മപഥങ്ങളിൽ സ്പന്ദനമായി ഇന്നും കെ.കെ.കോയിക്കൽ

[തിരുത്തുക]

1922 ഏപ്രിൽ 22-ാം തീയതി ആലപ്പുഴ ജില്ലയിൽ കായംകുളം വേരുവള്ളി ഭാഗത്ത് ശ്രീ.കൊച്ചയ്യപ്പന്റേയും കുഞ്ഞിപ്പെണ്ണിന്റേയും മൂത്തമകനായി ജനിച്ചു. മന്ദാകിനി, ശ്രീധരൻ, കൃഷ്ണൻകുട്ടി എന്നിവർ സഹോദരങ്ങളായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മണ്ണാറശാല, ചെട്ടിക്കുളങ്ങര എന്നിവിടങ്ങളിൽ നിന്നും സംസ്കൃതം, ശാസ്ത്രി, ആയുർവേദ വൈദ്യ കലാനിധിയും പഠിച്ച ശേഷം സാമൂഹ്യപ്രവർത്തനത്തിലാകൃഷ്ടനായ അദ്ദേഹം ആ വഴി തെരഞ്ഞെടുക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് മഹാത്മാഗാന്ധി കീ ജയ് എന്നു വിളിച്ചതിനു സ്കൂളിൽ നിന്നും പുറത്താക്കുകയും പിന്നീട് ഒരാഴ്ചയ്ക്കു ശേഷം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ സ്കൂളിൽ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. പോലീസിന്റെ ചൂരൽ പ്രയോഗം ഒട്ടേറെ ഏറ്റിട്ടുള്ള വിദ്യാർത്ഥി നേതാവായിരുന്നു കോയിക്കൽ. സ്റ്റേറ്റ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ശ്രീ.കോയിക്കൽ 1936-ലെ നിവർത്തന പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ശക്തനായ ഒരു നിരാഹാര സത്യാഗ്രഹി കൂടിയായിരുന്നു അദ്ദേഹം. അക്കാലത്തെ ഗാന്ധിയൽ സമരമുറകളിൽ സത്യാഗ്രഹം ഒരു പ്രധാന ആയുധം തന്നെയായിരുന്നു. ചേർത്തല കടപ്പുറത്ത് വച്ച് ഉപ്പു കുറുക്കൽ സത്യാഗ്രഹത്തിനു പങ്കെടുത്തതിന് ശ്രീ.സാധു.എം.പി.നായരോടൊപ്പം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പിന്നീട് നിയമലംഘനത്തിൽ പങ്കെടുത്തതിന് മുഴങ്ങോടിക്കാവിൽ വച്ച് എസ്.ഐ.കർത്ത, തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ളയോടൊപ്പം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

1942-ലെ ക്വിറ്റ് ഇന്ത്യ പ്രമേയം അനുസരിച്ച് തിരുവിതാംകൂറിൽ ആദ്യ നിയമലംഘനം നടന്നത് വള്ളികുന്നത്തായിരുന്നു. കാമ്പിശ്ശേരിയും പോറ്റിസാറും കോയിക്കലും അതിൽ മുൻനിരക്കാരായിരുന്നു.

ആയുർവേദത്തിന് അർഹമായ സ്ഥാനം ലഭിക്കുന്നതിനും ആയുർവേദ വിദ്യാർത്ഥികളിന്നനുഭവിക്കുന്ന പല അവകാശങ്ങളും നേടിയെടുക്കുന്നതിനും വേണ്ടി സഖാവ് തോപ്പിൽ ഭാസിയോടൊപ്പം നിന്ന് പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. സഖാവ് കാമ്പിശ്ശേരി കരുണാകരൻ, ശങ്കരനാരായണൻ തമ്പി എന്നിവരുടെ നേതൃത്വത്തിൽ മധ്യതിരുവിതാംകൂറിൽ വിദ്യാർത്ഥികളേയും യുവാക്കളേയും സംഘടിപ്പിച്ച് സ്വാതന്ത്ര സമരത്തിൽ സജീവമായി പങ്കെടുത്തു. ശ്രീ.ചങ്ങാരപ്പള്ളി നാരായണൻ പോറ്റി, ശ്രീ.കരുണാകരൻപിള്ള, ശ്രീ.എ.വി.ആനന്ദരാജൻ എന്നിവരോടൊപ്പം നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് അറസ്റ്റ് വരിക്കുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ താമ്രപത്രവും ഭൂമി പതിച്ചു കൊടുക്കുകയും ചെയ്തപ്പോൾ അതു നിരസിച്ച വ്യക്തത്വമായിരുന്നു ശ്രീ.കോയിക്കലിന്റേത്.

1948-ൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നും എതിരില്ലാതെ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള 14 അംഗ സഭയെ പ്രതിനിധീകരിച്ചു. ഈ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. പിന്നീട് തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തോടെ തിരു-കൊച്ചി നിയമസഭാംഗമായി. കോൺഗ്രസ് നിയമസഭാംഗമായിരിക്കെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണൻതമ്പി, തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, ശാരദാമ്മ തങ്കച്ചി എന്നിവരുൾപ്പെട്ട കമ്മ്യൂണിസ്റ്റുകാർ ഏറെക്കാലം ഒളിവിൽ താമസിച്ചിരുന്നത് ശ്രീ.കോയിക്കലിന്റെ വീട്ടിലായിരുന്നു.

പിൽക്കാലത്ത് സ്റ്റേറ്റ് കോൺഗ്രസ് വിട്ട അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1951-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണിക്കാവ് നിയോജക മണ്ഡലത്തിൽ സഖാവ് എം.എൻ.ഗോവിന്ദൻ നായരുമായിട്ടുള്ള ദ്വയാംഗ മണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. വീണ്ടും 1954-ൽ ഭരണിക്കാവ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് സഘാവ് തോപ്പിൽ ഭാസിയോടൊപ്പം ദ്വയാംഗ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ ഒരു കലാവിഭാഗം രൂപീകരിച്ചു. കെ.പി.എ.സി. അതിലൂടെയാണ് പോറ്റി സാർ, തോപ്പിൽ ഭാസി, കാമ്പിശ്ശേരി, പുലനൂർ രാജഗോപാലൻ നായർ, വയലാർ, ഒ.എൻ.വി, ദേവരാജൻ തുടങ്ങിയവരുമായി സഹകരിച്ചു പ്രവർത്തിക്കാൻ കോയിക്കലിനു കഴിഞ്ഞത്. വിപ്ലവ കേരളത്തിന്റെ മാറ്റൊലിയായി മാറിയ കെ.പി.എ.സി കോയിക്കലിനെ പോലെയുള്ളവരുടെ വൈകാരിക സങ്കേതമായിരുന്നു.

സാമൂഹ്യ നീതിയും സമത്വവും എല്ലാ പൗരൻമാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തന്റെ രാഷ്ട്രീയ പന്ഥാവിലൂടെ സാധാരണക്കാരുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞു ജീവിച്ച ശ്രീ.കെ.കെ.കോയിക്കൽ തന്റെ നിയമസഭാംഗത്വം ജനക്ഷേമ പ്രവർത്തനങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി സഭാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

1957-ൽ ശ്രീ.ചിത്തിരതിരുനാൾ രാജാവിന്റെ കൈകളാൽ സമ്മാനിതമായ ഒരു ലക്ഷം രൂപയും മറ്റു കുറച്ചു പേരുടെ ഷെയറുകളും ഉപയോഗിച്ച രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച കെ.സി.റ്റി.യുടെ ആദ്യ മാനേജർ എന്ന നിലയിൽ ആ സ്ഥാപനം പടുത്തുയർത്തുന്നതിനു വേണ്ടി വന്ന ത്യാഗവും പ്രവർത്തനങ്ങളും നേരിട്ടറിയുന്നവർ ഇന്നും ധാരാളമുണ്ട്. മരണം വരെ മാനേജർ സ്ഥാനം തുടർന്നു പോരുകയും ചെയ്തു.

കേരളത്തിൽ പട്ടികജാതി പട്ടിക വർഗ ലിസ്റ്റ് തയ്യാറാക്കാനായി രൂപീകരിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു ശ്രീ.കോയിക്കൽ. ശ്രീ.സഹോദരനയ്യപ്പൻ, ശ്രീ.ടി.ടി.കേശവ ശാസ്ത്രി, ശ്രീ.തേവൻ, ശ്രീ.പി.സി.ആദിച്ചൻ, ശ്രീ.കെ.കൊച്ചുകുട്ടൻ തുടങ്ങിയവരായിരുന്നു മറ്റ് അംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ വിവിധ ഉപദേശകസമിതികളിലും അദ്ദേഹം അംഗമായിരുന്നു. കണ്ടശാംകടവ് സമര നേതൃത്വം ഏറ്റെടുത്ത അദ്ദേഹേ കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, നാവിക തൊഴിലാളി, ടാക്സി ഡ്രൈവേഴ്സ്, പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയനുകൾ രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി മധ്യതിരുവിതാംകൂറിൽ കെട്ടിപ്പടുത്തതിന് ആദ്യകാല പാർട്ടി ക്ലാസുകൾ നയിക്കുന്നതിൽ സഖാക്കളുടെ ആശാൻ എന്നറിയപ്പെട്ടിരുന്ന കോയിക്കൽ എന്നും മുന്നിൽ തന്നെയായിരുന്നു. സാമൂഹ്യ സമ്മേളനങ്ങളിലും സാഹിത്യ സംവാദങ്ങളിലും എന്നും സജീവമായിരുന്നു ശ്രീ.കോയിക്കൽ.

സംസ്കൃത വൈജ്ഞാനികതയിലൂന്നിയ ആധുനിക ചിന്തയായിരുന്നു കോയിക്കലിനെ നിയച്ചിരുന്നത്. മാർക്സിലും ഏംഗൽസിലും നിന്ന് രാഷ്ട്രമീമാംസയുടെ മൗലിക തത്വങ്ങൾ അദ്ദേഹം പഠിച്ചു. വേദപുരാണേതിഹാസങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹം ദ്രാവിഡ ജീവിത ബോധത്തിന്റെയും ബുദ്ധജൈന ദർശനങ്ങളേയും സമന്വയിപ്പിച്ച് പ്രാചീന ഭാരത സംസ്ക്കാരത്തിൽ അധിഷ്ഠിതമായ സമഷ്ടിബോധം ആർജ്ജിക്കുകയുണ്ടായി.

അസംബ്ളി മെമ്പറായിരിക്കെ 1951-ൽ ഓഗസ്റ്റ് 21-ന് ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശ്രീ.കുഞ്ഞൻവെളുമ്പന്റെയും ശ്രീമതി.കെ.കൊച്ചിന്റെയും മൂന്നാമത്തെ മകൾ കെ.ശാരദയെ ജീവിതസഖിയാക്കി. കെ.ശോഭന, കെ.മോഹൻ കോയിക്കൽ, കെ.ശോഭ, എസ്.ശ്യാമള, കെ.എസ്.കോയിക്കൽ എന്നിവരാണ് മക്കൾ. 1990 മാർച്ച് 4-ാം തീയതി ഹൃദയസ്തംഭനം മൂലം മരിച്ചു.

കോയിക്കൽ ഇല്ലാതെ കഴിഞ്ഞുപോയ കാൽ നൂറ്റാണ്ട്- ആ ചോദന നമ്മളെ നയിക്കുകയായിരുന്നു. സഹപ്രവർത്തകരും സമാന ചിന്താഗതിക്കാരായ പുതുതലമുറയും അദ്ദേഹത്തിന്റെ നിറസാന്നിധ്യം ഇന്നും അനുഭവിക്കുന്നു. കാലിടറുമ്പോഴൊക്കെ ഞങ്ങൾ ഓർത്തു വിലപിച്ചു. കരുത്തായി കാരണവരായി അങ്ങുണ്ടായിരുന്നെങ്കിലെന്ന്. പോരാട്ടങ്ങളിൽ, വിജയങ്ങളിൽ അങ്ങില്ലല്ലോ എന്നും ഞങ്ങൾ വിലപിച്ചു. ജനങ്ങളെ ആകർഷിക്കാനുള്ള മാന്ത്രിക ശക്തിയും പ്രസംഗ ചാതുര്യവും കൈമുതലുണ്ടായിരുന്ന പ്രിയ നേതാവേ സൗമ്യവും ഊഷ്മളവും ദീപ്തവുമായ ആ ഓർമ്മയ്ക്കു മുന്നിൽ ഞങ്ങളുടെ ശ്രദ്ധാഞ്ജലി.

രണ്ടു നക്ഷത്രങ്ങൾ

[തിരുത്തുക]

തണ്ടാൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധിക്കും നടുവിൽ പരിഹാര മാർഗ്ഗ നിർദ്ദേശങ്ങളുമായി നിന്ന രണ്ടു പ്രധാന വ്യക്തിത്വങ്ങളായിരുന്നു ശ്രീ.കുഞ്ഞൻവെളുമ്പനും ശ്രീ.കുട്ടപ്പൻ കോയിക്കലും. അതുകൊണ്ടു തന്നെ രണ്ടുപേരും ജനനായകരുമായി. അയിത്തവും അകലവും പാലിക്കാൻ വിധിക്കപ്പെട്ട സമുദായത്തെ സംഘടിപ്പിക്കുന്നതിൽ ഇവർ കാട്ടിയ ചാതുര്യം എക്കാലത്തും ഓർമ്മിക്കപ്പെടും. ജാതിമത വർണ്ണഭേദങ്ങൾ കൊടികുത്തി വാണകാലം. അയ്യായിരം വർഷം നിലനിന്നിരുന്ന സാമൂഹ്യക്രമത്തോട് മല്ലടിക്കാനുള്ള ആത്മധൈര്യം അവരെ മഹാത്മാക്കളാക്കുന്നു. വൈവിധ്യത്തെ വൈരുദ്ധ്യമായും, വൈകല്യമായും കരുതിപ്പോന്ന മുൻകാലചരിത്രം തിരുത്തിക്കുറിക്കാൻ പടപൊരുതിയ ധീരൻമാരെന്ന് ഭാവിതലമുറ ഇവരെ വാഴ്ത്തപ്പെടും. ഗുരുദേവനും, ആർ.ശങ്കറും, ഡോ.പൽപ്പുവും, സി.കേശവനും, കേളപ്പനും, സഹോദരൻ അയ്യപ്പനും, അയ്യങ്കാളിയും വരുന്ന മനീഷിപരമ്പരയിലാണിവരുടേയും സ്ഥാനം.

നരകതുല്യമായ ജീവിതം തന്നെയായിരുന്നു കീഴ് ജാതി സമൂഹങ്ങൾക്ക്. മഹാസഭയുടെ ചരിത്രവും ജീവിതചരിത്രവും അഴിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്ന രണ്ടു ജീവിതങ്ങൾ. അവസാനശ്വാസംവരേയും താനുൾപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനം നെഞ്ചേറ്റിയ വ്യക്തിത്വങ്ങൾ. സമാനകതകളില്ലാതെ സ്വസമുദായത്തെ സ്നേഹിച്ചവർ, വളർത്തിയവർ എന്ന് പിൻതലമുറക്കാർ ഓർത്തെടുക്കും ഇവരെ.

നിലവിലുണ്ടായിരുന്ന സാമൂഹ്യനീതി അധ:സ്ഥിതരെ വിദ്യാഭ്യാസം എന്നതുപോയിട്ട് അക്ഷരജ്ഞാനം പോലും നിഷേധിച്ചിരുന്നു. മനുഷ്യാവകാശങ്ങളത്രയും ലംഘിച്ചുകൊണ്ട് വീർപ്പുമുട്ടി കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ പുരോഗതിയിലേക്കു നയിക്കാൻ നടത്തിയ ധൈര്യപൂർവ്വമായ ചെറുത്തുനിൽപ്പുകൾ ജീവിതദൗത്യമായി സ്വീകരിക്കുകയായിരുന്നു ഇവർ ഇരുവരും.

സ്കൂളിൽ ചേരാൻ പലരുമെത്തിയെങ്കിലും സർക്കാർ സ്കൂളിൽ പോലും പ്രവേശനം കൊടുക്കാൻ ഉന്നതജാതിക്കാർ തയ്യാറായില്ല. എയിഡഡ് സ്കൂളിൽ അധികൃതർ പ്രവേശനമേ നൽകിയില്ല. നിരന്തരമായ പോരാട്ടത്തിന്റെ ഫലമായി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മി.മൈക്കേൽ 1914-ൽ മുൻ ഉത്തരവിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. അപ്പോഴാണ് കുറേയൊക്കെ കുട്ടികൾ വിദ്യാലയത്തിൽ കടന്നത്.

വിദ്യാഭ്യാസം കേവലം അക്ഷരാഭ്യാസമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ജ്ഞാന സമ്പാദനത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമാംവണ്ണം സമുദായത്തെ പ്രാപ്തരാക്കുവാൻ ശ്രമിക്കുകയായിരുന്നു അവർ ഇരുവരും ചെയ്തത്. യാതൊരു ഫലേച്ഛയും കൂടാതെയുള്ള പ്രവർത്തനങ്ങളും ആത്മാർത്ഥ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ ഈ സമുദായത്തിന്റെ നേതൃനിരയിലെത്തിയവരെ പിൻതലമുറയെ  പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.

ഉയർന്ന ജാതികളുടെ ധൂർത്ത്, പൊങ്ങച്ചം, ആഡംബര ഭ്രമം തുടങ്ങിയവ അനുകരിക്കരുതെന്നും എല്ലാ ദുരാചാരങ്ങളിൽ നിന്നും വിട്ടു നിൽക്കാനും അവർ ഉദ്ബോധിപ്പിച്ചു. മറ്റു സമുദായങ്ങളെപ്പോലെ ഉയരാനും സദാചാരമൂല്യങ്ങൾ വളർത്തിയെടുക്കാനും നിർദ്ദേശിച്ചു. 1932 പൂനാക്കരാർ, 1936 നവംബർ 12 ന്റെ ക്ഷേത്രപ്രവേശന വിളംബരം ഇവയൊക്കെ പിന്നോക്ക വിഭാഗങ്ങൾക്കു നൽകിയ അവകാശങ്ങൾ ഇൻഡ്യയിലാകെയും, കേരളത്തിലും ശ്രീ.കുഞ്ഞൻവെളുമ്പൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ്.

1947 സെപ്റ്റംബർ 4ന് തിരുവിതാകൂറിൽ പ്രായപൂർത്തി വോട്ടവകാശ വിളംബരം വന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി (Constituent Assembly) തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ശ്രീ.കുഞ്ഞൻ വെളുമ്പന്റെ അനുഗ്രഹാശ്ശിസ്സുകളോടെ യുവാവായ ശ്രീ.കുട്ടപ്പൻ കോയിക്കൽ റിഫോംസ് (Reforms) കമ്മിറ്റി മുമ്പാകെ ഹാജരായി. ശക്തിയുക്തം വാദിച്ച് സീറ്റുറപ്പാക്കി. ജനറൽ സീറ്റിൽ ശ്രീ.നാരായണപ്പിള്ളയും, റിസർവേഷൻ സീറ്റിൽ ശ്രീ.കുട്ടപ്പൻ കോയിക്കലും തെരഞ്ഞെടുക്കപ്പെട്ടു. 1948 മാർച്ച് 20-ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളി നിലവിൽ വരുകയും ചെയ്തു. തണ്ടാൻ സമുദായത്തിന്റെ ആദ്യത്തെ പ്രതിനിധി. ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു ശ്രീ.കുട്ടപ്പൻ കോയിക്കലിന്റെ അതി വാചാലവും, ശ്രമവും നിമിത്തമാണ് തണ്ടാൻമാർ പട്ടികജാതിയിൽ ഉൾപ്പെട്ടതും.

ഉത്തിഷ്ഠത ജാഗ്രത

[തിരുത്തുക]

നമ്മുടെ രാജ്യത്തെ പൂർവ്വകാല ജനതയുടെ ചരിത്രം തന്നെയാണ് ഹരിജനങ്ങളുടെ ചരിത്രവും. തമിഴ് സംഘകാലഘട്ടത്തിലെ മഹാകവികളെയും അവർ വർണ്ണിക്കുന്ന രാജാക്കൻമാരെയും സംബന്ധിച്ച് പഠനം നടത്തിയാൽ ആദിചേര രാജാക്കൻമാരിലും എ.ഡി.6-ാം ശതകം വരെയുള്ള ഭരണാധികാരികളിലും ഹരിജന പ്രതാപശാലികൾ ഉണ്ടായിരുന്നതായി കാണാം. ചാതുർവർണ്യം ശക്തമായതോടെ അവർ പിൻതള്ളപ്പെട്ടു. തിരുവിതാംകൂർ ഭാഗത്തെ ഇളവെള്ളുവനാട്ടിലെ വെള്ളുവരാജവംശം, മലബാർ വെള്ളുവനാട്ടിലെ രാജവംശം തുളുനാടൻ രാജവംശം പഴയ തൃക്കാക്കര ആസ്ഥാനമാക്കിയിരുന്ന കാൽക്കരൈനാട് ഭരണവംശം നാഞ്ചിക്കുറവംശം എന്നിവയെ സംബന്ധിച്ച് ഗവേഷണം നടത്തിയാൽ ഹരിജൻ പ്രതാപം കേരളത്തിലുണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിച്ചെറിഞ്ഞു കളയാതെ കണ്ടേക്കാരൻ, കൊടുങ്കാളി, ഭൈരവൻ തുടങ്ങിയ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നു. പുലയനാർകോട്ട ഒരിക്കൽ പുലയരാജാക്കൻമാർ ഭരിച്ചതാണത്രേ. സാമ്പത്തികവും സാമൂഹികവുമായ അധ:പതനം മൂലം പിന്നീട് ഇക്കൂട്ടർ അയിത്തജാതിക്കാരായതാണ്.

രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, നവോത്ഥാന പ്രസ്ഥനങ്ങൾ ഒക്കെയും ഒട്ടേറെ മാറ്റങ്ങൾക്കിടവരുത്തി. കേരളത്തിലെ ഭൂപരിഷ്ക്കരണ നിയമങ്ങൾ പിന്നോക്ക വിഭാഗങ്ങളെ അവരുടെ കിടപ്പാടത്തിന്റെ ഉടമകളാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തികമായും സാമൂഹികമായും മുന്നോട്ടു പോയിട്ടില്ല. ലോകസമ്പത്തിന്റെ 85%  അനുഭവിക്കുന്നത് മൊത്തം ജനസംഖ്യയിലെ 20% പേരാണ്. സമ്പത്തും അധികാരവും പിന്നോക്ക വിഭാഗത്തിനു കൂടി അവകാശപ്പെട്ടതാണ്. സങ്കുചിത താൽപ്പര്യങ്ങൾ മറന്ന് സമുദായത്തിന്റെ പൊതുവായ ക്ഷേമം ലക്ഷ്യമാക്കി സംഘടിച്ച് ശക്തിയാർജ്ജിച്ച് മുന്നേറാൻ നമുക്കാവണം. സാമൂഹ്യനീതിയും അവസരസമത്വവും നേടിയെടുക്കുവാൻ ജീവിതം തന്നെ ദാനം നൽകിയ പൂർവ്വസൂരികളെ ആദരിക്കുവാനും കഴിയണം.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഔദ്യോഗികരംഗത്തും കുറച്ചൊക്കെ എത്തിയെങ്കിലും അത് എത്തേണ്ടതിന്റെ എത്രയോ ഇപ്പുറം എന്നു കാണുമ്പോൾ കൂടുതൽ ശക്തരാകേണ്ടതിന്റെ ആവശ്യകത അറിയുക. സംവരണം പൂർണ്ണമായും ഫലപ്രദമായും സംരക്ഷിക്കണമെന്നാവശ്യം ഉച്ചത്തിൽ ഉന്നയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇച്ഛാശക്തി ആ വഴിക്കു വരേണ്ടിയിരിക്കുന്നു. അലസത വെടിയുക, അണിചേരുക, പുതിയ പോരാട്ടങ്ങൾക്ക് സജ്ജരാകുക.

പട്ടികജാതി പട്ടിക വർഗ്ഗ സംവരണം അട്ടിമറിച്ച സംസ്ഥാത്ത് സർക്കാർ സർവ്വീസിൽ 1100 പേർ ജോലി ചെയ്യുന്നതായി മാതൃഭൂമി ന്യൂസ് കണ്ടെത്തി. മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിൽ പ്രവേശനം നേടിയെത്തുന്നവരിൽ 15% വ്യാജരേഖകളുമായി വരുന്നുണ്ടെന്ന് കാർത്താഡ്സ് വിജിലൻസ് വിഭാഗം പറയുന്നു. തീയ വിഭാഗത്തിൽപ്പെട്ടവർ തണ്ടാൻ സമുദായമാണെന്ന വ്യാജരേഖ ഉണ്ടാക്കിയും സംസ്ഥാന സർവ്വീസിൽ ജോലി ചെയ്യുന്നു. പച്ചയായ സത്യം ഇതായിരിക്കെ നമുക്ക് നമ്മുടെ സ്വത്വം സ്ഥാപിച്ചെടുക്കണമെങ്കിൽ ഓരേയൊരു മാർഗ്ഗമേയുള്ളൂ. ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാൻ നിബോധത!

നമുക്ക് ഒന്നായി മുന്നേറാം

[തിരുത്തുക]

സൈദ്ധാന്തികമായും, ഭൗതികമായും അടിത്തറയുള്ള ഒരു ചെറിയ സംഘടന എന്ന നിലയിൽ ഇവിടെ വിവാദങ്ങൾക്കൊന്നും പ്രസക്തിയില്ല. എന്നാൽ ഒട്ടേറെ സംവാദങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കുതിച്ചുചാട്ടങ്ങൾക്കു സാദ്ധ്യത പോരാ എങ്കിലും ക്രമാനുഗതമായ പുരോഗതി പ്രവർത്തനങ്ങളിൽ പ്രതീക്ഷിക്കുക തന്നെ വേണം.

നേതൃത്വം എന്തു ചെയ്യുന്നു. എങ്ങനെ പ്രവർത്തിക്കുന്നു (ശാഖാ യോഗങ്ങൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ) എന്നു സൂക്ഷ്മം നിരീക്ഷിക്കുന്ന എന്നെ പോലെയുള്ള അഭ്യുദയകാംക്ഷികൾ നമുക്കിടയിലേറെയുണ്ട്. അതിനാൽ പക്വമായ തീരുമാനങ്ങൾ പോരാ - പരിപക്വമായ സംഘടനാ പ്രവർത്തനങ്ങൾക്കനിവാര്യമാണ്. ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഒന്നു മറ്റേതിന്റെ പ്രവർത്തനത്തെ പ്രബലീകരിക്കുന്ന ഒരു പ്രതിഭാസമുണ്ട് (സിനർജി)- ആ എനർജി ഇനിയും നമ്മുടെ സംഘടനക്കു കൈവരേണ്ടിയിരിക്കുന്നു. ഘടകങ്ങൾ ചേർന്നു പൂർണ്ണമായി പ്രവർത്തിക്കുന്ന സ്വരൈക്യം നേടിയെടുക്കാൻ ഏതു തലത്തിൽ തുടങ്ങണം എന്ന് തീരുമാനിക്കേണ്ടയിരിക്കുന്നു.

മികവും ചൈതന്യവുമുള്ള ഒരു പ്രസ്ഥാനം വളരാനും മഹിതലക്ഷ്യങ്ങൾ സഫലമാക്കാനുമുള്ള കാഴ്ചപ്പാടും, കർമ്മശേഷിയും ആർജ്ജിക്കണം.

അസമത്വങ്ങളോടു എതിരിടാനുള്ള ധൈര്യം നമ്മുടെ സമൂഹത്തിനുണ്ടാകേണ്ടിയിരിക്കുന്നു. പടപൊരുതാൻ പാകപ്പെടുത്തുന്ന നേതൃത്വം ഉണ്ടാക്കണം. അണികളെ ആവേശം കൊള്ളിക്കാൻ കഴിവുറ്റ നേതാക്കളുണ്ടാകണം. ദളിത് ശാക്തീകരണം എന്ന ആത്മാർത്ഥമല്ലാത്ത മുദ്രാവാക്യം ഒരു ഭാഗത്ത് - ദളിത് സംഘടനകളുടെ വ്യർത്ഥ പ്രവർത്തനങ്ങൾ മറുഭാഗത്ത് - അതിനൊക്കെ അപ്പുറം ഭീതിജനകമായ ദളിത് തീവ്രവാദം – ഇവയെല്ലാം കൂടി ആശയക്കുഴപ്പത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

പ്രചേദനത്തിന്റെ നീരുറവ ചരിത്രത്തിൽ നിന്നേറ്റു വാങ്ങണം. നീതി നിഷേധങ്ങൾക്കെതിരായ സന്ധിയില്ലാത്ത സമരങ്ങൾക്കു കോപ്പുകൂട്ടണം. സത്യ-അസത്യങ്ങൾ, ധർമ്മ-അധർമ്മങ്ങൾ വകതിരിവോടെ വിലയിരുത്തപ്പെടണം. മത-ഭാഷാ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ച സാമൂഹ്യ അസമത്വം സംവരണം കൊണ്ട് ഉന്മൂലനം ചെയ്യാൻ വിഭാവനം ചെയ്തെങ്കിലും – സംവരണം അട്ടിമറിച്ച് നാമമാത്രമായി നടപ്പിലാക്കിപോകുന്ന ഈ ദു:സ്ഥിതിയെ മാറ്റി മറിക്കാൻ നമുക്കാവണം. ഒരു നിശ്ചയവുമില്ലാ ഒന്നിനും, വളരുമോരോദിശ വന്നപോലെ പോം എന്നു കരുതിയിരിക്കാനിനിയും കഴിയില്ല. സത്യാന്വേഷണ തൽപരതയും, ചരിത്ര പഠന താൽപര്യവും വഴി ദാർശനിക വിജ്ഞാന സമ്പത്തുണ്ടാക്കണം നമ്മൾ. സ്വാഭിമാനമുള്ള സമുദായ സ്നേഹങ്ങളുണ്ടാകണം നമുക്കിടയിൽ. കാലാതീതങ്ങളായ ഉള്ളുണർവ്വിലേക്കു വഴികാട്ടിയവർ മഹാത്മാക്കളായി മാറും. ആ പൂർവ്വസൂരികളെ മനസാ ആയിരം വട്ടം പ്രണമിക്കാൻ നമുക്കാവണം. സ്വജാതിയെ സ്നേഹിക്കാത്തവന് സ്വസമൂഹത്തിൽ സ്ഥാനമുണ്ടാകില്ല. വസ്തുതയും വ്യാഖ്യാനവും ഒന്നാകണം. ജാഗ്രത പുലർത്തേണ്ട കാര്യങ്ങളേറെയുണ്ട്. ആസന്നലക്ഷ്യവും, ആത്യന്തികലക്ഷ്യവും വേർതിരിച്ചെടുത്ത് കൃത്യമായ പദ്ധതികളോട് കൂടി മുന്നേറണം. കൂട്ടുത്തരവാദിത്വങ്ങൾ, വ്യക്തിപരമായി ഉത്തരവാദിത്വങ്ങൾ ഇവയെക്കുറിച്ച് സുവ്യക്ത ധാരണ നമുക്കാവണം. നേതൃത്വപരമായ നീക്കങ്ങൾ നാം മെനഞ്ഞെടുക്കണം. പദ്ധതികൾക്കു കൃത്യമായ കാലപരിധി നിശ്ചയിച്ചു അതിനുള്ളിൽ ലക്ഷ്യം നേടാൻ കഠിനശ്രമം തന്നെ നടത്തേണ്ടിയിരിക്കുന്നു. വരുന്ന 5 വർഷത്തിനുള്ളിൽ ഈ ജനതയെ എവിടെ എത്തിക്കുമെന്ന തെളിഞ്ഞ ചിത്തം ഉണ്ടാകണം. – എല്ലാറ്റിനും പണം ആവശ്യമാണെന്നിരിക്കെ എങ്ങനെ വിഭവ സമാഹരണം നടത്താൻ കഴിയും. സ്വമേധയാ സംഭാവന നൽകാൻ മുന്നോട്ടു വന്ന് സഭയെ പ്രവർത്തന സജ്ജമാക്കണം. നേതൃത്വ പരിശീലനം താഴേത്തട്ടിൽ മുതൽ മുകളറ്റം വരെ നൽകി പ്രവർത്തന സജ്ജരാക്കണം. പദ്ധതി അവലോകനങ്ങൾ - ചിട്ടയായി നടക്കണം. ലക്ഷ്യം കാണാത്തവ ത്വരിതപ്പെടുത്താൻ മറ്റു ശ്രമങ്ങളാരായണം. പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട പ്രവർത്തന മേഖലയെ ഊർജ്ജസ്വലരായ പ്രവർത്തകരെ ഉത്തരവാദിത്വമേൽപ്പിച്ചു പരിഹാര പ്രവർത്തനങ്ങളുണ്ടാവണം. ക്ഷമത വർദ്ധിപ്പിക്കാൻ കൃത്യമായ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കണം.

1920 ആഗസ്റ്റ് 18 ന് ആദ്യമായി കേരളത്തിലെത്തിയ മഹാത്മാഗാന്ധി ഇത്രയേറെ നാളീകേരങ്ങളും ഫലങ്ങളുമുള്ള കേരളത്തിൽ എങ്ങനെ ദാരിദ്ര്യം കുടികൊള്ളുന്നുവെന്ന് അദ്ഭുതപ്പട്ടിട്ടുണ്ട്. നാളീകേരവും നമ്മളുമായുള്ള ബന്ധം കൊണ്ട് ആ മേഖലയിലെ തൊഴിൽ ചെയ്യുന്നവരുടെ കാലികമായ പ്രസക്തി ഓർമ്മിപ്പിച്ചു എന്നുമാത്രം. അയിത്തം കൊണ്ട് ഒരു ഭൂപടം സൃഷ്ടിക്കുകയാണെങ്കിൽ അതിലേറ്റവും കൂടുതൽ കറുപ്പുനിറം കൊടുക്കുന്നത് നമ്മുടെ പഴയ മലബാറിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഹിന്ദുമതത്തിന്റെ തീരാക്കളങ്കമാണ് അയിത്തമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

മഹാത്മാഗാന്ധി (1869) ജനിക്കുന്നതിനും 6 വർഷം മുമ്പു ജനിച്ച മഹാത്മാ അയ്യങ്കാളി (1863), ഗാന്ധിജി ജനിച്ചതിന് 22 വർഷങ്ങൾക്കു ശേഷം ജനിച്ച ഡോ.അംബേദ്കർ (1891), അതിനും 12 വർഷങ്ങൾക്കു ശേഷം ജനിച്ച മഹാത്മാ കുഞ്ഞൻ വെളുമ്പൻ (1903) അതിനും 19 വർഷങ്ങൾക്കു ശേഷം ജനിച്ച കുട്ടപ്പൻ കോയിക്കൽ എന്നിവർ 4000 വർഷത്തെ സാമൂഹ്യ അസമത്വങ്ങളോട് പൊരുതി ജയിക്കാൻ ഇവർ സ്വീകരിച്ച മാർഗ്ഗങ്ങൾ നാം പഠിക്കണം, അവ നമുക്കു പ്രചോദനമാവണം.

1930 ശ്രീ.കുഞ്ഞൻവെളുമ്പൻ ശ്രീമൂലം പ്രജാസഭാംഗമായി ശ്രീ.അയ്യങ്കാളിക്കൊപ്പം, അതേ വർഷം ഒന്നാം വട്ടമേശ സമ്മേളനം രാജ്യത്തെ 1/5 ജനങ്ങളുടെ പ്രതിനിധിയായി. ഡോ.അംബേദ്കർ അതിൽ പ്രസംഗിച്ചു. ഭാരതത്തിലെ അധ:കൃതരെ ന്യൂനപക്ഷമായി അംഗീകരിച്ചു. 1932 സെപ്തംബർ 24-ന് ചരിത്രപ്രസിദ്ധമായ പൂനക്കരാർ നിലവിൽ വന്നു. 1936 നവംബർ 12-ന് ചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരെ പ്രഖ്യാപിച്ചു. ഇത്രയേറെ മാറ്റങ്ങൾക്ക് വിധേയമായിട്ടും നമ്മുടെ കാര്യത്തിൽ കേരളം മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മെച്ചമാണെന്നും കരുതാൻ വയ്യ.

ഓക്സ്ഫോർഡ് പോവർട്ടി ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റിവിന്റേയും ലോക ബാങ്കിന്റെയും കണക്കുകൾ പറയുന്നത് എസ്.സി.എസ്.റ്റി.യിൽ 80% പേർ (ബി.പി.എൽ) ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നു എന്നാണ്. 34 ശതമാനം വരുന്ന ലോകനിരക്ഷരിൽ പകുതിയും എസ്.സി.എസ്.റ്റി ആണെന്നും ഉന്നത വിദ്യാഭ്യാസം വെറും 7 ശതമാനം ആണെന്നും നാം അറിയുക. കോൺഗ്രസ് നേതാവ് ജനാർദ്ദൻ ത്രിവേദി 2014 ഫെബ്രുവരി 4-ന് സവരണം നിർത്താൻ സമയമായി എന്നു പറഞ്ഞതും – സംവരണവും മറ്റു നിയമ സംവിധാനങ്ങളും പിന്നോക്കക്കാർക്ക് ഗുണം ചെയ്യുന്നില്ലെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരൻ ഭുവനേശ്വർ അനുസ്മരണത്തിൽ പറഞ്ഞതും നമ്മൾ വിലയിരുത്തുക. ലേക സമ്പത്തിന്റെ 85 ശതമാനം അനുഭവിക്കുന്നത് മൊത്ത ജനസംഖ്യയിലെ 20 ശതമാനത്തിൽ താഴെ വരുന്ന ജനവിഭാഗമാണ് എന്നതും ബാക്കി 20 ശതമാനം സമ്പത്താണ് 80 ശതമാനത്തിലധികം വരുന്ന സാധാരണ ജനങ്ങൾ അനുഭവിക്കുന്നതെന്ന സത്യവും നമ്മുടെ ഉറക്കം കെടുത്തുന്നില്ലല്ലോ! നമ്മളല്ലാതെ ആരും നമ്മെ രക്ഷിക്കാനില്ല – ആർക്കുമതിനു കഴിയുകയുമില്ല. നാം തന്നെ നമ്മുടെ പാത നടന്നേ പറ്റൂ. എന്റെ പിറകേ നടക്കരുത്, ഞാൻ നയിക്കില്ല. എന്റെ മുന്നിൽ നടക്കരുത്, ഞാൻ പിന്തുടരില്ല. എന്നോടൊപ്പം നടക്കുക, എന്റെ സുഹൃത്തായി എന്നു പറഞ്ഞ അൽബേർ കാമുവിനെ ഒർത്തുകൊണ്ട് തൽക്കാലം വിട.

പോരാട്ടങ്ങൾക്ക് സജ്ജ്മാവുക

[തിരുത്തുക]

യഥാർത്ഥ മണ്ണിന്റെ മക്കൾ പ്രബുദ്ധ കേരളത്തിൽ എവിടെയെത്തി നിൽക്കുന്നു. “കേരള മോഡൽ” എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും ഒരു മേധാവിത്വത്തിന്റെ അഥവാ ഒരു അടിച്ചമർത്തലിന്റെ ചരിത്രം നാം ആരുമറിയാതെ അതിനുള്ളിലൊളിഞ്ഞിരിക്കുന്നു. പിന്നോക്ക വിഭാഗത്തിന് രാഷ്ട്രീയ അവകാശം ലഭിക്കാത്തിടത്തോളം സാമൂഹ്യ അവകാശം ഇല്ലാതാവുകയാണ്. ചരിത്രപരമായ സത്യങ്ങൾ തമസ്ക്കരിക്കപ്പെടുമ്പോൾ നീതി നിഷേധങ്ങളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഈ വിഭാഗത്തിനുണ്ടാകേണ്ടിയിരിക്കുന്നു.

ഏതൊരു സമൂഹത്തിനും അവരുടെ ധീരനായകന്മാരുണ്ടായിരിക്കും. റഷ്യൻ വിപ്ളവത്തിനു മുൻപ് ജന്മിമാരെ വിറളി പിടിപ്പിച്ച ബാലനായ കുഞ്ഞൻവെളുമ്പൻ 1910 മുതൽ അതായത് അദ്ദേഹത്തിന്റെ 7-ാം വയസ്സു മുതൽ നടത്തിയ പോരാട്ടങ്ങൾ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. സംഭവബഹുലമായ ബാല്യവും യൗവ്വനവും, വിദ്യാഭ്യാസത്തിനായുള്ള വലിയ പോരാട്ടങ്ങളും നിറഞ്ഞ കാലം. തിരുവിതാംകൂറിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും നേരിട്ട് എത്തുകയും ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും അണിചേർക്കാനുമുള്ള ത്യാഗപൂർണ്ണമായ ശ്രമങ്ങൾ പുതുതലമുറയ്ക്ക് മഹത്തായ മാതൃക തന്നെയാണ്. അയിത്തം കൽപ്പിച്ച് അകറ്റി നിർത്തപ്പെട്ട തന്റെ സഹോദരങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്തുവാനും കുഞ്ഞൻ വെളുമ്പനും കൂട്ടരും നടത്തിയ ശ്രമങ്ങൾ, അതിന്റെ മഹത്വവും അതിനുവേണ്ടി വന്ന സഹനങ്ങളും മനസ്സിലാക്കാനും പുതുതലമുറയിലേക്ക് പകർത്തിയെടുക്കുവാനും നമ്മൾ ശ്രദ്ധിക്കണം.

കുഞ്ഞൻ വെളുമ്പനെ സംബന്ധിച്ചിടത്തോളം ഹൈന്ദവധർമ്മത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുന്ന ദുരാചാരമായിരുന്നു അയിത്തം. തിരുവിതാംകൂറിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ചുറ്റി സഞ്ചരിച്ച് സ്വന്തം സമുദായാംഗങ്ങളുടെ നിർഭാഗ്യ അവസ്ഥയെ കണ്ടറിയുവാനും അതിനെതിരെ ആത്മാഭിമാനവും ബുദ്ധിവൈഭവവുമുള്ള അദ്ദേഹത്തിലുണർന്ന ക്രോധവും പകയും ആത്മാവിലലിയിച്ച് സമാധാനത്തിന്റെ ദൈവദൂതനെ പോലെ നടത്തിയ പ്രചാരവേലകൾ അദ്ദേഹത്തെ പ്രവാചകതുല്യനാക്കി. ആത്മാവിലാളിപ്പടർന്ന തീപ്പന്തം ഏറ്റുവാങ്ങാൻ സ്വന്തം സമൂഹം തയ്യാറാകാതെ വന്നപ്പോൾ ആ ചൂടിൽ സ്വയം ഉരുകുകയായിരുന്നു അദ്ദേഹം. 1930-ൽ 27 വയസ്സിൽ ശ്രീമൂലം പ്രജാസഭയിൽ എത്തുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ സാമൂഹ്യ ബഹിഷ്ക്കരണത്തിനെതിരെ നിയമനിർമ്മാണത്തിന് ശ്രമിക്കുകയായിരുന്നു ആദ്യത്തെ വട്ടമേശസമ്മേളനത്തിൽ ഡോ.അംബേദ്കർ ചെയ്ത്. എന്നാൽ 27 വയസ്സു വരെ കുഞ്ഞൻവെളുമ്പൻ നമ്മുടെ നാട്ടിൽ നടത്തിയ പോരാട്ടങ്ങൾ വേണ്ട വിധം വിലയിരുത്തപ്പെടാൻ നമുക്കുപോലും കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് അദേദഹം പ്രജാസഭയിലെത്തിയത്. പിന്നീട് ഈ വിഭാഗങ്ങളിലിരുന്ന പ്രതിഭാശാലികൾ ഉണ്ടായിട്ടില്ലയോ? കുഞ്ഞൻവെളുമ്പന്റെ ആത്മാവിലെ അഗ്നിജ്വാലയെ പകർന്ന്, വരും തലമുറയിൽ എത്തിക്കുവാനുള്ള ശ്രമമാണ് കെ.കെ.കോയിക്കൽ എക്സ്.എം.എൽ.എ നടത്തിയത്. കുഞ്ഞൻവെളുമ്പൻ എന്നും കോയിക്കലിന് മഹാദ്ഭുതവും മഹാപ്രതിഭാസവുമായിരുന്നു.

17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അതിനു മുമ്പും കീഴാളജാതികൾ.......ദശലക്ഷക്കണക്കിനു വരുന്ന ദളിതർ ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും മതപരിവർത്തനം ചെയ്യപ്പെട്ടു. നൂറു കോടിയിലധികം വരുന്ന ജനങ്ങളുള്ള ഈ രാജ്യത്ത് 800 ദശലക്ഷം പേർ 20 രൂപയിൽ താഴെ തുക കൊണ്ട് ഒരു ദിവസം കഴിക്കുന്നു. ജി.ഡി.പി (GDP)  25 ശതമാനത്തിലധികം സമ്പത്തിനെ ഒരു നൂറ് ഇന്ത്യാക്കാർ ഉടമസ്ഥരായിരിക്കുന്നു. ഈ വലിയ കോർപ്പറേറ്റുകളെ നോക്കൂ. റിലയൻസ്, ആദാനി, ഷാംഗവി, മിത്തൽ എന്നീ കോർപ്പറേറ്റുകളാണ് സമ്പത്തു നിയന്ത്രിക്കുന്നത്. ജനസംഖ്യയുടെ 2.7 ശതമാനം വരുന്ന ബിനാമികളാണ് യഥാർത്ഥത്തിൽ ഇന്ന് സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നത്. മാധ്യമലോകം ഇവരുടെ ഉടമസ്ഥതയിലും; ബ്രാഹ്മണരുടെ അഥവാ സവർണരുടെ നിയന്ത്രണത്തിലും.

ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഓരോ 16 മിനിട്ടിലും ഒരു ദളിതൻ ഒരു ദളിതനല്ലാത്തവനാൽ ആക്രമിക്കപ്പെടുന്നു. ഒരോ ദിസവും നാല് ദളിത് സ്ത്രീകൾ മാനഭംഗം ചെയ്യപ്പെടുന്നു. ഒരോ ആഴ്ചയും 13 ദളിതകൾ കൊല്ലപ്പെടുന്നു. കണക്കുകൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. ഈ വസ്തുത ഞങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. പക്ഷെ, പ്രതികരിക്കാൻ പോലും ശേഷിയില്ലാത്തവരായി നാം മാറുകയാണോ?

1942 ൽ നടന്ന അയിത്ത ജാതിക്കാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അവരുടെ രാഷ്ട്രീയ അവകാശങ്ങൾ മുന്നോട്ടു വയ്ക്കുന്ന ചില പ്രമേയങ്ങൾ പാസ്സാക്കുകയുണ്ടായി. പട്ടികജാതിക്കാരായ നിയമസഭാ സമാജികരിൽ നിന്നും പ്രവിശ്യകളിലെ കാബിനറ്റ് മന്ത്രിമാരെ നാമനിർദ്ദേശം ചെയ്യുക എന്ന പ്രമേയം ഇന്നും ഈ 74 വർഷങ്ങൾക്കു ശേഷവും നടപ്പിലാക്കാതെ നിലകൊള്ളുന്നു.

സംവരണം യഥാർത്ഥ പട്ടികജാതിക്കാരനു തന്നെ കിട്ടുന്നുവോ? 2007 ലെ ഭേദഗതിയിലൂടെ മലബാറിലെ തീയ്യ-തണ്ടാനെ പട്ടിക ജാതി ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാനായി നടത്തേണ്ടി വന്ന കേസുകൾ..... അതിന്റെ നിജസ്ഥിതി തന്നെ നമ്മളിൽ പലർക്കും അറിയില്ലത്രേ.

വഴി നടക്കാനും, തുണിയുടുക്കാനും, അക്ഷരം പഠിക്കുവാനും അവസരം നിഷേധിച്ചിരുന്ന കാലത്ത് യാതൊരു ഒത്തുതീർപ്പുമില്ലാതെ പെരുതിയവർ..... അവർ നയിച്ച സമരപോരാട്ടങ്ങൾ അവയൊക്കെയും ആ നേതാക്കളെ ഋഷിതുല്യരായ പോരാളികളാക്കി മാറ്റി. ഏതാണ്ട് 30 ലക്ഷത്തോളം വരുന്ന പട്ടികജാതിക്കാരുടെ സംവരണം 0.6 ശതമാനം വരുന്ന മുന്നോക്ക ജാതിക്കാർ തട്ടിയെടുക്കുന്നുവെന്ന യാഥാർത്ഥ്യം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പെതുജനങ്ങളും സർക്കാരും കണ്ടില്ലെന്നു നടിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിൽ പട്ടികജാതി വോട്ടു നിർണായകമാകുന്ന സ്ഥലങ്ങൾ ബോധ്യപ്പെടുത്തുവാനും കഴിയണം. 7685 സ്വകാര്യ കോളേജ് അദ്ധ്യാപകർക്കും, 104052 സ്കൂൾ അദ്ധ്യാപകർക്കും ശമ്പളം സംസ്ഥാന പൊതുഖജനാവിൽ നിന്നും കൊടുക്കുമ്പോൾ ഈ മേഖലയിൽ പട്ടികജാതിക്കാർ ആരും തന്നെ ജോലിയിൽ എത്തുന്നില്ല. കേന്ദ്രസർക്കാർ വ്യക്തമായ നിർദ്ദേശം സംസ്ഥാന സർക്കാരുകൾക്കു നൽകിയിട്ടുണ്ടെങ്കിലും ഇന്നുവരെ പരിഹാരം ഉണ്ടായിട്ടില്ല. ഇതിനെതിരെയുള്ള പോരാട്ടങ്ങൾക്കു കോപ്പു കൂട്ടുവാൻ നമുക്കാകണം.

ആദ്യകാലം

[തിരുത്തുക]

കായംകുളം പുതുപ്പള്ളി ചങ്കാഴിത്തറയിലാണ് ഇദ്ദേഹം ജനിച്ചത്. ഇന്നത്തെ പുതുപ്പള്ളി വടക്ക് ഗവ:യു.പി സ്ക്കൂളിൽ നാലാം ക്ലാസ് വരെ പഠിച്ച ഇദ്ദേഹം ഇംഗ്ളീഷ് പഠിക്കുന്നതിനായി പിന്നീട് കായംകുളം ഇംഗ്ളീഷ് സ്ക്കൂളിൽ ചേർന്നു. പഠിക്കാനായി സ്ക്കൂളിലേക്ക് പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ തലയിൽ ഉന്നതജാതിക്കാർ ചാണകം കലക്കി ഒഴിക്കുകയും. ഇതിൽ പ്രതിഷേധ യോഗം നടക്കുകയും ചെയ്തിരുന്നു. സ്ക്കൂൾ ഫൈനൽ പാസായ ഇദ്ദേഹം പിന്നീട് അഖില തിരുവിതാംകൂർ തണ്ടാർ മഹാജനസഭ സ്ഥാപിച്ചു.[1]

ശേഷിപ്പുകൾ

[തിരുത്തുക]

പുതുപ്പള്ളിയിൽ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി കുഞ്ഞൻ വെളുമ്പൻ സ്മൃതിസ്ഥാനം[2] സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. കേരള. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 14. {{cite web}}: Check date values in: |accessdate= (help)
  2. "പട്ടികജാതി സമരസമിതി എം.എൽ.എ. മാരുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും". മംഗളം. 2013 ഫെബ്രുവരി 7. Archived from the original on 2013-08-14. Retrieved 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_വെളുമ്പൻ&oldid=3775628" എന്ന താളിൽനിന്ന് ശേഖരിച്ചത്