അന്ത്യോഖ്യ
തുർക്കിയിലെ ഹാതായ് പ്രവിശ്യയുടെ തലസ്ഥാനമാണ് അന്ത്യോഖ്യ അഥവാ അന്താക്കിയ (ഇംഗ്ലീഷ്: Antioch). ഹതായ് എന്നും ഇത് അറിയപ്പെടുന്നു.
360 10' വടക്ക്, 360 കിഴക്ക് സിറിയൻ അതിർത്തിയോടടുത്ത്, ഓറോൻടിസ് നദിയുടെ കിഴക്കേകരയിൽ ഹബീബ്-നെക്കാർ പർവതത്തിന്റെ താഴ്വാരത്തിൽ, മെഡിറ്ററേനിയൻ തീരത്തുനിന്ന് 32 കിലോമീറ്റർ ഉള്ളിലായാണ് നഗരം സ്ഥിതിചെയ്യുന്നത്. നഗരത്തിൽനിന്നും മെഡിറ്ററേനിയനിലേക്ക് ശരിക്കു യാത്രാമാർഗങ്ങളില്ല. നഗരത്തിനു കിഴക്കും വടക്കും വിസ്തൃതമായ സമതലപ്രദേശങ്ങളുണ്ട്. തെക്കു ഭാഗത്തുള്ള മലനിരകളിലെ സിറിയൻ കവാടം (Syrian Gate) എന്നറിയപ്പെടുന്ന ബെലൻ മലമ്പാതയാണ് ഏഷ്യാമൈനറിനേയും മെസപ്പോട്ടേമിയേയും ബന്ധിപ്പിക്കുന്ന ഏകയാത്രാപഥം. അന്താരാഷ്ട്രപ്രാധാന്യമുള്ള ഒരു ഗതാഗതമാർഗ്ഗമാണിത്.
ഭൂകമ്പമേഖല
[തിരുത്തുക]ഭൂകമ്പമേഖലയാണ് അന്ത്യോഖ്യ. എ.ഡി. 526-ലുണ്ടായ ഭൂചലനംമൂലം നഗരം ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. റോമന്‍-പേർഷ്യൻ മാതൃകയിലുള്ള കരിങ്കല്ലു കെട്ടിടങ്ങളും വളഞ്ഞു വീതികുറഞ്ഞ നിരത്തുകളും ഇവിടെകാണാം. ഓറോൻടിസ് നദിയുടെ പടിഞ്ഞാറേ കരയിലേക്കും നഗരം വ്യാപിച്ചിട്ടുണ്ട്. നിർമ്മലമായ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
വാണിജ്യപ്രാധാന്യമുള്ള ഈ നഗരം ഗോതമ്പ്, പഞ്ഞി, ഫലവർഗങ്ങൾ എന്നിവയുടെ വിപണനകേന്ദ്രമാണ്. വീഞ്ഞ്, സോപ്പ്, ഒലീവെണ്ണ, പട്ട്, തുകൽസാധനങ്ങൾ തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. തുർക്കിയുടെ വടക്കൻതീരത്തെ നഗരങ്ങളേയും കിഴക്കേ ആലപ്പോയേയും സിറിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അന്ത്യോഖ്യയിൽ സന്ധിക്കുന്നു. നഗരത്തിനു തെക്കുള്ള ഡാഫ്നെ നദിയുടെ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു.
ചരിത്രം
[തിരുത്തുക]സിറിയയിലെ ഗ്രീക്കു രാജാക്കന്മാരുടെ തലസ്ഥാനനഗരിയെന്ന നിലയ്ക്ക് ചരിത്രപ്രസിദ്ധമാണ് അന്ത്യോഖ്യ. സെല്യൂക്കസ് നിക്കേറ്റർ ബി.സി. 300-ൽ തന്റെ പിതാവായ അന്ത്യോക്കസിന്റെ സ്മാരകമായി ഈ നഗരം നിർമിച്ചു. പിന്നീട് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. വളരെക്കാലത്തോളം റോമിനോട് കിടപിടിക്കത്തക്കവിധത്തിൽ മനോഹരവും ശക്തവുമായിരുന്ന ഈ ഈ നഗരം റോമാ സാമ്രാജ്യത്തിന്റെ കിഴക്ക് മഹാപ്രവിശ്യയുടെ തലസ്ഥാനമായി നൂറ്റാണ്ടുകളോളം നിലകൊണ്ടു. അതുകൊണ്ട് പൂർവദേശത്തെ രാജ്ഞി എന്നു വിളിപ്പേര് ഈ നഗരത്തിന് കൈവന്നു.
അന്റിഗോണിയയിൽനിന്ന് വന്നവരായിരുന്നു നഗരത്തിലെ ആദ്യകാലനിവാസികൾ. ബൈബിളിലെ പുതിയനിയമത്തിൽ അന്ത്യോഖ്യ പരാമർശിക്കപ്പെടുന്നുണ്ട്. ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു. ക്രിസ്തുവിന്റെ അനുയായികൾക്ക് ക്രിസ്ത്യാനികൾ എന്ന സംജ്ഞ കിട്ടിയത് ഇവിടെവച്ചാണ്. ക്രൈസ്തവ മിഷനറി പ്രവർത്തനത്തിന്റെ സിരാകേന്ദ്രമെന്ന നിലയ്ക്ക് പ്രശസ്തിയാർജിച്ച ഈ നഗരത്തെ എ.ഡി. 538-ൽ പേർഷ്യാക്കാർ ആക്രമിച്ചു നശിപ്പിച്ചു. എ.ഡി. 638-ൽ അറബികളുടെ കൈവശമായതോടെ നഗരം ക്ഷയിക്കാൻ തുടങ്ങി. വീണ്ടും ക്രിസ്ത്യാനികളുടേതായിത്തീർന്ന അന്ത്യോഖ്യ 1098 മുതൽ 1268 വരെ പ്രൌഢിയോടെ നിലനിന്നു. പിന്നീട് ഈജിപ്തിലെ ബിബർസ് I-ആമന്റെ അധീനത്തിലായതോടെ ഇതിന്റെ പുരോഗതി മന്ദീഭവിച്ചു. 1401-ൽ ടൈമൂർ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബെർട്രണ്ടൻദെലാബ്രോക്വായർ എന്ന സഞ്ചാരി 1432-ൽ ഇവിടം സന്ദർശിക്കുമ്പോൾ 300 വീടുകളെ ഉണ്ടായിരുന്നുള്ളുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തുർക്കി സുൽത്താനായ സലിം I (1470-1520) 1516-ൽ അന്ത്യോഖ്യ ആക്രമിച്ച് ഒട്ടോമൻ (ഉസ്മാനിയാ) സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ഒന്നാം ലോകയുദ്ധംവരെ ഈ സ്ഥിതിയിലായിരുന്നു. പിന്നീട് നഗരം ഫ്രഞ്ച് മാൻഡേറ്റിന്റെ കീഴിൽ സിറിയയുടേതായി. ടർക്കോ-ഫ്രഞ്ച് കരാറിന്റെ ഫലമായി 1939 ജൂൺ 23-ന് അന്ത്യോഖ്യ തുർക്കിയുടെ ഭാഗമായി.
ക്രൈസ്തവ സഭാചരിത്രത്തിൽ സുന്നഹദോസുകൾക്ക് പ്രസിദ്ധി കേട്ടതാണിവിടം. മറൊനൈറ്റ്, മെൽക്കൈറ്റ്, യാക്കോബൈറ്റ് എന്നീ മതവിഭാഗങ്ങളിലെ മൂന്നു പാത്രിയർക്കീസ്മാരെ കൂടാതെ ഗ്രീക്ക് പാത്രിയർക്കീസും, സിറിയൻ പാത്രിയർക്കീസും അന്ത്യോഖ്യയിലുണ്ട് : അപ്പോസ്തലനായ പൗലോസ് ഇവിടം കേന്ദ്രമാക്കിയാണ് സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എ.ഡി. 4-ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഇരുപത്തൊന്നോളം പള്ളികളുടെ അവശിഷ്ടങ്ങൾ അന്ത്യോഖ്യയിൽനിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- http://www.ci.antioch.ca.us/
- http://www.newadvent.org/cathen/01570a.htm
- http://fmg.ac/Projects/MedLands/ANTIOCH.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ത്യോഖ്യ (അന്റാക്കിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |