പാത്രിയർക്കീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു റോമാ സാമ്രാജ്യത്തിൽ ഉദയം ചെയ്ത ഓർത്തഡോക്സ്‌ സഭകളുടെയും പൗരസ്ത്യ കത്തോലിക്കാ സഭകളുടെയും തലവന്മാരുടെ സ്ഥാനനാമം. മുൻപ് കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയുടെ വിശേഷണങ്ങളുടെ പട്ടികയിൽ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ് എന്നു ചേർത്തിരുന്നുവെങ്കിലും ഇപ്പോൾ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിച്ചു കാണുന്നില്ല. എന്നാൽ റോമിന്റെ പാത്രിയർക്കീസ് എന്ന് മാർപ്പാപ്പയെ വിശേഷിപ്പിക്കാറുണ്ട്. കൂടാതെ റോമൻ കത്തോലിക്കാ സഭയിൽ ഇന്ത്യയുടെ പാത്രിയർക്കീസ്[1] എന്ന സ്ഥാനവും മറ്റു ചില പാത്രിയാർക്കൽ പദവികളും കൂടിയുണ്ട്.

വാക്കിന്റെ അർത്ഥം[തിരുത്തുക]

പ്രധാന പിതാവ് എന്നർത്ഥം വരുന്ന പാത്രിയർക്കീസ് പാറ്റ്റീ (പിതാവ്), ആർക്കീസ് (ഭരണാധികാരി) എന്ന രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഉണ്ടായത്. ഒരു കുടുംബത്തിന്റെയോ, വംശത്തിന്റെയോ, ദേശീയ സഭയുടെയോ നേതൃത്വം വഹിക്കുന്ന ആൾ എന്നു വിവക്ഷ. അഞ്ചാം നൂറ്റാണ്ട് മുതലാണ് ക്രിസ്തീയ സഭാ തലവന്മാരെ ഇപ്പേരിൽ വിളിക്കാൻ തുടങ്ങിയത്.

ചരിത്രം[തിരുത്തുക]

ക്രൈസ്തവസഭയിലെ സ്വാധീനശക്തിയേറിയ എപ്പിസ്കോപ്പ (ബിഷപ്പ്)മാർക്ക് മറ്റ് എപ്പിസ്കോപ്പമാർക്ക് മീതേ ചില അധികാരങ്ങളും മുൻഗണനയും ലഭിച്ചു. അവരെ മെത്രാപ്പോലീത്തമാർ (Archbishop) എന്ന് വിളിച്ചുവന്നു. അവരിൽനിന്ന് പട്ടണങ്ങളുടെ പൗരാണികത, രാഷ്ട്രീയ പ്രാധാന്യം, സഭയുടെ അതിപുരാതന പാരമ്പര്യം തുടങ്ങിയ പരിഗണനകൾ വെച്ചു കൊണ്ട് ചില മെത്രാപ്പോലീത്തമാർക്ക് കൂടുതൽ മുൻഗണന ലഭിച്ചു. ആദിമ കാലങ്ങളിൽ ഇവരെ "പ്രധാന മെത്രാപ്പോലിത്ത" അഥവാ "ശ്രേഷ്ഠ മെത്രാപ്പോലീത്ത" (Grand Metropolitan or Major Archbishop) എന്നു വിളിച്ചിരുന്നു. ക്രി പി 325-ലെ നിഖ്യാ സുന്നഹദോസുവരെ റോം, അന്ത്യോക്യ എന്നീ സ്ഥലങ്ങളിലെ ശ്രേഷ്ഠ മെത്രാപ്പോലിത്തമാർക്ക് പ്രധാനപ്പെട്ട സ്ഥാനം നൽകിവന്നു. നിഖ്യാ സൂനഹദോസിൽവെച്ച് അലക്സാണ്ട്രിയയിലെ മെത്രാപ്പോലീത്തയേയും ശ്രേഷ്ഠ മെത്രാപ്പോലീത്തയായി പരിഗണിക്കാൻ ആരംഭിച്ചു.[2][3][4] ഇതോടൊപ്പം ജറുസലേം, കോൺസ്റ്റാന്റിനോപ്പിൾ എന്നിവിടങ്ങളിലെ എപ്പിസ്കോപ്പാമാരെ മെത്രാപ്പോലീത്തമാരായി ഉയർത്തി. പിന്നീട് 381-ലെ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസ് കോൺസ്റ്റാന്റിനോപ്പിൾ മെത്രാപ്പോലിത്തയ്ക്കും 451-ലെ കൽക്കെദോൻ സുന്നഹദോസ് യെരുശലേമിലെ മെത്രാപ്പോലിത്തയ്ക്കും ശ്രേഷ്ഠ മെത്രാപ്പോലീത്താ സ്ഥാനം നൽകി. മേൽപ്പറഞ്ഞ ശ്രേഷ്ഠ മെത്രാപ്പോലീത്താ സ്ഥാനങ്ങൾക്ക് പാത്രിയർക്കീസ് എന്ന പുതിയ പേര് നൽകിയത് കാൽക്കെദോൻ സൂനഹദോസിന് ശേഷം റോമാ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയനാണ്. കാലക്രമേണ റോമിലെ പാത്രിയർക്കാ സ്ഥാനം "പാപ്പാ" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ഇതുകൂടാതെ, റോമാ സാമ്രാജ്യത്തിന് പുറത്ത് രൂപപ്പെട്ട കിഴക്കിന്റെ സഭയും തങ്ങളുടെ സഭയുടെ പരാമാധ്യക്ഷനെ പാത്രിയർക്കീസ് എന്ന് വിളിക്കുന്നു. ഈ സഭയുടെ അധ്യക്ഷൻ 280 മുതൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അറിയപ്പെടുന്നു.[5] റോമാ സാമ്രാജ്യത്തിൽ ഉടലെടുത്ത 'പാത്രിയർക്കീസ്' എന്ന പദവി പിൽക്കാലത്ത് സ്വീകരിക്കുകയാണുണ്ടായത്.[6][7]

ഇതുകൂടാതെ റോമൻ കത്തോലിക്കാ സഭയിലെ ഗോവ[അവലംബം ആവശ്യമാണ്][1], ലിസ്ബൺ, വെനീസ്, ജറുസലേം, വെസ്റ്റ് ഇൻഡീസ് മുതലായ സ്ഥലങ്ങളിലെ മെത്രാപ്പോലീത്തമാർക്കും പാത്രിയർക്കീസുമാർ എന്ന പദവിയുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Benigni (1886).
  2. First Council of Nicæa. "Canon 6". The First Council of Nicæa. ശേഖരിച്ചത് 22 June 2016.
  3. von Hefele, Karl (1855). Conciliengeschichte, v. 1. Freiburg im Breisgau, Baden-Württemberg, Germany: Herder. p. 373.
  4. Loughlin 1880
  5. Wigram 1910, p. 42-44.
  6. Burleson & Rompay 2011, p. 481-491.
  7. Wilmshurst 2019, p. 799–805.
"https://ml.wikipedia.org/w/index.php?title=പാത്രിയർക്കീസ്&oldid=3572208" എന്ന താളിൽനിന്ന് ശേഖരിച്ചത്