ആലവട്ടം
മയിൽപീലികൾ, വിവിധവർണത്തിലുള്ള കടലാസുകള്‍, ചിപ്പികൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച വിശറിയാണ് ആലവട്ടം. ബുദ്ധമതക്കാരുടെ സംഭാവനയാണിത്. ഉത്സവങ്ങൾക്കും മറ്റുമാണിന്ന് ഇത് ഉപയോഗിക്കുന്നതെങ്കിലും പഴയകാലത്ത് രാജാക്കന്മാർക്ക് വീശുവാനായാണ് ഉപയോഗിച്ചിരുന്നത്. ആലവട്ടത്തിനോട് ചേർത്ത് ഉപയോഗിക്കുന്ന മറ്റൊന്ന് വെൺചാമരം ആണ്.
പേരിനു പിന്നിൽ
[തിരുത്തുക]സംസ്കൃതത്തിലെ എന്ന പേരിൽ ആലാവർത്ത എന്ന പദത്തിന്റെ ഉത്ഭവമാണ് മലയാളത്തിലെ ആലവട്ടം. ആവട്ട എന്നും ഭേദമുണ്ട്. അർത്ഥം വിശറി എന്നാണ്. [1]
ഉപയോഗം
[തിരുത്തുക]രാജകീയാഡംബരചിഹ്നങ്ങളിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആലവട്ടം, ക്ഷേത്രോത്സവങ്ങളിലെ എഴുന്നള്ളിപ്പുകൾക്കും പതിവായി ഉപയോഗിച്ചുവരുന്നു. ആനപ്പുറത്ത് ക്ഷേത്രമൂർത്തിയുടെ ആലംകൃതമായ കോലങ്ങൾക്കു പിന്നിൽ മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയോടുകൂടിയാണ് എഴുന്നള്ളിപ്പുകൾ നടത്തപ്പെടുന്നത്. കോലം-വഹിക്കുന്ന ആന ഒന്നേ ഉള്ളെങ്കിലും അകമ്പടിസേവിക്കുന്ന ഓരോആനയുടെ പുറത്തും കുടയും വെഞ്ചാമരങ്ങളും ആലവട്ടങ്ങളും കാണും. വർണ്ണാഭമായ കൈപ്പിടിയോടുകൂടി ഏതാണ്ട് ഒരടിയിൽ കുറയാത്ത വ്യാസം വരുന്ന വൃത്താകൃതിയിലുള്ള ആലവട്ടങ്ങളാണ് സാധാരണ ഈ ആവശ്യത്തിന് ഉപയോഗിച്ചു വരുന്നത്.
സാഹിത്യത്തിൽ
[തിരുത്തുക]കഥകളിയിൽ കത്തിവേഷങ്ങളുടെ തിരനോട്ടത്തിന് കഴുത്തിന് ഇരുപുറവുമായി (ഒരാൾ പിന്നിൽ മറഞ്ഞു നിന്നു കൊണ്ട്) പിടിക്കുന്ന ആലവട്ടങ്ങളുടെ വ്യാസം കുറേക്കൂടി ചെറുതായിരിക്കും.
- ആലവട്ടം, കുട, തഴയെന്നിയേ
- ശേഷിച്ചില്ലൊന്നും ഭൂപന് - എന്ന് രാമായണം ഇരുപത്തിനാലു വൃത്തത്തിൽ രാജകീയ ചിഹ്നമെന്നുള്ള നിലയിലും.,
- വഹിപ്പിനാലവട്ടം കൈവിളക്കും ചാമരജാലം - എന്ന് ലങ്കാമർദനം തുള്ളലിൽ (രാവണന്റെ) എഴുന്നള്ളത്തിനുള്ള ആഡംബരോപകരണമെന്നമെന്നനിലയിലും ആലവട്ടത്തിൻറെ ഉപയോഗം പ്രകീർത്തിതമായിട്ടുണ്ട്. പല സാഹിത്യകൃതികളിലും രാജകീയ പ്രതാപത്തെപ്പറ്റി വർണിക്കുന്ന ഭാഗങ്ങളിലെല്ലാം ആലവട്ടത്തിനും സ്ഥാനം നൽകിയിട്ടുള്ളതായി കാണാം[2].
അവലംബം
[തിരുത്തുക]- ↑ M. Williams, Monier (1899). A Sanskrit English Dictionary. New Delhi: Motilal Banarsidass. ISBN 81-208-0065-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ മലയാളം സർവവിജ്ഞാനകോശം വാല്യം 3 പേജ് 351: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് EP Tvm
ചിത്രങ്ങൾ
[തിരുത്തുക]-
കോലവും ആലവട്ടവും - കൂടൽമാണിക്യ ക്ഷേത്രത്തിലെ പണിപ്പുരയിൽ
-
ആലവട്ടവും വെൺചാമരവും ചിത്രത്തിൽ കാണാം