അബ്രഹാമിക മതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abrahamic religions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇബ്രഹാമികമതങ്ങളുടെ പ്രതീകങ്ങൾ: മുകളിൽ യഹൂദമത പ്രതീകമായ ദാവീദിന്റെ നക്ഷത്രം, ക്രിസ്തുമതത്തെ സൂചിപ്പിക്കുന്ന കുരിശ് ഇടതുവശത്ത്, അറബി ഭാഷയിലെ 'അള്ളാഹു' എന്ന ദൈവനാമത്തിന്റെ ചിത്രലിഖിതം വലത്ത്

അബ്രഹാമിൽ നിന്ന് ഉല്പത്തി അവകാശപ്പെടുകയോ[1] അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ആദ്ധ്യാത്മികപാരമ്പര്യത്തെ അംഗീകരിക്കുകയോ[2] ചെയ്യുന്ന ഏകദൈവവിശ്വാസാധിഷ്ഠിതമായ മതപാരമ്പര്യങ്ങളാണ് അബ്രഹാമിക മതങ്ങൾ. തുടക്കത്തിന്റെ കാലക്രമത്തിൽ മൂന്നു പ്രധാന അബ്രഹാമിക മതങ്ങൾ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയാണ്.

മതങ്ങളുടെ താരതമ്യപഠനത്തിൽ പരിഗണിക്കപ്പെടുന്ന മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണിത്. ഭാരതീയ ധാർമ്മികപാരമ്പര്യം, കിഴക്കൻ ഏഷ്യയിലെ താവോധാർമ്മികത എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങൾ. ലോകജനതയിൽ 54 ശതമാനത്തോളം അബ്രഹാമിക ധാർമ്മികപാരമ്പര്യം അവകാശപ്പെടുന്നതായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു കണക്ക് സൂചിപ്പിച്ചു.[3][4]

തുടക്കം[തിരുത്തുക]

യഹൂദമതം അബ്രഹാമിന്റെ പേരക്കിടാവ് യാക്കോബിന്റെ പിന്തുടർച്ചക്കാരുടെ മതമായി സ്വയം കരുതുന്നു. യാക്കോബിന് ഇസ്രായേൽ എന്നും പേരുണ്ട്. ഈ പേര് ദൈവം അയാൾക്കു നൽകിയതാണെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ ഏകത്വത്തിലുള്ള കണിശമായ വിശ്വാസം യഹൂദമതത്തിൽ പ്രധാനമാണ്. ആ മതത്തിലെ എല്ലാ പാരമ്പര്യശാഖകളും എബ്രായബൈബിളിന്റെ മസോറട്ടിക് പാഠത്തെ അതിന്റെ അടിസ്ഥാനലിഖിതവും വാചികനിയമത്തെ ആ ലിഖിതത്തിന്റെ വിശദീകരണവും ആയി കരുതുന്നു.

യഹൂദമതത്തിലെ ഒരു വിശ്വാസധാര എന്ന നിലയിൽ മദ്ധ്യധരണി പ്രദേശത്തെ നഗരങ്ങളായ യെരുശലേം, റോം, അലക്സാണ്ട്രിയ, അന്ത്യോഖ്യ, കോറിന്ത് എന്നിവയെ ചുറ്റി ആയിരുന്നു ക്രിസ്തുമതത്തിന്റെ തുടക്കം. അങ്ങനെ റോമാസാമ്രാജ്യത്തിന്റെ മദ്ധ്യഭാഗത്ത് പിറന്ന അത് തുടർന്ന് പാർശ്വഭൂമികളിലേക്കു പടർന്നു. ക്രമേണ ആ മതം, റോമും കോൺസ്റ്റാന്റിനോപ്പിളും കേന്ദ്രീകരിച്ച് പാശ്ചാത്യ-പൗരസ്ത്യ ക്രിസ്തീയതകളായി പിരിഞ്ഞു. ക്രിസ്തുമതത്തിലെ കേന്ദ്രവ്യക്തിത്വം യേശുക്രിസ്തുവാണ്. മിക്കവാറും വിഭാഗങ്ങൾ യേശുവിനെ ത്രിത്വൈകദൈവത്തിലെ രണ്ടാമാളായ ദൈവപുത്രന്റെ മനുഷ്യാവതാരമായി കരുതുന്നു. ക്രിസ്തീയബൈബിളാണ് ക്രിസ്തുമതത്തിലെ വിശ്വാസങ്ങളുടെ മുഖ്യസ്രോതസ്സ്. കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും, സഭാപാരമ്പര്യത്തേയും ബൈബിളിനൊപ്പം മാനിക്കുന്നു.

അറേബ്യയിൽ പിറന്ന ഇസ്ലാം മതത്തിനും ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം പരമപ്രധാനമാണ്. പ്രവാചകന്മാർക്കിടയിൽ മുഹമ്മദിന്റെ പ്രാഥമികതയിൽ വിശ്വസിക്കുന്നെങ്കിലും ഇസ്ലാം അദ്ദേഹത്തിന് ദൈവികത്വം കല്പിക്കുന്നില്ല. മുഹമ്മദിലൂടെ വെളിപ്പെടുത്തപ്പെടുകയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ചര്യകളും വഴി വിശദീകരിക്കപ്പെടുകയും ചെയ്ത വിശുദ്ധ ഖുറാന്റെ അന്തിമമായ ആധികാരികതയിൽ ഇസ്ലാം മതാനുയായികൾ വിശ്വസിക്കുന്നു. ഇസ്ലാമിന്റെ ഷിയാ ധാരയിൽ നിന്നു വേർപിരിഞ്ഞുണ്ടായ ബഹായ്, ദ്രൂസ് മതങ്ങളും അബ്രഹാമിക പാരമ്പര്യം അവകാശപ്പെടുന്നവയാണ്.

അവലംബം[തിരുത്തുക]

  1. "Philosophy of Religion". Encyclopædia Britannica. 2010. മൂലതാളിൽ നിന്നും 2010-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2010.
  2. Smith, Jonathan Z. (1998). "Religion, Religions, Religious". In Taylor, Mark C.. Critical Terms for Religious Studies. University of Chicago Press. pp. 269–284. ISBN 978-0-226-79156-2
  3. Hunter, Preston. "Major Religions of the World Ranked by Number of Adherents". മൂലതാളിൽ നിന്നും 2010-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-28. Archived 2010-01-29 at the Wayback Machine.
  4. Worldwide Adherents of All Religions by Six Continental Areas, Mid-2002. Encyclopædia Britannica. 2002. ശേഖരിച്ചത് 31 May 2006.
"https://ml.wikipedia.org/w/index.php?title=അബ്രഹാമിക_മതങ്ങൾ&oldid=3831919" എന്ന താളിൽനിന്ന് ശേഖരിച്ചത്