ഹെലൻ (ചലച്ചിത്രം)
ഹെലൻ | |
---|---|
![]() ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ | |
സംവിധാനം | മാത്തുക്കുട്ടി സേവ്യർ |
നിർമ്മാണം | വിനീത് ശ്രീനിവാസൻ |
രചന | മാത്തുക്കുട്ടി സേവ്യർ ആൽഫ്രഡ് കുര്യൻ ജോസഫ് നോബിൾ ബാബു തോമസ് |
അഭിനേതാക്കൾ | അന്ന ബെൻ ലാൽ അജു വർഗീസ് റോണി ശ്രീകാന്ത് മുരളി നോബിൾ ബാബു തോമസ് ബിനു പപ്പു രാഘവൻ |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | ആനന്ദ് സി. ചന്ദ്രൻ |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | ഹാബിറ്റ് ഓഫ് ലൈഫ് ബിഗ് ബാങ്ങ് എൻറ്റർടൈൻമെൻസ് |
വിതരണം | ഫൻറ്റാസ്റ്റിക് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 117 മിനിറ്റ് |
2019 നവംബർ 15ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ സർവൈവൽ ത്രില്ലർ ചലച്ചിത്രമാണ് ഹെലൻ (English :Helen). മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത[1] ഈ ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.[2] ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ആനന്ദ് സി. ചന്ദ്രനാണ്. ഈ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ആനന്ദമാണ് ആദ്യത്തെ ചിത്രം.ദി ചിക്കൻ ഹബ്ബ് എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസായാണ് അന്ന ബെൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. ലാൽ, അജു വർഗീസ്, റോണി ഡേവിഡ് രാജ് എന്നിവർക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രം വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൻറ്റാസ്റ്റിക് ഫിലിംസാണ് തീയറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്[3]. ചിത്രത്തിന്റെ ട്രെയിലർ 2019 ഒക്ടോബർ 19ന് പുറത്ത് വന്നു.ത്രില്ലർ സ്വഭാവം പ്രകടമാകുന്ന ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചു.ജാക്ക് ഡാനിയൽ എന്ന ദിലീപ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത ഈ ചിത്രം പ്രദർശനശാലകളിൽ നിന്നും അനുകൂല പ്രതികരണം നേടി.ബോക്സ് ഓഫീസിൽ വിജയം സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു.
കഥാസാരം[തിരുത്തുക]
നഴ്സിംഗ് കഴിഞ്ഞെങ്കിലും വേതനം കുറവായതിനാൽ വിദേശത്തേക്ക് പോകാനുള്ള പരിശ്രമത്തിലാണ് ഹെലൻ(അന്ന ബെൻ). ഇതോടൊപ്പം പാർട്ട് ടൈം ആയി ചിക് ഹബ് എന്ന ഫാസ്റ്റ്ഫുഡ് കൗണ്ടറിലും അവൾ ജോലി ചെയ്യുന്നുണ്ട്. ചെറുപ്പത്തിലേ അമ്മ മരിച്ച ഹെലന് അച്ഛൻ പോൾ(ലാൽ) ആണ് എല്ലാം. ഒപ്പം പപ്പ അറിയാതെ അവൾ കൊണ്ടുനടക്കുന്ന അവളുടെ പ്രണയം അസറും.
കാനഡയിലേക്ക് പോകാനായുള്ള ഇന്റർവ്യൂ വിജയിച്ച്, അങ്ങോട്ട് വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്ത് അവൾ അപ്രതീക്ഷിതമായി ഒരു ട്രാപ്പിൽ അകപ്പെടുന്നു.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
അഭിനേതാക്കൾ[തിരുത്തുക]
- അന്ന ബെൻ...ഹെലെൻ പോൾ
- ലാൽ...പോൾ/ഹെലെൻറ്റെ അച്ഛൻ
- അജു വർഗീസ്...എസ്സ്.ഐ രതീഷ് കുമാർ
- റോണി ഡേവിഡ്...ജയശങ്കർ
- ബിനു പപ്പു...രവിപ്രകാശ്
- ശ്രീകാന്ത് മുരളി...ഡോക്ടർ
- ബോണി മേരി മാത്യു...ലിറ്റു
- വിനീത് ശ്രീനിവാസൻ...കഞ്ചൻ/ സെല്ലിനുള്ളിൽ കിടക്കുന്ന പ്രതി
- ആദിനാട് ശശി...കോൺസ്റ്റബിൾ സുദേവൻ
- കൃഷ്ണ
- തൃശൂർ എൽസി...ദേവമ്മാൾ
- നോബിൾ ബാബു തോമസ്...അസർ
- രാഘവൻ...രാഘവൻ
- ജയരാജ്...മാൾ സെക്യൂരിറ്റി
നിർമ്മാണം[തിരുത്തുക]
ഒരു കൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രമാണിത്.വിനീതിന്റെ സുഹൃത്ത് വലയത്തിലൊന്നുമില്ലാത്ത മാത്തുക്കുട്ടി പൂർണ്ണമായ സ്‌ക്രിപ്ടുമായി വിനീത് ശ്രീനിവാസനെ കാണാനെത്തുകയായിരുന്നു. സ്‌ക്രിപ്ട് ഇഷ്ടമായ വിനീത് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തു. ബാബു തോമസ് ആൽഫ്രഡ് കുര്യൻ ജോസഫുമായി ചേർന്നാണ് മാത്തുക്കുട്ടി തിരക്കഥ എഴുതിയത്.
സംഗീതം[തിരുത്തുക]
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഷാൻ റഹ്മാനാണ്.[2]
1.പൊൻതാരമേ : വിനീത് ശ്രീനിവാസൻ, ദിവ്യ എസ്സ്.മേനോൻ
2.കാണാതീരം : മേഘ ജോസുകുട്ടി
അവലംബം[തിരുത്തുക]
- ↑ http://malayalam.webdunia.com/article/film-gossip-in-malayalam/anna-ben-to-lead-vineeth-sreenivasan-production-helen-119080200029_1.html
- ↑ 2.0 2.1 https://malayalam.indianexpress.com/entertainment/anna-ben-to-be-helen-in-vineeth-sreenivasan-new-movie-283231/
- ↑ https://www.deepika.com/cinema/CinemaNews.aspx?ID=3977