Jump to content

സ്റ്റീഫൻ ഹോക്കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ ഹോക്കിങ്ങ്
സ്റ്റീഫൻ വില്യം ഹോക്കിങ്ങ്
ജനനം(1942-01-08)ജനുവരി 8, 1942
മരണം14 മാർച്ച് 2018(2018-03-14) (പ്രായം 76)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംUniversity of Oxford
കേംബ്രിഡ്ജ് സർവകലാശാല
അറിയപ്പെടുന്നത്തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനം
ക്വാണ്ടം ഭൂഗുരുത്വം
പുരസ്കാരങ്ങൾ Prince of Asturias Award (1989)
Copley Medal (2006)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം
ഭൗതികശാസ്ത്രം
ജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾകേംബ്രിഡ്ജ് സർവകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻDennis Sciama
ഡോക്ടറൽ വിദ്യാർത്ഥികൾBruce Allen
Fay Dowker
Malcolm Perry
Bernard Carr
Gary Gibbons
ഒപ്പ്

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ് (8 ജനുവരി 1942-14 മാർച്ച് 2018). നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു അദ്ദേഹം.[1] കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം[2] എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം' എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം വഹിച്ചിരുന്നു.

നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു.[1] 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അദ്ദേഹം അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.[3][4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കുടുംബം[തിരുത്തുക]

ഇംഗ്ലണ്ടിലെ ഓക്സ്‍ഫോർഡിൽ ഫ്രാങ്ക് (1905-1986), ഇസൊബെൽ ഹോക്കിങ്ങ് (നീ വാക്കർ, 1915-2013) എന്നിവരുടെ ആദ്യ മകനായി 1942 ജനുവരി 8നായിരുന്നു ഹോക്കിങ്ങ് ജനിച്ചത്.[5] അദ്ദേഹത്തിന്റെ മാതാവ് സ്കോട്ട്‍ലന്റ്കാരിയായിരുന്നു.[6] കുടുംബത്തിൽ സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നിട്ടും മാതാപിതാക്കൾ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നു. ഫ്രാങ്ക് അവിടെ വൈദ്യശാസ്ത്രവും ഐസൊബൽ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയും പഠിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചസമയത്ത്, ഒരു വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ വച്ച് ഇരുവരും കണ്ടുമുട്ടി. ഇസൊബെൽ അവിടെ ഒരു സെക്രട്ടറിയായും ഫ്രാങ്ക് ഒരു വൈദ്യശാസ്ത്ര ഗവേഷകനായും ജോലിചെയ്ത് വരികയായിരുന്നു. അവർ ഹൈഗേറ്റിലായിരുന്നു ജീവിച്ചത്; എന്നാൽ ആ സമയത്ത് ലണ്ടനിൽ ബോംബാക്രമണം പതിവായിരുന്നതിനാൽ, ഗർഭിണിയായിരുന്ന ഇസൊബെൽ സുരക്ഷിതമായ പ്രസവത്തിനായി ഓക്സ്ഫോർഡിലേക്ക് പോയി. ഹോക്കിങ്ങിന് ഫിലിപ്പോ, മേരി എന്നീ രണ്ടു ഇളയ സഹോദരിമാരും എഡ്വേർഡ് എന്ന ഒരു ദത്ത് സഹോദരനും ഉണ്ടായിരുന്നു.[7]

സ്കൂൾ വിദ്യാഭ്യാസം[തിരുത്തുക]

പെൺകുട്ടികൾക്കായുള്ള സെന്റ് അൽബൻസ് ഹൈസ്കൂളിന്റെ ചിഹ്നം

ലണ്ടനിലെ ഹൈഗേറ്റിലെ ബൈറോൺ ഹൗസ് സ്കൂളിലായിരുന്നു ഹോക്കിംങിന്റെ സ്കൂൾ പഠനം. സ്കൂളിലായിരിക്കെ വായിക്കാൻ പഠിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് " അദ്ദേഹത്തിന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എട്ട് വയസുകാരനായിരുന്ന ഹോക്കിങ്ങ് സെന്റ്. അൽബാൻസ്സിൽ, പെൺകുട്ടികൾക്കായുള്ള സെന്റ് അൽബൻസ് ഹൈസ്കൂളിൽ ഹോക്കിംങ് ഏതാനും മാസങ്ങൾ പോയിരുന്നു. അക്കാലത്ത് ചെറിയകുട്ടികൾക്ക് ഏത് സ്കൂളിലും പഠിക്കാൻ കഴിയുമായിരുന്നു.[8]

പിന്നീട് ഹാർഡിംഗ് ഹെർട്ട്ഫോർഡ്ഷെയറിലെ റഡേലെറ്റ് ഗ്രാമത്തിലെ ഒരു സ്വതന്ത്ര വിദ്യാലയമായ റഡലെറ്റ് സ്കൂളിൽ ഹാക്കിംങ് ചേർന്നു. 1952 സെപ്തംബർ മുതൽ ഹാർട്ട്ഫോർഡ്ഷയറിലെ സെന്റ് അൽബൻസ് നഗരത്തിലെ ഒരു സ്വകാര്യ വിദ്യാലയമായ സെന്റ് അൽബൻസ് സ്കൂളിൽ നിന്നും ഒരു വർഷം നേരത്തേ തന്നെ ഹോക്കിങ്ങ് ഹയർസെക്കന്ററി വിജയിച്ചു.[5][9] ഉയർന്ന നിലവാരമുണ്ടായിരുന്ന വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ മകനെ ചേർക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, 13 കാരനായിരന്ന ഹോക്കിംങിന് സ്കോളർഷിപ്പ് പരീക്ഷയുടെ ദിവസം അസുഖം ബാധിച്ചു. സ്കോളർഷിപ്പ് വഴിയുള്ള സാമ്പത്തിക സഹായമില്ലാതെ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്കൂൾ ഫീസ് കൊടുക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ഹോക്കിംങ് സെന്റ് അൽബനിൽ താമസിച്ചു.[9] അടുത്ത കൂട്ടുകാരുമായി ബന്ധം പുലർത്താനും, ബോർഡ് ഗെയിമുകൾ, വെടിക്കെട്ട് നിർമ്മാണം, വിമാനത്തിന്റെയും ബോട്ടുകളുടേയും മാതൃകകൾ, ക്രിസ്തുമതം, ആതീന്ദ്രിയജ്ഞാനം എന്നിവ സംബന്ധിച്ച നീണ്ട ചർച്ചകൾ എന്നിവ ആസ്വദിക്കാൻ ഇതിലൂടെ ഹോക്കിംങിന് സാധിച്ചു എന്നതാണ് ഇതുകൊണ്ടുണ്ടായ ഗുണം. 1958 ൽ അവർ ഗണിതശാസ്ത്ര അധ്യാപകനായ ദിക്രൺ തഹ്തയുടെ സഹായത്തോടെ പഴയ ഘടികാരഭാഗങ്ങൾ, പഴയ ടെലിഫോൺ സ്വിച്ച്ബോർഡ്, പുനരുപയോഗിക്കാൻ കഴിയുന്ന മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് കംപ്യൂട്ടർ നിർമ്മിച്ചു.[7]

തൊഴിലും ഗവേഷണവും[തിരുത്തുക]

ഹോക്കിങ് ബഹിരാകാശയാത്രക്കുള്ള പരിശീലനത്തിൽ

ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവ് എന്ന അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. ഹോക്കിങ്ങ് ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനർഹമായി മാറി (രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയവർ കണ്ടെത്തിയത്). സമയത്തിന്റെ സംക്ഷിപ്ത ചരിത്രം (A Brief History of Time) എന്ന പുസ്തകം സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കി. ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ജോർജ്ജ്സ് സീക്രട്ട് കി റ്റു ദ യൂണിവേഴ്സ് , ദ ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘'ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’', ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ '‘ജനറൽ റിലേറ്റിവിറ്റി’'.എന്നിവയാണു മറ്റു പ്രധാന രചനകൾ. സ്റ്റീഫൻ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുൻ ഭാര്യ ജെയിൻ വൈൽഡ് എഴുതിയ ‘'ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ’' എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാർഷ് സംവിധാനം ചെയ്ത് ‘'ദ തിയറി ഓഫ് എവരിതിങ്’' (2014) എന്ന സിനിമയും നിർമ്മിക്കുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

1942 ജനുവരി 8ന്ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്.[10] ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 21-ആം കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോിസ് എന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്[11]. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി[12].ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ലൂസി, തിമോത്തി, റോബർട്ട് എന്നീ മൂന്നു മക്കൾ ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.

ഗവേഷണ മേഖലകൾ[തിരുത്തുക]

നാസയുടെ 50-ാം വാർഷികപ്രഭാഷണം

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റെ മുഖ്യ ഗവേഷണ മേഖല.

കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

സ്റ്റീഫൻ 1974- ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം വരെ കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു.

ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവ് എന്ന അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. [13]

ഗ്രന്ഥങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 ഇക്ബാൽ, ഡോ. ബി. "സ്റ്റീഫൻ ഹോക്കിംങ് ഒരു വൈദ്യശാസ്ത്ര വിസ്മയം". ലൂക്ക. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. Retrieved 15 മാർച്ച് 2018.
 2. A Brief History of Time, (Bantam Press 1988),ISBN 0-553-05340-X
 3. മരണവാർത്ത മനോരമയിൽ
 4. വാർത്ത
 5. 5.0 5.1 HAWKING, Prof. Stephen William. Who's Who. Vol. 2015 (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
 6. "Mind over matter Stephen Hawking". The Herald. Glasgow.
 7. 7.0 7.1 Ferguson, Kitty. Stephen Hawking: His Life and Work. BANTAM PRESS. ISBN 9780593068632.
 8. "Stephen Hawking". Wikipedia. Retrieved 16 മാർച്ച് 2018.
 9. 9.0 9.1 John Gribbin, Michael White. "Stephen Hawking:: A Life in Science: Second Edition". books.google.co.in. Hachette UK, 21-Jan-2016. Retrieved 16 മാർച്ച് 2018.
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-12. Retrieved 2009-11-10.
 11. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
 12. "റോസാദലങ്ങൾ" (PDF) (in മലയാളം). മലയാളം വാരിക. 2012 മാർച്ച് 23. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
 13. https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%AB%E0%B5%BB_%E0%B4%B9%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D&action=submit
 14. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011 ആഗസ്ത് 01. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)


"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_ഹോക്കിങ്&oldid=3950862" എന്ന താളിൽനിന്ന് ശേഖരിച്ചത്