സൈസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈസൽച്ചെടി

ചരടുകളും, കയറും, ഏറുതലങ്ങളും(dartboards) മറ്റും നിർമ്മിക്കാനുതകുന്ന ഉറപ്പുള്ള നാരിനായി കൃഷി ചെയ്യപ്പെടുന്ന അഗാവെ വർഗ്ഗത്തിൽ പെട്ട ഒരുജാതി സസ്യമാണ് സൈസൽ അല്ലെങ്കിൽ "അഗാവെ സൈസലാനാ".[1] സൈസൽ എന്ന പേര് സന്ദർഭമനുസരിച്ച് സസ്യത്തേയോ അതിൽ നിന്നു ലഭിക്കുന്ന നാരിനെയോ സൂചിപ്പിക്കുന്നതാകാം. നൂറ്റാണ്ടുകളോളം നാരിന്റെ മുഖ്യസ്രോതസ്സ് ചണം ആയിരുന്നതിനാൽ, ചിലപ്പോഴൊക്കെ കൃത്യതയില്ലാതെ ഇതിനെ സൈസച്ചണം (Sisal hemp) എന്നും വിളിക്കാറുണ്ട്.

ഈ ചെടി ഏതുനാട്ടിൽ ഉത്ഭവിച്ചതാണെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്; മെക്സിക്കോയിലെ ഉക്കാട്ടാൻ ആണ് ഇതിന്റെ ജന്മസ്ഥാനം എന്ന ധാരണ വ്യാപകമായി നിലവിലുണ്ടെങ്കിലും അവിടെ നിന്ന് അതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. മെക്സിക്കൊയിലെ തന്നെ ചിയാപ്പാസ് പ്രദേശത്തുനിന്നാണ് ഇതു വന്നതെന്നും പറയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സൈസൽ കൃഷി ഫ്ലോറിഡ, കരീബിയൻ നാടുകൾ, ബ്രസീൽ, ആഫ്രിക്കയിലെ താൻസാനിയ, കെനിയ എന്നിവിടങ്ങളിലും ചില ഏഷ്യൻ രാജ്യങ്ങളിലും പ്രചരിച്ചു. വ്യാവസായികാടിസ്ഥാനത്തിലുള്ള ഇതിന്റെ കൃഷി ബ്രസീലിൽ തുടങ്ങിയത് 1930-കളിൽ ആയിരുന്നു. 1948-ൽ ബ്രസീലിൽ നിന്ന് ആദ്യമായി ഇതു കയറ്റുമതി ചെയ്യപ്പെട്ടു. ആ രാജ്യത്ത് ഇതിന്റെ ഉല്പാദനം പെരുകി ആദ്യത്തെ നെയ്ത്തുശാലയുടെ സ്ഥാപനത്തിനു വഴിതെളിച്ചത് 1960-കളിൽ ആയിരുന്നു. ഇപ്പോൾ ലോകത്തിൽ ഇതിന്റെ ഏറ്റവുമധികം ഉല്പാദനം നടക്കുന്നത് ബ്രസീലിൽ ആണ്. സൈസൽ കൃഷിയുടെ പരിസ്ഥിതിപ്രത്യാഘാതങ്ങളിൽ നന്മയും തിന്മയുമുണ്ട്.

പരമ്പരാഗതമായി നൂൽ, കയർ ഉല്പാദനത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന ഇതിന്റെ നാര് കടലാസ്, തുണി, പരവതാനികൾ എന്നിവയുടെ നിർമ്മാണത്തിലും പ്രയോജനപ്പെടുത്താം.


അവലംബം[തിരുത്തുക]

  1. naturalfibres2009.org, Natural fibers, Sisal
"https://ml.wikipedia.org/w/index.php?title=സൈസൽ&oldid=2286589" എന്ന താളിൽനിന്നു ശേഖരിച്ചത്